വിപത്തും വിശ്വാസിയും

പത്രാധിപർ

2017 ഒക്ടോബര്‍ 21 1438 മുഹര്‍റം 30

മനുഷ്യരിലുണ്ടാകുന്ന വിപത്തുകള്‍ക്ക് പിന്നില്‍ ചല യുക്തികളുണ്ട്. അവയില്‍ ചിലത് മനുഷ്യന്റെ പാപങ്ങള്‍ തന്നെ പൊറുത്തുകൊടുക്കാന്‍ തക്കതാണ്. വിപത്തുകള്‍ അനുഗ്രഹമാണ്. കാരണം അവ പാപങ്ങളെ മായ്ച്ച് കളയുന്നു. ക്ഷമയിലേക്ക്  ക്ഷണിക്കുന്നു.  അതിലൂടെ പ്രതിഫലത്തിനര്‍ഹരായിത്തീരുന്നു. അല്ലാഹുവിലേക്ക് മടങ്ങുവാനും അവന്റെ മുമ്പില്‍ വിനയാന്വിതനാകുവാനും മനുഷ്യനെ പ്രേരിപ്പിക്കുന്നു. 

ദാരിദ്ര്യം, രോഗം, വിശപ്പ് തുടങ്ങിയവകൊണ്ട് പരീക്ഷിക്കപ്പെടുന്നവര്‍ ജനങ്ങളുടെ കൂട്ടത്തിലുണ്ട്. അതിലൂടെ പലരെയും കാപട്യവും നിരാശയും സത്യനിഷേധവും പിടികൂടുകയും മതത്തില്‍ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍ അവര്‍ ഒഴിവാക്കുകയും ഹറാമുകള്‍ക്ക് വിധേയരാവുകയും ചെയ്യുന്നു. ക്ഷമയുണ്ടെങ്കിലേ വിപത്തുകള്‍ മതപരമായി അനുഗ്രഹമായി മാറുകയുള്ളൂ. ഏതൊരു വിപത്തും അല്ലാഹുവിന്റെ നിശ്ചയം എന്ന നിലയ്ക്ക് സൃഷ്ടികളെ സംബന്ധിച്ചിടത്തോളം കാരുണ്യമാണ്. അതിന്റെ പേരില്‍ അല്ലാഹുവിനെ സ്തുതിക്കേണ്ടതുമാണ്. ആരെങ്കിലും പരീക്ഷിക്കപ്പെടുകയും അതില്‍ അയാള്‍ക്ക് ക്ഷമിക്കുവാന്‍ സാധിക്കുകയും ചെയ്താല്‍ ആ ക്ഷമ അവന്റെ ദീനില്‍ അവന് അനുഗ്രഹമാണ്. പാപങ്ങള്‍ പൊറുക്കുന്നതിലുമപ്പുറം അല്ലാഹുവിന്റെ കാരുണ്യവും ലഭിക്കുന്നു. റബ്ബിന്റെ പുകഴ്ത്തലിനും അവന്‍ അര്‍ഹനായിത്തീരുന്നു. 

അല്ലാഹു പറയുന്നു: ''കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍''(ക്വുര്‍ആന്‍ 2:155-157).

വിപത്തുകള്‍ കൊണ്ടുള്ള പരീക്ഷണങ്ങളില്‍ ആര് ക്ഷമിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നു, ആര് നിരാശനാവുകയും കോപിക്കുകയും ചെയ്യുന്നു എന്നുള്ള നോട്ടവും വലിയൊരു യുക്തിയായി ഇതിന്റെ പിന്നിലുണ്ട്. നബി ﷺ  പറയുന്നു: 'പരീക്ഷണത്തിന്റെ കാഠിന്യത്തിനനുസരിച്ചാണ് പ്രതിഫലത്തിന്റെ ആധിക്യം. അല്ലാഹു ഒരു സമൂഹത്തെ ഇഷ്ടപ്പെട്ടാല്‍ അവരെ പരീക്ഷണങ്ങള്‍ക്കു വിധേയരാക്കും. പരീക്ഷണങ്ങളില്‍ ആരെങ്കിലും തൃപ്തിപ്പെട്ടാല്‍ അവന് അല്ലാഹുവിന്റെ തൃപ്തിയുണ്ട്. കോപിച്ചാല്‍ അല്ലാഹുവിന്റെ കോപവുമുണ്ട്' (തിര്‍മിദി).

തന്റെ കാര്യം അല്ലാഹുവില്‍ ഏല്‍പിക്കലും അവനെക്കുറിച്ച് സദ്‌വിചാരം വെച്ച് പുലര്‍ത്തലും അവന്റെ പ്രതിഫലത്തില്‍ പ്രതീക്ഷയര്‍പിക്കലുമാണ് ഈ ഹദീഥില്‍ പറഞ്ഞ തൃപ്തികൊണ്ട് ഉദ്ദേശിക്കുന്നത്.

അല്ലാഹുവിന്റെ വിധിയെ ഈ ഹദീഥ് സ്ഥിരപ്പെടുത്തുന്നു. വിപത്തുകളുണ്ടാകുമ്പോള്‍ ക്ഷമിക്കണമെന്നും അല്ലാഹുവിലേക്ക് മടങ്ങണമെന്നും എല്ലാ പ്രതിസന്ധികളിലും പ്രയാസങ്ങളിലും അവനില്‍ മാത്രം ഭരമേല്‍പിക്കണമെന്നും ഈ ഹദീഥ് പഠിപ്പിക്കുന്നു.

മനുഷ്യജീവിതത്തില്‍ അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും നമസ്‌കാരം കൊണ്ടും ക്ഷമകൊണ്ടും സഹായം തേടാനാണ് അല്ലാഹു കല്‍പിച്ചിട്ടുള്ളത്. കാരണം അതിലാണ് നന്മയും നല്ല പര്യവസാനവുമുള്ളത്. അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാണ്. 

''സത്യവിശ്വാസികളെ, നിങ്ങള്‍ സഹനവും നമസ്‌കാരവും മൂലം (അല്ലാഹുവിനോട്) സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു'' (ക്വുര്‍ആന്‍ 2:153).

ക്ഷമയുടെ പ്രാധാന്യവും അതിന്റെ ആവശ്യകതയുമാണ് ഈ സൂക്തം സൂചിപ്പിക്കുന്നത്. വിശ്വാസത്തിന് ശക്തിപകരുന്ന ഒന്നുകൂടിയാണ് ക്ഷമ.

0
0
0
s2sdefault