കാക്കയും മനുഷ്യനും

സുലൈഖ വാണിയമ്പലം

2023 ജനുവരി 07, 1444 ജുമാദുൽ ഉഖ്റാ 13

മാതാവും പിതാവുമില്ലാതെ ഉണ്ടായ, ആദ്യത്തെ മനുഷ്യനാണ് ആദം നബി(അ). ആദ്യത്തെ പ്രവാചകൻ കൂടിയാണ് ആദം(അ).

ആദം നബിക്ക് ഇണയായി അല്ലാഹു ഹവ്വയെ സൃഷ്ടിച്ചു. അവർ സ്വർഗത്തിൽ സുഖമായി ജീവിച്ചു. ഇഷ്ടംപോലെ എവിടെനിന്നും എന്തും ഭക്ഷിക്കാനും അവർക്ക് അല്ലാഹു അനുമതി നൽകി. പക്ഷേ, ഒരു പ്രത്യേക മരത്തിൽ നിന്ന് ഭക്ഷിക്കരുതെന്ന് അവരെ വിലക്കി. എന്നാൽ പിശാച് അവരുടെ മേൽ തന്ത്രം പ്രയോഗിക്കുകയും അവരെ അബദ്ധത്തിൽ ചാടി ക്കുകയും ചെയ്തു. അങ്ങനെ ആദമും ഹവ്വയും ആ വിലക്കപ്പെട്ട മരത്തിൽനിന്നും ഭക്ഷിച്ചു. അതോടെ അവരുടെ സ്വർഗജീവിതം നഷ്ടമാവുകയും ഭൂമിയിലേക്ക് അവരെ പറഞ്ഞയക്കുകയും ചെയ്തു. അവർ രണ്ടുപേരും അല്ലാഹുവിനോട് മനമുരുകി പ്രാർഥിച്ചു. അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു. അല്ലാഹു പറഞ്ഞു: ‘‘നിങ്ങളെല്ലാവരും അവിടെനിന്ന് ഇറങ്ങിപ്പോകുക. എന്നിട്ട് എന്റെ പക്കൽ നിന്നുള്ള മാർഗദർശനം നിങ്ങൾക്ക് വന്നെത്തുമ്പോൾ എന്റെ ആ മാർഗദർശനം പിൻപറ്റുന്നവരാരോ അവർക്ക് ഭയപ്പെടേണ്ടതില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല’’ (ക്വുർആൻ 2:38).

‘നല്ലതും ചീത്തയും, ഗുണവും ദോഷവും, നന്മയും തിന്മയും, സുഖവും ദുഃഖവും കലർന്ന ഒരു ജീവിതമാണ് നിങ്ങൾക്കവിടെ നേരിടാനുള്ളത്. പ്രവാചകൻ മാർ, വേദഗ്രന്ഥങ്ങൾ, ദൃഷ്ടാന്തങ്ങൾ മുതലായവ വഴി നിങ്ങൾക്കാവശ്യമായ ഉപദേശനിർദേശങ്ങൾ എന്റെ പക്കൽനിന്നും ലഭിച്ചുകൊണ്ടിരിക്കും. ആ മാർഗദർശനങ്ങൾ സ്വീകരിച്ചു നിങ്ങൾ അവിടെ ജീവിതം നയിക്കുന്നപക്ഷം ഇഹത്തിലോ പരത്തിലോ നിങ്ങൾക്ക് ഒട്ടുംതന്നെ ഭയപ്പെടേണ്ടി വരികയില്ല’ എന്നൊക്കെയാണ് അല്ലാഹു അവരെ അറിയിച്ചത്.

ആദം-ഹവ്വ ദമ്പതികൾക്ക് ജനിച്ച രണ്ട് മക്കളാണ് ഹാബീലും കാബീലും. ഒരിക്കൽ അവർ രണ്ടുപേരും ഓരോ ബലികർമം നടത്തി. ഒരാളുടേത് അല്ലാഹു സ്വീകരിച്ചു. ഒരാളുടേത് സ്വീകരിച്ചില്ല. അത് അവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ഹാബീലിന്റെത് മാത്രം സ്വീകരിക്കപ്പെട്ടതിൽ കാബീലി ന് അസൂയ തോന്നുകയും തന്റെ സഹോദരനെ കൊലപ്പെടുത്താൻ അവൻ തീരുമാനിക്കുകയും ചെയ്തു. ഈ തീരുമാനം കാബീൽ സഹോദരനോട് തുറന്ന് പറഞ്ഞു. അന്നേരം ഹാബീൽ പറഞ്ഞ മറുപടി ക്വുർആനിൽ ഇങ്ങനെ കാണാം: “എന്നെ കൊലപ്പെടുത്തുവാൻ വേണ്ടി എന്റെ നേരെ നിന്റെ കൈ നീട്ടിയാൽ തന്നെ നിന്നെ കൊലപ്പെടുത്തുവാൻ നിന്റെ നേരെ എന്റെ കൈ ഞാൻ നീട്ടുന്നതല്ല. നിശ്ചയമായും ഞാൻ ലോകരക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെടുന്നു’’ (5:28).

അങ്ങനെ കാബീൽ ഹാബീലിനെ കൊന്നു. ഭൂമിയിലെ ആദ്യത്തെ കൊലപാതകമായിരുന്നു ഇത്. സഹോദരന്റെ മൃതദേഹം എന്തു ചെയ്യണമെന്ന് കാബീലിന് അറിഞ്ഞുകൂടാ. അല്ലാഹു പറയുന്നു: “അപ്പോൾ തന്റെ സഹോദരന്റെ മൃതദേഹം മറവു ചെയ്യേണ്ടത് എങ്ങനെയെന്ന് അവന്ന് കാണിച്ചുകൊടുക്കുവാനായി നിലത്ത് മാന്തി കുഴിയുണ്ടാ ക്കുന്ന ഒരു കാക്കയെ അല്ലാഹു അയച്ചു. അവൻ പറഞ്ഞു: എന്തൊരു കഷ്ടം! എന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യുന്ന കാര്യത്തിൽ ഈ കാക്കയെപ്പോലെ ആകാൻ പോലും എനിക്ക് കഴിയാതെപോയല്ലോ...’’ (5:31).

മൃതദേഹം എങ്ങനെ മറവു ചെയ്യണമെന്ന് കാക്കയിലൂടെ അല്ലാഹു മനുഷ്യവർഗത്തിനു കാട്ടിക്കൊടുത്തു. അത് കണ്ട കാബീൽ തന്റെ സഹോദരന്റെ മൃതദേഹം കുഴിയുണ്ടാക്കി മറവുചെയ്തു.

കൂട്ടുകാരേ, അസൂയ ആപത്താണ്. അത് ചീത്ത സ്വഭാവമാണ്. മറ്റുള്ളവരുടെ നേട്ടത്തിൽ നാം സന്തോഷിക്കുകയാണ് വേണ്ടത്.