വിശ്വാസം നിലനിര്‍ത്തുക

അഡ്വ.കെ.എ. അബ്ദുസ്സമദ് കലൂര്‍

2017 ഫെബ്രുവരി 11 1438 ജമാദുൽ അവ്വൽ 19

മനുഷ്യന്റെ ബുദ്ധികേന്ദ്രമായ തലച്ചോറിന്റെ നാലില്‍ ഒരു ഭാഗം പോലും അവന് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ആധുനിക ശാസ്ത്രം സമ്മതിക്കുന്നുണ്ട്. അത്രമാത്രം അപാരമായ കഴിവുകള്‍ ഉറങ്ങി ക്കിടക്കുന്ന തലച്ചോറില്‍നിന്നുണ്ടാകുന്ന ചിന്താധാരയെ നയിക്കുന്നതും നിയന്ത്രിക്കുന്നതും സ്വാധീനിക്കുന്നതും ഹൃദയത്തില്‍ നിന്നും ഉണ്ടാകുന്ന വിവിധ വികാരങ്ങളാകുന്നു. സെക്കന്റുകള്‍ക്കകം ഹൃദയത്തില്‍ അഥവാ മനസ്സില്‍ മിന്നിമറയുന്ന തോന്നലുകള്‍ ആണ് വികാരങ്ങള്‍. സന്തോഷം, ദുഃഖം, കോപം, അസൂയ, നിരാശ, സംശയം, ദാഹം, മോഹം, ആസക്തി, അഹങ്കാരം, ലജ്ജ, വിശപ്പ് തുടങ്ങി ഒട്ടേറെ തോന്നലുകളാണ് മനസ്സില്‍ ഉണ്ടാകുന്നത്. അവ ചിന്തയെ സ്വാധീനിച്ച് കൊണ്ടേയിരിക്കുന്നു.

തക്വ്‌വ അഥവാ സൂക്ഷ്മതയും ഒരു വികാരമാകുന്നു. ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന, അബൂഹുറയ്‌റ(റ) നിവേദനം ചെയ്യുന്ന ഹദീഥില്‍ നബി(സ്വ) അവിടുത്തെ നെഞ്ചിലേക്ക് മൂന്ന് പ്രാവശ്യം ചൂണ്ടിക്കൊണ്ട് 'സൂക്ഷ്മത ഇവിടെയാണ്' എന്ന് പറഞ്ഞതായി കാണാം.

സൂക്ഷ്മത പാലിക്കാന്‍ വിശുദ്ധ ക്വുര്‍ആന്‍ നിരന്തരം നമ്മെ ഉണര്‍ത്തുന്നതായി കാണാം. എന്നാല്‍ എപ്പോഴും സൂക്ഷ്മത പാലിക്കാന്‍ മനസ്സിന് കഴിയാറില്ല. കാരണം മനുഷ്യഹൃദയം (ക്വല്‍ബ്) പെട്ടെന്ന് മാറിക്കൊണ്ടിരിക്കും. ക്വല്‍ബ് എന്നതിന് പെട്ടെന്ന് മാറിമറിയുന്നത് എന്നും അര്‍ഥമുണ്ട്.

അബ്ദുല്ലാഹിബ്‌നു ആസ്വ്(റ) നിവേദനം ചെയ്യുന്നു: നബി(സ്വ) പറഞ്ഞു:''ആദമിന്റെ മക്കളുടെ ഹൃദയങ്ങള്‍ പരമകാരുണികന്റെ വിരലുകള്‍ക്കിടയിലാണ്. ഒരൊറ്റ ഹൃദയം പോലെ. അവന്‍ ഉദ്ദേശിക്കുന്നത് പോലെ അവയെ അവന്‍ തിരിച്ചുകൊണ്ടിരിക്കും.''

എന്നിട്ട് അവിടുന്ന് പ്രാര്‍ഥിച്ചു:''അല്ലാഹുവേ, ഹൃദയങ്ങള്‍ നിയന്ത്രിക്കുന്നവനേ, നിന്നെ അനുസരിക്കുന്നതിലേക്ക് ഞങ്ങളുടെ ഹൃദയങ്ങളെ നീ തിരിക്കേണമേ...'' (മുസ്‌ലിം 2654).

''നിങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോള്‍ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക. മനുഷ്യന്നും അവന്റെ മനസ്സിനും ഇടയില്‍ അല്ലാഹു മറയിടുന്നതാണ് എന്നും അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്നും നിങ്ങള്‍ അറിഞ്ഞ് കൊള്ളുക''(8:24).

''കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ'' (26.89).

''കീഴ്‌വണക്കം അല്ലാഹുവിന് മാത്രം ആക്കിക്കൊണ്ട് ഋജുമനസ്‌കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്‌കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം'' (98:5).

''അവയുടെ (ബലിമൃഗങ്ങളുടെ) മാംസങ്ങളോ രക്തങ്ങളോ അല്ലാഹുവില്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ സുക്ഷമതാ ബോധമാണ് അവങ്കല്‍ എത്തുന്നത്''(22:37).

ഒരു സത്യവിശ്വാസിയുടെ ഓരോ വാക്കും പ്രവൃത്തിയും ലക്ഷ്യമാക്കേണ്ടത് അല്ലാഹുവിന്റെ തൃപ്തിയായിരിക്കണം. ഈമാന്‍ അഥവാ സത്യവിശ്വാസം മനസ്സില്‍ ദൃഢമായി നിലനിന്നാലേ അതിന് കഴിയുകയുള്ളൂ. നബി(സ്വ) പറഞ്ഞു: ''വസ്ത്രം നുരുമ്പിപ്പോകുന്നത് പോലെ നിങ്ങളുടെ ഹൃദയത്തിലെ ഈമാനും നുരുമ്പിപ്പോകും. ഹൃദയത്തിലെ ഈമാനിനെ നവീകരിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുക''(ത്വബ്‌റാനി,ഹാകിം).

ഈമാന്‍ കൂടാനും കുറയാനും സാധ്യതയുണ്ടെന്നാണ് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്.

''അവനാകുന്നു സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി ഇറക്കിക്കൊടുത്തത്. അവരുടെ വിശ്വാസത്തോടൊപ്പം കൂടുതല്‍ വിശ്വാസം ഉണ്ടായിത്തീരുന്നതിന് വേണ്ടി...'' (48:4).

''(ക്വുര്‍ആനിലെ) ഏതെങ്കിലും ഒരു അധ്യായം അവതരിപ്പിക്കപ്പെട്ടാല്‍ അവരില്‍ ചിലര്‍ പറയും: നിങ്ങളില്‍ ആര്‍ക്കാണ് ഇത് വിശ്വാസം വര്‍ധിപ്പിച്ചുതന്നത്? എന്നാല്‍ സത്യവിശ്വാസികള്‍ക്കാകട്ടെ, അതവരുടെ വിശ്വാസം വര്‍ധിപ്പിക്കുക തന്നെയാണ് ചെയ്തത്...''(9:124).

ഈമാന്‍ ശക്തമാക്കാന്‍ ധാരാളം മാര്‍ഗങ്ങളുണ്ട്. ചില കാര്യങ്ങള്‍ സൂചിപ്പിക്കാം.

പരിശുദ്ധ ക്വുര്‍ആന്‍ പാരായണം ചെയ്യുക. അതിന്റെ ആശയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക:

''അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍ ഹൃദയങ്ങള്‍ പേടിച്ച് നടുങ്ങുകയും അവന്റെ ദൃഷ്ടാന്തങ്ങള്‍ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ധിക്കുകയും തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍'' (8:2).

''സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടുളളത് ക്വുര്‍ആനിലൂടെ നാം അവതരിപ്പിച്ച് കൊണ്ടിരിക്കുന്നു...'' (17:82).

നമ്മുടെ ഹൃദയങ്ങള്‍ ശുദ്ധവും കളങ്കരഹിതവുമാക്കാന്‍ അല്ലാഹുവിന്റെ വചനങ്ങള്‍കൊണ്ട് സാധിക്കുെമന്നതില്‍ സംശയമില്ല.

അല്ലാഹുവിന്റെ ഉന്നതിയെക്കുറിച്ച് അവബോധമുണ്ടാക്കുക. അവന്റെ നാമവിശേഷണങ്ങളെ മനസ്സിലാക്കി, അവയെപ്പറ്റി ചിന്തിച്ച് അവന്റെ നാമം മഹത്ത്വപ്പെടുത്തുക:

അവന്റെ ആജ്ഞകളും ഉത്തരവുകളും ആകാശഭൂമികളിലും അവയുടെ മേലെയും താഴെയും സമുദ്രങ്ങളിലും അന്തരീക്ഷങ്ങളിലുമെല്ലാം അവന്‍ നിറവേറ്റുന്നു. അവന്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവുള്ളവനാണ്. എല്ലാത്തിന്റെയും എണ്ണവും കണക്കും അവന്‍ അറിയുന്നു. എല്ലാ ശബ്ദങ്ങളും അവന്‍ കേള്‍ക്കുന്നു. എല്ലാ ഭാഷകളും അവയിലുള്ള പലവിധത്തിലുള്ള അപേക്ഷകളും പ്രാര്‍ഥനകളുമെല്ലാം യാതൊരു ആശയക്കുഴപ്പം കൂടാതെയും ഒന്ന് മറ്റൊന്നുമായി കൂടിക്കലരാതെയും അവന്‍ കേള്‍ക്കുന്നു. ആവശ്യക്കാരന്റെ ആവശ്യങ്ങള്‍ കേള്‍ക്കുന്നതില്‍ അവന് ഒരിക്കലും മുഷിപ്പോ തളര്‍ച്ചയോ ബാധിക്കുകയില്ല. എല്ലാം അവന്‍ കാണുന്നു. ഏത് രഹസ്യങ്ങളും അവന്‍ അറിയുന്നു.

അവന്‍ ഭക്ഷണം നല്‍കുന്നു. വായുവും വെള്ളവും വെളിച്ചവും നല്‍കുന്നു. എത്ര നല്‍കിയാലും അവന്റെ അടുക്കല്‍ കുറവ് വരുകയില്ല. അവന്‍ അനാദിയും അനന്തനുമാണ്. അവന്‍ സ്തുത്യര്‍ഹനും മഹത്ത്വ പൂര്‍ണനുമാണ്. ഓര്‍ക്കപ്പെടുവാന്‍ ഏറ്റവും അര്‍ഹന്‍ അവനാണ്. ആരാധിക്കപ്പെടുവാന്‍ അര്‍ഹന്‍ അവന്‍ മാത്രം. എന്തും സൃഷ്ടിക്കുവാന്‍ അവന് ഒരു വാക്കു മതി. ''താന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു''(36:82).

മതവിജ്ഞാനം കരസ്ഥമാക്കുക: ''...അല്ലാഹുവെ ഭയപ്പെടുന്നത് അവന്റെ ദാസന്മാരില്‍നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു...'' (35:28).

''പറയുക അറിവുള്ളവനും അറിവില്ലാത്തവനും സമമാകുമോ?''(39:9).

മതവിജ്ഞാന സദസ്സുകളില്‍ നിരന്തരം പങ്കെടുക്കുന്നത് ഈമാന്‍ നിലനിര്‍ത്താന്‍ സഹായകമാണ്.

സമയം സല്‍കര്‍മങ്ങളില്‍ വിനിയോഗിക്കുക, അതിന് ധൃതി കാണിക്കുക:

അല്ലാഹു പറയുന്നു: ''നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക...'' (3:133).

കര്‍മങ്ങള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയോടൊപ്പം അത് തള്ളിക്കളയുമോ എന്ന ഭയവും ഉണ്ടാവണം. മോശമായ പര്യവസാനത്തെ ഭയപ്പെടുകയും മരണത്തെ കുറിച്ചുള്ള ചിന്ത നിലനിര്‍ത്തുകയും ചെയ്യല്‍ ഈമാന്‍ വര്‍ധിപ്പിക്കും.

മാത്രമല്ല പശ്ചാത്തപിക്കാന്‍ ധൃതിപ്പെടുക, ഉള്ള അനുഗ്രഹങ്ങളില്‍ സന്തുഷ്ടനാകുക, ആരാധനാ കര്‍മങ്ങളില്‍ സജീവമാകുക തുടങ്ങിയ നേട്ടങ്ങള്‍ അതുകൊണ്ടുണ്ടാകും.

മരണത്തെ വെറുക്കുന്നവന്‍ പശ്ചാത്തപിക്കാന്‍ വൈകിപ്പോകും. ഉള്ളത് കൊണ്ട് അവര്‍ക്ക് തൃപ്തി വരില്ല. ആരാധനകളില്‍ അവര്‍ അലസരാകും.

അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ചു കൊണ്ട് അവന്റെ മുന്നില്‍ വിനയാന്വിതരാവുക. ഇഹലോകത്തിന്റെ നിസ്സാരതയെക്കുറിച്ച് ചിന്തിക്കുക. അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുക. അഹന്ത വെടിയുക.

അല്ലാഹുവെ സ്‌നേഹിക്കുക. അവനെക്കുറിച്ച് നല്ല ചിന്ത നിലനിര്‍ത്തുക. അവനില്‍ ഭരമേല്‍പിക്കുക. അവന്റെ വിധിയെ അംഗീകരിക്കുക. അവനോട് നന്ദി കാണിക്കുക, പശ്ചാത്തപിച്ച് മടങ്ങുക. സ്വയം വിലയിരുത്തുക:

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളേക്ക് വേണ്ടിഎന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു'' (59:18).

0
0
0
s2sdefault