വിജ്ഞാന ദാഹികള്‍ക്കു മുമ്പില്‍ ജാമിഅ അല്‍ഹിന്ദ് അല്‍ഇസ്‌ലാമിയ്യ

ഫദ്‌ലുല്‍ ഹഖ് ഉമരി

2017 മെയ് 06 1438 ശഅബാന്‍ 9

രാപകല്‍ വ്യത്യാസമില്ലാതെ കഠിനാധ്വാനം ചെയ്യുന്ന മാതാപിതാക്കളോടും ഊണും ഉറക്കുമില്ലാതെ ഓടിപ്പായുന്ന രക്ഷിതാക്കളോടും ഷുഗറും പ്രഷറുമെല്ലാം ഏറ്റുവാങ്ങിയിട്ടും വര്‍ഷങ്ങളായി വിദേശ രാജ്യങ്ങളില്‍ സ്വശരീരത്തോട് മല്ലിടുന്ന പിതാക്കളോടും ഇതെല്ലാം എന്തിന് എന്ന് ചോദിച്ചാല്‍ അവരില്‍ നിന്നെല്ലാം ലഭിക്കുന്ന മറുപടി 'മക്കളെ പോറ്റേണ്ടേ?', 'മക്കള്‍ വളര്‍ന്നു വരികയല്ലേ?' എന്നൊക്കെയായിരിക്കും.

ലക്ഷങ്ങള്‍ കൊടുത്ത് മക്കള്‍ക്ക് മെഡിക്കല്‍ സയന്‍സിന് അഡ്മിഷന്‍ വാങ്ങുമ്പോഴും കൈക്കൂലികളുടെ നോട്ടിന്‍കെട്ടുകളുമായി പ്രമുഖരുടെ ഉമ്മറപ്പടികള്‍ കയറിയിറങ്ങുമ്പോഴും നമസ്‌കാരത്തിനുപോലും സമയമില്ലാതെ മക്കള്‍ക്കുവേണ്ടി ആയുസ്സ് തീര്‍ക്കുമ്പോഴും ഈ പിതാക്കള്‍ 'ഈ മക്കളെക്കൊണ്ട് എനിക്കെന്ത് ഫലം, ഞാനെന്തിന് ഇത്രത്തോളമൊക്കെ ഇവര്‍ക്ക് വേണ്ടി ചെയ്യുന്നു' എന്നൊന്നും ആലോചിക്കാറില്ല. 

അവരിലൂടെ ഉണ്ടാകാന്‍ പോകുന്ന പേരും പ്രശസ്തിയുമാണോ ഒരു പിതാവിന്റെ ആഗ്രഹം? എങ്കില്‍ ആ പിതാവിന്റെ പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമാണ്. വന്‍തുക ശമ്പളം വാങ്ങുന്നതിലൂടെ സാമ്പത്തികാടിത്തറ ശക്തിപ്പെടുത്തലാണോ ലക്ഷ്യം? എങ്കില്‍ ആ പിതാവാണ് ഏറ്റവും നഷ്ടക്കാരന്‍. ഇനി അതുമല്ല, ഒരു മകന്‍ എന്ന നിലക്ക് ഒരു പിതാവ് ചെയ്യുന്ന വെറും പ്രവര്‍ത്തനങ്ങളാണോ? എങ്കില്‍ ആ പിതാവാണ് ഏറ്റവും വലിയ വിഡ്ഢി. 

കാരണം, ലക്ഷങ്ങള്‍ ചെലവഴിച്ചും സ്വയം പ്രയാസങ്ങള്‍ അനുഭവിച്ചും വളര്‍ത്തുന്ന മക്കളെക്കുറിച്ച് പിന്നീട് പല രക്ഷിതാക്കളും കേള്‍ക്കുന്നത് അവന്‍ മദ്യപാനിയാണെന്നാണ്, അവന്‍ മയക്കുമരുന്നിന് അടിമയാണെന്നാണ്, അവനൊരു കൊലപാതകിയാണെന്നാണ്, അവനൊരു വ്യഭിചാരിയാണെന്നാണ്!

സത്യത്തില്‍ എന്താണിവിടെ സംഭവിച്ചത്? മക്കള്‍ക്ക് ഭൗതികമായ വിദ്യാഭ്യാസം നല്‍കുന്നതിനോ സമൂഹത്തിന്റെ ഉന്നതമായ സ്ഥാനങ്ങളില്‍ അവന്‍ ചെന്നെത്തുന്നതിനോ നല്ല ശമ്പളക്കാരായി ജീവിക്കുന്നതിനോ ആരും എതിരല്ല. മറിച്ച് ഭൗതികമായ താല്‍പര്യങ്ങളിലും അതിന്റെതായ സുഖങ്ങളിലും മാത്രം കണ്ണ് നട്ടും മനസ്സ് കേന്ദ്രീകരിച്ചും മക്കളെ വളര്‍ത്തുകയും പണം ചെലവഴിക്കുകയും ചെയ്ത പിതാക്കള്‍ ചില കാര്യങ്ങള്‍ വിസ്മരിച്ചുപോയി.

ഞാനെന്റെ മകനെ ക്വുര്‍ആന്‍ ഓതാന്‍ പഠിപ്പിച്ചോ? അതിനുവേണ്ടി ഞാനവനെ പ്രേരിപ്പിച്ചോ? ഞാനെന്റെ മകനെ നമസ്‌കരിക്കാന്‍ പഠിപ്പിച്ചോ? അതിനുവേണ്ടി ഞാനവനോട് കല്‍പിച്ചോ? ഞാനെന്റെ മകന് അല്ലാഹുവിനെക്കുറിച്ചുള്ള പേടിയുണ്ടാക്കിയോ? പരലോകബോധത്തിനാവശ്യമായ ജ്ഞാനം അല്‍പമെങ്കിലും നല്‍കിയോ? ഞാന്‍ മരിച്ചാല്‍ എന്റെ മയ്യിത്ത് മുന്നില്‍ വെച്ച് പ്രാര്‍ഥിക്കാനവന് അറിയുമോ? മയ്യിത്ത് നമസ്‌കാരവും അതിലെ പ്രാര്‍ഥനയും അവന് അറിയുമോ? എന്നെ മറവ് ചെയ്താലും എന്റെ ക്വബ്‌റിടം സന്ദര്‍ശിക്കാനും ആത്മാര്‍ഥമായി എനിക്കുവേണ്ടി പ്രാര്‍ഥിക്കാനും അവനോട് ഞാന്‍ പറയുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ടോ?

ഒരു മകനെ വളര്‍ത്തുന്നതിലൂടെ ഇസ്‌ലാം ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങളാണ് മുകളില്‍ സൂചിപ്പിച്ചത്. കാരണം, പണം ചെലവഴിച്ച് നാം വളര്‍ത്തിയുണ്ടാക്കിയ മക്കളില്‍ പലരും ലക്ഷ്യം കാണാതെ പോകുന്നു എന്ന് മാത്രമല്ല, അവര്‍ നമുക്ക് നേരെ വിരല്‍ ചൂണ്ടുകയാണ്. കയര്‍ത്തുസംസാരിക്കുകയാണ്. അനുസരണക്കേട് കാണിക്കുകയാണ്. വീട്ടിലേക്ക് പാതിരാസമയത്ത് കയറിവരുന്നത് നാലുകാലിലാണ്. ഒരു നേരത്തെ നമസ്‌കാരം പോലും അവന്‍ നിര്‍വഹിക്കുന്നില്ല. അവന്റെ ബന്ധങ്ങളാകട്ടെ നമ്മളാരുംചിന്തിക്കുകപോലും ചെയ്തിട്ടില്ലാത്തവരുമായാണ്. 

ഇവിടെയാണ് ഒരുപിതാവ് തളരുന്നത്. മാനസിക നിലപോലും ചിലപ്പോള്‍ തെറ്റിപ്പോകും. ചെലവാക്കിയ പണം, നഷ്ടപ്പെടുത്തിയ ആരോഗ്യം... എല്ലാം ഫലമില്ലാതെ പോയി. ഇനി ആ മകനെ തിരിച്ച് പിടിക്കാന്‍ വയ്യ!

കുറ്റക്കാര്‍ നമ്മള്‍ തന്നെയാണ്. ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചില്ല. നമ്മുടെ ലക്ഷ്യംപോലും തെറ്റിപ്പോയിട്ടുണ്ടായിരുന്നു. എനിക്ക് വേണ്ടത് ഒരു 'സ്വാലിഹായ മകനാണ്' എന്ന ചിന്ത പല പിതാക്കളുടെ മനസ്സിലും ഉണ്ടായിരുന്നില്ല. എഞ്ചിനീയറായ മകന്‍, ഡോക്ടറായ മകന്‍, പോലീസുകാരനായ മകന്‍... ഇതൊന്നും ഇസ്‌ലാം എതിര്‍ക്കുന്നില്ല. പക്ഷേ, ഒരു സ്വാലിഹായ ഡോക്ടര്‍, സ്വാലിഹായ എഞ്ചിനീയര്‍, സ്വാലിഹായ പോലീസുകാരന്‍... ഏതൊരു പിതാവിന്റെയും മനസ്സിനെ കുളിരണിയിപ്പിക്കുന്ന വാക്കുകള്‍. ഇത്തരം മക്കള്‍ മാതാപിതാക്കള്‍ക്ക് ആനന്ദമാണ്. നാടിനും സമൂഹത്തിനും ഗുണമാണ്. ഇത്തരം മക്കളാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്. ജീവിതകാലം മുഴുവന്‍ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ കോടികള്‍ ഈ ലോകത്ത് വിട്ടേച്ച് പോകേണ്ടവരാണ് നമ്മള്‍. എന്നാല്‍ നമ്മള്‍ മരിച്ചാലും ''അല്ലാഹുവേ, എന്റെ മാതാപിതാക്കള്‍ക്ക് പൊറുത്തുകൊടുക്കേണമേ, അവരോട് കരുണ കാണിക്കേണമേ, അവര്‍ക്ക് സ്വര്‍ഗം നല്‍കേണമേ'' എന്ന് പ്രാര്‍ഥിക്കുന്ന മക്കള്‍ നമുക്കുണ്ടായാല്‍ അതിനെക്കാള്‍ വലിയ സൗഭാഗ്യം വേറെയില്ല. കാരണം ഒരു വ്യക്തി മരണപ്പെടുമ്പോള്‍ അവന് ഉപകാരം ലഭിക്കുന്ന മൂന്ന് കാര്യങ്ങളില്‍ ഒന്നായി നബി(സ്വ) പരിചയപ്പെടുത്തിയത് 'മരണശേഷം അവനു വേണ്ടി പ്രാര്‍ഥിക്കുന്ന സല്‍കര്‍മിയായ സന്തതി'യെയാണ്. 

മതം പഠിച്ച ഒരു മകന്‍ നമ്മുടെ വീട്ടില്‍ വേണം. കുടുംബത്തിന്റെ അനുഗ്രഹവും വഴികാട്ടിയും അവനായിരിക്കും ചിലപ്പോള്‍. അതിനാവശ്യമായ മതബോധവും നാം നല്‍കണം. ശിര്‍ക്ക് ചെയ്യാത്ത, ബിദ്അത്തില്ലാത്ത, നാം തെറ്റുചെയ്താല്‍ നമ്മെ തിരുത്തുന്ന, നമുക്ക് നന്മ പഠിപ്പിച്ചുതരുന്ന മക്കള്‍ എത്ര സന്തോഷമുള്ള കാര്യമാണ്! അമ്പിയാക്കന്മാര്‍ അവരുടെ മക്കളെ വളര്‍ത്തിയത് അങ്ങനെയല്ലേ? എനിക്ക് ശേഷം നിങ്ങള്‍ ആരെ ആരാധിക്കും എന്ന് ചോദിച്ച് മക്കളുടെ തൗഹീദ് ഉറപ്പ് വരുത്തിയ യഅ്ക്വൂബ് നബിൗ, അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും മാതാപിതാക്കളോട് നന്മ ചെയ്യണമെന്നും ജനങ്ങളോട് മുഖം ചുളിച്ച് സംസാരിക്കരുതെന്നും അഹങ്കാരത്തോടെ നടക്കരുതെന്നും പഠിപ്പിച്ച ലുക്വ്മാനെന്ന മാഹാനായ മനുഷ്യന്‍, വലതുകൈകൊണ്ട് ഭക്ഷിക്കണമെന്നും ബിസ്മി ചൊല്ലണമെന്നും മുന്നില്‍ നിന്ന് തിന്നണമെന്നും പഠിപ്പിച്ച മുഹമ്മദ് നബി(സ്വ)... അതെ, അങ്ങനെയാണ് സ്വാലിഹായ മക്കളുണ്ടാവുക. നാം നല്‍കേണ്ടത് നാം നല്‍കണം. അപ്പോഴാണ് കൈക്കൂലി വാങ്ങാത്ത, ചതിയും വഞ്ചനയും കാണിക്കാത്ത, ലോകം മുഴുവന്‍ ഇഷ്ടപ്പെടുന്ന ഡോക്ടറും എഞ്ചിനീയറുമായ മക്കള്‍...! മതരംഗത്തും മതപ്രബോധന രംഗത്തും സജീവമായ മക്കളുണ്ടാവണം. അതായിരുന്നല്ലോ അമ്പിയാക്കളുടെ പ്രാര്‍ഥന. 'നല്ല സന്തതികളെ നല്‍കണേ' എന്ന സക്കരിയ്യാ നബിൗയുടെ പ്രാര്‍ഥനയും  'സ്വാലിഹുകളായവരെ നല്‍കണേ' എന്ന ഇബ്‌റാഹീം നബിൗയുടെ പ്രാര്‍ഥനയും നമുക്കെന്നും പാഠമാണ്.

'എന്റെ മകന്‍ ഒരു ഡോക്ടറാണ്' എന്ന് അഭിമാനത്തോടെ പറയാം. എന്നാല്‍ അതിലേറെ അഭിമാനത്തോടെ 'എന്റെ മകന്‍ ഒരു നല്ല ഖത്വീബാണ്', 'ഒരു നല്ല പ്രബോധകനാണ്' എന്നൊക്കെ പറയാന്‍ കഴിയണം. ആയിരങ്ങള്‍ക്ക് മുമ്പില്‍ ഖുതുബ നിര്‍വഹിക്കുന്ന, ക്വുര്‍ആനും ഹദീഥും ഓതിക്കൊടുത്ത് ജനങ്ങള്‍ക്ക് സന്മാര്‍ഗം പഠിപ്പിക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുന്ന മക്കള്‍ നമുക്കുണ്ടായാല്‍ അതെന്നും ആനന്ദം തന്നെയാണ്. ഡോക്ടര്‍മാര്‍ വേണ്ട എന്നോ നമ്മുടെ മക്കള്‍ അത്തരം മേഖലകളുമായി ബന്ധം പാടില്ലെന്നോ ഇപ്പറഞ്ഞതിന് അര്‍ഥമില്ല. 

അതുകൊണ്ട് ശരിയായ വിശ്വാസത്തിലും മാതൃകായോഗ്യരായ രീതിയിലും നമ്മുടെ മക്കളെ നാം വളര്‍ത്തുക. അതില്‍ നാം ന്യൂനത വരുത്തിയാല്‍ നാമവരോട് കാണിക്കുന്ന വഞ്ചനയാണത്. മാത്രവുമല്ല, പരലോകത്ത് നമ്മടെ ഈ ഉത്തരവാദിത്വത്തെ സംബന്ധിച്ച് അല്ലാഹുവിന്റെ ചോദ്യവുമുണ്ടാകും. എന്റെ ഉപ്പ എന്നെ പഠിപ്പിച്ചില്ല, ഉപദേശിച്ചില്ല, ശ്രദ്ധിച്ചില്ല, മതവിദ്യാഭ്യാസം നല്‍കിയില്ല... എന്ന പരാതികള്‍ ഒട്ടേറെ മക്കളില്‍ നിന്നും നാം കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉപ്പ പള്ളിയില്‍ ഒന്നാമത്തെ സ്വഫ്ഫിലുണ്ട്. പക്ഷേ, മകന്‍ സിനിമാ തിയേറ്ററിലോ ബാറിലോ മറ്റോ ആയരിക്കും. ചെറുപ്പം മുതലേ മക്കള്‍ക്ക് മതവിദ്യാഭ്യാസം നല്‍കി മതചിട്ടകളില്‍ വളര്‍ത്തിയാല്‍ അത് ഇഹത്തിലും പരത്തിലും മാതാപിതാക്കള്‍ക്കും ഗുണമാണ്. മതവിദ്യാഭ്യാസം നേടാനും അത് മക്കള്‍ക്ക് കൊടുക്കാനുമുള്ള സാധ്യതകള്‍ നാം ഉപയോഗപ്പെടുത്തണം. അപ്പോള്‍ മാത്രമെ ഒരു മകന്‍ സ്വാലിഹായി വളരുകയുള്ളൂ.

സമൂഹം ഉറ്റുനോക്കുന്നത് വളര്‍ന്ന് വരുന്ന മക്കളെയാണ്. നമ്മുടെ മക്കളാണവര്‍. ഒരുങ്ങട്ടെ നമ്മുടെ മക്കള്‍. ശിര്‍ക്കിനും ബിദ്അത്തിനുമെതിരെ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റായി നമ്മുടെ മക്കള്‍ മാറണം. ആയത്തുകളും ഹദീഥുകളും ഓതിക്കൊടുത്ത് ജനമനസ്സുകളിലേക്ക് ദീനിന്റെ പ്രകാശകിരണങ്ങള്‍ എത്തിച്ച് കൊടുക്കുന്ന പ്രഭാഷകന്മാരായി നമ്മുടെ മക്കള്‍ വളരണം. ഉമ്മാക്കും ഉപ്പാക്കും ആനന്ദവും ആശ്വാസവും മാത്രം പകരുന്ന പെരുമാറ്റമുള്ളവരും മരണശേഷം ആത്മാര്‍ഥമായി അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നവരുമായിരിക്കണം മക്കള്‍.

മതവിദ്യാഭ്യാസ രംഗത്ത് പുതിയ കാല്‍വെപ്പുകളുമായി 'ജാമിഅ അല്‍ഹിന്ദ് അല്‍ഇസ്‌ലാമിയ്യ' അതിന്റെ അഞ്ചാം വര്‍ഷത്തിലേക്ക് കുതിക്കുകയാണ്. ക്വുര്‍ആനും സുന്നത്തും സലഫുകളുടെ മന്‍ഹജനുസരിച്ച് കൊണ്ട് പ്രചരിപ്പിക്കുന്ന ശക്തരായ പ്രബോധകരെയും എഴുത്തുകാരെയും വളര്‍ത്തിയെടുക്കലാണ് അതിന്റെ ലക്ഷ്യം. ദീനീവിജ്ഞാനമേഖലകളില്‍ ആഴമേറിയ പഠനവും ജാമിഅ മുന്നില്‍ കാണുന്നു. യൂണിവേഴ്‌സിറ്റി സിലബസിനപ്പുറം അഖീദ, ഫിക്വ്ഹ്, ഉസൂലുത്തഫ്‌സീര്‍, ഉസൂലുല്‍ ഹദീഥ് തുടങ്ങിയ വിഷയങ്ങളില്‍ വിരചിതമായ ബൃഹത് ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മൂല്യവത്തായ പാഠ്യപദ്ധതി, കഴിവുറ്റ അധ്യാപകര്‍, അധ്യാപനത്തിനൊപ്പം ഖുത്വുബയിലും പ്രസംഗങ്ങളിലും പ്രാവീണ്യം നേടാനുള്ള പരിശീലന സംരംഭങ്ങള്‍. എല്ലാം കൊണ്ടും ജാമിഅ അല്‍ഹിന്ദ് അല്‍ഇസ്‌ലാമിയ്യ വരുംതലമുറയുടെ പ്രതീക്ഷയാണ്. എന്റെ ഒരു മകനെങ്കിലും ഈ സ്ഥാപനത്തിലെ വിദ്യാര്‍ഥിയാകട്ടെ എന്ന നിങ്ങളുടെ മനസ്സിലെ ആഗ്രഹത്തോടൊപ്പം ആത്മാര്‍ഥമായ പ്രാര്‍ഥനയും ഉണ്ടാകണം എന്ന് ജാമിഅ ആഗ്രഹിക്കുന്നു.

0
0
0
s2sdefault