വിജയം ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്ക്

ഫദ്‌ലുല്‍ ഹഖ് ഉമരി

2017 സെപ്തംബര്‍ 16 1438 ⁠⁠ദുൽഹിജ്ജ 25

ഇഹലോക ജീവിതത്തില്‍ തക്വ്‌വയോടെ ചിലയാളുകള്‍ ജീവിച്ചു എന്നതാണ് അവരുടെ സ്വര്‍ഗപ്രവേശനത്തിനു കാരണമായി അല്ലാഹു എടുത്തുപറയുന്നത്. രഹസ്യമായും പരസ്യമായും രാത്രിയിലും പകലിലും കുടുംബത്തിലും അങ്ങാടിയിലും ക്രയവിക്രയങ്ങളിലുമെല്ലാം തക്വ്‌വ കൈവിട്ട ഒരു ജീവിതം അവര്‍ക്കുണ്ടായിരുന്നില്ല. അക്കാരണത്താല്‍ തന്നെ ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗംകൊണ്ട് വിജയിക്കാനും അവര്‍ക്ക് സാധിച്ചു. അല്ലാഹു പറയുന്നത് കാണുക: 

'''തീര്‍ച്ചയായും ധര്‍മനിഷ്ഠപാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും സുഖാനുഗ്രഹങ്ങളിലുമായി രിക്കും'' (ത്വൂര്‍: 17). ''തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ തോട്ടങ്ങളിലും അരുവികളിലുമായിരിക്കും'' (ഹിജ്ര്‍ 45).

തനിക്ക് നേടാനുള്ള വലിയ പ്രശ്‌നങ്ങളെ ചെറുക്കാനുള്ള ഉപാധിയാണ് യഥാര്‍ഥത്തില്‍ തക്വ്‌വ. തന്റെ മുന്നില്‍ വരാനിരിക്കുന്ന ശിക്ഷയുടെ ലോകമായ നരകം, അതില്‍ പ്രവേശിക്കാതിരിക്കാന്‍ മനുഷ്യന്‍ സ്വീകരിക്കുന്ന വിശ്വാസവും അനുഷ്ഠിക്കുന്ന സല്‍കര്‍മങ്ങളും ഒഴിവാക്കുന്ന തിന്മകളും എല്ലാം തക്വ്‌വയുടെ ഫലമായുണ്ടാകുന്ന കാര്യങ്ങളാണ്. ഈ നിലക്ക് അല്ലാഹു കല്‍പിച്ച കാര്യങ്ങള്‍ ചെയ്യലും നിരോധിച്ച കാര്യങ്ങള്‍ ഒഴിവാക്കലുമാണ് യഥാര്‍ഥത്തില്‍ തക്വ്‌വ. അത് അത്ര പെട്ടെന്ന് കഴിയുന്ന കാര്യവുമല്ല. അതുകൊണ്ടാണ് അത്തരക്കാര്‍ക്ക് വമ്പിച്ച പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത്. 

''നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മനിഷ്ഠപാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്'' (ആലുഇംറാന്‍ 133).

കണ്ണും കാതും നാവും നിയന്ത്രിച്ച് അല്ലാഹു നിശ്ചയിച്ചുതന്ന ചൊവ്വായ പാതയിലൂടെ മാത്രം മുന്നോട്ടുനീങ്ങി ഇടത്തും വലത്തുമുള്ള പിശാചിന്റെ വിളികളെ അവഗണിച്ചുകൊണ്ട് സ്വര്‍ഗം മാത്രം ലക്ഷ്യംവെച്ച് ജീവിച്ചാല്‍ മരണ സന്ദര്‍ഭത്തില്‍ അല്ലാഹു നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് യഥാര്‍ഥത്തില്‍ 'മുത്തക്വി' എന്ന നാമം. അത്തരക്കാര്‍ക്കു മാത്രമെ നാളെ പരലോകത്ത് രക്ഷയുള്ളൂ എന്ന കാര്യം നിസ്സംശയമാണ്. 

''പരമകാരുണികന്‍ തന്റെ ദാസന്‍മാരോട് അദൃശ്യമായ നിലയില്‍ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനായുള്ള സ്വര്‍ഗത്തോപ്പുകളില്‍ (അവര്‍ പ്രവേശിക്കും). തീര്‍ച്ചയായും അവന്റെ വാഗ്ദാനം നടപ്പില്‍വരുന്നത് തന്നെയാകുന്നു. സലാം അല്ലാതെ നിരര്‍ഥകമായ യാതൊന്നും അവരവിടെ കേള്‍ക്കുകയില്ല. തങ്ങളുടെ ആഹാരം രാവിലെയും വൈകുന്നേരവും അവര്‍ക്കവിടെ ലഭിക്കുന്നതാണ്. നമ്മുടെ ദാസന്‍മാരില്‍ നിന്ന് ആര്‍ ധര്‍മനിഷ്ഠപുലര്‍ത്തുന്നവരായിരുന്നുവോ അവര്‍ക്കു നാം അവകാശപ്പെടുത്തികൊടുക്കുന്ന സ്വര്‍ഗമത്രെ അത്'' (മര്‍യം 61-63).

എന്നാല്‍ തക്വ്‌വയുമായി ബന്ധമില്ലാതെ, തക്വ്‌വ എന്താണെന്ന് പോലുമറിയാതെ തന്റേതായ അഭിമാനവും പ്രതാപവും മാത്രം വലുതായി കണ്ട് അല്ലാഹുവിന്റെ നിയമ നിര്‍ദേശങ്ങളെ വലിച്ചെറിഞ്ഞവര്‍ക്ക് വമ്പിച്ച ശിക്ഷയാണ് പരലോകത്തുള്ളത്. 

''ചില ആളുകളുണ്ട്. ഐഹികജീവിത കാര്യത്തില്‍ അവരുടെ സംസാരം നിനക്ക് കൗതുകം തോന്നിക്കും. അവരുടെ ഹൃദയശുദ്ധിക്ക് അവര്‍ അല്ലാഹുവെ സാക്ഷിനിര്‍ത്തുകയും ചെയ്യും. വാസ്തവത്തില്‍ അവര്‍ (സത്യത്തിന്റെ) കഠിനവൈരികളത്രെ. അവര്‍ തിരിച്ചുപോയാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും വിള നശിപ്പിക്കാനും ജീവനൊടുക്കാനുമായിരിക്കും ശ്രമിക്കുക. നശീകരണം അല്ലാഹു ഇഷ്ടപ്പെടുന്നതല്ല. അല്ലാഹുവെ സൂക്ഷിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍ ദുരഭിമാനം അവരെ പാപത്തില്‍ പിടിച്ച് നിര്‍ത്തുന്നു. അവര്‍ക്ക് നരകം തന്നെ മതി. അത് എത്ര മോശമായ മെത്ത!'' (അല്‍ബക്വറ 204-206).

നെരിയാണിക്ക് താഴെയിറങ്ങാത്ത രൂപത്തില്‍ വസ്ത്രമുടുക്കല്‍, സത്യംമാത്രം പറയല്‍, ഫിത്‌നയുണ്ടാക്കാതിരിക്കല്‍, സത്യാസത്യങ്ങള്‍ കൂട്ടിക്കുഴക്കാതിരിക്കല്‍ തുടങ്ങി വാക്കുകളും പ്രവര്‍ത്തനങ്ങളും വിശ്വാസങ്ങളുമായി എല്ലാം ബന്ധപ്പെട്ട് കിടക്കുന്നു തക്വ്‌വ. അത്‌കൊണ്ടുതന്നെ തക്വ്‌വയുള്ളവരായി ജീവിക്കാന്‍ അല്ലാഹു നമ്മോട് കല്‍പിച്ചു. 

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളെക്ക് വേണ്ടിഎന്തൊരു മുന്നൊരുക്കമാണ് ചെയ്തുവെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു'' (ഹശ്ര്‍ 18).

പരലോകത്തേക്കുള്ള ഏറ്റവും വലിയ സമ്പത്ത് തക്വ്‌വയായതുകൊണ്ട് ആരാധനകളിലെല്ലാം അല്ലാഹു തക്വ്‌വ പ്രത്യേകം എടുത്തു പറഞ്ഞു. ഹജ്ജിനെക്കുറിച്ച് അല്ലാഹു പറയുന്നു:

''ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ് കര്‍മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീ-പുരുഷ സംസര്‍ഗമോ ദുര്‍വൃത്തിയോ വഴക്കോ ഹജ്ജിനിടയില്‍ പാടുള്ളതല്ല. നിങ്ങള്‍ ഏതൊരു സല്‍പ്രവൃത്തി ചെയ്തിരുന്നാലും അല്ലാഹു അതറിയുന്നതാണ്. (ഹജ്ജിനു പോകുമ്പോള്‍) നിങ്ങള്‍ യാത്രയ്ക്കുവേണ്ട വിഭവങ്ങള്‍ ഒരുക്കിപ്പോകുക. എന്നാല്‍ യാത്രയ്ക്കു വേണ്ടവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളേ, നിങ്ങളെന്നെ സൂക്ഷിച്ച് ജീവിക്കുക'' (അല്‍ബക്വറ 197). നോമ്പിനെക്കുറിച്ച് അല്ലാഹു പറയുന്നു: 

''സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്'' (2:183).

അയല്‍പക്ക ബന്ധങ്ങള്‍ തകരുന്നത്, ഭാര്യഭര്‍ത്താക്കന്മാര്‍ തമ്മില്‍ അസഭ്യങ്ങള്‍ പറയുന്നത്, അമ്മായിയുമ്മയും മരുമകളും ശത്രുക്കളെ പോലെ പെരുമാറുന്നത്....  ഇതെല്ലാം തക്വ്‌വയുടെ പോരായ്മയാണ് അറിയിക്കുന്നത്. തക്വ്‌വയില്ലാത്ത ഭാര്യയും ഭര്‍ത്താവും അമ്മായിയുമ്മയും അയല്‍വാസികളും എന്നും പ്രശ്‌നങ്ങള്‍ തന്നെയായിരിക്കും. തക്വ്‌വയാണ് സ്വഭാവം നന്നാക്കുന്നത്. തക്വ്‌വയാണ് പെരുമാറ്റവും സംസ്‌കാരവും നന്നാക്കുന്നത്. തക്വ്‌വയാണ് ആരാധനകള്‍ക്ക് ്രേപരണ നല്‍കുന്നത്. ചുരുക്കത്തില്‍ മനുഷ്യന്റെ ഇഹലോകത്തെയും പരലോകത്തെയും വിജയത്തിന്റെയും മോക്ഷത്തിന്റെയും അടിസ്ഥാനം തക്വ്‌വയാണ് എന്നര്‍ഥം. 

നാളേക്കു വേണ്ടി തക്വ്‌വ നേടാനാണല്ലോ അല്ലാഹു പറഞ്ഞത്. അതെ, സത്യം സ്വീകരിക്കുന്നവര്‍, സത്യത്തെ അംഗീകരിക്കുന്നവര്‍, സത്യത്തോടൊപ്പം നില്‍ക്കുന്നവര്‍... ഇവരൊക്കെ തക്വ്‌വയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്. 

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും സത്യവാന്‍മാരുടെ കൂട്ടത്തില്‍ ആയിരിക്കുകയും ചെയ്യുക'' (തൗബ 119).

നല്ലവരോടൊപ്പം ഇരുന്നും അവരില്‍നിന്ന് നന്മ പഠിച്ചും സ്വര്‍ഗത്തിന്റെ വക്താക്കളാകാനുള്ള പ്രവര്‍ത്തനമാണ് നമ്മില്‍നിന്നുണ്ടാകേണ്ടത്. 

''അപ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയും, സത്യം തനിക്ക് വന്നെത്തിയപ്പോള്‍ അതിനെ നിഷേധിച്ചുതള്ളുകയും ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? നരകത്തിലല്ലയോ സത്യനിഷേധികള്‍ക്കുള്ള പാര്‍പ്പിടം! സത്യവുംകൊണ്ട് വരുകയും അതില്‍ വിശ്വസിക്കുകയും ചെയ്തതാരോ അത്തരക്കാര്‍ തന്നെയാകുന്നു സൂക്ഷ്മത പാലിച്ചവര്‍. അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ ഉദ്ദേശിക്കുന്നതെന്തോ അതുണ്ടായിരിക്കും. അതത്രെ സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലം'' (സുമര്‍ 32-34).

പരദൂഷണവും ഏഷണിയും കളവും കള്ളസാക്ഷ്യവും അനാവശ്യ സംസാരങ്ങളും എല്ലാം ഒഴിവാക്കി നന്മ പറയാനും നന്മകള്‍ കല്‍പിക്കാനും തിന്മ വിരോധിക്കാനും നമ്മുടെ നാവുകളെ നാം ഉപയോഗപ്പെടുത്തുക. അതാണ് തക്വ്‌വ. 

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യുക''(അഹ്‌സാബ് 70).

ഈ ലോകത്തുനിന്നും നാം മരിച്ച് തിരിച്ചുപോകുേമ്പാള്‍ നല്ല അവസ്ഥയില്‍ പോകണം. ദിക്‌റുകളുെടയും സ്വലാത്തുകളുടെയും ക്വുര്‍ആന്‍ പാരായണത്തിന്റെയും കൂമ്പാരം നേമ്മാടൊപ്പമുണ്ടാകണം. തക്വ്‌വ ജീവിതത്തിലില്ലാതെ ഇതൊന്നും നേടുക സാധ്യമല്ല. 

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്‌ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്'' (ആലുഇംറാന്‍ 102).

തക്വ്‌വയോടെ ഒരു മനുഷ്യന്‍ ജീവിക്കുമ്പോള്‍ അല്ലാഹു അവന്റെ ഹൃദയത്തിന് ജീവന്‍ നല്‍കും. ആ ജീവനിലൂടെ സത്യാസത്യങ്ങള്‍ വേര്‍തിരിക്കാനും ഹലാലും ഹറാമും വേര്‍തിരിക്കാനും അവന് സാധിക്കും. അതാകട്ടെ സ്വര്‍ഗത്തിലേക്കുള്ള മാര്‍ഗവുമാണ്. 

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സത്യവും അസത്യവും വിവേചിക്കുവാനുള്ള കഴിവ് അവനുണ്ടാക്കിത്തരികയും അവന്‍ നിങ്ങളുടെ തിന്‍മകള്‍ മായ്ച്ചുകളയുകയും നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു'' (അന്‍ഫാല്‍ 29).

കച്ചവടത്തില്‍ നഷ്ടം വരുമോ, ലാഭം കുറഞ്ഞുപോകുമോ എന്നൊെക്കയാണ് തക്വ്‌വ കൈവിട്ട് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഒെക്കയായി മുന്നോട്ട് പോകാനും തട്ടിപ്പും െവട്ടിപ്പും നടത്താനും പല കച്ചവടക്കാെരയും പ്രേരിപ്പിക്കുന്നത്. എന്നാല്‍ തക്വ്‌വയാണ് പ്രയാസത്തില്‍ നിന്ന് മോചനം നല്‍കുന്നതും ജീവിതമാര്‍ഗം വിശാലമാക്കിക്കൊടുക്കുന്നതും. 

''...അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്നപക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നപക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്. തീര്‍ച്ചയായും അല്ലാഹു തന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട്'' (ത്വലാക്വ് 2,3).

തക്വ്‌വയോടുകൂടി ഏതൊരു കാര്യത്തില്‍ നാം ഇറങ്ങിത്തിരിച്ചാലും അല്ലാഹു ആ കാര്യം എളുപ്പമാക്കിത്തരും: ''...വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്നപക്ഷം അവന്ന് അവന്റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കി കൊടുക്കുന്നതാണ്. തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവരെ പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവും ബാധിച്ചാല്‍ അവര്‍ക്ക് (അല്ലാഹുവെപ്പറ്റി) ഓര്‍മവരുന്നതാണ്. അപ്പോഴതാ അവര്‍ ഉള്‍ക്കാഴ്ചയുള്ളവരാകുന്നു'' (ത്വലാക്വ് 4).

സുന്നത്ത് നമസ്‌കാരങ്ങളിലുള്ള താല്‍പര്യവും അറിവ് നേടാനുള്ള നല്ല മനസ്സുമൊക്കെ ഒരു വ്യക്തിയില്‍ കാണപ്പെട്ടാല്‍ അതെല്ലാം തക്വ്‌വയുടെ ഭാഗമായി അല്ലാഹു നല്‍കുന്ന സഹായങ്ങളാണെന്ന് മനസ്സിലാക്കുക.

തിന്മയില്‍നിന്ന് മനുഷ്യനെ തടയാനും മാനുഷികമായി തിന്മകള്‍ സംഭവിച്ചാല്‍ തന്നെ ഉടനെ തൗബ ചെയ്ത് മടങ്ങാനും ഒരു ശക്തിയായി മനുഷ്യനില്‍  പ്രവര്‍ത്തിക്കുന്നത് തക്വ്‌വ തന്നെയാണ്. 

''തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവരെ പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവും ബാധിച്ചാല്‍ അവര്‍ക്ക് (അല്ലാഹുവെപ്പറ്റി) ഓര്‍മവരുന്നതാണ്. അപ്പോഴതാ അവര്‍ ഉള്‍ക്കാഴ്ചയുള്ളവരാകുന്നു'' (അഅ്‌റാഫ് 201).

അതുകൊണ്ടാണ് മുത്തക്വികളുടെ വിശേഷണമായി അല്ലാഹു ഇങ്ങനെ പറഞ്ഞത്:

''വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. -പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്?- ചെയ്തുപോയ (ദുഷ്) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍'' (ആലുഇംറാന്‍ 135).

നീ അല്ലാഹുവിനെ സൂക്ഷിക്കുക എന്ന വാക്ക് മോഷണത്തില്‍ നിന്നും വ്യഭിചാരത്തില്‍നിന്നും മദ്യപാനത്തില്‍നിന്നുമെല്ലാം മനുഷ്യനെ തടയേണ്ടതുണ്ട്. അല്ലാഹുവിന്റെ പ്രത്യേകമായ കാരുണ്യം, അത് തക്വ്‌വയുള്ളവര്‍ക്കുള്ളതാണ്. 

''...തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠപാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു'' (ഹുജുറാത് 13).

കുറ്റവാളികള്‍ നാളെ നരകത്തിലേക്ക് തള്ളിയിടപ്പെടുമ്പോള്‍ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ട് രക്ഷപ്പെടുന്നവരും മുത്തക്വികള്‍ തന്നെ: ''അതിനടുത്ത് (നരകത്തിനടുത്ത്) വരാത്തവരായി നിങ്ങളില്‍ ആരും തന്നെയില്ല. നിന്റെ രക്ഷിതാവിന്റെ ഖണ്ഡിതവും നടപ്പിലാക്കപ്പെടുന്നതുമായ ഒരു തീരുമാനമാകുന്നു അത്. പിന്നീട് ധര്‍മനിഷ്ഠ പാലിച്ചവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളെ മുട്ടുകുത്തിയവരായിക്കൊണ്ട് നാം അതില്‍ വിട്ടേക്കുകയും ചെയ്യുന്നതാണ്'' (മര്‍യം 71,72).

തക്വ്‌വയുള്ളവരുടെ സ്വഭാവങ്ങളായും അടയാളങ്ങളായും അല്ലാഹു എണ്ണിപ്പറഞ്ഞ ചില കാര്യങ്ങളുണ്ട്. അവ സ്വന്തമാക്കുവാനും അതിന്റെ വക്താക്കളാകുവാനും നാം ശ്രമിക്കേണ്ടതുണ്ട്.  അല്ലാഹു പറയുന്നു: ''അലിഫ് ലാം മീം. ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്. അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും പ്രാര്‍ഥന അഥവാ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുകയും നാം നല്‍കിയ സമ്പത്തില്‍ നിന്ന് ചെലവഴിക്കുകയും നിനക്കും നിന്റെ മുന്‍ഗാമികള്‍ക്കും നല്‍കപ്പെട്ട സന്ദേശത്തില്‍ വിശ്വസിക്കുകയും പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര്‍ (സൂക്ഷ്മത പാലിക്കുന്നവര്‍)'' (അല്‍ബക്വറ 1-4).

നരകം ഭയപ്പെട്ട് പ്രാര്‍ഥിക്കുന്നവരാകുന്നു മുത്തക്വികള്‍: ''(നബിയേ,) പറയുക: അതിനെക്കാള്‍ (ആ ഇഹലോക സുഖങ്ങളെക്കാള്‍) നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത് ഞാന്‍ പറഞ്ഞുതരട്ടെയോ? സൂക്ഷ്മത പാലിച്ചവര്‍ക്ക് തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പരിശുദ്ധരായ ഇണകളും (അവര്‍ക്കുണ്ടായിരിക്കും). കൂടാതെ അല്ലാഹുവിന്റെ പ്രീതിയും. അല്ലാഹു തന്റെ ദാസന്‍മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു. ഞങ്ങളുടെ നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും നരകശിക്ഷയില്‍നിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ എന്ന് പ്രാര്‍ഥിക്കുന്നവരും ക്ഷമകൈക്കൊള്ളുന്നവരും സത്യംപാലിക്കുന്നവരും ഭക്തിയുള്ളവരും ചെലവഴിക്കുന്നവരും രാത്രിയുടെ അന്ത്യയാമങ്ങളില്‍ പാപമോചനം തേടുന്നവരുമാകുന്നു അവര്‍ (അല്ലാഹുവിന്റെ ദാസന്‍മാര്‍)'' (ആലുഇംറാന്‍ 15-17).

സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന മുത്തക്വികളെക്കുറിച്ച് അല്ലാഹു പറയുന്നു: 

''തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും അരുവികളിലുമായിരിക്കും.  അവര്‍ക്ക് അവരുടെ രക്ഷിതാവ് നല്‍കിയത് ഏറ്റുവാങ്ങിക്കൊണ്ട്. തീര്‍ച്ചയായും അവര്‍ അതിനുമുമ്പ് സദ്‌വൃത്തരായിരുന്നു. രാത്രിയില്‍ നിന്ന് അല്‍പഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു. അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശമുണ്ടായിരിക്കുകയും ചെയ്യും'' (ദാരിയാത്ത് 15-19).

തക്വ്‌വ കൊണ്ടുള്ള ഫലങ്ങള്‍ ക്വുര്‍ആന്‍ ഒട്ടേറെ സ്ഥലങ്ങളില്‍ വിശദീകരിക്കുന്നുണ്ട്. അതില്‍ പെട്ടതാണ് അല്ലാഹുവിന്റെ സഹായവും പിന്‍ബലവും

''...നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു സൂക്ഷ്മതപാലിക്കുന്നവരോടൊപ്പമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക'' (അല്‍ബക്വറ 194).''തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിച്ചവരോടൊപ്പമാകുന്നു. സദ്‌വൃത്തരായിട്ടുള്ളവരോടൊപ്പവും'' (നഹ്ല്‍ 128).

പരലോകത്ത് ഉന്നതമായ സ്ഥാനം (ബക്വറ 212), സ്വര്‍ഗപ്രവേശനം (ആലുഇംറാന്‍ 15; നിസാഅ് 77), ശത്രുക്കളില്‍നിന്നുള്ള സുരക്ഷ (ആലുഇംറാന്‍ 120), ഭയത്തില്‍നിന്നുള മോചനം (അഅ്‌റാഫ് 35)... തക്വ്‌വ കൊണ്ടുള്ള ഫലങ്ങള്‍ ഇങ്ങനെ നീളുന്നു. ഇത്രയും പ്രാധാന്യം ഇതിനുള്ളതുകൊണ്ടാണ് നബി(സ്വ) സ്വഹാബികളെയും സ്വഹാബികള്‍ തമ്മില്‍തമ്മിലും ഖലീഫമാര്‍ ഭരണീയരോടും സൈന്യത്തോടും തക്വ്‌വക്കായി ഉപദേശിച്ചത്. 

അതിനാല്‍ നമ്മളും തക്വ്‌വയുള്ളവരാകുക. ജീവിതത്തിന്റെ എല്ലാ മേഖലകളിലും അല്ലാഹുവിന്റെ നിരീക്ഷണത്തെക്കുറിച്ചുള്ള ബോധമുണ്ടാകണം. അതുതന്നെയാണ് തക്വ്‌വ. വികാരങ്ങള്‍ തിന്മക്കായി പ്രേരിപ്പിക്കുമ്പോള്‍, സര്‍വ തിന്മകളും ചെയ്യാനുള്ള സൗകര്യങ്ങളുണ്ടാകുമ്പോള്‍, ചുറ്റുപാടുകള്‍ ഒത്തുവരുമ്പോള്‍ ഒക്കെ നമ്മെ നിയന്ത്രിക്കേണ്ടത് തക്വ്‌വയാണ്. വിദേശത്തുള്ള ഭര്‍ത്താവിനെ വഞ്ചിക്കാതെ ഭാര്യക്ക് ജീവിക്കാന്‍, വീട്ടിലുള്ള ഭാര്യയെ വഞ്ചിക്കാതെ വീട് വിട്ടുപോകുന്ന ഭര്‍ത്താവിനു ജീവിക്കാന്‍ സാധ്യമാകണമെങ്കില്‍ തക്വ്‌വ അനിവാര്യമാണ്. 

ഈ തക്വ്‌വ ഉണ്ടാകാനുള്ള മാര്‍ഗങ്ങളാണ് ആരാധനകള്‍. അവ കൃത്യമായി സമയബന്ധിതമായി നിര്‍വഹിക്കുക. ക്വുര്‍ആന്‍ പഠിക്കുക. ആശയം ഗ്രഹിക്കുക. ക്വുര്‍ആന്‍ ജീവിതത്തിന്റെ ഒരു ഭാഗമാക്കി മാറ്റുക. ''തീര്‍ച്ചയായും ഈ ക്വുര്‍ആനില്‍ ജനങ്ങള്‍ക്ക് വേണ്ടി നാം എല്ലാവിധത്തിലുമുള്ള ഉപമകള്‍ വിവരിച്ചിട്ടുണ്ട്; അവര്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി. അതെ, ഒട്ടും വക്രതയുള്ളതല്ലാത്ത, അറബിഭാഷയിലുള്ള ഒരു ക്വുര്‍ആന്‍. അവര്‍ സൂക്ഷ്മതപാലിക്കുവാന്‍ വേണ്ടി''(സുമര്‍ 27,28).

0
0
0
s2sdefault