വഴിപിഴയ്ക്കുന്ന മക്കളും പിഴപ്പിക്കുന്നവരും

പത്രാധിപർ

2023 ഡിസംബർ 16 , 1445 ജു.ഉഖ്റാ 03

“എന്റെ കുട്ടി പഠിക്കുന്ന ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ പിടിഎ കമ്മിറ്റിയിൽ അംഗമാണ് ഞാൻ. കഴിഞ്ഞദിവസം രാവിലെ 11 മണിയോടെ പ്രിൻസിപ്പാളിന്റെ വിളി വന്നു; പെട്ടെന്ന് സ്‌കൂളിലെത്തണമെന്ന്. എന്റെ കുട്ടിക്ക് എന്തെങ്കിലും? ആശങ്കയോടെ സ്‌കൂളിലേക്ക് വിട്ടു. നേരെ അവളുടെ ക്ലാസ്സിലേക്കാണ് പോയത്. കുഴപ്പമൊന്നും കാണുന്നില്ല, കുട്ടി അവിടെയുണ്ട്. പിന്നെ നേരെ പ്രിൻസിപ്പാളിന്റെ മുറിയിലേക്ക് പോയി. അവിടെ പിടിഎ കമ്മിറ്റിക്കാരെല്ലാവരുമുണ്ട്. കാര്യം അന്വേഷിച്ചു. പ്ലസ് വൺ ക്ലാസ്സിലെ നാലു പെൺകുട്ടികൾ യൂണിഫോമിലല്ലാതെ വേറെയൊരു റോഡിലൂടെ പോകുന്നത് പ്രിൻസിപ്പാൾ കണ്ടു. അദ്ദേഹം നേരെ സ്‌കൂളിൽ വന്നു. അവരുടെ ക്ലാസ്സിൽ പോയി അന്വേഷിച്ചു. അവർ എത്തിയിട്ടില്ലെന്ന് ഉറപ്പാക്കി. ഉടനെ അവരുടെ വീടുകളിലേക്ക് വിളിച്ചു. അവർ സ്‌കൂളിലേക്ക് പോയിട്ടുണ്ട് എന്നാണ് മറുപടി ലഭിച്ചത്. ഇനിയെന്താണ് ചെയ്യേണ്ടത് എന്നറിയാനാണ് ഞങ്ങളെ വിളിപ്പിച്ചിരിക്കുന്നത്. അന്വേഷിച്ചു നോക്കാമെന്ന് അഭിപ്രായം വന്നു. പ്രിൻസിപ്പാളിനെയും രണ്ട് അധ്യാപികമാരെയും കൂട്ടി ഞങ്ങൾ ഇറങ്ങി.

അവർ പോയവഴിയേ അന്വേഷിച്ചുനോക്കാമെന്നുവച്ചു. ആ കുട്ടികൾ പോയതു കണ്ട നാട്ടുകാർ പറഞ്ഞ വഴിയിലൂടെ പോയിനോക്കി. അങ്ങനെ അവർ ആൾപാർപ്പില്ലാത്ത ഒരു വീട്ടിലുണ്ടെന്ന് മനസ്സി ലായി. ആ വീട്ടിൽ ചെന്ന് മുട്ടിവിളിച്ചപ്പോൾ വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. അവസാനം പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോൾ വാതിൽ തുറന്നു. നാലു പെൺകുട്ടികളും പുറത്തുവന്നു. രണ്ടു യുവാക്കൾ ശരംകണക്കെ ഓടിമറഞ്ഞു. നല്ല ലഹരിയിലായിരുന്നു എല്ലാവരും. എല്ലാവരുടെയും രക്ഷിതാക്കളെ വിളിച്ചുവരുത്തി കാര്യങ്ങൾ ബോധിപ്പിച്ചു. തീർത്തും പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളാണ്. കൂലിപ്പണിക്കു പോയവർ അതേ വേഷത്തിലാണ് പാഞ്ഞുവന്നിരിക്കുന്നത്. ആ മാതാപിതാക്കളുടെ കരച്ചിൽ മറക്കാൻ കഴിയുന്നില്ല. ഒരു കുട്ടിയൊഴികെയുള്ളവർ മുസ്‌ലിം കുടുബത്തിൽനിന്നുള്ളവരാണ്. ലഹരി വലിയൊരു വിപത്തായി മാറിയിരിക്കുന്നു...’’ എറണാകുളം ജില്ലയിലെ ഒരു സുഹൃത്ത് വാട്‌സാപ്പ് വഴി അയച്ചുതന്നതാണ് ഈ കുറിപ്പ്.

ഒരു അധ്യാപകൻ വളരെ വൈകാരികമായി രക്ഷിതാക്കളോട് സംസാരിക്കുന്ന ഒരു വീഡിയോ ഏതാനും ദിവസം മുമ്പ് എഫ്ബിയിൽ കണ്ടിരുന്നു. വിദ്യാർഥി-വിദ്യാർഥിനികളുടെ പരസ്യമായ ലൈംഗിക പേക്കൂത്തിനെക്കുറിച്ചാണ് അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്. അരുത് മക്കളേ എന്നു പറയാനോ ശാസിക്കാനോ ശിക്ഷിക്കാനോ നിയമം അനുവദിക്കുന്നില്ലെന്നും അതിനു മുതിർന്നാൽ തങ്ങൾ കേസിലകപ്പെടുമെന്നും ചിലപ്പോൾ കുട്ടികളുടെ കൈക്കരുത്ത് അറിയേണ്ടിവരുമെന്നും അതിനാൽ എല്ലാം കണ്ടിട്ടും കാണാത്ത മട്ടിൽ കഴിയുകയാണെന്നുമൊക്കെയാണ് ആ അധ്യാപകൻ വിഷമത്തോടെ പറയുന്നത്.

ഇതോടു ചേർത്തു വായിക്കേണ്ട ഒരു സംഭവമാണ് കോട്ടക്കൽ

രാജാസ് ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന മലപ്പുറം ജില്ലാ സ്‌കൂൾ കലോത്സവത്തിൽ അവതരിപ്പിക്കപ്പെട്ട ഒരു നാടകവും അതിലെ പ്രമേയവും ചില രംഗങ്ങളും. എട്ടും

പൊട്ടും തിരിയാത്ത രണ്ടു പെൺകുട്ടികൾ ആ നാടകത്തിൽ പരസ്പരം ചുംബിക്കുന്നു, തങ്ങൾ ലെസ്ബി

യൻ (സ്വവർഗ ലൈംഗികാനുരാഗികൾ) ആണെന്ന് പ്രഖ്യാപിപ്പിക്കുന്നു! എൽജിബിടിക്കാരുടെ മഴവിൽ പതാകയും പശ്ചാത്തലത്തിലുണ്ട്! ചെറിയ കുട്ടികൾക്ക് മുമ്പിൽ, കുട്ടികളെക്കൊണ്ട് ഇത്തരം രംഗങ്ങൾ അഭിനയിപ്പിക്കുന്നതിലൂടെ അത് പഠിപ്പിച്ചുവിട്ട അധ്യാപകർ എന്തായിരിക്കും ഉദ്ദേശിച്ചിട്ടുള്ളത്? ഒരുവശത്ത് കുട്ടികൾ ദുഷിച്ച കൂട്ടുകെട്ടുകളിൽ അകപ്പെട്ട് സ്വയം നശിക്കുന്നു. മറുവശത്ത് അവർക്ക് നന്മയുടെ സന്ദേശം പകർന്നുകൊടുക്കേണ്ട അധ്യാപകർതന്നെ നാശത്തിന്റെ വാതിലുകൾ അവർക്കു മുമ്പിൽ തുറന്നുകൊടുക്കുന്നു!

പ്രിയപ്പെട്ട മാതാപിതാക്കളേ, നിങ്ങളുടെ മക്കളെ നിങ്ങൾതന്നെ നിയന്ത്രിക്കുക, നിരീക്ഷിക്കുക, ഉപദേശിക്കുക. ജീവിതത്തിൽ ധാർമിക മൂല്യങ്ങൾ പിൻപറ്റേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിക്കൊടുക്കുക.