വിചാര വിനിമയത്തിന്റെ അക്ഷര ലോകം

പി.എൻ. അബ്ദുല്ലത്വീഫ്‌ മദനി

2017 ജനുവരി 14 1438 റബിഉൽ ആഖിർ 15

അച്ചടിച്ചിറങ്ങുന്ന പത്രികകൾക്കിടയിലേക്ക്‌ ഒരു നവാഗതൻ കടന്നുവരുന്നു; `നേർപഥം` വാരിക. യാഥാർഥ്യങ്ങളെ തിരക്കിയിറങ്ങുന്നവർക്കുള്ള ഒരു തുരുത്ത്‌. ഇസ്‌ലാഹീ കേരളത്തിന്റെ ധർമ നിർവഹണത്തിൽ ഒരു ഊർജസ്വല പങ്കാളി.

ഗൗരവതരമായ വായന അന്യം നിൽക്കുന്ന ഒരാൾക്കൂട്ടത്തിലേക്ക്‌ മഹിതമായ പ്രാമാണിക ലിഖിതങ്ങളുമായി വായനക്കാർക്ക്‌ ഹൃദ്യമായ വിഭവങ്ങൾ ഒരുക്കി `നേർപഥം` കടന്നുവരികയാണ്‌.

പെട്ടിക്കടകളിൽ തൂങ്ങിക്കിടക്കുന്ന മഷി പുരണ്ട അസംബന്ധങ്ങൾക്ക്‌ പകരം ആർജവമുള്ള സത്യ സന്ദേശങ്ങൾ മാനവർക്കെത്തിക്കുകയെന്നതാണ്‌ `നേർപഥം` ലക്ഷ്യമാക്കുന്നത്‌.

ചുറ്റുപാടും വഴികേടിന്റെ വലകൾ കെട്ടി തമസ്സിന്റെ ഉപാസകർ യുവതയെ വേട്ടയാടുമ്പോൾ മനുഷ്യന്റെ സാമാന്യബോധത്തെ ബോധവൽക്കരിച്ച്‌ നേർവഴി നടത്താൻ `നേർപഥ`ത്തിനേ കഴിയൂ എന്ന ഉത്തമ ബോധ്യത്തിൽ നിന്നാണ്‌ `നേർപഥം` ഉയിരെടുത്തുത്‌.

നാടോടുമ്പോൾ നടുവേ ഓടുന്നവരുടേതല്ല `നേർപഥം.` കാടടക്കി വെടിക്കുന്നവരുടേതുമല്ല. ഇഹപര വിജയത്തെ ലക്ഷ്യമാക്കി മനുഷ്യമനസ്സുകളിലേക്ക്‌ ജ്ഞാനത്തിന്റെ പ്രഭ കോരിയിട്ടു കൊടുക്കാനാണ്‌ ഈ ആഴ്ചവട്ടക്കാരൻ രംഗത്ത്‌ വരുന്നത്‌.

ഒരു നൂറ്റാണ്ടോളം നീണ്ടുനിൽക്കുന്ന തൗഹീദീ പോരാട്ടത്തിന്റെ ധവള ചരിത്രം അടുത്ത തലമുറക്ക്‌ പകർന്ന്‌ കൊടുക്കാൻ നേർപഥത്തിനേ കഴിയൂ.

ആദർശവ്യതിയാനങ്ങൾ അലങ്കാരമായി കഴുത്തിലണിയുന്നവർ വഴിയിൽ വലിച്ചെറിയുന്ന പരമസത്യങ്ങളെ പെറുക്കിക്കൂട്ടി പൊടിതട്ടിയെടുത്ത്‌ സമൂഹത്തിന്‌ സമർപ്പിക്കാൻ `നേർപഥം` പ്രതിജ്ഞാബദ്ധമാണ്‌.

വായിൽ വരുന്നതെല്ലാം വിളിച്ചു പറയുന്ന ചില ബുദ്ധിജീവി നാട്യക്കാർ ആദർശത്തിനും പ്രസ്ഥാനത്തിനും വരുത്തിവെക്കുന്ന പരിക്കുകളിൽ മരുന്ന്‌ വെച്ച്‌ കെട്ടുന്ന ചുമതലയും `നേർപഥ`ത്തിന്നുണ്ട്‌.

ക്വുർആനും സുന്നത്തും സച്ചരിതരായ മൂൻഗാമികൾ ഗ്രഹിച്ചതിനനുസരിച്ച്‌ വളച്ച്‌ കെട്ടില്ലാതെ പറയാൻ അരങ്ങൊരുക്കുകയാണ്‌ `നേർപഥം.`

ക്ഷണിക കാലം കൊണ്ട്‌ മലയാളമണ്ണിൽ പ്രബോധന രംഗത്ത്‌ അഭൂതപൂർവമായ മുന്നേറ്റത്തിന്ന്‌ തേര്‌ തെളിച്ച ഉത്സാഹഭരിതരായ ഒരു പടയണിയുടെ പണിപ്പുരയിലാണ്‌ `നേർപഥം` പിറവിയെടുക്കുന്നത്‌.

നൈമിഷിക ലാഭങ്ങളെ മുന്നിൽകണ്ട്‌, ഇസ്‌ലാഹീ ആദർശത്തനിമയെ കയ്യൊഴിച്ചവരുടെ വൈരുധ്യങ്ങൾ ഇണചേർന്നു നിൽക്കുന്ന ദുരന്ത നാടകങ്ങൾ കണ്ട്‌ നിരാശപ്പെടുന്ന ആദർശ സ്നേഹികൾക്ക്‌ ആത്മവിശ്വാസത്തിന്റെ സന്ദേശമായിട്ടാണ്‌ `നേർപഥം` കടന്നു വരുന്നത്‌.

എല്ലാ വീട്ടിലും നേർപഥമെത്തണം. വിചാരവിനിമയങ്ങളുടെ ലോകത്ത്‌ `നേർപഥം` ഒരു വിസ്മയമാകണം. കുടിലിലും കൊട്ടാരത്തിലും ഇസ്ലാമിക മൂല്യങ്ങളുടെ ദൂതുമായി `നേർപഥം` വിരാജിക്കണം.

പ്രപഞ്ചനാഥന്റെ തുണയുണ്ടെങ്കിൽ, അവനിൽ ഭരമേൽപിച്ച പ്രചാരകരുണ്ടെങ്കിൽ നേർപഥം അത്ഭുതം തീർക്കും.

0
0
0
s2sdefault