വിശ്വാസ വളര്‍ച്ചയുടെ ലളിത മാര്‍ഗങ്ങള്‍

അശ്‌റഫ് എകരൂല്‍

2017 ഏപ്രില്‍ 29 1438 ശഅബാന്‍ 2

ഇസ്‌ലാമിക് പാരന്റിംഗ്: 16

കുട്ടികള്‍ അല്ലാഹുവിലുള്ള വിശ്വാസത്തിലും അവന്റെ നിരീക്ഷണത്തെക്കുറിച്ചുള്ള അവബോധത്തിലും വളര്‍ന്നു വരേണ്ടതിന്റെ ആവശ്യകതയാണ് കഴിഞ്ഞ ലക്കത്തില്‍ നാംസ്സിലാക്കിയത്. പ്രസ്തുത വളര്‍ച്ച സാധ്യമാക്കാന്‍ രക്ഷിതാക്കളെ സഹായിക്കുന്ന ചില ലളിത മാര്‍ഗങ്ങളാണ് ഇനി പറയുന്നത്. 

1. ചുറ്റുപാടുകളെ ചൂണ്ടി ദൈവാസ്തിത്വത്തെ ബോധ്യപ്പെടുത്തുക.

കുഞ്ഞുങ്ങളുടെ കാഴ്ചകള്‍ വളരുകയും ചുറ്റുപാടുകളെ തിരിച്ചറിയുകയും ചെയ്തു തുടങ്ങുന്നത് മുതല്‍ അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍ നമ്മുടെ ഇടപെടലുകളിലും സംസാരങ്ങളിലും ഉള്‍പെടുത്തുക. കണ്ടിട്ടില്ലാത്തതും എന്നാല്‍ ഒരിക്കലും തന്നെ വിട്ട് പിരിയാത്തതുമായ ഒരു ശക്തിയുടെ സാന്നിധ്യം, മാതാപിതാക്കളുടെയും അധ്യാപകരുടെയും നിത്യ പ്രതിപാദനങ്ങളില്‍ നിന്ന് കുട്ടിയുടെ മനസ്സില്‍ ഇടം പിടിക്കുകയും പതിയെ സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്യണം. 

മുന്നില്‍ കാണുന്നവരെ തിരിച്ചറിഞ്ഞു തുടങ്ങുന്ന കുഞ്ഞുങ്ങളില്‍, കാണാത്തതും എന്നാല്‍ എന്നും സംസാരങ്ങളില്‍ കടന്ന് വരുന്ന അല്ലാഹുവിനെക്കുറിച്ച്  'ആരാണ് അവന്‍?' എന്ന ചിന്ത ഉടലെടുക്കുക സ്വാഭാവികം മാത്രമാണ്. ചിലപ്പോള്‍ അത് ചോദ്യങ്ങളായി പുറത്തുവന്നെന്നും വരാം. ഇവിടെ നാം ചെയ്യേണ്ടത്, അവന്റെ അപാരവും അത്ഭുതവുമാര്‍ന്ന സൃഷ്ടികളെ  ചൂണ്ടിക്കാട്ടി  അവരുടെ മനസ്സിനെ അല്ലാഹുവിന്റെ അസ്തിത്വം യാഥാര്‍ഥ്യമായി ഉള്‍ക്കൊള്ളുന്നതിലേക്ക് നാം പാകപ്പെടുത്തി കൊണ്ടുവരികയെന്നതാണ്. ചുറ്റുപാടുകളില്‍ ഉള്ളതും കണ്ണുകള്‍ക്ക് ദൃശ്യമായതുമായ പ്രതിഭാസങ്ങളെ അവര്‍ക്ക് മുമ്പില്‍ എടുത്ത് കാണിക്കുക. അവയുടെ ഉടമയും നാഥനുമാണ് സ്രഷ്ടാവായ അല്ലാഹുവെന്ന് പരിചയപ്പെടുത്തുക. ഇത്തരം കാര്യങ്ങള്‍ പരാമര്‍ശിക്കേണ്ടി വരുമ്പോള്‍ അല്ലാഹുവിലേക്ക് ചേര്‍ത്തി പറയുകയും സ്രഷ്ടാവിന്റെ സൃഷ്ടിവൈഭവത്തിന്റെ മഹാത്മ്യം ബോധ്യപ്പെടുത്തുന്ന രൂപത്തിലുള്ള സംസാരങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കുകയും ചെയ്യുക. ഇങ്ങനെ സ്വന്തം ജീവിതപരിസരത്ത് നിന്ന് അല്ലാഹുവിന്റെ ഔന്നത്യം ബോധ്യപ്പെടുന്ന കുട്ടി സമാന സാഹചര്യങ്ങളില്‍ ഇക്കാര്യങ്ങളെ ആവര്‍ത്തിക്കാനും അതിനെ കുറിച്ച് കൂടുതല്‍ ചിന്തിക്കാനും പ്രചോദിതനായിത്തീരും.

ഉദാഹരണമായി മഴ പെയ്യുമ്പോള്‍, കാറ്റടിക്കുമ്പോള്‍, മിന്നലുണ്ടാകുമ്പോള്‍, ആകാശത്ത് ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണിച്ചു കൊടുക്കുമ്പോള്‍, കടലും തിരമാലകളും കാണിക്കുമ്പോള്‍ അതിന്റെ ഉടമയായ അല്ലാഹുവിനെക്കുറിച്ചും അവന്റെ സൃഷ്ടി വൈഭവത്തെയും നിയന്ത്രണാധികാരത്തെയും കുറിച്ച അവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍, സന്ദര്‍ഭങ്ങളെ ഉപയോഗപ്പെടുത്തി വിശദീകരിച്ചു കൊടുക്കുന്നത് വിശ്വാസം വളര്‍ത്താനും ഉറപ്പിക്കാനും സഹായകമാകും. ചെറുതിലൂടെ വലുതിലേക്കും അടുത്തുള്ളവയില്‍ നിന്ന് അകലങ്ങളിലുള്ളതിലേക്കും ദൃശ്യമായവയില്‍ നിന്ന് തുടങ്ങി അനുഭവാത്മകതയിലേക്കും സ്പര്‍ശ്യമായതില്‍ നിന്ന് ആരംഭിച്ച് ചിന്തയില്‍ തെളിയുന്നതിലേക്കും നാം അവരുടെ കണ്ണിനെയും മനസ്സിനെയും കൈ പിടിച്ച് കൊണ്ടുപോകണം. ശാസ്ത്രീയവും പ്രായോഗികവുമായ ഈ രീതി തന്നെയാണ് മനുഷ്യമനസ്സുകളില്‍ ദൈവവിശ്വാസം വളര്‍ത്തിയെടുക്കാന്‍ ക്വുര്‍ആന്‍ അവലംബിച്ചതും. ഈ വിഷയത്തില്‍ വന്ന ചില ക്വുര്‍ആന്‍ ചില സൂക്തങ്ങള്‍ പരിശോധിച്ചാല്‍ ചിത്രം കൂടുതല്‍ വ്യക്തമാവും. 

അല്ലാഹു പറയുന്നു: ''അവനാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നത്. അതില്‍ നിന്നാണ് നിങ്ങളുടെ കുടിനീര്. അതില്‍ നിന്നുതന്നെയാണ് നിങ്ങള്‍ക്ക് (കാലികളെ) മേക്കുവാനുള്ള ചെടികളുമുണ്ടാകുന്നത്. അത് (വെള്ളം) മൂലം ധാന്യവിളകളും ഒലീവും ഈന്തപ്പനയും മുന്തിരികളും നിങ്ങള്‍ക്ക് മുളപ്പിച്ച് തരുന്നു. എല്ലാതരം ഫലവര്‍ഗങ്ങളും (അവന്‍ ഉല്‍പാദിപ്പിച്ച് തരുന്നു). ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്. രാവിനെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും അവന്‍ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു. നക്ഷത്രങ്ങളും അവന്റെ കല്‍പനയാല്‍ വിധേയമാക്കപ്പെട്ടത് തന്നെ. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയില്‍ വ്യത്യസ്ത വര്‍ണങ്ങളില്‍ അവന്‍ സൃഷ്ടിച്ചുണ്ടാക്കിത്തന്നിട്ടുള്ളവയും (അവന്റെ കല്‍പനയ്ക്ക് വിധേയം തന്നെ). ആലോചിച്ച് മനസ്സിലാക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്. നിങ്ങള്‍ക്ക് പുതുമാംസം എടുത്ത് തിന്നുവാനും നിങ്ങള്‍ക്ക് അണിയാനുള്ള ആഭരണങ്ങള്‍ പുറത്തെടുക്കുവാനും പാകത്തില്‍ കടലിനെ വിധേയമാക്കിയവനും അവന്‍ തന്നെ. കപ്പലുകള്‍ അതിലൂടെ വെള്ളം പിളര്‍ന്ന് മാറ്റിക്കൊണ്ട് ഓടുന്നതും നിനക്ക് കാണാം. അവന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ തേടുവാനും നിങ്ങള്‍ നന്ദികാണിക്കുവാനും വേണ്ടിയാണ് (അവനത് നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നത്). ഭൂമി നിങ്ങളെയും കൊണ്ട് ഇളകാതിരിക്കുവാനായി അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങള്‍ അവന്‍ സ്ഥാപിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് വഴി കണ്ടെത്തുവാന്‍ വേണ്ടി നദികളും പാതകളും (അവന്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു). (പുറമെ) പല വഴിയടയാളങ്ങളും ഉണ്ട്. നക്ഷത്രം മുഖേനയും അവര്‍ വഴി കണ്ടെത്തുന്നു. അപ്പോള്‍, സൃഷ്ടിക്കുന്നവന്‍ സൃഷ്ടിക്കാത്തവരെപ്പോലെയാണോ? നിങ്ങളെന്താണ് ആലോചിച്ച് മനസ്സിലാക്കാത്തത്?''(16:10-17).

''നീ കണ്ടില്ലേ; അല്ലാഹു ആകാശത്ത് നിന്നും വെള്ളം ചൊരിഞ്ഞു. എന്നിട്ട് അത് മുഖേന വ്യത്യസ്ത വര്‍ണങ്ങളുള്ള പഴങ്ങള്‍ നാം ഉല്‍പാദിപ്പിച്ചു. പര്‍വതങ്ങളിലുമുണ്ട് വെളുത്തതും ചുവന്നതുമായ നിറഭേദങ്ങളുള്ള പാതകള്‍. കറുത്തിരുണ്ടവയുമുണ്ട്. മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും അതുപോലെ വിഭിന്ന വര്‍ണങ്ങളുള്ളവയുണ്ട്. അല്ലാഹുവെ ഭയപ്പെടുന്നത് അവന്റെ ദാസന്‍മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു'' (35:27,28).

''അവര്‍ക്കു മുകളിലുള്ള ആകാശത്തേക്ക് അവര്‍ നോക്കിയിട്ടില്ലേ; എങ്ങനെയാണ് നാം അതിനെ നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളതെന്ന്? അതിന് വിടവുകളൊന്നുമില്ല. ഭൂമിയാകട്ടെ നാം അതിനെ വികസിപ്പിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങള്‍ നാം സ്ഥാപിക്കുകയും കൗതുകമുള്ള എല്ലാ സസ്യവര്‍ഗങ്ങളും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു. (സത്യത്തിലേക്ക്) മടങ്ങുന്ന ഏതൊരു ദാസന്നും കണ്ടുമനസ്സിലാക്കുവാനും അനുസ്മരിക്കുവാനും വേണ്ടി'' (50:68).

''എന്നാല്‍ മനുഷ്യന്‍ തന്റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ. നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു. പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി. എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു. മുന്തിരിയും പച്ചക്കറികളും ഒലീവും ഈന്തപ്പനയും ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും. പഴവര്‍ഗവും പുല്ലും. നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്'' (80:24-32).

2. ദൈവിക നിരീക്ഷണത്തെ ബോധ്യപ്പെടുത്തി ഭക്തിയും സമര്‍പ്പണ ബോധവും വളര്‍ത്തുക.

 തുറന്നുവെച്ച കണ്ണിലൂടെ ദൃശ്യമായ ഈ പ്രപഞ്ചവും അതിലെ അതുല്യവും അനന്തവുമായ പ്രതിഭാസങ്ങള്‍ക്ക് പിന്നിലെ അപാര ശക്തിയും നിയന്ത്രകനുമായ അല്ലാഹുവിനെക്കുറിച്ചുള്ള അറിവും ബോധവും ഉറച്ചു വരുന്ന ഹൃദയത്തില്‍ തല്‍ഫലമായി ഉണ്ടാവേണ്ടത് ഭക്തിയും സമര്‍പ്പണ ബോധവുമാണ്. നാം കാണുന്നതും കാണാത്തതുമായ എല്ലാം സൃഷ്ടിച്ച് പരിപാലിക്കുന്ന നാഥന്‍ നമ്മെയും നമ്മുടെ പ്രവര്‍ത്തനങ്ങളെയും സദാ കണ്ടുകൊണ്ടിരിക്കുകയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുവെന്ന സത്യത്തിലേക്കാണ് പിന്നീട് നമ്മുടെ കുട്ടികളെ സാന്ദര്‍ഭികമായി ഓര്‍മപെടുത്തുകയും കൊണ്ടുവരികയും ചെയ്യേണ്ടത്. 'അല്ലാഹു കാണുന്നു,' 'അല്ലാഹു അറിയുന്നു,' 'അല്ലാഹുവിന്റെ മുമ്പില്‍ നില്‍ക്കുന്നു,' 'അത് അല്ലാഹുവിന്ന് ഇഷ്ടമാണ്,'  'ഇത് അല്ലാഹുവിന്ന് വെറുപ്പാണ്...' തുടങ്ങിയ വാക്കുകള്‍ നിത്യജീവിതത്തില്‍ സമയവും സന്ദര്‍ഭവും നോക്കി പ്രയോഗിക്കണം. ഈ ബോധം ശക്തിപ്പെടുത്താനുള്ള പ്രായോഗിക മേഖലയാണ് നാം നമസ്‌കാരത്തിലെ സൂക്ഷ്മത. ക്വുര്‍ആന്‍ ഓതുമ്പോഴും കേള്‍ക്കുമ്പോഴും കരയുന്നത് കാണല്‍, പ്രയാസവേളകളില്‍ അല്ലാഹുവിനെ ഓര്‍മിക്കലും അവനിലേക്ക് അഭയം തേടലും, സന്തോഷഘട്ടത്തില്‍ അല്ലാഹുവിന്നു സ്തുതി കീര്‍ത്തനം പറയല്‍... ഇതെല്ലാം കാണുകയും കേള്‍ക്കുകയും ശീലിക്കുകയും ചെയ്തുവരുന്ന കുട്ടികളില്‍ സ്വാഭാവികമായും മാറ്റമുണ്ടാകും.  രക്ഷിതാക്കളുടെ അസാന്നിധ്യത്തിലും സാന്നിധ്യത്തിലും നമസ്‌കാരം അടക്കമുള്ള ഉത്തരവാദിത്തങ്ങളില്‍ വീഴ്ച വരുത്താതിരിക്കാനും കളവ്, വഞ്ചന പോലുള്ള തെറ്റുകള്‍ ചെയ്യാതിരിക്കാനും അവര്‍ക്ക് സാധിക്കും.

ഇതെല്ലാം രക്ഷിതാക്കളുടെ ജീവിതത്തിലെ ശീലങ്ങളാകുമ്പോള്‍ മാത്രമാണ് കുട്ടികള്‍ക്ക് കണ്ടും കേട്ടും പകര്‍ത്തുവാന്‍ കഴിയുക. കയ്യിലില്ലാത്തത് മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ കഴിയാത്തതു പോലെ, ജീവിതത്തിലില്ലാത്തതു മക്കളില്‍ ഉണ്ടാക്കിയെടുക്കുക എളുപ്പമല്ല. ഭക്തി പൂര്‍ണമായ നമസ്‌കാരം നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണല്ലോ. അല്ലാഹു പറയുന്നു: ''സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. തങ്ങളുടെ നമസ്‌കാരത്തില്‍ ഭക്തിയുള്ളവരാണ് അവര്‍'' (മുഅമിനൂന്‍: 1,2). 

വിശുദ്ധ ക്വുര്‍ആനിനെ ആദരിക്കുകയും അത് പാരായണം ചെയ്യുകയും അതിന്റെ  സ്വാധീനത്തില്‍ കണ്ണീര്‍ പൊഴിക്കുകയുമൊക്കെ ചെയ്യുന്ന രക്ഷിതാക്കളെ കാണാനുള്ള അവസരങ്ങള്‍ മക്കള്‍ക്കുണ്ടാവണം. ആ കാഴ്ചകളൊക്കെയാണ് അവരുടെ മനസ്സില്‍ മുളച്ചു വരുന്ന വിശ്വാസത്തെ വളര്‍ത്തുന്നതും പടര്‍ത്തുന്നതും. ക്വുര്‍ആനുമായി ഇടപെടുന്ന വിശ്വാസികളില്‍ അതുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് അല്ലാഹു പറഞ്ഞത് കാണുക:

''പരമകാരുണികന്റെ തെളിവുകള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കപ്പെടുന്ന പക്ഷം പ്രണമിക്കുന്നവരും കരയുന്നവരുമായിക്കൊണ്ട് അവര്‍ താഴെ വീഴുന്നതാണ്'' (19:58).

''അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം'' (39:23).

ഇത്തരം സ്വാധീനങ്ങളുടെ പ്രകടമായ ചിത്രങ്ങള്‍ നബി ജീവിതത്തിലും സ്വഹാബികളുടെ ജീവിതത്തിലും നമുക്ക് ധാരാളം കാണാന്‍ കഴിയും. ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും നിവേദനം. 'അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുകയാണ്: ''ഒരിക്കല്‍ അല്ലാഹുവിന്റെ ദൂതര്‍ പറഞ്ഞു: 'എനിക്ക് നീ ക്വുര്‍ആന്‍ പാരായണം ചെയ്ത് തരിക.' അപ്പോള്‍ ഞാന്‍ ചോദിച്ചു: 'അല്ലാഹുവിന്റെ തിരുദൂതരേ, ക്വുര്‍ആന്‍  താങ്കള്‍ക്കാണല്ലോ അവതരിച്ചത്. എന്നിരിക്കെ ഞാന്‍ താങ്കള്‍ക്ക് ഓതിത്തരികയോ?' നബി(സ്വ) പറഞ്ഞു: 'ഞാനല്ലാത്ത മറ്റൊരാളില്‍ നിന്ന് അത് കേള്‍ക്കാന്‍ ഞാന്‍ ഇഷ്ടപെടുന്നു.' അങ്ങനെ ഞാന്‍ സൂറഃ അന്നിസാഅ് ഓതിക്കേള്‍പിച്ചു. 41-ാം വചനമായ (എന്നാല്‍ ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ട് വരികയും ഇക്കൂട്ടര്‍ക്കെതിരില്‍ നിന്നെ നാം സാക്ഷിയായി കൊണ്ട് വരികയും ചെയ്യുമ്പോള്‍ എന്തായിരിക്കും അവസ്ഥ) എന്ന സൂക്തമെത്തിയപ്പോള്‍ നബി(സ്വ) എന്നോട് പറഞ്ഞു: 'ഇപ്പോള്‍ ഇത് മതി.' അങ്ങനെ ഞാന്‍ നബിയുടെ മുഖത്തേക്ക് തിരിഞ്ഞു നോക്കിയപ്പോള്‍ അവിടുത്തെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ പൊഴിയുന്നുണ്ടായിരുന്നു.'' (അവസാനിച്ചില്ല)

0
0
0
s2sdefault