വേണം നമ്മുടെ പൊലീസിനൊരു പെരുമാറ്റച്ചട്ടം‍

പത്രാധിപർ  

2017 ഏപ്രില്‍ 15 1438 റജബ് 18

മാടമ്പിമാരും നാട്ടുപ്രമാണിമാരുമായിരുന്നു, രണ്ട് ശതാബ്ദങ്ങള്‍ക്ക് മുമ്പ് വരെ നാട്ടിലെ പൊലീസ് അധികാരം കയ്യാളിയിരുന്നത്. ദേശകാവല്‍ക്കാര്‍, പാര്‍വത്യക്കാര്‍, തഹസില്‍ദാര്‍മാര്‍ എന്നിങ്ങനെയായിരുന്നു അന്നത്തെ തിരുവിതാംകൂറിലെ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള കൃത്യനിര്‍വഹണക്കാര്‍. പൊതുവെ ജന്‍മി-കുടിയാന്‍ മനോഭാവത്തില്‍ നിന്ന് മുക്തമല്ലാത്ത ഒരു നാട്ടില്‍ സ്വജന പക്ഷപാതം, പര പീഡനം, ഗുണ്ടായിസം എന്നിവക്കൊന്നും മറ്റു വഴികള്‍ തേേടണ്ടതില്ലായിരുന്നു. ഭരണാധികാരികള്‍ തങ്ങളുടെ ഇംഗിതങ്ങള്‍ പ്രയാസരഹിതമായി നടപ്പാക്കാനുള്ള വേട്ടപ്പട്ടികളായിട്ടായിരുന്നു ഒരു പരിധി വരെ ഈ മൂന്ന് വിഭാഗക്കാരെയും ഉപയോഗിച്ചിരുന്നത്.

കാലം മാറി. പൊലീസിന്റെ ഘടനയിലും ഡ്രസ്സിംഗ് കോഡിലും സാരമായ മാറ്റങ്ങള്‍ സംഭവിച്ചു. പക്ഷേ, മട്ടും ഭാവവും കണ്ടാല്‍ പഴയ നാടുവാഴി പാര്‍വത്യക്കാരില്‍ നിന്ന് ഏറെയൊന്നും പുരോഗമിച്ചിട്ടില്ല നമ്മുടെ പൊലീസും എന്ന് ബോധ്യമാവുന്ന തരത്തിലാണ് കേരളത്തിലെ ഏറ്റവും പുതിയ ആഭ്യന്തര നടപടികളെ കുറിച്ചുള്ള വാര്‍ത്തകളെല്ലാം നമ്മെ കൊണ്ടെത്തിക്കുന്നത്.

ഫീസ് നല്‍കി പഠിക്കുന്ന സ്ഥാപനത്തിലെ ദുഃസ്സഹമായ പീഡനത്തില്‍ മനംനൊന്ത് ഒരു കൗമാരക്കാരന്‍ ആത്മഹത്യ ചെയ്യുക, കുറ്റക്കാരന്‍ സൈ്വര്യവിഹാരം നടത്തുക, പ്രതിഷേധിച്ച ഇരയുടെ അമ്മയെ നടുറോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി അറസ്റ്റ് ചെയ്യുക, അതിനെ ചോദ്യം ചെയ്തവരെ മൃഗീയമായി തല്ലിച്ചതയ്ക്കുക... കേട്ടുകേള്‍വിയില്ലാത്ത കിരാത നടപടികളാണ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ അരങ്ങേറിയത്.

പക്ഷപാതപരമായി യു.എ.പി.എ ചുമത്തലും അന്യായമായ അറസ്റ്റുകളും പേടിപ്പെടുത്തുന്ന റെയ്ഡ് മഹാമഹങ്ങളും നടത്തി രാജ്യത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയതും ഇതേ പൊലീസ് സേന തന്നെയായിരുന്നു.

1809ല്‍ കാവല്‍ക്കാര്‍ എന്ന പേരില്‍ ദിവാന്‍ ഉമ്മിണിത്തമ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സേന രൂപീകരിച്ചപ്പോഴും 1814ല്‍ റാണി പാര്‍വതീ ഭായിയുടെ കാലത്ത് റസിഡന്റായിരുന്ന കേണല്‍ മണ്‍റോ പൊലീസ് വകുപ്പ് പരിഷ്‌കരിച്ചപ്പോഴും 1847ലെ ഒന്നാം റെഗുലേഷനിലും 1854ലെ രണ്ടാം റെഗുലേഷനിലും 1861ലെ ശാസ്ത്രീയമായ പൊലീസ് സേനയുടെ രൂപീകരണത്തിലും ദിവാന്‍ രാമയ്യങ്കാരുടെ റിപ്പോര്‍ട്ട് പ്രകാരം 1881ല്‍ നിലവില്‍ വന്ന പരിഷ്‌കരണത്തിലും തുടര്‍ന്നങ്ങോട്ട് 1960ലെ പ്രഥമ ഇ.എം.എസ് ഗവണ്‍മെന്റിന്റെ പൊലീസ് ചട്ടത്തിലും ഈയിടെ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി പുറത്ത് വന്ന ജനകീയ പൊലീസ് രൂപീകരണത്തിലുമെല്ലാം ആവര്‍ത്തിച്ച് പറഞ്ഞ പൊലീസ് നയമെന്നത് ജനസേവനവും വ്യക്തി, ശക്തികള്‍ പരിഗണിക്കാതെയുള്ള നീതി നിര്‍വഹണവുമായിരുന്നു.

എന്നാല്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ കിങ്കരന്‍മാരാണ് പൊലീസ് എന്ന പഴയ നാടുവാഴിബോധത്തില്‍ നിന്ന് അരയിഞ്ച് മുന്നോട്ട് നീങ്ങിയിട്ടില്ല ഇന്നും നമ്മുടെ പൊലീസ് സേന എന്നതിന് വര്‍ത്തമാന സംഭവവികാസങ്ങള്‍ സാക്ഷിയാണ്.

രാജ്യത്തിന്റെ സാമൂഹികഭദ്രതക്കും പരസ്പര ഐക്യത്തിനും കെട്ടുറപ്പുള്ള നിയമ സംവിധാനങ്ങള്‍ക്കുമെല്ലാം പൊലീസിന്റെ ക്രിയാത്മകവും നിഷ്പക്ഷവുമായ കൃത്യനിര്‍വഹണം അനിവാര്യമാണ്. എവിടെ അത് കൈമോശം വരുന്നുവോ അവിടെ പൗരന്‍മാര്‍ നിയമം കയ്യിലെടുക്കുകയും രാജ്യത്ത് അരാജകത്വം നടമാടുകയും ചെയ്യും. അത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് നാട് നടന്നടുക്കേണ്ടതില്ല എങ്കില്‍ ഉത്തരവാദപ്പെട്ടവര്‍ ക്രാന്തദര്‍ശിത്വത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്.

0
0
0
s2sdefault