വിശ്വാസം ഇസ്ലാമിന്റെ അടിസ്ഥാനം

മൂസ സ്വലാഹി കാര

2017 ജനുവരി 28 1438 റബിഉൽ ആഖിർ 29

തെളിമയാർന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ചെറുതും വലുതുമായ പാഠങ്ങൾ പഠിപ്പിക്കുന്ന മതമാണ്‌ ഇസ്ലാം. ഇസ്ലാമിലെ ഏതു കർമത്തിന്‌ പിന്നിലും ഉറച്ച വിശ്വാസമുണ്ടെന്ന സത്യമാണ്‌ വ്യാജവിശ്വാസാശയങ്ങളിൽ നിന്ന്‌ തികച്ചും അതിനെ വ്യതിരിക്തമാക്കുന്നത്‌. ഈ വസ്തുത ഉൾക്കൊള്ളുന്നതിലൂടെയാണ്‌ ഒരാൾ യഥാർഥ വിശ്വാസിയാവുകയെന്ന്‌ അല്ലാഹു അറിയിക്കുന്നു:

“സത്യവിശ്വാസികളേ, അല്ലാഹുവിലും, അവന്റെ ദൂതനിലും, അവന്റെ ദൂതന്ന്‌ അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ്‌ അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങൾ വിശ്വസിക്കുവിൻ. അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതൻമാരിലും, അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീർച്ചയായും അവൻ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു” (4:136).

ഇതിന്റെ വിശദീകരണത്തിൽ ശൈഖ്‌ നാസ്വിറുസ്സഅദി(റഹി) പറയുന്നു: “ഇഖ്ലാസ്‌, സത്യസന്ധത, തിന്മകൾ വെടിയൽ, തെറ്റുകളിൽ നിന്ന്‌ തൗബ ചെയ്യൽ തുടങ്ങി വിശ്വാസ കാര്യങ്ങൾ ശരിപ്പെടുത്തണമെന്നും തെളിവുള്ള കാര്യങ്ങളുടെ അർഥം മനസ്സിലാക്കി അതിൽ വിശ്വസിക്കണമെന്നുമാണ്‌ ഈ ആയത്തിൽ കൽപിക്കപ്പെട്ടിട്ടുള്ളത്‌” (തഫ്സീറുസ്സഅദി/പേജ്‌-125).

വിശ്വാസം ഇസ്ലാമിന്റെ അടിസ്ഥാനമായതിനാൽ അതു സംബന്ധിച്ച്‌ അറിയേണ്ട ചില കാര്യങ്ങൾ ഉണർത്താം.

1. വിശ്വാസം സംശയമുക്തമാക്കണം

ഇസ്ലാമിൽ വിശ്വസിക്കേണ്ടതായിട്ടുള്ള കാര്യങ്ങൾ സംശയമുക്തമായതിനാൽ അവയിൽ വിശ്വസിക്കുന്നവനും അതിൽ സംശയമുക്തനാകണം. വിശ്വസിക്കേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനം അല്ലാഹുവിലും പ്രവാചകൻ(സ്വ)യിലും വിശ്വസിക്കലാണല്ലോ. അല്ലാഹു പറയുന്നു:

“അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട്‌ സംശയിക്കാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട്‌ അല്ലാഹുവിന്റെ മാർഗത്തിൽ സമരം നടത്തുകയും ചെയ്തവരാരോ അവർ മാത്രമാകുന്നു സത്യവിശ്വാസികൾ. അവർ തന്നെയാകുന്നു സത്യവാൻമാർ” (49:15).

ഇതിന്റെ വിശദീകരണത്തിൽ ഇബ്നു കഥീർ(റഹി)പറയുന്നു: “അവർ (വിശ്വാസികൾ) സംശയിക്കാതെയും തെറ്റിപ്പോകാതെയും സത്യപാതയിൽ ഉറച്ച്‌ നിൽക്കുന്നവരായിരിക്കണം” (ഇബ്നുകഥീർ:4/1762).

അബൂഹുറയ്‌റ(റ)വിൽ നിന്ന്‌: നബി(സ്വ)പറഞ്ഞു: “അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും ഞാൻ അല്ലാഹുവിന്റെ ദൂതനാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു.ഈ രണ്ടു കാര്യങ്ങളിൽ യാതൊരു സംശയവുമില്ലാതെ അല്ലാഹുവിനെ കണ്ടുമുട്ടുന്ന ഒരാളും സ്വർഗത്തിൽ പ്രവേശിക്കാതിരിക്കുകയുമില്ല” (മുസ്ലിം).

വിശ്വാസത്തിൽ നിന്ന്‌ മനുഷ്യരെ തെറ്റിക്കുന്ന പണിയാണല്ലോ പിശാചിന്റെത്‌. കുതന്ത്രങ്ങൾ പലതും അതിനായി അവൻ മെനയും. പൈശാചിക കെടുതിയിൽ നിന്ന്‌ രക്ഷപ്രാപിക്കാനുള്ള വഴിയും ഇസ്ലാം പഠിപ്പിച്ചു. അല്ലാഹു പറയുന്നു:

“നീ പറയുക: എന്റെ രക്ഷിതാവേ, പിശാചുക്കളുടെ ദുർബോധനങ്ങളിൽ നിന്ന്‌ ഞാൻ നിന്നോട്‌ രക്ഷതേടുന്നു. അവർ (പിശാചുക്കൾ) എന്റെ അടുത്ത്‌ സന്നിഹിതരാകുന്നതിൽ നിന്നും എന്റെ രക്ഷിതാവേ, ഞാൻ നിന്നോട്‌ രക്ഷതേടുന്നു” (23:97,98).

അബൂഹുറയ്‌റ(റ)വിൽനിന്നു: നബി(സ്വ)പറഞ്ഞു: “പിശാച്‌ നിങ്ങളിൽ ഓരോരുത്തരുടെയും അടുക്കൽ വന്നുകൊണ്ട്‌ ഇതാര്‌ സൃഷ്ടിച്ചു, അതാര്‌ സൃഷ്ടിച്ചു എന്നിങ്ങനെ തുടങ്ങി നിന്റെ രക്ഷിതാവിനെ ആര്‌ സൃഷ്ടിച്ചു എന്നത്‌ വരെ ചോദിക്കും. അവിടെ എത്തിയാൽ അവൻ (മനുഷ്യൻ) അല്ലാഹുവിൽ അഭയം പ്രാപിക്കുകയും വിരമിക്കുകയും ചെയ്തുകൊള്ളട്ടെ” (മുസ്ലിം).

2. വിശ്വാസം കർമസ്വീകാര്യതയുടെ മാനദണ്ഡം

 

സത്കർമ സമ്പാദനമാണ്‌ പരലോക വിജയത്തിനുള്ള ഏകവഴി. അതിൽ സംഭവിക്കുന്ന പിഴവ്‌ നികത്താനാവാത്ത നഷ്ടമാണ്‌. അല്ലാഹു പറയുന്നു:

“വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്ക്‌ നാം സ്വർഗത്തിൽ താഴ്ഭാഗത്ത്‌ കൂടി നദികൾ ഒഴുകുന്ന ഉന്നത സൗധങ്ങളിൽ താമസസൗകര്യം നൽകുന്നതാണ്‌. അവർ അവിടെ നിത്യവാസികളായിരിക്കും. പ്രവർത്തിക്കുന്നവർക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം!“(29:58).

എന്നാൽ വിശ്വാസം ചോർന്നൊലിച്ച മനസ്സോടെ ആരെങ്കിലും പ്രവർത്തിച്ചാൽ അത്തരക്കാരുടെ പ്രവർത്തനങ്ങളെ അല്ലാഹു പരലോകത്ത്‌ വെച്ച്‌ പൊടിച്ചുകളയും. അല്ലാഹു പറയുന്നു:

”അതിൽ (നരകത്തിൽ) ഒരു ഇടുങ്ങിയ സ്ഥലത്ത്‌ ചങ്ങലകളിൽ ബന്ധിക്കപ്പെട്ട നിലയിൽ അവരെ ഇട്ടാൽ അവിടെ വെച്ച്‌ അവർ നാശമേ, എന്ന്‌ വിളിച്ചുകേഴുന്നതാണ്‌“ (25:13).

ഇതിന്റെ വിശദീകരണത്തിൽ ഇബ്നു കഥീർ(റ)പറയുന്നു: ”ഇഖ്ലാസ്‌, ഇത്തിബാഅ​‍്എന്നീ മതനിബന്ധകൾ നഷ്ടപ്പെടുത്തിയതിനാലാണിത്‌. ഇവ രണ്ടുമില്ലാത്ത ഏതു പ്രവർത്തനവും നിരർഥകമാണ്‌“ (ഇബ്നുകഥീർ 3/416).

അബൂഹുറയ്‌റ(റ)വിൽ നിന്ന:​‍്‌ നബി(സ്വ) പറഞ്ഞു: ”ഉന്നതനും അനുഗ്രഹ പൂർണനുമായ അല്ലാഹു പറഞ്ഞു.പങ്കാളികളുടെ ശിർക്കിൽനിന്നും ഞാൻ ഏറെ ഐശ്യര്യവാനാണ്‌. ആരെങ്കിലും എന്റെ കൂടെ മറ്റാരെയെങ്കിലും പങ്കുചേർത്ത്‌ കൊണ്ട്‌ വല്ല കർമവും ചെയ്താൽ ഞാൻ അതും ആ പങ്കാളിത്തവും ഉപേക്ഷിക്കും“ (മുസ്ലിം/2985).

ശിർക്ക്‌, ബിദ്അത്ത്‌, കളവ്‌, കാപട്യം, മതപരിഹാസം തുടങ്ങിയ ദുർഗുണങ്ങൾ വിശ്വാസ മാധുര്യം നുകർന്നവരിൽ നിന്ന്‌ ഉണ്ടാവില്ലെന്ന്‌ അർഥം.

3. പ്രവാചകന്മാർ വിശ്വാസം നിലനിർത്തിയവർ

പ്രവാചകൻമാർ അഖിലവും വിശ്വാസത്തെ ഏറ്റവും നന്നായി ശ്രദ്ധിച്ചവരും സൂക്ഷിച്ചവരുമായിരുന്നു. അവരുടെ അനുചരന്മാരും അതേ പാത പിന്തുടർന്നു. വിശ്വാസമുറപ്പിച്ചു എന്ന ഒറ്റക്കാരണത്താലാണ്‌ അവർക്ക്‌ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നത്‌. അല്ലാഹു പറയുന്നു:

“പ്രതാപശാലിയും സ്തുത്യർഹനുമായ അല്ലാഹുവിൽ അവർ വിശ്വസിക്കുന്നു എന്നത്‌ മാത്രമായിരുന്നു അവരുടെ (സത്യവിശ്വാസികളുടെ) മേൽ അവർ (മർദകർ) ചുമത്തിയ കുറ്റം”(85:8).

“ഞങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങൾ ഞങ്ങൾക്ക്‌ വന്നപ്പോൾ ഞങ്ങൾ അത്‌ വിശ്വസിച്ചു എന്നത്‌ മാത്രമാണല്ലോ നീ ഞങ്ങളുടെ മേൽ കുറ്റം ചുമത്തുന്നത്‌. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ മേൽ നീ ക്ഷമ ചൊരിഞ്ഞുതരികയും, ഞങ്ങളെ നീ മുസ്ലിംകളായിക്കൊണ്ട്‌ മരിപ്പിക്കുകയും ചെയ്യേണമേ” (7:126).

വിശ്വാസത്തെ ഇഷ്ടപ്പെട്ട്‌ നമുക്ക്‌ നൽകിയവൻ അല്ലാഹുവാണ്‌. അതനുസരിച്ച്‌ ജീവിക്കുക എന്ന ബാധ്യത നിറവേറ്റിയാൽ അവനിൽ നിന്നുള്ള പ്രകാശത്തിലും സമാധാനത്തിലുമാണ്‌ നാം നിലക്കൊള്ളുക. അതിനെ വകവെക്കാതിരുന്നാൽ വ്യക്തമായ വഴികേടിലും. അല്ലാഹു പറയുന്നു:

“അപ്പോൾ ഏതൊരാളുടെ ഹൃദയത്തിന്‌ ഇസ്ലാം സ്വീകരിക്കാൻ അല്ലാഹു വിശാലത നൽകുകയും അങ്ങനെ അവൻ തന്റെ രക്ഷിതാവിങ്കൽ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ (അവൻ ഹൃദയം കടുത്തുപോയവനെപ്പേലെയാണോ?). എന്നാൽ അല്ലാഹുവിന്റെ സ്മരണയിൽ നിന്ന്‌ അകന്ന്‌ ഹൃദയങ്ങൾ കടുത്തുപോയവർക്കാകുന്നു നാശം. അത്തരക്കാർ വ്യക്തമായ ദുർമാർഗത്തിലത്രെ“(39:22).

4. വിശ്വാസ വ്യതിയാനം പിഴവുകൾക്ക്‌ കാരണം

അല്ലാഹു പറയുന്നു: ”നിന്റെ രക്ഷിതാവിന്റെ നേരായ മാർഗമാണിത്‌. ശ്രദ്ധിച്ച്‌ മനസ്സിലാക്കുന്ന ജനങ്ങൾക്ക്‌ വേണ്ടി നാമിതാ ദൃഷ്ടാന്തങ്ങൾ വിശദീകരിച്ചിരിക്കുന്നു“ (6:126).

സ്വഹാബത്തിന്‌ നബി(സ്വ) നൽകിയ പ്രധാന ഉത്ബോധനം തന്നെ ഈ മാർഗം മുറുകെ പിടിക്കുക എന്നതാണ്‌. അല്ലാഹു പറയുന്നു:

”ഇതത്രെ എന്റെ നേരായ പാത. നിങ്ങൾ അത്‌ പിന്തുടരുക. മറ്റുമാർഗങ്ങൾ പിൻപറ്റരുത്‌. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാർഗത്തിൽ നിന്ന്‌ നിങ്ങളെ ചിതറിച്ച്‌ കളയും. നിങ്ങൾ സൂക്ഷ്മത പാലിക്കാൻ വേണ്ടി അവൻ നിങ്ങൾക്ക്‌ നൽകിയ ഉപദേശമാണത്‌“(6:153).

ഇതിനെ വിശദീകരിച്ച്‌ ഇബ്നുകഥീർ(റഹി) പറയുന്നു: ”ഇബ്നു അബ്ബാസ്‌(റ)വിൽ നിന്ന്‌: `വിശ്വാസികൾ സംഘടിതമായി നിലകൊള്ളണമെന്നും കക്ഷിത്വവും ഭിന്നതയും പാടില്ലെന്നും അല്ലാഹു ഈ ആയത്തിൽ പഠിപ്പിക്കുന്നതോടൊപ്പം മതകാര്യങ്ങളിലെ അനാവശ്യ തർക്കമാണ്‌ മുൻഗാമികളെ നശിപ്പിച്ചതെന്നും ഇതിലൂടെ അറിയിക്കുന്നു“ (ഇബ്നുകഥീർ 2/256).

ഈ സൽസരണിയിൽ ഉറച്ച്‌ നിൽക്കുന്നവർക്കാണ്‌ അഹ്ലുസ്സുന്നത്തി വൽജമാഅഃ എന്ന്‌ പറയുക. വിശ്വാസബോധവും പ്രമാണപ്രതിബദ്ധതയും കർമനിഷ്ഠയുമില്ലെങ്കിൽ ഇതിൽനിന്ന്‌ വ്യതിചലിക്കുമെന്നതിൽ സംശയമില്ല. അത്തരം വ്യതിയാന കക്ഷികൾ സമൂഹത്തിൽ ഏറെ ഉടലെടുത്തിട്ടുണ്ട്‌. ഖവാരിജുകൾ, ക്വദ്‌രിയ്യാക്കൾ, റാഫിളികൾ, ജബ്‌രിയ്യാക്കൾ, മുഅ​‍്തസിലിയാക്കൾ, ശിയാക്കൾ, സ്വൂഫികൾ എന്നിങ്ങനെ നീണ്ടുകിടക്കുന്നു അവരുടെ പട്ടിക.

ക്വബ്ര് പൂജകർ, ത്വരീഖത്തുകാർ, മതരാഷ്ട്രവാദികൾ, തീവ്രചിന്താഗതിക്കാർ, പ്രമാണ നിഷേധികൾ തുടങ്ങിയവർ അത്തരക്കാരുടെ സന്തതികളായി ഇന്നും സമൂഹമധ്യത്തിലുണ്ട്‌. ഇവരെ ബാധിച്ച രോഗത്തിന്റെ ഗൗരവം മനസ്സിലാക്കി ചികിത്സിക്കേണ്ടതിന്‌ പകരം നിരാശ പൂണ്ടവരായി ഒരിടത്തിരിക്കേണ്ടവരല്ല വിശ്വാസികൾ; ക്വുർആനിന്റെ മുന്നറിയിപ്പ്‌ ഉൾക്കൊള്ളേണ്ടവരാണ്‌. അല്ലാഹു പറയുന്നു:

“അതായത്‌, തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും, പലകക്ഷികളായി തിരിയുകയും ചെയ്തവരുടെ കൂട്ടത്തിൽ. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതിൽ സന്തോഷമടയുന്നവരത്രെ”(30:32)

ഇബ്നുകഥീർ(റഹി) പറയുന്നു: “ഈ സമുദായത്തിലെ ഒരു വിഭാഗമൊഴികെ ബാക്കിയുള്ളവരെല്ലാം അവർക്കിടയിലെ അഭിപ്രായ ഭിന്നതകളാൽ പിഴവിലാകും. അല്ലാഹുവിന്റെ കിതാബും നബി(സ്വ)യുടെ ചര്യയും ഉത്തമ തലമുറക്കാരും ആധുനികരും പൗരാണികരുമായിട്ടുള്ള പണ്ഡിതർ നിലകൊണ്ട മാർഗം മുറുകെ പിടിക്കുന്ന അഹ്ലുസ്സുന്നത്തി വൽ ജമാഅഃയാണ്‌ ആ വിഭാഗം“ (ഇബ്നു കഥീർ 3/570).

ഉമൈറുബ്നുൽ ഹാനിഅ​‍്‌(റ)വിൽനിന്ന്‌: മുആവിയ(റ) മിമ്പറിൽ നിന്ന്‌ പറഞ്ഞു: ”നബി(സ്വ) പറയുന്നതായി ഞാൻ കേട്ടു: `എന്റെ സമൂഹത്തിലെ ഒരു വിഭാഗം അല്ലാഹുവിന്റെ കൽപനയിൽ നിലകൊള്ളുന്നവരായിരിക്കും. അവരെ നിന്ദിക്കുന്നവരോ അവരോട്‌ എതിരാകുന്നവരോ അവർക്ക്‌ ദോഷം വരുത്തുകയില്ല. അല്ലാഹുവിന്റെ കൽപന വരുന്നത്‌ വരെ അവർ ജനങ്ങളുടെ മേൽ വിജയിക്കുന്നവരായിരിക്കും“ (മുസ്ലിം: 5064).

5.വിശ്വാസം പ്രമാണിക ദ്യഢത നൽകുന്നു

ഇസ്ലാമിന്റെ മുഖ്യപ്രമാണങ്ങൾ ക്വുർആനും അതിന്റെ വിവരണമായ ഹദീഥുകളുമാണ്‌. മതവിഷയങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക്‌ നാം പ്രതിവിധി കണ്ടെത്തേണ്ടത്‌ ഇവയിൽ നിന്നാണ്‌. അല്ലാഹു പറയുന്നു:

”സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളിൽ നിന്നുള്ള കൈകാര്യകർത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാണെങ്കിൽ നിങ്ങളത്‌ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ (അതാണ്‌ വേണ്ടത്‌). അതാണ്‌ ഉത്തമവും കൂടുതൽ നല്ല പര്യവസാനമുള്ളതും“ (4:59).

ഇബ്നു കഥീർ(റഹി) പറയുന്നു: ”അടിസ്ഥാനപരവും ശാഖാപരവുമായ മതവിഷയങ്ങളിൽ ജനങ്ങൾക്കിടയിൽ പ്രശ്നമുണ്ടായാൽ ക്വുർആനിലേക്കും സുന്നത്തിലേക്കും അത്‌ മടക്കണമെന്നതിനുള്ള കൽപനയാണിത്‌. അവയിൽ നിന്ന്‌ വിധി സ്വീകരിക്കാത്ത ഒരാൾ അല്ലാഹുവിലും, പരലോകത്തിലും വിശ്വാസമുള്ളവനാവുകയില്ല.“

പ്രമാണങ്ങൾ നമ്മെ ക്ഷണിക്കുന്നത്‌ മരവിപ്പിക്കുന്ന കാര്യങ്ങളിലേക്കല്ല; മറിച്ച്‌ ഉണർവ്‌ നൽകുന്ന വിഷയങ്ങളിലേക്കാണ്‌. അല്ലാഹു പറയുന്നു:

”നിങ്ങൾക്ക്‌ ജീവൻ നൽകുന്ന കാര്യത്തിലേക്ക്‌ നിങ്ങളെ വിളിക്കുമ്പോൾ സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനും റസൂലിനും ഉത്തരം നൽകുക. മനുഷ്യനും അവന്റെ മനസ്സിനും ഇടയിൽ അല്ലാഹു മറയിടുന്നതാണ്‌ എന്നും അവങ്കലേക്ക്‌ നിങ്ങൾ ഒരുമിച്ചുകൂട്ടപ്പെടുമെന്നും നിങ്ങൾ അറിഞ്ഞ്‌ കൊള്ളുക“(8:24).

പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ടത്‌ അംഗീകരിക്കാതിരിക്കലും അവയെ തൊട്ട്‌ പിന്തിരിയലും കടുത്ത തെറ്റാണ്‌. പിഴച്ച വഴിയിലൂടെയുള്ള ജീവിതവും നരക ശിക്ഷയുമാണ്‌ അത്തരക്കാർക്കുള്ളത്‌. അല്ലാഹുപറയുന്നു:

”അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്ത്‌ കഴിഞ്ഞാൽ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവൻ വ്യക്തമായ നിലയിൽ വഴിപിഴച്ചു പോയിരിക്കുന്നു“ (33:36).

വിശ്വാസം മനസ്സിലുറച്ച ഒരാൾക്കും ക്വുർആനും സുന്നത്തും ഒഴിവാക്കി ദീനിനെ ഉൾക്കൊള്ളാൻ കഴിയില്ല. അവർ എന്നും അല്ലാഹുവിന്റെയും റസൂലിന്റെയും വിളിക്ക്‌ ഉത്തരം നൽകുന്നവരായിരിക്കും. അല്ലാഹു പറയുന്നു:

”തങ്ങൾക്കിടയിൽ (റസൂൽ) തീർപ്പുകൽപിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാൽ സത്യവിശ്വാസികളുടെ വാക്ക്‌, ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന്‌ പറയുക മാത്രമായിരിക്കും. അവർ തന്നെയാണ്‌ വിജയികൾ“ (24:51).

വിശ്വാസ ജീർണതകളും ആദർശ വൈകല്യങ്ങളും പ്രമാണങ്ങളോട്‌ പുറംതിരിഞ്ഞ്‌ നിൽക്കലും കൂടുതലായി സമൂഹത്തെ കാർന്നെടുക്കുമ്പോൾ അല്ലാഹു നൽകിയ ഹിദായത്തിന്റെ മൂല്യമറിഞ്ഞ്‌ അതിനെ കാത്ത്‌ സൂക്ഷിക്കാൻ നാം ഏറെ പ്രയത്നിക്കണം.

0
0
0
s2sdefault