വിശ്വാസത്തെ മലിനമാക്കുന്ന സ്വൂഫിസവും സ്വൂഫിസത്തെ താലോലിക്കുന്ന സമസ്തയും

അബ്ബാസ് ചെറുതുരുത്തി

2017 ആഗസ്ത് 05 1438 ദുല്‍ക്വഅദ് 12

സ്വൂഫിസം, സ്വൂഫിവര്യന്‍ എന്നീ പദങ്ങള്‍ സമൂഹത്തില്‍ ഇന്ന് ഏറെ പ്രചാരം നേടിക്കഴിഞ്ഞിരിക്കുന്നു. സ്വൂഫിവര്യനെ ഒന്നു കാണുക, സ്പര്‍ശിക്കുക, കൈമുത്തുക, കൂടെ കഴിയുക, പ്രാര്‍ഥനയില്‍ സംബന്ധിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഏറെ പുണ്യകരവും ജീവിതസൗഭാഗ്യവുമായി ചിലര്‍ കരുതുന്നു. ഇസ്‌ലാമിന്റെ തനിമയെ തകര്‍ക്കുന്നതാണ് സ്വൂഫിസമെന്നതിനാല്‍തന്നെ സ്വൂഫിസമാണ് യഥാര്‍ഥ ഇസ്‌ലാമെന്ന ധാരണ പരത്തുന്നതില്‍ മുഖ്യധാരാമാധ്യമങ്ങളും ചില സാഹിത്യകാരന്മാരും നല്ല പങ്കുവഹിക്കുന്നുണ്ട്. സാമുദായിക പ്രസിദ്ധീകരണങ്ങളും പൗരോഹിത്യവും അതിനൊക്കെ വളംവെച്ചുകൊടുക്കുകയും ചെയ്യുന്നു. ഭൗതികവും പാരത്രികവുമായ വിജയം, ആഗ്രഹസഫലീകരണം, പാപമോചനം, അല്ലാഹുവിനോട് സാമീപ്യം നേടല്‍ തുടങ്ങിയ എണ്ണമറ്റ നേട്ടങ്ങളുടെ കേന്ദ്രബിന്ദുവായാണ് സ്വൂഫിദര്‍ശനത്തെ അതിന്റെ വക്താക്കള്‍ കാണുന്നത്. 

വിശുദ്ധ ക്വുര്‍ആനിലോ നബിവചനങ്ങളിലോ 'സ്വൂഫി' എന്ന പദം പ്രയോഗിക്കപ്പെട്ടതായി പോലും കാണുവാന്‍ സാധ്യമല്ല. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും മൂന്നാം നൂറ്റാണ്ടിലുമായി പ്രചാരത്തില്‍വന്നതാണത് എന്നാണ് പണ്ഡിതാഭിപ്രായം.

നല്ലതിനോടുള്ള മനുഷ്യന്റെ ആഭിമുഖ്യത്തെയും ആേവശത്തെയും അതിരുകടന്നതാക്കി അവസാനം അവരെ വഴികേടിലെത്തിക്കുക എന്നത് പിശാചിന്റെ ഒരു തന്ത്രമാണ്. സ്രഷ്ടാവും സംരക്ഷകനുമായ ഏക ഇലാഹിനെ ആരാധിക്കുവാനുള്ള മനുഷ്യന്റെ നൈസര്‍ഗികബോധത്തില്‍ ഇടപെട്ട് അതില്‍ അതിരുകടത്തി ബഹുദൈവാരാധനയിലേക്കും അല്ലാഹുവിലേക്ക് ഇടയാളന്മാരെ സങ്കല്‍പിച്ച് അവരോട് ്രപാര്‍ഥിക്കുന്നതിലേക്കും നേര്‍ച്ചവഴിപാടുകള്‍ അല്ലാഹുവല്ലാത്തവര്‍ക്ക് സമര്‍പ്പിക്കുന്നതിലേക്കുമെല്ലാം മനുഷ്യനെ നയിക്കുവാന്‍ ഇബ്‌ലീസ് ശ്രമിച്ചുകൊണ്ടിരിക്കും. 

സ്വൂഫിസവും ശിയാഇസവും വിശ്വാസതലത്തില്‍ ഉള്‍ക്കൊണ്ട, കേരളത്തിലെ 'സമസ്ത'ക്കാരും 'സംസ്ഥാന'ക്കാരുമൊക്കെയായ വിവിധ വിഭാഗക്കാരുടെ ലക്ഷ്യവും മാര്‍ഗവും ഒന്നുതന്നെയാണ്. മക്വ്ബറകളാണ് അവരുടെ ശ്രദ്ധാകേന്ദ്രം; വരുമാന മാര്‍ഗവും. 

'സ്വൂഫിസം മനുഷ്യനെ വിപുലീകരിക്കുന്നു' എന്ന തലക്കെട്ടില്‍ 'രിസാല' വാരികയില്‍ സയ്യിദ് അഫ്‌സല്‍ മിയ ബറകാതി(ഐ.പി.എസ്)യുമായി നടത്തിയ ഒരു അഭിമുഖ സംഭാഷണം പ്രസിദ്ധീകരിച്ചിരുന്നു. ഇസ്‌ലാമിക വിശ്വാസങ്ങള്‍ക്ക് കടകവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞും ലോകസലഫികളെ താറടിച്ചുകാണിച്ചും സുഊദി അറേബ്യയെ വിമര്‍ശിച്ചും 'കേരളശിയാ'ക്കളുടെ നേതാവായ കാന്തപുരത്തെ മദ്ഹ് ചെയ്തുമാണ് അഭിമുഖം മുന്നോട്ടു പോകുന്നത്. ഒരു ചോദ്യവും ഉത്തരവും കാണുക:

''അടുത്ത കാലത്തായി മധ്യപൗരസ്ത്യ ദേശത്തും ദക്ഷിണ മെഡിറ്ററേനിയന്‍ പ്രദേശങ്ങൡലും മുളച്ചുപൊന്തിയ റാഡിക്കല്‍ ഇസ്‌ലാമിസ്റ്റ് ഭീകരസംഘങ്ങള്‍ സ്വൂഫിവ്യവഹാരത്തെ നഖശിഖാന്തം എതിര്‍ക്കുകയും സ്വൂഫി സ്മാരകങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നു. ഇത്തരം പ്രതിലോമശക്തികള്‍ ഉയര്‍ന്നുവരാനിടയായ സന്ദര്‍ഭം എന്താണ്?'' ''മുസ്‌ലിം ലോകത്തിന്റെ സാംസ്‌കാരികവും രാഷ്ട്രീയപരവുമായ അപചയത്തിന് ഹേതുവായ മുഖ്യപ്രതിലോമ പ്രത്യയശാസ്ത്രം വഹാബിസമാണ്. കഴിഞ്ഞ മുപ്പതു വര്‍ഷം ലോകത്തുണ്ടായ മുഴുവന്‍ ഭീകര വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും ധൈഷണികാടിത്തറ വഹാബിസമാണ്'' (രിസാല, 2015 മാര്‍ച്ച് 25, പേജ് 9).

ഉത്തരം മുന്‍കൂട്ടിയെഴുതി അതിനു വേണ്ടിയുണ്ടാക്കിയ ചോദ്യമാണിതെന്നു വ്യക്തം. 'വഹാബിസ'ത്തിന്റെമേല്‍ സകല ഫിത്‌നകളുടെയും ഉത്തരവാദിത്തം കെട്ടിവെക്കാനും തങ്ങളുടെ നെറികേടുകളെ ന്യായീകരിക്കാനുമുള്ള വ്യഗ്രതയല്ലാതെ ഈ ചോദ്യത്തിനും മറുപടിക്കും പിന്നില്‍ മറ്റൊന്നുമില്ല. നെറികേടുകള്‍ക്കെതിരെ ശബ്ദിക്കുന്നതിനെയാണ് ചോദ്യകര്‍ത്താവ് 'റാഡിക്കല്‍ ഇസ്‌ലാമിസ്റ്റ് ഭീകരസംഘങ്ങള്‍ എന്ന് വിളിക്കുന്നത്. അവര്‍ ചെയ്യുന്ന 'പ്രതിലോമ പ്രവര്‍ത്തനം' എന്നത് 'സ്വൂഫിവ്യവഹാര'ത്തെ എതിര്‍ക്കലും! ഇസ്‌ലാമികാദര്‍ശത്തെ 'വ്യാപാരം' ചെയ്യലാണോ 'സ്വൂഫിവ്യവഹാരം?' ഇസ്‌ലാമികപ്രമാണങ്ങള്‍ക്ക് പരിചയമില്ലാത്ത ഒരു നൂതനരീതിശാസ്ത്രം പടച്ചുണ്ടാക്കി വിശ്വാസചൂഷണം നടത്തുന്നതിനെതിരെ പ്രതികരിക്കുന്നത് പ്രതിലോമപ്രവര്‍ത്തനമാണോ? ക്വബ്‌റാളികളെ വിളിച്ചുതേടാന്‍ കെട്ടിപ്പൊക്കിയ ജാറങ്ങളും ദര്‍ഗകളുമാണ് ഇവര്‍ പറയുന്ന തകര്‍ക്കപ്പെട്ട സ്വൂഫി സ്മാരകങ്ങള്‍! ഉയര്‍ത്തപ്പെട്ട ക്വബ്‌റുകള്‍ തട്ടിനിരപ്പാക്കാന്‍ കല്‍പിക്കപ്പെട്ട പ്രവാചകന്റെ അനുയായികള്‍ക്കെങ്ങനെ ക്വബ്‌റുകള്‍ കെട്ടിപ്പൊക്കാനാവും? 

കേരള മുസ്‌ലിംകള്‍ക്കിടയില്‍ പ്രതിലോമപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പാരമ്പര്യമല്ലേ ഇവര്‍ക്കുള്ളത്? ഇവരുടെ മുന്‍കാല നേതാക്കളല്ലേ മുസ്‌ലിം സമുദായത്തെ അന്ധകാരത്തിലേക്കു തള്ളിയിടാന്‍ ആവതും ശ്രമിച്ചത്? സ്ത്രീകള്‍ അക്ഷരാഭ്യാസം നേടാന്‍ പാടില്ല, ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണ്, ക്വുര്‍ആന്റെ അര്‍ഥം പറയാനോ അത് പരിഭാഷപ്പെടുത്താനോ പാടില്ല, അസുഖം വന്നാല്‍ ഐക്കല്ലിലും ഏലസ്സിലും മാലമൗലീദുകളിലും അഭയം തേടുകയാണ് വേണ്ടത്.... ഇങ്ങനെ നൂറുകൂട്ടം ഇരുട്ടറകളില്‍ മുസ്‌ലിം സമൂഹത്തെ തളച്ചിട്ട്, മതപരമായും സാംസ്‌കാരികമായു ധാര്‍മികമായും വിദ്യാഭ്യാസപരവുമായ അവരുടെ വളര്‍ച്ചയെയും പുരോഗതിയെയും തടഞ്ഞവരുടെ പിന്‍ഗാമികള്‍ എന്തൊക്കെ നുണക്കഥകള്‍ എഴുതിവിട്ടാലും ചരിത്രസത്യത്തെ മൂടിവെക്കാനാവില്ല. നവോത്ഥാന സംരംഭങ്ങള്‍ക്കെതിരെ പ്രതിലോമ പ്രവര്‍ത്തനം നടത്തിയവരാണ് തങ്ങളുടെ നേതാക്കളെന്ന സത്യം മൂടിവെച്ച് സത്യത്തിന്റെ വക്താക്കളെ ആക്ഷേപിച്ചതുകൊണ്ട് സത്യം സത്യമാകാതിരിക്കില്ല.

ശാസ്ത്രീയമായ രീതിയില്‍ മതവിദ്യാഭ്യാസം നല്‍കുവാന്‍ മദ്‌റസ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചപ്പോള്‍ അതിനെതിരെ പടവാളെടുക്കുകയും കോളറയും വസൂരിയും പിടിപെട്ടവര്‍ക്ക് ചികിത്സ നിഷേധിച്ച് മാലപ്പാട്ടുകള്‍ പാടിക്കൊടുത്ത് അനേകരെ മരണത്തിലേക്കു നയിക്കുകയും അതുവഴി അനാഥബാല്യങ്ങളെ സൃഷ്ടിക്കുകയും അങ്ങനെയുള്ള അനാഥരെ സംരക്ഷിക്കുവാന്‍ സത്യത്തിന്റെ വക്താക്കള്‍ അനാഥശാലകള്‍ സ്ഥാപിച്ചപ്പോള്‍ അതിനെ ആക്ഷേപിക്കുകയും ചെയ്തവരുടെ പാരമ്പര്യത്തില്‍ ഊറ്റംകൊള്ളുന്നവര്‍ക്ക് മുസ്‌ലിം സമൂഹത്തിന്റെ അപചയത്തെക്കുറിച്ച് സംസാരിക്കാന്‍ എന്ത് അര്‍ഹതയാണുള്ളത്? സത്യത്തെ കൊഞ്ഞനംകുത്തിക്കൊണ്ട് അഭിമുഖത്തില്‍ പറയുന്നത് കാണുക:

''കഴിഞ്ഞ മുപ്പതു വര്‍ഷം ലോകത്തുണ്ടായ മുഴുവന്‍ ഭീകര വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും ധൈഷണികാടിത്തറ വഹാബിസമാണ്. സ്വൂഫീദര്‍ശനങ്ങളില്‍ പറയുന്ന ബഹുസ്വരതയുടെ ആപേക്ഷികമായ നിലനില്‍പിനെ വഹാബിസം അംഗീകരിക്കുന്നില്ല. വിശുദ്ധക്വുര്‍ആനില്‍നിന്നും പരിമിത ബുദ്ധികൊണ്ട് നേരിട്ട് വായിച്ചെടുത്ത കാര്യങ്ങളെ അപ്പടി അവതരിപ്പിക്കുകയാണ് വഹാബികള്‍. പക്ഷേ, സ്വൂഫിസം ക്വുര്‍ആനിനെയും സുന്നത്തിനെയും വായിക്കുന്നത് കൃത്യമായ അവതരണ പശ്ചാത്തലത്തിലൂടെയും ചരിത്രപരമായ സന്ദര്‍ഭങ്ങളെ വിശകലനം ചെയ്തുമാണ്. സ്വൂഫിസത്തിന്റെ ജ്ഞാനം ഗുരുമുഖങ്ങളില്‍നിന്നും പകര്‍ന്നതാണ്. നൂറ്റാണ്ടുകളായി കൃത്യമായ ശൃംഖലകളിലൂടെ ഒഴുകിപ്പരന്നതാണ് സ്വൂഫിസ ജ്ഞാനധാര. വഹാബി മൗലിക ഇസ്‌ലാമിക (Normative Islam)​​ വായനയില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുകൊണ്ട് ഭീമമായ തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്. അത്തരം തീവ്ര പ്രസ്ഥാനങ്ങളെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗപ്പെടുത്തുകയാണ് ഐ.എസ് വരെ എത്തിനില്‍ക്കുന്ന ഭീകരവാദികള്‍ ചെയ്യുന്നത്.''

സാമ്രാജ്യത്വ ശക്തികളുടെയും സ്വൂഫികളുടെയും കണ്ണിലെ കരടാണ് എന്നും സലഫികള്‍. അതിനാല്‍തന്നെ എല്ലാ ഭീകരപ്രവര്‍ത്തനങ്ങളെയും സലഫികളുടെ തലയില്‍ കെട്ടിവെക്കാന്‍ അവര്‍ മത്സരിക്കുന്നു. വിശിഷ്യാ ജൂത പിന്തുണയുള്ള സ്വൂഫികള്‍. സദ്ദാം ഹുസൈന്‍ കുവൈത്തിനെ ആക്രമിച്ചപ്പോള്‍ സലഫികള്‍ സദ്ദാമിന്റെ കൂടെയാണ്, സദ്ദാം വഹാബിയാണ് എന്നൊക്കെയായിരുന്നു പ്രചാരണം. പിന്നീട് ഉസാമ ബിന്‍ലാദന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ഉസാമ സലഫിയാണെന്ന് പ്രചരിപിക്കാന്‍ ശ്രമിച്ചു. മതരാഷ്ട്രവാദക്കാരും അക്കാര്യത്തില്‍ മാത്സര്യബുദ്ധി കാണിച്ചു.

സലഫികള്‍ ഇസ്‌ലാമിന്റെ തനതായ ആദര്‍ശത്തിലാണ് നിലകൊള്ളുന്നത്. മായംചേര്‍ത്ത ഇസ്‌ലാമിനെ അവര്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ട് സകല തിന്മകളെയും ചൂഷണങ്ങളെയും അവര്‍ എതിര്‍ക്കുന്നു. ഇതെങ്ങനെ നൂതനാശയങ്ങള്‍ ഇസ്‌ലാമില്‍ കടത്തിക്കൂട്ടിയവര്‍ക്കും ചൂഷകര്‍ക്കും സഹിക്കാന്‍ കഴിയും? അതുകൊണ്ടാണ് ഈ എതിര്‍പ്പുകളെല്ലാം. പലിശ, മദ്യം, ചൂതാട്ടം, സ്ത്രീശരീരം... തുടങ്ങിയവയിലൂടെ സാമ്പത്തികടിത്തറ ഭദ്രമാക്കുന്ന ദുഷ്ടശക്തികള്‍ക്കെങ്ങനെ തനതായ ഇസ്‌ലാമിനോടും അത് ജീവിതത്തില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സലഫികളോടും പ്രിയമുണ്ടാകും? എന്താണീ 'സ്വൂഫീദര്‍ശനങ്ങളില്‍ പറയുന്ന ബഹുസ്വരത?' ബഹുദൈവവാരാധനയെയും ഏകദൈവാരാധനയെയും ഒരുപോലെ ഉള്‍ക്കൊള്ളല്‍ തന്നെ! അതേതായാലും മുസ്‌ലിംകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ഈ കൂട്ടുകൃഷി ഇസ്‌ലാം പഠിപ്പിച്ചതല്ല. ഏകത്വത്തില്‍ ബഹുത്വം എന്നത് ഇസ്‌ലാമികമല്ല. പൂരം..നേര്‍ച്ച.. ആന... ചെണ്ടമേളം...പുഷ്പാര്‍ച്ചന... നിലവിളക്ക് കൊളുത്തല്‍... പലരോടും പ്രാര്‍ഥിക്കല്‍... ഇങ്ങനെ ഒട്ടനവധി കാര്യങ്ങളില്‍ സമസ്തക്കാരും (കേരള ശിയാക്കള്‍/സ്വൂഫികള്‍) ഹൈന്ദവരും തമ്മില്‍ വല്ലാത്തൊരു താദാത്മ്യം കാണാം. സ്വൂഫിസത്തിലെ ഈ ബഹുസ്വരതയില്‍ ഇസ്‌ലാമിനു പങ്കില്ല.

ക്വുര്‍ആനും സുന്നത്തും അടിസ്ഥാന പ്രമാണമായി സ്വീകരിക്കുകയും സച്ചരിതരായ മുന്‍ഗാമികള്‍ മനസ്സിലാക്കിതുപോലെ മനസ്സിലാക്കുകയും അവതരണ, ചരിത്ര പശ്ചാത്തലം നോക്കി ഉള്‍ക്കൊള്ളേണ്ടത് അങ്ങനെത്തന്നെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നവരാണ് ഇവര്‍ വഹാബികള്‍ എന്ന് മുദ്രകുത്തുന്ന സലഫികള്‍. കള്ളക്കഥകളെയും വാറോലകളെയും സ്വപ്‌നങ്ങളെയും പ്രമാണമാക്കുന്നവര്‍ സലഫികളുടെ പ്രമാണങ്ങളോടുള്ള നിലപാടിനെ വിമര്‍ശിക്കുന്നതില്‍ പരം തമാശ വേറെയെന്തുണ്ട്?! സന്ദര്‍ഭവും അവതരണ പശ്ചാത്തലവുമൊക്കെ നോക്കിയിട്ടാണോ കാന്തപുരം കൊട്ടപ്പുറം സംവാദത്തില്‍ മരിച്ചവരോട് പ്രാര്‍ഥിക്കാന്‍ ആയത്ത് ഉദ്ധരിച്ചത്? ഇന്ന് ഇഷ്ടാനുസരണം ആയത്തുകള്‍ ഓതി ഇവരുടെ മൗലാനമാര്‍ ശിര്‍ക്ക് ബിദ്അത്തുകള്‍ സ്ഥാപിക്കുവാന്‍ തുനിയുന്നത് അവതരണ പശ്ചാത്തലവും ചരിത്രസന്ദര്‍ഭവുമൊക്കെ വിശകലനം ചെയ്താണോ?  

''സ്വൂഫിസത്തിന്റെ ജ്ഞാനം ഗുരുമുഖങ്ങളില്‍നിന്നും പകര്‍ന്നതാണ്. നൂറ്റാണ്ടുകളായി കൃത്യമായ ശൃംഖലകളിലൂടെ ഒഴുകിപ്പരന്നതാണ് സ്വൂഫിസ ജ്ഞാനധാര'' എന്നു പറഞ്ഞത് ശരിയായിരിക്കാം. എന്നാല്‍ 'വഹാബി'കളുടെ ഗുരു മുഹമ്മദ് നബി(സ്വ)യാണ്. അതിലേറെ ശ്രേഷ്ഠനായ ഗുരു വേറെയില്ല. അവിടുന്ന് പഠിപ്പിച്ചത് അതേപോലെ പഠിപ്പിക്കുന്ന ഗുരുനാഥന്മാരില്‍നിന്നാണ് അവര്‍ അറിവ് നേടുന്നത്. ലോകസലഫികള്‍ ഐഎസിന്റെ ഭീകരപ്രവര്‍ത്തനങ്ങളെ തള്ളിപ്പറയുകയും അത് അനിസ്‌ലാമികമായ പ്രവര്‍ത്തനമാണെന്നും ഖവാരിജുകളുടെ പിന്‍ഗാമികളാണ് അവരെന്ന് പ്രഖ്യാപിക്കുകയും ചെയ്തത് ഈ ഐപിഎസ്സുകാരന്‍ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. അവര്‍ ഖവാരിജുകളോട് സാദൃശ്യമുള്ളവരാണെന്ന് ഇദ്ദേഹവും സമ്മതിക്കുണ്ട്! 'മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍' കേരളയാത്ര നടത്തിയ നേതാവും അനുയായികളും തങ്ങളിലേക്കുതന്നെ നോക്കിയാല്‍ തിരിച്ചറിയാനാകും ആരാണ് മാനവികമൂല്യങ്ങളെ പലപ്പോഴും ചവിട്ടിമെതിച്ചിട്ടുള്ളതെന്ന്. 

''രണ്ട് പ്രധാന രാഷ്ട്രങ്ങളാണ് ആഗോളഭീകരതക്ക് വളക്കൂറുള്ള മണ്ണൊരുക്കിക്കൊടുക്കുന്നത്; അമേരിക്കയും സൗദി അറേബ്യയും'' എന്നും ഐപിഎസ്സുകാരന്‍ പറയുന്നുണ്ട്. അമേരിക്കയുടെ കാര്യം ശരിയാണ്. എന്നാല്‍ സൗദിയെ അക്കൂട്ടത്തില്‍ എണ്ണിയത് ഉള്ളില്‍ വിദ്വേഷത്തിന്റെ കനലെരിയുന്നതുകൊണ്ട് മാത്രമാണ്. സലഫികളാണല്ലോ അവിടെ ഭരിക്കുന്നത്! സൗദിയാകട്ടെ അക്രമകാരികളായ ഹൂതികളെ തുരത്താന്‍ യമനില്‍ ഇടപെടുകയും ചെയ്യുന്നു. ഇത് സഹിക്കാന്‍ ശിയാ/സ്വൂഫീ കുട്ടുകെട്ടിന് എങ്ങനെ കഴിയും? 

ഒരു ചോദ്യവും ഉത്തരവും കൂടി കാണുക:

''ആധ്യാത്മികധാരയില്‍നിന്ന് ജനങ്ങള്‍ അകലംപാലിച്ചതുകൊണ്ടാണ് ഇത്തരം നിലപാടുകള്‍ നമുക്കിടയില്‍ രൂപപ്പെട്ടതെന്ന് തോന്നുന്നു. ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയയുടെ ഖാന്‍ഖാഹ് ഉത്തമമായ ഇന്ത്യന്‍ ബഹുസ്വരതയുടെ പ്രഭവകേന്ദ്രമായി മാറുന്നു?'' ''അത് ശരിയാണ്. സ്വൂഫികളുടെ ഖാന്‍ഖാഹുകള്‍ മികച്ച മതസൗഹാര്‍ദത്തിന്റെയും ബഹുസ്വരദര്‍ശനങ്ങളുടെയും പൊതു ഇടമായിരുന്നു..''

മേല്‍പറഞ്ഞ ആധ്യാത്മികധാര ശിര്‍ക്ക് ഒലിച്ചിറങ്ങുന്ന ധാരയാണ്. അതില്‍നിന്ന് ജനങ്ങള്‍ അകലംപാലിച്ചുതുടങ്ങിയത് ക്വുര്‍ആനും സുന്നത്തും മനസ്സിലാക്കിയപ്പോഴാണ്. ജാറങ്ങളെല്ലാം മതസൗഹാര്‍ദത്തിന്റെ ഇടങ്ങളാണ്. പൂമൂടലും തേങ്ങയുടക്കലും സ്ത്രീപുരുഷ കൂടിക്കലരലും സാമ്പ്രാണിത്തിരിയുടെ പുകയുമെല്ലാം നല്‍കുന്ന 'ആധ്യാത്മിക നിര്‍വൃതി' നേടാന്‍ ജാതിമത വ്യത്യാസം മറന്ന് എല്ലാവരും എത്തുന്നുണ്ട്. ഈ ആത്മീയ നിര്‍വൃതി പൈശാചികമാണ്; ഇസ്‌ലാമികമല്ല എന്നു മാത്രം.

മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥ മാറ്റാന്‍ ഇയാള്‍ നല്‍കുന്ന പരിഹാരമാര്‍ഗം രസകരമാണ്: ''നിങ്ങള്‍ കേരളത്തില്‍ ശൈഖ് അബൂബക്കറിന്റെ നേതൃത്വം പരിശോധിക്കുക. അദ്ദേഹമില്ലെങ്കില്‍ നിങ്ങളൂെട നാട് ഉത്തരേന്ത്യയെക്കാള്‍ ഭീകരമാകുമായിരുന്നു.''

ശൈഖ് അബൂബക്കര്‍ (കാന്തപുരം) ഇല്ലെങ്കില്‍ കേരളത്തിന്റെ കാര്യം ഉത്തരേന്ത്യയെക്കാള്‍ ഭീകരമാകുമായിയിരുന്നു എന്നത് ഈ വര്‍ഷത്തെ എറ്റവും നല്ല ഫലിതത്തിനുള്ള സമ്മാനം നേടാന്‍ യോഗ്യമായതാണ്. അല്ലാഹുവല്ലാത്തവരോട് പ്രാര്‍ഥിക്കാന്‍ ആയത്തോതിയും തിരുകേശത്തിന്റെ പേരില്‍ നാടുചുറ്റിയും സമുദായത്തിന്റെ അന്തസ്സ് കെടുത്തിക്കളയാന്‍ ടിയാന്‍ ശ്രമിച്ചിട്ടും കേരള മുസ്‌ലിംകള്‍ തലയുയര്‍ത്തി നില്‍ക്കുന്നത് സലഫികളുടെ അവസരോചിതമായ ഇടപെടല്‍മൂലമാണ്. ഉത്തരേന്ത്യയില്‍ ഇയാളെപ്പോലെയുള്ളവരാണ് ഭൂരിപക്ഷവും എന്നതിനാലാണ് അവിടെയുള്ള മുസ്‌ലിംകള്‍ എല്ലാ മേഖലകളിലും ഏറ്റവും അടിത്തട്ടില്‍ നില്‍ക്കുന്നത് എന്നതാണ് വാസ്തവം. 

0
0
0
s2sdefault