വേരുറക്കേണ്ട സ്വഭാവങ്ങള്‍

അശ്‌റഫ് എകരൂല്‍

2017 സെപ്തംബര്‍ 23 1438 ⁠⁠മുഹറം 3

ഇസ്‌ലാമിക് പാരന്റിംഗ്: 31

1. ശ്രദ്ധയും മൗനവും

അല്ലാഹു മനുഷ്യന് നല്‍കിയ രണ്ടു മഹാ അനുഗ്രഹങ്ങളാണ് സംസാര ശേഷിയും കേള്‍വിശക്തിയും. അവ രണ്ടും അനിവാര്യമായ തോതുകളില്‍ മാത്രം ഉപയോഗിക്കുന്നതിലാണ് വ്യക്തിത്വത്തിന് മാര്‍ക്ക് കൂടുന്നതും കുറയുന്നതും. അതിനാല്‍ തന്നെ അവയുടെ അനിവാര്യ തോതുകളിലുള്ള ഉപയോഗവും അതിന്റെ പ്രാധാന്യവും കുട്ടികളില്‍ നാം ചെറുപ്പത്തിലേ ശീലമാക്കി കൊണ്ട്‌വരേണ്ടതുണ്ട്. മനുഷ്യന് അല്ലാഹു നല്‍കിയ ഈ രണ്ട് അനുഗ്രഹങ്ങളുടെയും അളവ് ഒന്ന് നോക്കൂ; രണ്ടു കാതുകള്‍ കേള്‍ക്കാന്‍ തന്നപ്പോള്‍ ഒരു നാവ് ആണ് സംസാരത്തിന്നായി തന്നത്! നാവിന്റെ ഇരട്ടി കാതുകളാണ് ഉപയോഗിക്കേണ്ടതെന്ന ഒരു തത്ത്വം അതിലടങ്ങിയിട്ടുണ്ടോ ആവോ? അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍.  

മനുഷ്യന് ഉണ്ടാവേണ്ട ഏറ്റവും നല്ല ഗുണങ്ങളില്‍ ഒന്നാണ് മറ്റുള്ളവരുടെ സംസാരം മൗനമായി ശ്രദ്ധിച്ചു കേള്‍ക്കുക എന്നത്. മറ്റുള്ളവരുടെ സംസാരത്തിനിടയില്‍ കയറി സംസാരിക്കാതിരിക്കുകയും അവര്‍ പറഞ്ഞു തീരും മുമ്പ് മറുപടി 'എറിയാ'തിരിക്കുകയെന്നത് ഇസ്‌ലാമിക പാരന്റിംഗില്‍ വരുന്ന പരിശീലനമാണ്. ഇന്ന് വ്യക്തിത്വ വികാസത്തിന്റെ ഭാഗമായി നല്‍കുന്ന ക്ലാസ്സുകളിലെ ഒരു പ്രധാന ടിപ്പ് ഇതാണ് Listening skill. അഥവാ ആധുനിക സമൂഹം അത് തിരിച്ചറിഞ്ഞിരിക്കുന്നുവെന്നര്‍ഥം. മറ്റൊരു സംസാരം കേള്‍ക്കുമ്പോള്‍ അത് ശ്രദ്ധിക്കാതെ ഏറ്റു പറയുകയോ സംസാരം മുറിക്കുകയോ ചെയ്യുന്നത് നല്ലതല്ല. വിശുദ്ധ ക്വുര്‍ആന്‍ പാരായണം കേള്‍ക്കുന്ന നേരത്ത് മൗനം അവലംബിക്കാനും ശ്രദ്ധ കൊടുക്കാനും കല്‍പിക്കുന്ന ഒരു വചനം ഉണ്ട് വിശുദ്ധ ക്വുര്‍ആനില്‍. അല്ലാഹു പറയുന്നു: 

''ക്വുര്‍ആന്‍ പരാമായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം'' (7:204). പ്രമുഖ ക്വുര്‍ആന്‍ വ്യാഖ്യാതാവായ ഇബ്‌നു കഥീര്‍(റഹി) ഈ വചനത്തിന്റെ വ്യഖ്യാനത്തില്‍ പറയുന്നത്, ഈ വചനം അവതരിച്ചത് ഒരു അന്‍സാരി ചെറുപ്പക്കാരന്റെ കാര്യത്തിലാണ്, നബി ﷺ ക്വുര്‍ആന്‍ പാരായണം ചെയ്യുമ്പോഴെല്ലാം അയാളും ഓതിക്കൊണ്ടിരിക്കും. അപ്പോഴാണ് ഈ വചനം ഇറങ്ങിയത് എന്നാണ്. ആശയം മനസ്സില്‍ കടക്കുംവിധം കേള്‍വിയെ തുറന്നിടണം എന്നാണ് ഇതിലൂടെ അല്ലാഹു പഠിപ്പിക്കുന്നത്. 

2. സത്യസന്ധത

സത്യസന്ധത ഇസ്‌ലാമിക സ്വഭാവങ്ങളിലെ  അടിസ്ഥാന ഗുണങ്ങളില്‍ ഒന്നാണ്. അത് ബാല്യത്തിലേ നട്ടുവളര്‍ത്തുകയും അതിന് ഉണക്കവും തളര്‍ച്ചയും കാണുന്നിടത്ത് തിരുത്തലുകള്‍ നല്‍കുകയും ചെയ്യുകയെന്നതാണ് പാരന്റിങ്ങിലെ ഒരു പ്രധാന ജോലി. അല്ലാഹുവിന്റെ പ്രവാചകന്‍ ﷺ , കുട്ടികളില്‍ ഈ ഗുണം വളരെയേറെ ശ്രദ്ധിക്കുകയും അതിനെ വിപരീതമായി ബാധിക്കുന്ന കാര്യങ്ങളില്‍ സൂക്ഷ്മ നിരീക്ഷണം നടത്തുകയും ചെയ്യാറുണ്ടായിരുന്നു. പ്രത്യേകിച്ച് മാതാപിതാക്കളുടെ ഭാഗത്തു നിന്ന് അതിന്റെ ഗൗരവത്തെ ലളിതവത്കരിക്കുന്ന ഒന്നും വരാതിരിക്കാന്‍ നബി ﷺ കണിശ നിലപാട് കൈക്കൊള്ളുകയും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കാരണം മക്കള്‍ മാതൃകയായി ആദ്യം നോക്കുന്നത് അവരിലേക്കാണ്. മാതാപിതാക്കള്‍ സത്യം മാത്രം പറയുകയെന്ന ഇസ്‌ലാമിക രീതിയെ തെറ്റിച്ചാല്‍ അത് മക്കള്‍ക്ക് സത്യസന്ധരാവുകയെന്ന നിഷ്‌കര്‍ഷ സ്വഭാവത്തില്‍ വിട്ടുവീഴ്ചത്ത വരുത്താന്‍ പ്രോത്സാഹനമാകും. 

മക്കളോട് നിസ്സാര കാര്യത്തില്‍ പോലും കള്ളം പറയരുതെന്നും വഞ്ചന കാണിക്കരുതെന്നും അത് ഗാരവമുള്ളതാണെന്നും നബി ﷺ പഠിപ്പിക്കുമായിരുന്നു. അബ്ദുള്ളാഹിബ്‌നു ആമിറി(റ)ല്‍ നിന്ന് ഇമാം അബൂദാവൂദ് ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: ''ഒരിക്കല്‍, നബി ﷺ ഞങ്ങളുടെ വീട്ടില്‍ ഇരിക്കുകയായിരുന്നു. അന്നേരം എന്റെ ഉമ്മ എന്നെ വിളിച്ചിട്ട് പറഞ്ഞു: 'ഇങ്ങോട്ട് വാ, നിനക്ക് ഒരു സാധനം തരാം.' ഇത് കേട്ട റസൂല്‍ ﷺ അവരോടു ചോദിച്ചു: 'എന്താണ് നീ അവന് കൊടുക്കുവാന്‍ വിചാരിച്ചത്?' ഉമ്മ  പറഞ്ഞു: 'ഞാന്‍ അവന് കാരക്ക കൊടുക്കാനാണ് വിളിച്ചത്.' അപ്പോള്‍ നബി ﷺ പറഞ്ഞു: 'എന്നാല്‍, നീ ഒന്നും കൊടുക്കാന്‍ ഉദ്ദേശിച്ചിട്ടില്ലായിരുന്നുവെങ്കില്‍ (അവന്‍ വരാന്‍ വേണ്ടി മാത്രം അങ്ങനെ പറഞ്ഞതായിരുന്നെങ്കില്‍) അല്ലാഹു നിന്റെ മേല്‍ ഒരു കളവു രേഖപ്പെടുത്തുമായിരുന്നു.' 

നമ്മുടെ കുട്ടികളോട് നാം കളവും  വാഗ്ദത്ത ലംഘനവും നടത്താറുണ്ടോ? അങ്ങനെ ചെയ്യുന്നവര്‍ മക്കളോട് 'കളവു പറയരുതെ'ന്നും 'സത്യം മാത്രമേ പറയാവൂ' എന്നും ഉപദേശിക്കുന്നതിന്റെ നിരര്‍ഥകതയും അപകടവുമാണ് നബി ﷺ നമുക്ക് ഇതിലൂടെ വെളിപ്പെടുത്തി തരുന്നത്. 

3. രഹസ്യം സൂക്ഷിക്കല്‍

കുട്ടികളില്‍ വളരെയേറെ ഗൗരവത്തില്‍ ശീലിപ്പിക്കേണ്ട ഒരു ഇസ്‌ലാമിക ഗുണമാണിത്. വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും കെട്ടുറപ്പും സുരക്ഷിതത്വവും നിലനിര്‍ത്തുന്നതിലും തകര്‍ക്കുന്നതിലും ഈ രംഗത്തെ സൂക്ഷ്മതക്കും അവഗണനക്കും വലിയ പങ്കുണ്ട്. പറയേണ്ട രഹസ്യങ്ങള്‍ പറയേണ്ടവരോട് മാത്രം പറയുകയും, പറയാന്‍ പാടില്ലാത്തിടത്ത് അത് വെളിപ്പെടുത്താതിരിക്കുകയും ചെയ്യുകയെന്നത് ഇസ്‌ലാമിക മൂല്യങ്ങളില്‍ ഒന്നാണ്. നബി ﷺ വളര്‍ത്തിയ കുട്ടികളില്‍ ഇത് രൂഢ മൂലമായിരുന്നു. അതിന്റെ ഗുണം വീടുകളിലും ഇസ്‌ലാമിക സമൂഹത്തിലും നിലനിന്നിരുന്നു. ഇന്ന് പല കുടുംബങ്ങളിലെയും ആഭ്യന്തര കലഹങ്ങള്‍ക്ക് കാരണം കുട്ടികളുടെ സാന്നിധ്യത്തില്‍ പറയപ്പെടുന്ന പലതും നിഷ്‌കളങ്കതയോടെ അവര്‍ പുറത്തു പറയുന്നതാണ്. ഇങ്ങനെ ഒരു ഗുണം നമുക്ക് ഉണ്ടാവേണ്ടതുണ്ടെന്നും അത് അല്ലാഹുവില്‍ പ്രതിഫലാര്‍ഹമാണെന്നും നാം മക്കളെ ബോധ്യപ്പെടുത്തണം. നബി ﷺ യുടെ സേവകനായിരുന്ന അനസ് എന്ന കുട്ടിയുടെ സംഭവം ഇവിടെ സ്മരണീയമാണ്. വീട്ടില്‍ എത്താന്‍ വൈകിയ മകനോട് എന്തുകൊണ്ടാണ് വൈകിയതെന്നു ചോദിച്ചപ്പോള്‍ ഞാന്‍ നബി ﷺ യുടെ ഒരു കാര്യത്തിന് പോയതാണ് എന്ന് പറഞ്ഞു. അതെന്തായിരുന്നുവെന്ന് ഉമ്മ തിരക്കിയപ്പോള്‍ നബി ﷺ യുട ശിക്ഷണത്തില്‍ വളര്‍ന്ന ആ കുട്ടിയുടെ മറുപടി 'നബി ﷺ യുടെ രഹസ്യം ഞാന്‍ ആരോടും പറയുകയില്ല' എന്നായിരുന്നു. ആ ഉമ്മയുടെ പ്രതികരണം അതിലും ഉത്തമമായിരുന്നു. അവര്‍ പറഞ്ഞു: 'അപ്രകാരം തന്നെയാണ് വേണ്ടത്. നബി ﷺ യുടെ രഹസ്യങ്ങള്‍ നീ ആരെയും അറിയിക്കരുത്'(അദബുല്‍ മുഫ്‌റദ്, ബുഖാരി). കുടുംബത്തിലെയും അയല്‍ വീട്ടിലെയുമെല്ലാം രഹസ്യങ്ങള്‍ കുട്ടികളോട് കുത്തിക്കുത്തി ചോദിച്ച് പുറത്തെടുക്കുന്നവര്‍ക്ക് ഈ മാതാവില്‍ ഉത്തമമായ മാതൃകയുണ്ട്.  

4. വിശ്വസ്തത

മനുഷ്യന്റെ അഭിമാനവും സമ്പത്തും സുരക്ഷിതമായി നിലനിര്‍ത്തുന്നതിലും വളര്‍ത്തുന്നതിലും മുഖ്യ പങ്ക് വഹിക്കുന്ന ഒരു മാനവിക ഗുണമാണ് വിശ്വസ്തത. ഇസ്‌ലാം ഈ ഗുണത്തിന് വലിയ ഗൗരവം നല്‍കിയിട്ടുണ്ട്. ഇന്നത്തെ മക്കളാണ് നാളെ നമ്മുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും വലിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനുള്ളവര്‍. വിശ്വസ്തത കുഞ്ഞുനാളിലേ നാം മക്കളില്‍ വളര്‍ത്തിയെടുക്കണം. വീഴ്ചകള്‍ പരിശോധിക്കുകയും തെറ്റുകള്‍ തിരുത്തുകയും വേണം. 

മക്കളെ പാടെ അവിശ്വസിക്കുന്ന രീതിയോ അവരെ കഴിവ് കെട്ടവരായി കാണുന്ന രീതിയോ നല്ലതല്ല. പ്രായത്തിന് അനുയോജ്യമായ ഉത്തരവാദിത്തങ്ങള്‍ അവരെ ഏല്‍പിക്കണം. അതിന് നാം കരുത്തും പ്രോത്സാഹനവും നല്‍കണം. അമിതവ്യയം ചെയ്യുന്നതിലെ അപകടം അവരെ ബോധ്യപ്പെടുത്തണം. നമ്മുടെ ചുറ്റുപാടുകളില്‍ നിന്നുമുള്ള ഉദാഹരണങ്ങള്‍ അവര്‍ക്കു ചൂണ്ടിക്കാണിച്ചു കൊടുക്കുന്നതിലൂടെയാകുമ്പോള്‍ ഇത് കൂടുതല്‍ ഫലപ്രദമായിരിക്കും. സാമ്പത്തികമായി നല്ല നിലയിലായിരുന്ന വീട്ടിലെ മക്കളുടെ ധൂര്‍ത്തിലൂടെ ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ ചെന്ന് വീണ കുടുംബങ്ങളെ കാണിച്ചു കൊടുത്ത് സമ്പത്തും മറ്റും വിശ്വസ്തതയോടെ കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് ദിശാബോധം നല്‍കുന്ന് ഏറെ ഗുണകരമായിരിക്കുമെന്നതില്‍ സംശയമില്ല. നബി ﷺ ഉണര്‍ത്തിയത് ശ്രദ്ധിക്കുക: '...മകന്‍ പിതാവിന്റെ സമ്പത്തില്‍ ഉത്തരവാദിത്തം ഉള്ളവനാണ്. അവന്‍ താന്‍ ഉത്തരവാദിത്തം ഏല്പിക്കപ്പെട്ടതിനെ കുറിച്ച് ചോദ്യം ചെയ്യപ്പെടും...'(ബുഖാരി).  

നബി ﷺ കുഞ്ഞുപ്രായത്തിലേ ഈ ഗുണവിശേഷണം നേടിയിരുന്നു. കുട്ടികളില്‍ അത് നിലനില്‍ക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. നബി ﷺ കൊടുത്തയച്ച കാരക്കയില്‍ നിന്ന് അവിടെ എത്തും മുമ്പ് ഒന്ന് എടുത്ത് തിന്നതിന്റെ പേരില്‍ നബി ﷺ ചെവിക്കു പിടിച്ചതായി സ്വഹാബിയായ അബ്ദുല്ലാഹിബ്‌നു ബസ്വര്‍ പറഞ്ഞത് ഇമാം നവവി തന്റെ അല്‍ അദ്കാറില്‍ വിശദീകരിക്കുന്നുണ്ട്. 

ചുരുക്കത്തില്‍ ഇത്തരം ഗുണങ്ങളുടെ കൃഷിയിടമാണ് നമ്മുടെ കുടുംബാന്തരീക്ഷം. അതിന്റെ വിത്തു പാകലും കള പറിക്കലും എല്ലാം അതാത് സമയങ്ങളില്‍ വേണം. ഒരു നല്ല കൃഷിക്കാരന്‍ സദാ ജാഗരൂകനായിരിക്കും. മക്കളുടെ കാര്യത്തില്‍ ഒരു നല്ല വിശാസിയും തഥൈവ. (തുടരും)

0
0
0
s2sdefault