വിശ്വാസത്തിന്റെ ഏറ്റക്കുറവ്‌

ഫദ്ലുൽ ഹഖ്‌ ഉമരി

2017 ഫെബ്രുവരി 04 1438 ജമാദുൽ അവ്വൽ 09

“ദുർബലനായ വിശ്വാസിയെക്കാൾ അല്ലാഹുവിനിഷ്ടം ശക്തനായ വിശ്വാസിയെയാണ്‌. എല്ലാവരിലും നന്മയുണ്ട്‌. നിനക്ക്‌ ഉപകാരമുള്ളതിൽ നീ താൽപര്യം കാണിക്കുക. അശക്തനാകരുത്‌. നിനക്ക്‌ വല്ലതും ബാധിച്ചാൽ `ഞാൻ ഇങ്ങനെ ചെയ്തിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നു` എന്ന്‌ നീ പറയരുത്‌. മറിച്ച്‌ `അല്ലാഹു കണക്കാക്കി, അവൻ ഉദ്ദേശിച്ചത്‌ പ്രവർത്തിച്ചു` എന്നാണ്‌ നീ പറയേണ്ടത്‌. കാരണം `ലൗ` (അങ്ങനെ ആയിരുന്നെങ്കിൽ) എന്ന വാക്ക്‌ പിശാചിന്റെ പ്രവർത്തനത്തെ എളുപ്പമാക്കികൊടുക്കും” (മുസ്ലിം; കിതാബുൽ ഖദ്ര്).

വിശ്വാസപരമായ ഒട്ടനവധി ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രവാചക വചനമാണിത്‌. പൗരാണികരും ആധുനികരുമായ ഒട്ടനവധി പണ്ഡിതന്മാർ ഈ ഹദീഥിന്‌ വിശദീകരണം എഴുതിയിട്ടുണ്ട്‌. ഹദീഥിൽ പരാമർശിക്കുന്ന സുപ്രധാന വിഷയങ്ങൾ താഴെക്കൊടുക്കുന്നു:

1. അല്ലാഹുവിന്‌ സ്നേഹം എന്ന സ്വിഫത്‌ (വിശേഷണം) ഉണ്ട്‌. അത്‌ അക്ഷരാർഥത്തിലുള്ള സ്നേഹമാണ്‌.

2. അല്ലാഹുവിന്റെ സ്നേഹത്തിൽ വ്യക്തികളുടെ കർമങ്ങൾക്കനുസിരിച്ച്‌ ഏറ്റക്കുറച്ചിലുണ്ടാകും.

3. ആരാധനകളിലെ ഇഖ്ലാസും ആത്മാർഥതയും.

4. അല്ലാഹുവിൽ ഭരമേൽപിക്കുക.

5. ക്വളാഅ,​‍്‌ ക്വദ്‌റിലുള്ള വിശ്വാസം.

ഇമാം ഇബ്നുൽ ഖയ്യിം(റ) തന്റെ ശിഫാഉൽ അലീൽ എന്ന ഗ്രന്ഥത്തിൽ (1/59) ഈ ഹദീഥ്‌ സവിസ്തരം വിശദീകരിക്കുന്നുണ്ട്‌. അദ്ദേഹം പറയുന്നു: `മതത്തിന്റെ പ്രത്യക്ഷവും പരോക്ഷവും മതനിയമങ്ങളും എല്ലാം ഈ വചനങ്ങളുടെ അടിസ്ഥാനത്തിലാണ്‌.`

ഹദീഥിന്റെ ഏകദേശ വിശദീകരണം നമുക്ക്‌ മനസിലാക്കാം:

ശക്തനായ വിശ്വാസി

അല്ലാഹുവിന്റെ കൽപനകളും നിരോധനങ്ങളും ആവേശത്തോടെയും കരുത്തോടെയും നിർവഹിക്കുന്ന, ജനങ്ങളുമായി ഇടപഴകുമ്പോഴും പ്രബോധനമേഖലയിലും ക്ഷമ കൈക്കൊള്ളുന്ന ആളാണ്‌ ശക്തനായ വിശ്വാസി. ഈമാനിൽ (വിശ്വാസത്തിൽ) ശക്തൻ എന്നർഥം. അതല്ലാത ശാരീരികമായ ശക്തിയല്ല. കാരണം ശാരീരിക ശക്തി അല്ലാഹുവിനെ ധിക്കരിക്കാൻ മനുഷ്യൻ ഉപയോഗിച്ചാൽ അത്‌ അവന്‌ ദോഷമാണ്‌. എന്നാൽ ഈമാനിന്റെ ശക്തി അങ്ങനെയല്ല; അത്‌ ഗുണം മാത്രമെ ചെയ്യൂ.

ശാരീരിക ശക്തി എന്നു പറയുന്നത്‌ അതിന്റെ സ്വത്വത്തിൽ നന്മയോ തിന്മയോ അല്ല. മറിച്ച്‌ അത്‌ ഉപയോഗിക്കുന്നിടത്താണ്‌ നന്മയും തിന്മയും കടന്നുവരുന്നത്‌. ശൈഖ്‌ സ്വാലിഹുൽ ഉഥൈമീൻ പറയുന്നു: `ഈമാനിൽ ശക്തനായ വിശ്വാസി എന്നാണ്‌ ഇവിടെ വിവക്ഷ. കാരണം ഈമാനിക ശക്തിയാണ്‌ അല്ലാഹുവിന്റെ കൽപനകൾ പാലിക്കുന്നതിലേക്കും സുന്നത്തുകൾ വർധിപ്പിക്കുന്നതിലേക്കും അവനെ നയിക്കുന്നത്‌. എന്നാൽ വിശ്വാസം ദുർബലമാണെങ്കിൽ വാജിബാത്തുകൾ (നിർബന്ധകാര്യങ്ങൾ) ചെയ്യാനോ ഹറാമുകൾ (നിഷിദ്ധങ്ങൾ) വെടിയാനോ അത്‌ അവനെ പ്രേരിപ്പിക്കുകയില്ല. അങ്ങനെ അവൻ ഈമാനിൽ ദുർബലനായിരിക്കും` (ശറഹു രിയാദുസ്സ്വാലിഹീൻ 1/459).

`എല്ലാവരിലും നന്മയുണ്ട്‌` എന്നാണ്‌ പിന്നീട്‌ പറയുന്നത്‌. ഈമാനിൽ കുറവുള്ളവർ നിരാശപ്പെടാതിരിക്കാൻ വേണ്ടിയാണിത്‌. സത്യനിഷേധിയെക്കാൾ എത്രയോ നല്ലവനാണ്‌ വിശ്വാസി എന്ന കാര്യത്തിൽ സംശയമില്ല. അത്‌ ഈമാൻ ശക്തമാണെങ്കിലും കുറവാണെങ്കിലും ശരി. ഇതൊരു സാഹിത്യ ശൈലികൂടിയാണ്‌. സംശയിക്കാൻ ഇടയുള്ള ഒരു ആശയത്തെ സംശയം ദുരീകരിക്കുന്ന രീതിയിൽ അവതരിപ്പിക്കുകയാണ്‌ ഈ ഒരു വാക്കിലൂടെ` (ഉഥൈമീൻ).

`ഉപകാരമുള്ളതിൽ താൽപര്യം കാണിക്കണം` എന്നും ശേഷം നബി(സ്വ) പറയുന്നു. `അല്ലാഹുവിനോടുള്ള അനുസരണയും അവന്റെ പക്കലുള്ളതിലുള്ള പ്രതീക്ഷയുമാണിത്‌. അതിനുള്ള സഹായം രക്ഷിതാവിനോട്‌ തേടണം. ഇതിൽ അശക്തനാകരുത്‌. മടികാണിക്കുയും അരുത്‌. കാരണം കർമങ്ങൾ ചെയ്യാൻ അല്ലാഹുവിന്റെ സഹായം അനിവാര്യമാണ്‌. ഇഹലോകത്തും പരലോകത്തും ഗുണം ലഭിക്കുന്ന കാര്യങ്ങളിലാണ്‌ മനുഷ്യൻ തന്റെ അധ്വാനം ചെലവഴിക്കേണ്ടത്‌. ഇഹലോകത്തിന്റെ ഗുണവും പരലോകത്തിന്റെ ഗുണവും ഏറ്റുമുട്ടേണ്ടിവന്നാൽ പരലോകത്തിന്‌ മുൻഗണന കൊടുക്കണം. കാരണം ദീൻ നന്നായാൽ ദുൻയാവും നന്നാകും. അതേ സ്ഥാനത്ത്‌ ദീൻ കേടുവന്നാൽ, ദുൻയാവിന്റെ കൂടെ നിന്നാൽ ദുൻയാവും കേടുവന്നുപോകും.

സഹായതേട്ടം അല്ലാഹുവോട്‌ മാത്രമെ പാടുള്ളൂ. ഭരമേൽപിക്കലും തഥൈവ. കാരണം സ്വയമായി ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിവുളളവരല്ല സൃഷ്ടികൾ. അവർക്ക്‌ അല്ലാഹുവിൽ നിന്നുള്ള സഹായം ലഭിക്കുക തന്നെ വേണം.

കർമങ്ങളിൽ നിന്നും പിന്മാറിപ്പോകുന്ന നിലക്ക്‌ മനുഷ്യൻ അശക്തനാകരുത്‌ എന്നും ഈ ഹദീഥ്‌ പഠിപ്പിക്കുന്നു. അലസത മനുഷ്യനെ നിഷ്കർമിയാക്കും. അത്‌ കൊണ്ട്‌ തന്നെ പ്രവർത്തിക്കാനുള്ള ആവേശമാണ്‌ വിശ്വാസിയിൽ വേണ്ടത്‌. അല്ലാഹുവോട്‌ സഹായം തേടുകയും അധ്വാനിക്കുകയും ചെയ്ത ശേഷം ഉദ്ദേശത്തിനും ആഗ്രഹത്തിനും വിപരീതമായി വല്ലതും സംഭവിച്ചാൽ അങ്ങനെ ചെയ്തിരുന്നെങ്കിൽ... എന്നിങ്ങനെ പറയരുതെന്നും നബി(സ്വ) പഠിപ്പിക്കുന്നു. കാരണം കാര്യങ്ങൾ നമ്മുടെ ഉദ്ദേശത്തിനപ്പുറമായിരിക്കും. അത്‌ തീരുമാനിക്കുന്നത്‌ അല്ലാഹുവാണ്‌. നാം കൽപിക്കപ്പെട്ടത്‌ ചെയ്യുന്നു എന്നു മാത്രം. “അല്ലാഹു തന്റെ കാര്യം ജയിച്ചടക്കുന്നവനത്രെ. പക്ഷേ, മനുഷ്യരിൽ അധികപേരും അത്‌ മനസ്സിലാക്കുന്നില്ല”(യൂസുഫ്‌ :21).

`അങ്ങനെ ചെയ്തിരുന്നെങ്കിൽ` എന്നുള്ള വാക്ക്‌ പിശാചിന്റെ പ്രവർത്തനങ്ങൾക്കുള്ള കവാടമാണ്‌ എന്ന്‌ നബി(സ്വ) പഠിപ്പിക്കുന്നു. കാരണം നിരാശ, ദുഃഖം, വസ്‌വാസ്‌ തുടങ്ങിയവ വർധിക്കാൻ ഇത്‌ കാരണമാകും. നടക്കേണ്ടത്‌ നടന്നു. അതിൽ മാറ്റം വരുത്താൻ നമുക്കാവില്ല. അതാകട്ടെ ആകാശഭൂമികളുടെ നടത്തിപ്പിനും മുമ്പ്‌ ലൗഹുൽ മഹ്ഫൂളിൽ രേഖപ്പെടുത്തപ്പെട്ടതുമാണ്‌. “തീർച്ചയായും രക്ഷിതാവ്‌ താൻ ഉദ്ദേശിച്ചത്‌ തികച്ചും നടപ്പിലാക്കുന്നു” (ഹൂദ്‌: 108).

അപ്പോൾ ദുഃഖിക്കേണ്ട കാര്യം ഇവിടെ ഇല്ല. കാര്യങ്ങൾ ചെയ്യേണ്ടത്‌ ചെയ്യുക. അല്ലാത്തപക്ഷം പിശാച്‌ മനുഷ്യനെ പിടികൂടും. നന്മയിൽ നിന്ന്‌ തെറ്റിക്കും. “ആ രഹസ്യ സംസാരം പിശാചിൽ നിന്നുള്ളത്‌ മാത്രമാകുന്നു. സത്യവിശ്വാസികളെ ദുഃഖിപ്പിക്കാൻ വേണ്ടിയാകുന്നു അത്‌. എന്നാൽ അല്ലാഹുവിന്റെ അനുമതി കൂടാതെ അതവർക്ക്‌ യാതൊരു ഉപദ്രവവും ചെയ്യുന്നതല്ല. സത്യവിശ്വാസികൾ അല്ലാഹുവിൽ ഭരമേൽപിച്ചു കൊള്ളട്ടെ” (മുജാദില:10).

അല്ലാഹുവിനെ രക്ഷിതാവായി ഒരു വ്യക്തി തൃപ്തിപ്പെട്ടു കഴിഞ്ഞാൽ എന്തു സംഭവിച്ചാലും ഇത്‌ അല്ലാഹുവിന്റെ തീരുമാനമാണെന്ന്‌ പറയണം. അതു മനസ്സിനും ഹൃദയത്തിനും വിശാലത നൽകും. ശൈഖ്‌ ഉഥൈമീൻ പറയുന്നു: “ഈ ഹദീഥ്‌ അനുസരിച്ച്‌ നാം ജീവിച്ചിരുന്നെങ്കിൽ നമുക്ക്‌ ഒരുപാട്‌ ആശ്വാസം ലഭിക്കുമായിരുന്നു.”

വിശ്വാസത്തിന്റെ വർധനവും കുറവും

ഈമാൻ കൂടുകയും കുറയുകയും ചെയ്യും എന്നത്‌ അഹ്ലുസ്സുന്നഃ വൽജമാഅഃയുടെ വിശ്വാസം തന്നെയാകുന്നു. ക്വുർആനിലെ അനേകം വചനങ്ങൾ ഇതിന്‌ സാക്ഷിയാണ്‌. (അൻഫാൽ:2, തൗബ:124 നോക്കുക). ശക്തനായ വിശ്വാസി, ദുർബലനായ വിശ്വാസി എന്ന പ്രയോഗത്തിലൂടെ ഈ ആശയമാണ്‌ നാം പഠിക്കേണ്ടത്‌. ഇബ്നുതൈമിയ്യ പറയുന്നു: “ഈമാൻ വാക്കും പ്രവൃത്തിയുമാണ്‌. അത്‌ കൂടുകയും കുറയുകയും ചെയ്യും എന്ന കാര്യത്തിൽ സലഫുകളുടെ യോജിപ്പുണ്ട്‌” (മജ്മൂഉൽ ഫതാവ 7/672). ഇമാം അസ്വ്ബഹാനി, ഔസാഈ തുടങ്ങിയവരെല്ലാം ഈ ആശയം പറഞ്ഞിട്ടുണ്ട്‌ (വിശദമായ വിവരണം; ശറഹു ഉസൂലി ഇഅ​‍്തിക്വാദി അഹ്ലുസ്സുന്നത്തി വൽ ജമാഅഃ, ലാലകാഇ).

ഖവാരിജുകളും മുഅ​‍്തസിലികളുമാണ്‌ ഈമാനിന്റെ വർധനവിനെയും കുറയലിനെയും അംഗീകരിരിക്കാത്ത കൂട്ടർ. ഈമാൻ പോയാൽ മുഴുവനും പോകും എന്നാണവരുടെ വാദം. മുർജിഅത്തും ഈ വാദം പ്രചരിപ്പിക്കുന്നവർ തന്നെയാണ്‌.

0
0
0
s2sdefault