യാദൃച്ഛികതാവാദത്തിലെ നിരര്‍ഥകത

മുഹമ്മദ് അജ്മല്‍. സി

2017 ഡിസംബർ‍ 02 1439 റബിഉല്‍ അവ്വല്‍ 13

അന്യഗ്രഹങ്ങളില്‍ ജീവന്റെ ചലനങ്ങളന്വേഷിക്കുന്ന ബഹിരാകാശ സംഘത്തിലെ അംഗമാണ് നിങ്ങള്‍ എന്ന് സങ്കല്‍പിക്കുക. വര്‍ഷങ്ങള്‍ക്ക് ശേഷം, വിദൂരമായ ഒറു ഗ്രഹത്തിലേക്ക് നിങ്ങള്‍ ഒരു യാത്ര പോകുകയാണ്. ആ ഗ്രഹത്തില്‍ നിങ്ങള്‍ക്ക് കണ്ണെത്തുന്ന ദൂരത്തോളം പാറക്കെട്ടുകളും ചരല്‍കല്ലുകളുമല്ലാതെ മറ്റൊന്നും കാണാനില്ല. എന്നാല്‍ പാറക്കെട്ടുകള്‍ക്കിടയിലൂടെയുള്ള യാത്രക്കിടയില്‍ ഒരു മനോഹരമായ ഉദ്യാനം നിങ്ങളുടെ ശ്രദ്ധയില്‍ പെടുകയാണ്. മരങ്ങളും ചെടികളും പൂക്കളും ഒരു ചെറിയ അരുവിയും... അവിടെ മനുഷ്യ സമാനമായ ചില ജീവികളും! അവരവിടെ ശ്വസിക്കുന്നു, ഭക്ഷിക്കുന്നു, ജോലികള്‍ ചെയ്യുന്നു. ക്ഷണിക്കാതെ വന്ന നിങ്ങളെ ആതിഥേയരായ അവര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു.

അവരുടെ ആവാസ വ്യവസ്ഥയെ കുറിച്ച് അവര്‍ വാചാലരാവുകയാണ്. അവരുടെ ഉദ്യാനത്തില്‍ കൃത്യമായ രീതിയിലുള്ള ഓക്‌സിജന്‍ ലഭ്യമാണ്. ചുറ്റും പാറക്കെട്ടുകള്‍ ആണെങ്കിലും അവരുടെ ഉദ്യാനത്തില്‍ കൃഷിക്ക് ഉപോല്‍ബലകമായ സമ്പുഷ്ടമായ മണ്ണാണുള്ളത്. ആവശ്യത്തിന് വെള്ളവുമുണ്ട്. എങ്ങനെയാണ് തീര്‍ത്തും നിര്‍ജീവമായ, പാറക്കെട്ടുകള്‍ നിറഞ്ഞ ഗ്രഹത്തില്‍  ഇത്തരമൊരു ആവാസ വ്യവസ്ഥ നിര്‍മിച്ചെടുക്കുക, അല്ലെങ്കില്‍ രൂപംകൊണ്ടത് എന്ന ചോദ്യം സ്വാഭാവികമായും നിങ്ങളില്‍നിന്ന് ഉയരും. 'ഇത് വളരെ യാദൃച്ഛികമായി കാലാന്തരത്തില്‍ രൂപപ്പെട്ടതാണ്' എന്ന മറുപടിയോട് നിങ്ങളുടെ പ്രതികരണമെന്തായിരിക്കും? 

തീര്‍ത്തും നിര്‍ജീവമായ ചരല്‍ക്കാട്ടില്‍ ഇത്തരമൊരു ആവാസ വ്യവസ്ഥ നിലനില്‍ക്കണമെങ്കില്‍ അതിനെക്കുറിച്ച് ചിന്തിക്കുകയും അത് കൃത്യമായി ആസൂത്രണം ചെയ്യുകയും സംവിധാനിക്കുകയും ചെയ്ത ഒരാള്‍, അല്ലെങ്കില്‍ ഒരുപറ്റം ആളുകളുണ്ട് എന്നുറപ്പാണ്. ഇത് കാലാന്തരത്തില്‍ യാദൃച്ഛികമായി രൂപപ്പെട്ടുവന്ന ഒരു വ്യവസ്ഥയാണ് എന്ന് വാദം കേവലം ഒരു തമാശയായി തള്ളിക്കളയുവാനേ നിര്‍വാഹമുള്ളു.

പാറക്കെട്ടുകള്‍ നിറഞ്ഞ ഒരു ഗ്രഹത്തിലെ ഒരു ചെറിയ ആവാസ വ്യവസ്ഥക്ക് കൃത്യമായ രൂപകല്‍പനയും സൃഷ്ടിപ്പും വേണമെങ്കില്‍ ഈ മഹാപ്രപഞ്ചത്തെ സംബന്ധിച്ച് നമ്മുടെ കാഴ്ചപ്പാട് എന്താകണം? കൃത്യമായ ഭൗതികശാസ്ത്ര നിയമങ്ങള്‍ പാലിക്കുന്ന, ഈ പ്രവിശാല പ്രപഞ്ചത്തില്‍, തീര്‍ത്തും നിര്‍ജീവമായ ഒട്ടനേകം നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കുമിടയില്‍ ഹരിതാഭവും ജീവസ്സുറ്റതുമായ ഭൂമി എങ്ങനെ നിലവില്‍ വന്നു. തീര്‍ച്ചയായും യാദൃച്ഛികമായല്ല എന്ന് വ്യക്തം. 

പ്രാപഞ്ചിക പ്രതിഭാസങ്ങളെ സംബന്ധിച്ച് ഉറ്റാലോചിക്കുന്നവര്‍ക്ക് അവയില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട് എന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.

''തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറിമാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്'' (ക്വുര്‍ആന്‍ 3:190).

ഭൂമിയിലും ആകാശത്തിലുമുള്ള അത്ഭുതപ്രതിഭാസങ്ങളിലൂടെ കണ്ണോടിക്കുന്നവര്‍ക്ക് അവയുടെ കൃത്യമായ സംവിധാനത്തില്‍ ആശ്ചര്യപ്പെടാതിരിക്കാനാവില്ല; അവര്‍ക്ക് ഒരു സ്രഷ്ടാവിനെ നിഷേധിക്കുവാനും സാധിക്കുകയില്ല.

ഇമാം അബൂഹനീഫ(റഹി) ഒരു നിരീശ്വരവാദിയുമായി നടത്തിയ സംവാദം വളരെ ചിന്തനീയമാണ്. ''സംവാദത്തിന് മുമ്പ് ഒരു കാര്യം നിങ്ങളോട് ചോദിക്കുവാനുണ്ട്. യൂഫ്രട്ടീസ് നദിക്കരയിലെ ഒരു തോണി കടത്തുകാരനില്ലാതെ മറു കരയിലേക്ക് സഞ്ചരിച്ച് സ്വയം ഭാരമിറക്കി എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശഅവസിക്കുമോ?'' ഇതൊരിക്കലും സംഭവ്യമല്ല എന്നായിരുന്നു എതിരാളിയുടെ മറുപടി. ''ഒരു ചെറിയ തോണിയുടെ സഞ്ചാരം പോലും തനിയെ സംഭവിക്കില്ലെങ്കില്‍ ഈ ബൃഹത്തായ ആകാശഗോളങ്ങള്‍ തനിയെ സഞ്ചരിക്കുന്നു എന്നാണോ നിങ്ങള്‍ പറയുന്നത്'' എന്ന ഇമാം അബൂ ഹനീഫയുടെ മറുചോദ്യത്തിന് അയാള്‍ക്ക് ഉത്തരമില്ലായിരുന്നു.

പ്രാപഞ്ചിക നിയമങ്ങള്‍ വളരെ അത്ഭുതകരമായ 'ഫൈന്‍ ട്യൂണിംഗി'ന് വിധേയമാക്കപ്പെട്ടതാണ് എന്ന് കണ്ടെത്തപ്പെട്ട പതിനെട്ട്  പത്തൊമ്പത് നൂറ്റാണ്ടുകള്‍ക്കും ഏറെ മുമ്പാണ് ഈ വാദഗതി ഇമാം അബൂ ഹനീഫ ഉന്നയിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ക്വുര്‍ആന്‍ ദൈവാസ്തിത്വവുമായി ബന്ധപ്പെട്ട് മുന്നോട്ട് വെക്കുന്ന തെളിവുകള്‍ എത്രമാത്രം നിത്യപ്രസക്തവും കാലാതിവര്‍ത്തിയുമാണ് എന്ന് മനസ്സിലാക്കുവാന്‍ സംഭവം നമ്മെ സഹായിക്കുന്നു.

0
0
0
s2sdefault