യഥാര്‍ഥ കൂട്ടുകാരന്‍

റാഷിദ ബിന്‍ത് ഉസ്മാന്‍

2017 നവംബര്‍ 04 1439 സഫര്‍ 15

(ആശയ വിവര്‍ത്തനം)

സ്‌കൂളിലെ ഏറ്റവും വികൃതിയായ കുട്ടിയായിരുന്നു മുനീബ്. കൊച്ചുകുട്ടികളെ വല്ലാതെ ഉപദ്രവിക്കും. അവരുടെ ഭക്ഷണം എടുത്ത് കഴിക്കും. അവരുടെ പുസ്തകങ്ങള്‍ സ്ഥലം മാറ്റിവെച്ച് പ്രയാസപ്പെടുത്തും. ചുരുക്കിപ്പറഞ്ഞാല്‍ സ്‌കൂളില്‍ എല്ലാവരും അവനെ വെറുത്തു. എന്നിട്ടും അവന്‍ വികൃതി അവസാനിപ്പിച്ചില്ല.

പഠിക്കുന്ന കാര്യത്തില്‍ അവന് ഒരു ഉത്സാഹവുമില്ല. എന്നും നേരം വൈകിയേ സ്‌കൂളിലെത്തൂ. മിക്ക ദിവസവും അധ്യാപകരില്‍നിന്ന് അടിവാങ്ങും. 

മുനീബിന്റെ ക്ലാസില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയാണ് അഹ്മദ്. അത്യുത്സാഹശാലി. പാഠമെല്ലാം നന്നായി പഠിക്കും. എല്ലാ പരീക്ഷകളിലും ഉയര്‍ന്ന മാര്‍ക്ക് വാങ്ങും. സ്‌പോര്‍ട്‌സിലും മിടുമിടുക്കന്‍. അതുകൊണ്ടുതന്നെ അവനെ എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്.

ഒരു ദിവസം ക്ലാസ് ടീച്ചര്‍ അഹ്മദിന ആദരിക്കുന്ന ചടങ്ങ് ക്ലാസില്‍ സംഘടിപ്പിച്ചു. എല്ലാ കുട്ടികള്‍ക്കും പഠനത്തില്‍ താല്‍പര്യമുണ്ടാക്കലായിരുന്നു ടീച്ചറുടെ ലക്ഷ്യം. അഹ്മദിന്റെ കഴുത്തില്‍ ടീച്ചര്‍ തന്നെ മെഡല്‍ ചാര്‍ത്തിയപ്പോള്‍ അവന് വല്ലാത്ത സന്തോഷമായി. അവന്‍ അതിന് നന്ദി പറഞ്ഞു.

എന്നാല്‍ മുനീബിന് ഇത് ഇഷ്ടമായില്ല. അവന്റെ മനസ്സില്‍ അസൂയ നിറഞ്ഞു. അഹ്മദിന്റെ മെഡല്‍ തട്ടിയെടുക്കണമെന്ന് മുനീബ് തീരുമാനിച്ചു. അഹ്മദ് വീട്ടിലേക്ക് മടങ്ങവെ മുനീബ് അവനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മെഡല്‍ ആവശ്യപ്പെട്ടു. ഇത് എനിക്ക് എന്റെ ടീച്ചര്‍ എനിക്ക് സമ്മാനിച്ചതാണ്, തരില്ല എന്ന് അഹ്മദ് പറഞ്ഞു.  

മുനീബ് അവന്റെ മേല്‍ ചാടിവീണ് മെഡല്‍ തട്ടിപ്പറിച്ചെടുത്തു. അഹ്മദ് ദുഃഖിതനായി വീട്ടിലേക്ക് മടങ്ങി. ആരോടും അവന്‍ ഈ സംഭവം പറഞ്ഞില്ല.

അതിനു ശേഷം കുറെ ദിവസങ്ങള്‍ കഴിഞ്ഞു. മുനീബ് സ്‌കൂളില്‍ വന്നുകണ്ടില്ല. കുട്ടികള്‍ അതില്‍സന്തോഷിച്ചു. അവന്റെ ഉപദ്രവമില്ലാതെ പഠിക്കാമല്ലോ. അവന്‍ ഒരിക്കലും സ്‌കൂളിലേക്ക് മടങ്ങിവരരുതെന്ന് അവര്‍ ആഗ്രഹിച്ചുപോയി.

എന്നാല്‍ അവനെ കാണാത്തതില്‍ അഹ്മദിന് അസ്വസ്ഥതയായി. അവന്‍ കൂട്ടുകാരോട് പറഞ്ഞു: ''നമുക്ക് എന്തായാലും അവന്റെ വീട്ടിലൊന്ന് പോകണം. ചിലപ്പോള്‍ അവന് വല്ല രോഗം പിടിപെട്ടിട്ടുണ്ടാകും.'' 

''അഹ്മദ്, നാം അതിന് ഒരുങ്ങേണ്ട. അവന്‍ അലഞ്ഞുതിരിഞ്ഞ് നടക്കാന്‍ പഠനം നിര്‍ത്തിയതായിരിക്കും'' കൂട്ടുകാര്‍ പറഞ്ഞു.

''എന്നാല്‍ ഞാന്‍ തനിയെ പോകും'' അഹ്മദ് ഉറപ്പിച്ചു പറഞ്ഞു.

''എന്നാല്‍ നിന്റെ കൂടെ ഞാനും വരാം'' അഹ്മദിന്റെ അടുത്ത കൂട്ടുകാരനായ ആമിര്‍ പറഞ്ഞു.

രണ്ടുപേരും മുനീബിന്റെ വീട്ടിലെത്തി. കോളിംഗ് ബെല്ലടിച്ചപ്പോള്‍ മുനീബിന്റെ ഉമ്മ പുഞ്ചിരിയോടെ കതക് തുറന്നു. അഹ്മദ് സലാം പറഞ്ഞു. ഉമ്മ സലാം മടക്കിക്കൊണ്ട് അവരെ അകത്തേക്ക് ഷണിച്ചു.

''എന്താണ് മുനീബിനെ സ്‌കൂളിലേക്ക് കാണാത്തത്?'' ആമിര്‍ ചോദിച്ചു. 

ഉമ്മ ദുഃഖത്തോടെ പറഞ്ഞു: ''കടുത്ത പനിയായിരുന്നു. ഇപ്പോള്‍ ശരീരവേദന കാരണം എഴുന്നേല്‍ക്കാന്‍ പോലും വയ്യാതെ കിടക്കുകയാണ്. മരുന്ന് കുടിക്കുന്നുണ്ട്. കുറെ ദിവസങ്ങള്‍ പിടിക്കും ഭേദമാകുവാന്‍ എന്നാണ് ഡോക്ടര്‍ പറഞ്ഞത്.'' 

അഹ്മദും ആമിറും മുനീബ് കിടക്കുന്ന മുറിയിലേക്ക് ചെന്നു. അഹ്മദിനെ കണ്ടപ്പോള്‍ മുനീബ് ദുഖഃത്തോടെ തലതാഴ്ത്തി.

''സാരമില്ല മുനീബ്. ഞാന്‍ നിനക്ക് മാപ്പ് തന്നിരിക്കുന്നു. നിന്റെ അസുഖം അല്ലാഹു വേഗം ഭേദമാക്കിത്തരട്ടെ'' അഹ്മദ് മുനീബിന്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു.

''ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ് എന്നാണല്ലോ നബി ﷺ പഠിപ്പിച്ചിട്ടുള്ളത്. സഹോദരന് മാപ്പു നല്‍കല്‍ നമ്മുടെ കടമയല്ലേ?'' ആമിര്‍ കൂട്ടിച്ചേര്‍ത്തു. 

അവര്‍ പരസ്പരം സന്തോഷത്താല്‍ കെട്ടിപ്പിടിച്ച് കരഞ്ഞു. മുനീബ് അഹ്മദിന്റെ മെഡല്‍ തിരിച്ചുകൊടുക്കുവാന്‍ ഒരുങ്ങി.

''വേണ്ട. അത് നിന്റെ കയ്യില്‍ തന്നെ ഇരിക്കട്ടെ. നമ്മുടെ സൗഹൃദത്തിന്റെ അടയാളമായി നീ തന്നെ അത് സൂക്ഷിക്കുക'' അഹ്മദ് പറഞ്ഞു. 

കൂട്ടുകാര്‍ തിരിച്ചുപോകും മുമ്പ് ഇനി മുതല്‍ താന്‍ നല്ല കുട്ടിയായി മാറും എന്ന് മുനീബ് അവര്‍ക്ക് വാക്കുകൊടുത്തു.


അനുഗ്രഹങ്ങള്‍

ഹസീന ബിന്‍ത് സുലൈമാന്‍, ചെമ്മനാട്

2017 നവംബര്‍ 04 1439 സഫര്‍ 15

(കവിത)

ഞാന്‍ ചോദിക്കാതെയെനിക്കെന്‍ ജന്മം

കനിഞ്ഞു നല്‍കിയതെന്റെ നാഥന്‍

ഞാന്‍ പോലുമറിയാതെയെന്‍ ഹൃദയം

നിലയ്ക്കാതെ മിടിപ്പിക്കുന്നതെന്റെ നാഥന്‍

പഞ്ചേന്ദ്രിയങ്ങളും നല്‍കിയെന്നെ

പലിപാലിക്കുന്നവനെന്റെ നാഥന്‍

ഇമവെട്ടും തുച്ഛമാം നേരമെങ്കിലും

അവനെ മറന്നു ഞാന്‍ ജീവിക്കയോ?

സദാനേരമെന്നെ കാണുന്ന റബ്ബേ

സദാനല്‍കണേ നീയെന്നില്‍ ഹുബ്ബ്

നിന്റെയീ മണ്ണിലെനിക്കെന്റെ സ്വര്‍ഗമാം

ഉമ്മാന്റെ മടിത്തട്ടില്‍ ഞാന്‍ വളര്‍ന്നു

എനിക്കെപ്പഴുമൊരു വഴിവിളക്കായുള്ള

ഉപ്പാന്റെ തണലതും ഞാന്‍ നുകര്‍ന്നു

നിന്നിഷ്ട ദാസരില്‍ നിന്നൊരിണയെ

നീയെനിക്കേകിയതെന്റെ ഭാഗ്യം

കണ്ണിന്‍ കുളിര്‍മയായ് മക്കളെ നല്‍കി നീ

പിന്നെയും പിന്നെയും കരുണയേകി

ഇതിനൊക്കെയും നന്ദി കാട്ടുവാനായ്

സന്മനസ്സേകു നീ സര്‍വശക്താ!

0
0
0
s2sdefault