മറ്റൊരു തെളിവ്
മുബാറക് ബിൻ ഉമർ
2023 സെപ്തംബർ 23 , 1445 റ.അവ്വൽ 08

(മരണാനന്തര ജീവിതം സത്യമോ മിഥ്യയോ? 7)
മണ്ണിൽനിന്ന് ചെടികൾ മുളച്ചുവരുന്നതും കായ്കളും ഫലങ്ങളും ഉണ്ടാകുന്നതും എങ്ങനെയെന്ന് ചിന്തിക്കാനും പഠിക്കാനുമാണ് പിന്നീട് അല്ലാഹു ആവശ്യപ്പെടുന്നത്. നാം സാധാരണ കണ്ടുവരുന്നതു കൊണ്ട് നാമതിനെപ്പറ്റി ചിന്തിക്കാറില്ല.
ഭൂമിയിലെ ഭക്ഷ്യോൽപാദകർ ചെടികളും മരങ്ങളുമാണ്. അതിനെ സംബന്ധിച്ച് ചിന്തിക്കാൻ ക്വുർആൻ ആവശ്യപ്പെടുന്നത് നോക്കൂ: “എന്നാൽ മനുഷ്യൻ തന്റെ ഭക്ഷണത്തെപ്പറ്റി ഒന്ന് ചിന്തിച്ചുനോക്കട്ടെ, നാമാണ് ശക്തിയായി വെള്ളം ചൊരിഞ്ഞു കൊടുത്തതെന്ന്. പിന്നീട് നാം ഭൂമിയെ ഒരു തരത്തിൽ പിളർത്തി. എന്നിട്ട് അതിൽ നാം ധാന്യം മുളപ്പിച്ചു. മുന്തിരിയും പച്ചക്കറികളും ഒലീവും ഈന്തപ്പനയും ഇടതൂർന്ന് നിൽക്കുന്ന തോട്ടങ്ങളും പഴവർഗങ്ങളും പുല്ലും; നിങ്ങൾക്കും നിങ്ങളുടെ കന്നുകാലികൾക്കും ഉപയോഗത്തിനായിട്ട്’’ (അബസ 24-32).
പൂക്കളിലെ അണ്ഡം വളർന്ന് വിത്തുണ്ടാകുന്നു. ആകൃതിയിലും വലിപ്പത്തിലും നിറത്തിലും വ്യത്യസ്തമാണ് വിത്തുകൾ. എങ്കിലും എല്ലാ വിത്തുകൾക്കും ചില പൊതുഘടനയുണ്ട്. വിത്തിന്റെ പുറത്ത് കട്ടിയുള്ള ഒരാവരണമുണ്ട്. ബീജകവചം എന്നാണിതറിയപ്പെടുന്നത്. ഇതിന്റെ ധർമം വിത്തിന്റെ ഉൾഭാഗങ്ങളെ പൊതിഞ്ഞുസൂക്ഷിക്കുക എന്നതാണ്. ബീജകവചത്തിന്റെ ഒരു ഭാഗത്ത് സൂക്ഷ്മ സുഷിരമുണ്ട്. വിത്ത് മുളക്കുന്നതിനാവശ്യമായ വെള്ളം ഇതിലൂടെ ഉള്ളിലേക്ക് പ്രവേശിക്കും. ബീജകവചത്തിനുള്ളിൽ കാണുന്നതാണ് ഭ്രൂണം. ഭ്രൂണത്തിൽ പ്രധാനമായും ഒന്നോ രണ്ടോ വിത്തിലകളും അവയുമായി ചേർന്ന് ഒരു ഹ്രസ്വദണ്ഡുമാണ്.
ചില വിത്തുകളുടെ ഭ്രൂണത്തിൽ രണ്ട് വിത്തിലകളുണ്ട്. തടിച്ച് മാംസളമായ ഈ വിത്തിലകളിൽ ആഹാരം സംഭരിക്കപ്പെട്ടിട്ടുണ്ട്. വിത്തിലകളെ ബീജപത്രങ്ങൾ എന്ന് പറയുന്നു. ചില വിത്തുകൾക്ക് ഒരു ബീജപത്രങ്ങൾ മാത്രമെ കാണൂ. ഏക ബീജപത്രികളെന്ന് ഈ ചെടികളെ വിളിക്കുന്നു. ഏക ബീജപത്രികളിൽ ആഹാരം ബീജപത്രങ്ങൾക്ക് പുറത്ത് ബീജാണ്ഡം എന്ന ഭാഗത്ത് സംഭരിക്കപ്പെട്ടിരിക്കുന്നു. അതിനാൽ ബീജപത്രം വളരെ ലോലവും സൂക്ഷ്മവുമായിരിക്കും. ബീജപത്രവുമായി ചേർന്നിരിക്കുന്ന ഹ്രസ്വദണ്ഡിനെ പ്രാഥമികകാണ്ഡം എന്ന് പറയുന്നു. അതിന്റെ ഒരറ്റം വളർന്ന് വേരായും മറ്റേയറ്റം വളർന്ന് കാണ്ഡമായും തീരുന്നു. വേരാകുന്ന ഭാഗത്തെ ബീജശീർഷമെന്നും പറയും.

വിത്ത് മുളക്കുന്നതിന് ആവശ്യമായ അനുകൂല സാഹചര്യങ്ങൾ ആവശ്യത്തിനുള്ള ജലം, മിതമായ ചൂട്, വായു എന്നിവയാണ്. സൂക്ഷ്മദ്വാരങ്ങളിലൂടെ ജലം ഉള്ളിലേക്ക് പ്രവേശിച്ച് വിത്ത് കുതിരുന്നതോടെ വിത്തുമുളക്കൽ അഥവാ ബീജാങ്കുരണം ആരംഭിക്കുന്നു. ബീജപത്രത്തിലോ ബീജാണ്ഡത്തിലോ സംഭരിച്ചിട്ടുള്ള ആഹാരമുപയോഗിച്ച് ബീജമൂലം പുറത്തുവരുന്നു. അത് ക്രമേണ മണ്ണിലേക്ക് വളർന്നിറങ്ങും. വിത്ത് ഏത് രീതിയിൽ മണ്ണിൽ ഇട്ടാലും കീഴ്‌പോട്ട് മാത്രമെ വരികയുള്ളൂ. ബീജമൂലം വേരായിത്തീർന്ന ശേഷം ബീജശീർഷം വളർന്ന് കാണ്ഡമായി മണ്ണ് പിളർത്തി മുകളിലേക്ക് വരുന്നു. ഇതുവരെയുള്ള വളർച്ചക്ക് ആവശ്യമായ ആഹാരം വിത്തിലുണ്ടായിരിക്കും. പിന്നീട് തൈച്ചെടിയിൽ ഇലകളുണ്ടാകും. വേര് വലിച്ചെടുക്കുന്ന ജലവും ലവണങ്ങളും ഉപയോഗിച്ച് ഇല ആഹാരം നിർമിക്കുന്നു.
വിത്തുകൾ മുളച്ചു വളർന്നുവരുന്നതിന്റെ തന്നെ ചുരുങ്ങിയ ഒരു വിവരണമാണ് മുകളിൽ കൊടുത്തത്. പതിരായ ഒരു ധാന്യത്തെ മുളപ്പിക്കാൻ മനുഷ്യനെക്കൊണ്ട് കഴിയുമോ? മനുഷ്യരൊന്നടങ്കം പ്രയത്‌നിച്ചാലും അത് സാധ്യമാകുകയില്ല. സ്രഷ്ടാവാണത് ചെയ്യുന്നത്.
ക്വുർആൻ പ്രസ്താവിക്കുന്നത് കാണുക: “എന്നാൽ നിങ്ങൾ കൃഷി ചെയ്യുന്നതിനെപ്പറ്റി നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മുളപ്പിച്ചു വളർത്തുന്നത്, അതോ, നാമാണോ അത് മുളപ്പിച്ചു വളർത്തുന്നവൻ? നാം ഉദ്ദേശിച്ചിരുന്നുവെങ്കിൽ അതിനെ നാം തുരുമ്പാക്കിത്തീർക്കുമായിരുന്നു’’ (അൽവാക്വിഅ 63-65).
വിത്ത് മുളച്ചു ചെടിയായി, മരമായി, അതിൽനിന്ന് കായ്കനികളും ഫലങ്ങളും ഉണ്ടാകുന്നത് തീർച്ചയായും സങ്കീർണമായ ഒരു പ്രക്രിയയാണ്. സ്രഷ്ടാവിന്റെ സംവിധാനവും നിയന്ത്രണവുമാണ് അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. ഇതൊക്കെ സൃഷ്ടിച്ച് നിയന്ത്രിക്കുന്ന സ്രഷ്ടാവിന് മനുഷ്യരെ മരണശേഷം വീണ്ടും ജീവിപ്പിക്കാനും രക്ഷാശിക്ഷകൾ നടപ്പാകാനും കഴിയും എന്നതിൽ ഒരു സംശയവും വേണ്ട എന്നാണ് ക്വുർആൻ വ്യക്തമാക്കുന്നത്.
മറ്റൊരത്ഭുതമാണ് സസ്യങ്ങളുടെ ഭക്ഷണനിർമാണം. ഭൂമിയിൽ ജന്തു വർഗത്തിന്റെ നിലനിൽപ്പിന്നാധാരം സസ്യങ്ങളാണ്. എല്ലാ ജന്തുക്കളും സസ്യങ്ങളെ നേരിട്ടോ അല്ലാതെയോ ആശ്രയിച്ച് ജീവിക്കുന്നവയാണ്. ജൈവലോകത്ത് ഭക്ഷണം നിർമിക്കുവാനുള്ള കഴിവ് നൽകപ്പെട്ടിരിക്കു ന്നത് സസ്യങ്ങൾക്ക് മാത്രമാണ്.
ആശ്ചര്യകരമായ ആഹാരനിർമാണം

സസ്യങ്ങളിൽ ആഹാരനിർമാണം നടക്കുന്നത് പ്രകാശസംശ്ലേഷണം അഥവാ പ്രഭാകലനം എന്ന രാസപ്രവർത്തനത്തിലൂടെയാണ്. അന്തരീക്ഷത്തിൽനിന്ന് സൂര്യപ്രകാശവും വായുവിൽനിന്ന് കാർബൺഡൈഓക്‌സൈഡും മണ്ണിൽനിന്ന് ജലവും ഇലകളിലെ ഹരിതകത്തിൽ കൂടിച്ചേർന്ന് ഗ്ലൂക്കോസ് നിർമിക്കുന്നു. ആറ്റിക്കുറുക്കി പറഞ്ഞാൽ ഇതാണ് പ്രഭാകലനം.
അനേകം കോശങ്ങൾകൊണ്ടാണ് ഇലകൾ നിർമിക്കപ്പെട്ടിരിക്കുന്നത്. ഇലയുടെ മുകളിലും താഴെയും ഓരോ വരി ഉപരിവൃതി (EPIDERMIS) കോശങ്ങളുണ്ട്. അവയ്ക്കിടയിൽ പ്രവാരകല (PALISADE TISSUE), ശിഥിലകല (SPONGY TISUE) എന്നീ രണ്ടു തരം കോശസമൂഹങ്ങൾ സ്ഥിതിചെയ്യുന്നു. പ്രവാരകലയുടെയും ശിഥിലകലയുടെയും ഇടയിൽ സൈലം (XYLEM) ഉണ്ട്. ഇതിൽ പ്രവാരകല തൂണുപോലെ ഒന്നിനോടൊന്നു ചേർത്തടുക്കപ്പെട്ടിട്ടുള്ള കോശങ്ങൾകൊണ്ടുള്ളതാണ്. വായു അറകൾ (SUBSTOMATAL CAVITY) അങ്ങിങ്ങായി അടിയിലെ ഉപരിവൃതിയിലുള്ള ചില സുഷിരങ്ങളിലൂടെ പുറത്തേക്ക് തുറന്നിരിക്കുന്നു. ഈ സുഷിരങ്ങളാണ് ആസ്യരന്ത്രങ്ങൾ (STOMNATE). പ്രഭാകലത്തിനായി കാർബൺഡൈഓക്‌സൈഡിനെ സ്വീകരിക്കുന്നതും സസ്യത്തിന് ആവശ്യത്തിലധികം വരുന്ന ജലം ആവിയായി പുറത്തുകളയുന്നതും ഈ സുഷിരത്തിലൂടെയാണ്. ഈ സുഷിരങ്ങളുടെ ഇരുവശങ്ങളിലും അണ്ടിപ്പരിപ്പിന്റെ ആകൃതിയിലുള്ള കാവൽകോശങ്ങൾ (GUARD CELLS) ഉണ്ട്. ഇലയിൽ ജലാംശം കൂടുമ്പോൾ ഈ കാവൽ കോശങ്ങൾ വീർത്തിരിക്കും. അതുമൂലം അവയുടെ അണ്ടിപ്പരിപ്പാകൃതിയിലുള്ള വക്രത വർധിച്ചു ആസ്യരന്ധ്രം വലുതാകുന്നു. ഇലകളിലെ ജലം കുറയുമ്പോൾ കാവൽകോശങ്ങളിലെ ജലവും കുറയുന്നു. അവ മൃദുവായി പരസ്പരം അടുക്കുമ്പോൾ ആസ്യരന്ധ്രവും ചെറുതാകുന്നു.
വേര് വലിച്ചെടുക്കുന്ന ജലം കാണ്ഡത്തിലെ ഖരവ്യൂഹക്കുഴലുകൾ വഴി ഇലകളിലെ കോശങ്ങളിലെത്തുന്നു. കാർബൺഡൈഓക്‌സൈഡ് വായുവിൽനിന്ന് ആസ്യരന്ധ്രങ്ങളിലൂടെ ഇലക്കുള്ളിൽ പ്രവേശിക്കുന്നു. ഹരിതകണങ്ങളിലുള്ള ചില എൻസൈമുകളും സൂര്യപ്രകാശവും ഉപയോഗിച്ച് ഹരിതകം ജലത്തെ ഓക്‌സിജനും ഹൈഡ്രജനുമായി വേർതിരിക്കുന്നു. ഇങ്ങനെയുണ്ടാകുന്ന ഓക്‌സിജൻ അന്തരീക്ഷവായുവിൽ ലയിക്കുന്നു. ഹൈഡ്രജൻ കാർബൺഡൈഓക്‌സൈഡുമായി ചേർന്ന് ആഹാരം അഥവാ അന്നജം സംശ്ലേഷിക്കപ്പെടുകയും ചെയ്യുന്നു.
സൂര്യപ്രകാശത്തിൽ ഏഴ് ഘടകവർണങ്ങളുണ്ട്. വയലറ്റ്, ഇൻഡിഗോ, നീല, പച്ച, ഓറഞ്ച്, ചുവപ്പ് (VIBGYOR). ഈ നിറങ്ങൾക്ക് കാരണമായ രശ്മികളുടെ തരംഗദൈർഘ്യം വ്യത്യസ്തമായതുകൊണ്ടാണ് അവ വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നത്. സൂര്യപ്രകാശത്തിലെ ഏഴ് നിറങ്ങളിൽ തരംഗ ദൈർഘ്യം കൂടുതലുള്ള ചുവപ്പ്, നീല, വയലറ്റ് എന്നീ ഘടക വർണങ്ങളുടെ സാന്നിധ്യത്തിലാണ് പ്രകാശസംശ്ലേഷ ണം നടക്കുന്നത്.
ചില പ്രത്യേക തരംഗദൈർഘ്യമുള്ള പ്രകാശരശ്മികളെ മാത്രമെ ഹരിതകം (CLOROPHYLL) വലിച്ചെടുക്കുകയുള്ളൂ. മറ്റുള്ളവ അതിനെ ബാധിക്കാതെ കടന്നുപോകുന്നു. ക്ലോറോപ്ലാസ്റ്റിൽ, ക്ലോറോഫിൽ അലേയ രാസായനികമായാണ് കാണപ്പെടുന്നത്. ഇത് ധവളപ്രകാശത്തിലെ ചുവപ്പും നീലയും നിറങ്ങൾ ആഗിരണം ചെയ്യുകയും പച്ചയെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു. ഇതുകൊണ്ടാണ് സസ്യങ്ങൾക്ക് പൊതുവെ പച്ചനിറം കാണുന്നത്.

ഹരിതകം ഹരിതകണങ്ങൾ (CHLOROPLASTS) എന്ന കോശഘടകങ്ങൾക്കുള്ളിലാണുള്ളത്. ചെടികളുടെ പച്ചനിറമുള്ള ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഇലകളിലെ കോശങ്ങളിൽ ഹരിതകണങ്ങൾ ധാരളമുണ്ട്. സൂര്യപ്രകാശത്തിൽനിന്നും ഊർജം സ്വീകരിക്കുന്നതും അതിനെ ആഹാരത്തിൽ അടക്കം ചെയ്യുന്നതും ഹരിതകമാണ്. അതിസങ്കീർണമായ ഒട്ടേറെ രാസപ്രവർത്തനങ്ങളുടെ ഫലമായാണ് ഇലയിൽ ആഹാരം നിർമിക്കപ്പെടുന്നത്. വലിയൊരു രാസപ്രവർത്തനശാലയ്ക്ക് സമാനമായാണ് ഇലയുടെ ഘടനയും സംവിധാനവും.
എല്ലാ ജീവജാലങ്ങളും ശ്വസനത്തിന് ഓക്‌സിജൻ സ്വീകരിക്കുന്നു. ഇതുമൂലം ഓക്‌സിജന്റെ അളവ് കുറയേണ്ടതാണ്. എന്നാൽ ഹരിത സസ്യങ്ങൾ പ്രകാശസംശ്ലേഷണം നടത്തുമ്പോൾ ഓക്‌സിജൻ പുറത്തു വിടുന്നു. അങ്ങനെ അന്തരീക്ഷത്തിലുണ്ടാകുന്ന ഓക്‌സിജന്റെ കുറവ് പരിഹരിക്കപ്പെടുന്നു.
മരണശേഷം മനുഷ്യരെ ഉയിർത്തെഴുന്നെൽപിക്കും എന്നതിൽ സംശയമുണ്ടെങ്കിൽ മൂന്നു കാര്യങ്ങൾ ചിന്തിച്ചു പഠിക്കാനാണ് സൂറത്തുൽ ഹജ്ജിലെ സാമാന്യം ദീർഘമായ അഞ്ചാം സൂക്തത്തിലൂടെ ആവശ്യപ്പെടുന്നത്. ഗർഭസ്ഥ ശിശുവിന്റെ ഘട്ടങ്ങളാണ് ഒന്നാമത്തെത്, ജനനശേഷമുള്ള മനുഷ്യന്റെ വിവിധ ഘട്ടങ്ങളാണ് രണ്ടാമത് ചൂണ്ടിക്കാണിക്കുന്നത്, മഴപെയ്ത മണ്ണിൽനിന്ന് ചെടികൾ മുളച്ചു വരുന്നതാണ് മൂന്നാമത്തെത്.
ഈ മൂന്നു കാര്യങ്ങൾ നിങ്ങൾ പഠിച്ചാൽ, ചിന്തിച്ചാൽ നിങ്ങൾക്ക് മരണാനന്തര ജീവിതം എന്ന യാഥാർഥ്യം ഉൾകൊള്ളാൻ ഒരു പ്രയാസവുമുണ്ടാകില്ല. അഹങ്കാരവും ധിക്കാരവും തീർത്തും ഒഴിവാക്കി വേണം ചിന്തിക്കാൻ. ഇതാണ് സൂറത്തുൽ ഹജ്ജിലെ അഞ്ചാം വചനത്തിലൂടെ ചിന്തിക്കുന്നവരുടെ മുൻപിൽ ക്വുർആൻ സമർപ്പിക്കുന്നത്.
മരണാനന്തരം ഒരു ജീവിതമുണ്ട്. അവിടെ നന്മ-തിന്മകൾക്ക് കൃത്യമായ പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും എന്നത് സത്യത്തിൽ വലിയൊരു ആശ്വാസമാണ്, സമാധാനമാണ്. പലതരത്തിലുള്ള അക്രമങ്ങളും അന്യായങ്ങളും അനീതികളും അനുഭവിച്ച് ഇവിടെ ജീവിക്കുന്നവർക്ക് തങ്ങളനുഭവിച്ച അക്രമങ്ങൾക്ക് നഷ്ടപരിഹാരം നൽകപ്പെടും, അക്രമികൾക്ക് ശിക്ഷയും ലഭിക്കും.
മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരും ജനിക്കാനിരിക്കുന്നവരുമായ സകലമാന മനുഷ്യരെയും സ്രഷ്ടാവ് മരണാനന്തരം ജീവൻ നൽകി രക്ഷാശിക്ഷകൾ നടപ്പാക്കും. ഒരു സംശയവും വേണ്ടാ! മരിച്ചു മണ്ണോടുചേർന്നവർ, തീയിൽ കത്തിനശിച്ചവർ, വെള്ളത്തിലകപ്പെട്ടു ജീവൻ പോയവർ...എല്ലാവരെയും മരണശേഷം ജീവിപ്പിക്കും, നീതി നടപ്പാക്കും.
മനുഷ്യവംശത്തിന്റെ ആദ്യത്തെ തലമുറമുതൽ എല്ലാ ജനസമൂഹങ്ങളെയും ദൈവദൂതന്മാരിലൂടെ ബോധവത്കരിച്ച കാര്യമാണത്. പ്രപഞ്ചകർത്താവിന്റെ വാഗ്ദാനമാണതെന്ന് ക്വുർആൻ ഒരു അർഥശങ്കക്കുമിടയില്ലാത്ത വിധം വ്യക്തമാക്കിയതാണ്. അവൻ വാഗ്ദാനം ലഘിക്കുകയില്ല, ആ വിശ്വാസത്തിൽ ദൃഢബോധമുണ്ടായിരിക്കണമെന്നാണ് ക്വുർആന്റെ ആരംഭത്തിൽതന്നെ ചൂണ്ടിക്കാണിക്കുന്നത്. ആ ദൃഢബോധമുള്ളവരെയാണ് ക്വുർആൻ സന്മാർഗത്തിലാക്കുക. അവരാണ് ജീവിതത്തെ ക്രമീകരിച്ച് ഇഹപര വിജയം നേടുന്നവർ.
“ഞങ്ങളുടെ രക്ഷിതാവേ, തീർച്ചയായും നീ മനുഷ്യരെയെല്ലാം ഒരു ദിവസം ഒരുമിച്ചു കൂട്ടുന്നതാകുന്നു. അതിൽ യാതൊരു സംശയവുമില്ല. നിശ്ചയമായും അല്ലാഹു വാഗ്ദാനം ലംഘിക്കുന്നതല്ല’’ (ആലുഇംറാൻ 9).
(അവസാനിച്ചു)
