വിശ്വാസി എന്നും നിര്‍ഭയനാണ്

ത്വാഹാ റഷാദ് 

2017 ഏപ്രില്‍ 08 1438 റജബ് 11

'ഇസ്‌ലാം'- ചരിത്രത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട; ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന അറബി പദം. പ്രപഞ്ച സ്രഷ്ടാവ് മാനവര്‍ക്ക് നല്‍കിയ മാര്‍ഗദര്‍ശനത്തിന്റെ പേര്.

ഒഴുക്കിനെതിരെ നീന്തി, ശാശ്വത സത്യം പുല്‍കാന്‍ ശ്രമിച്ച ഓരോ അന്വേഷിക്കു മുമ്പിലും ശാന്തിയുടെയും സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും നിര്‍ഭയത്വത്തിന്റെയും വാതായനങ്ങള്‍ തുറന്നുകൊടുത്ത മതമാണ് ഇസ്‌ലാം.

സാഹോദര്യത്തിന്റെ മതം

ശാന്തി, സമാധാനം, സാഹോദര്യം, സഹകരണം, നീതി, നന്മ എല്ലാം നിലനില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്.

''സത്യവിശ്വാസികള്‍ (പരസ്പരം) സഹോദരങ്ങള്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ രണ്ട് സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രജ്ഞിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം'' (49/10).

ക്ഷമയുടെയും വിട്ടുവീഴ്ചയുടെയും മതം

ക്ഷമ, വിട്ടുവീഴ്ച, ദയ, കാരുണ്യം എന്നിവ മുസ്‌ലിമിന്റെ പ്രത്യേകതയാണ്. ജീവിതാദ്യം മുതല്‍ അന്ത്യം വരെ ഈ സ്വഭാവ ഗുണങ്ങള്‍ അവന്‍ കാത്തുസൂക്ഷിക്കുന്നു.

''നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയും അവിവേകികളെ വിട്ട് തിരിഞ്ഞ് കളയുകയും ചെയ്യുക'' (7/199).

ശാന്തിയുടെ മതം

സാമൂഹ്യ ജീവിയായ മനുഷ്യന് വഴികാട്ടിയായ മതം സാമൂഹ്യ വ്യവസ്ഥിതികളെ കുറിച്ച് തീര്‍ച്ചയായും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ബന്ധങ്ങളിലും ക്രയവിക്രയങ്ങളിലും പെരുമാറ്റത്തിലും ആരാധനകളിലുമെല്ലാം പാലിക്കേണ്ട മര്യാദകളെയും കടമകളെയും കുറിച്ച് വ്യക്തമായ നിയമങ്ങളും നിര്‍ദേശങ്ങളും ഇസ്‌ലാം മുന്നോട്ടുവെച്ചിട്ടുണ്ട്.

സമൂഹത്തിലെ ക്രമസമാധാനത്തിന് ഇസ്‌ലാം നല്‍കുന്ന പ്രാധാന്യം മനസ്സിലാക്കാന്‍ ക്വുര്‍ആനിലെ ഇയൊരു വചനം ധാരാളം:

''അക്കാരണത്താല്‍ ഇസ്‌റാഈല്‍ സന്തതികള്‍ക്ക് നാം ഇപ്രകാരം വിധി നല്‍കുകയുണ്ടായി. മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍ അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍ അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു. നമ്മുടെ ദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ (ഇസ്‌റാഈല്യരുടെ) അടുത്ത് ചെന്നിട്ടുണ്ട്. എന്നിട്ട് അതിന് ശേഷം അവരില്‍ ധാരാളം പേര്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്'' (5/32).

ദൈവിക നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കുക വഴി ഉപമകളില്ലാത്ത ഉത്തമ സമൂഹമായി മദീനയിലെ ഇസ്‌ലാമിക സമൂഹം മാറിയത് ലോകത്തിന് മുന്നില്‍ ഇന്നും അത്ഭുതമായി നിലനില്‍ക്കുന്നു.

സമാധാനവും നിര്‍ഭയത്വവും അല്ലാഹുവാണ് നല്‍കുന്നത്: ''ഈ ഭവനത്തിന്റെ രക്ഷിതാവിനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ. അതായത് അവര്‍ക്ക് വിശപ്പിന് ആഹാരം നല്‍കുകയും ഭയത്തിന് പകരം സമാധാനം നല്‍കുകയും ചെയ്തവനെ'' (106/3-4).

യഥാര്‍ഥ നിര്‍ഭയത്വം

നിര്‍ഭയത്വം എന്ന പദത്തിന്റെ ബാഹ്യാര്‍ഥം മാത്രമാണ് ഇന്ന് ലോകം ചര്‍ച്ചചെയ്യുന്നത്. മധ്യപൂര്‍വേഷ്യയിലെ രാഷ്ട്രീയ/ആഭ്യന്തര കലാപങ്ങളും കെടുതികളും എടുത്ത് പറഞ്ഞ് പാശ്ചാത്യരാജ്യങ്ങളിലെ 'നിര്‍ഭയാവസ്ഥ'യെ സ്ഥാപിച്ചെടുക്കാന്‍ മുതലാളിത്തത്തിന് സാധിച്ചതിവിടെയാണ്. ആന്തരികവും യഥാര്‍ഥവുമായ ശാശ്വത നിര്‍ഭയത്വം മുസ്‌ലിമിന് മാത്രമെ ലഭിക്കുകയുള്ളൂ. കറകളഞ്ഞ ഏകദൈവ വിശ്വാസവും പരലോക വിശ്വാസവും ഒരു വിശ്വാസിക്ക് നല്‍കുന്ന ആത്മധൈര്യം മേല്‍പറഞ്ഞ എല്ലാറ്റിനുമപ്പുറത്താണ്.

''വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടിക്കലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍'' (6/82).

ഒരു മുസ്‌ലിമിന് അവന്റെ ശരീരത്തിലും അഭിമാനത്തിലും സമ്പത്തിലുമെല്ലാം നിര്‍ഭയത്വമുണ്ട്. അത് അവന് മാത്രം അവകാശപ്പെടാന്‍ സാധിക്കുന്നതുമാണ്.

ഇബ്‌നുഉമര്‍(റ)പറയുന്നു: നബി(സ്വ) മിനായില്‍വെച്ച് ചോദിച്ചു: ''ഇത് ഏതു ദിവസമാണെന്ന് നിങ്ങള്‍ക്കറിയാമോ?''’അവര്‍ പറഞ്ഞു: ''അല്ലാഹുവിനും അവന്റെ ദൂതനും അറിയാം''. അവിടുന്ന് പറഞ്ഞു: ''ഇത് ഒരു പരിശുദ്ധ ദിനമാണ്. ഇത് ഏതു സ്ഥലമാണെന്നറിയാമോ?'' അവര്‍ പറഞ്ഞു: ''അല്ലാഹുവിനും അവന്റെ ദൂതനും അറിയാം''. അവിടുന്ന് പറഞ്ഞു: ''പരിശുദ്ധമായ സ്ഥലം. ഇത് ഏതു മാസമാണെന്നറിയാമോ?'' അവര്‍ പറഞ്ഞു: ''അല്ലാഹുവിനും അവന്റെ ദൂതനും അറിയാം''. അവിടുന്ന് പറഞ്ഞു: ''പരിശുദ്ധമായ മാസം''. പിന്നീട് അവിടുന്ന് പറഞ്ഞു: ''നിങ്ങളുടെ ഈ സ്ഥലം, നിങ്ങളുടെ ഈ മാസം, നിങ്ങളുടെ ഈ ദിവസം പരിശുദ്ധമായിരിക്കുന്നതുപോലെ നിശ്ചയമായും അല്ലാഹു നിങ്ങളുടെ രക്തവും നിങ്ങളുടെ സ്വത്തും നിങ്ങളുടെ അഭിമാനവും നിങ്ങള്‍ക്ക് പരിശുദ്ധമാക്കിയിരിക്കുന്നു''(ബുഖാരി).

തീവ്രതക്കും വര്‍ഗീയതക്കുമെതിരില്‍ ഉറക്കെ ശബ്ദിക്കുകയും സമാധാന സന്ദേശം വിളംബരം ചെയ്യുകയും ചെയ്യുന്ന മുസ്‌ലിംകളെ വര്‍ഗീയവാദികളും തീവ്രവാദികളുമായി മുദ്രകുത്താന്‍ എല്ലാ നിലയ്ക്കും പരിശ്രമിക്കുന്നുണ്ട് ഇരുട്ടിന്റെ ശക്തികള്‍.

സ്വന്തം ആദര്‍ശം മുറുകെപ്പിടിച്ചുകൊണ്ട് അന്യമതസ്ഥരുമായി സ്‌നേഹത്തിലും സൗഹാര്‍ദത്തിലും കഴിയുവാനാണ് ഇസ്‌ലാം കല്‍പിക്കുന്നത്. അയല്‍വാസി ഏതു മതക്കാരനാണെങ്കിലും അയാള്‍ പട്ടിണി കിടക്കുകയാണെങ്കില്‍ അയാള്‍ക്ക് ഭക്ഷണം കൊടുക്കാതെ വയര്‍നിറച്ചുണ്ണുന്നവന്‍ യഥാര്‍ഥ വിശ്വാസിയല്ല എന്നാണ് ഇസ്‌ലാമിന്റെ അധ്യാപനം. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു:

''മതകാര്യത്തില്‍ നിങ്ങളോട് യുദ്ധംചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയു ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവര്‍ക്ക് നന്മചെയ്യുന്നതില്‍ നിന്നും നിങ്ങളവരോട് നീതി കാണിക്കുന്നതില്‍നിന്നും അല്ലാഹു നിങ്ങളെ വിലക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു'' (60:8).

മനുഷ്യര്‍ മാത്രമല്ല, ഇതര ജീവികളും നിര്‍ഭയത്വവും കാരുണ്യവും അര്‍ഹിക്കുന്നു എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ദാഹിച്ചു വലഞ്ഞ നായക്ക് വെള്ളംകൊടുത്ത ഒരാള്‍ സ്വര്‍ഗാവകാശിയായതിന്റെയും പൂച്ചയെ ഭക്ഷണം കൊടുക്കാതെ കെട്ടിയിട്ട് കൊന്ന സ്ത്രീ നരകാവകാശിയായതിന്റെയും കഥ പ്രവാചകന്‍(സ്വ) പറഞ്ഞുതന്നിട്ടുണ്ട്.

അനസ്(റ) പറയുന്നു: ''നാല്‍ക്കാലികളെ ഭക്ഷണം കൊടുക്കാതെ കെട്ടിയിടുന്നത് നബി(സ്വ) വിരോധിച്ചിരിക്കുന്നു'' (ബുഖാരി, മുസ്‌ലിം).

ഒരിക്കല്‍ നബി(സ്വ)യുടെ അടുത്തുകൂടി ചൂടിരുമ്പുവെച്ച് പൊള്ളിച്ച് അടയാളപ്പെടുത്തിയ ഒരു കഴുത നടന്നുപോയി. അതുകണ്ടപ്പോള്‍ തിരുമേനി പറഞ്ഞു: ''ഇതിന് ഈ അടയാളം വെച്ചവനെ അല്ലാഹു ശപിക്കട്ടെ'' (മുസ്‌ലിം).

മറ്റൊരിക്കല്‍ നബിതിരുമേനി(സ്വ) പറഞ്ഞു: ''ഒരു മനുഷ്യന്‍ ചെടി നടുകയോ കൃഷിചെയ്യുകയോ ചെയ്യുന്നു. എന്നിട്ടതില്‍നിന്ന് പക്ഷിയോ, മനുഷ്യനോ, കാലികളോ തിന്നുകയും ചെയ്യുന്നു. എങ്കിലത് അവന്ന് ധര്‍മമായി പരിഗണിക്കപ്പെടുന്നതാണ്'' (ബുഖാരി, മുസ്‌ലിം).

ഒരു വിശ്വാസി നിര്‍ഭയനും നിര്‍ഭയം നല്‍കുന്നവനുമായിരിക്കണം. അവന്‍ തണലും തണിയുമേകുന്നവനാകണം.

0
0
0
s2sdefault