വഴിയോര പുസ്തകക്കച്ചവടക്കാരന്‍

ഇബ്‌നു അലി എടത്തനാട്ടുകര

2017 മെയ് 13 1438 ശഅബാന്‍ 16

ഓഫീസില്‍ കയറിവന്ന ആ യുവാവ് എന്നെ കണ്ടപ്പോള്‍ പരിചയ ഭാവത്തില്‍ ചിരിച്ചെങ്കിലും പെട്ടെന്നെനിക്ക് ആളെ  മനസ്സിലായില്ല. ഞാന്‍ തിരിച്ചറിഞ്ഞില്ലെന്ന പരിഭവത്തോടെ അവന്‍ എന്നെ വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി. രണ്ട് പതിറ്റാണ്ട് മുമ്പ് മറ്റൊരു ജില്ലയില്‍ മറ്റൊരു ഓഫീസിലായിരിക്കെ നടന്ന സംഭവങ്ങള്‍ മനസ്സില്‍ തെളിഞ്ഞുവന്നു. മീശമുളക്കാത്ത ഒരു പയ്യന്‍ അന്ന് പുസ്തകങ്ങള്‍ വില്‍ക്കാന്‍ ഓഫീസിലെത്താറുണ്ടായിരുന്നു. പഠനച്ചെലവിന് ഇടക്ക് ക്ലാസ്സില്‍ പോകാതെ പുസ്തകം വിറ്റ് കാശുണ്ടാക്കാനായിരുന്നു കച്ചവടം. ആവശ്യമില്ലെങ്കില്‍ പോലും ഞങ്ങള്‍ അവനെ സഹായിക്കാനായി പുസ്തകങ്ങള്‍ വാങ്ങാറുണ്ടായിരുന്നു. അവന്റെ കൈവശമില്ലാത്ത ഗ്രന്ഥം ആവശ്യപ്പെട്ടാല്‍ ഒട്ടൊരു വിഷമത്തോടെ ഇല്ലെന്ന് പറയുകയും അടുത്ത തവണ കൊണ്ടുവരാമെന്ന് പറയുകയും വാക്ക് പാലിക്കുകയും ചെയ്യാറുണ്ടായിരുന്നു.

പണ്ടത്തെ അപേക്ഷിച്ച് ഇപ്പോള്‍ ഇത്തിരി നിറവും തടിയും മിനുപ്പും ഒപ്പം കട്ടിമീശയുമുണ്ട്. കഠിനാധ്വാനിയായിരുന്ന അവന്‍ മിടുക്കനാണെന്ന് അന്നേ ഞങ്ങള്‍ പറയാറുണ്ടായിരുന്നു. ഇന്ന് അവനു സ്വന്തമായി ഭൂമിയുണ്ട്, വീടുണ്ട്, വ്യാപാര സ്ഥാപനമുണ്ട്, കച്ചവട ആവശ്യത്തിനു ലോറികളുണ്ട്, യാത്രക്ക് സ്വന്തമായി കാറുമുണ്ട്, ജോലിക്കാര്‍ വേറെയും! മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കാര്‍ഷിക ഉപകരണങ്ങളും മറ്റു വസ്തുക്കളും കൊണ്ടുവന്ന് കടകളില്‍ വിതരണംചെയ്യുന്ന നല്ല വ്യാപാരിയാണിന്നവന്‍.

പണ്ട് തെങ്ങു കയറാന്‍ ആളെ കിട്ടുന്നില്ലെന്നു പരിഭവം പറഞ്ഞ സുഹൃത്തിനോട് ആളെ കിട്ടിയില്ലെങ്കില്‍ ഞാന്‍ ഏര്‍പാട് ചെയ്യാം എന്ന് അവന്‍ പറഞ്ഞപ്പോള്‍ ആരാണു പരിചയമുള്ള പണിക്കാരന്‍ എന്ന് ചോദിച്ചത് ഓര്‍ത്തു പോയി. അതിനു തയ്യാറുള്ള പണിക്കാരന്‍ അവന്‍ തന്നെയായിരുന്നു.

സഹപ്രവര്‍ത്തകര്‍ക്കും മറ്റും ഞാന്‍ അവന്‍ എന്റെ സുഹൃത്താണെന്ന് പരിചയപ്പെടുത്തി. അവന്‍ പോയപ്പോള്‍ അവന്റെ പഴയകാല കഥകള്‍ വിവരിച്ചുകൊടുത്തു. ഞാനില്ലെങ്കിലും അവന് പ്രത്യേക പരിഗണന നല്‍കണമെന്നും ഓര്‍മിപ്പിച്ചു.

ജീവിതമെന്നത് വിസ്മയിപ്പിക്കുന്ന ഒന്നാണ്. പണ്ട് കണ്ട പലരെയും മാറിയ വേഷത്തിലും ഭാവത്തിലുമാണ് പിന്നീട് കാണുന്നത്. പണക്കാരന്‍ ദരിദ്രനാകുന്നു. പണിക്കാരന്‍ സമ്പന്നനാകുന്നു. തൊഴിലാളി മുതലാളിയാകുന്നു... അങ്ങനെയങ്ങനെ... ചിന്തോദ്ദീപകമായ എന്തെല്ലാം!

പണിക്കാരന്‍ പെട്ടെന്ന് പണക്കാരനാകുമ്പോള്‍ ഭൂതകാല കാര്യങ്ങള്‍ മറന്ന് അഹങ്കാരിയായി നടക്കുന്നതും നല്ലകാലത്ത് ആരെയും ഗൗനിക്കാതെ പത്രാസില്‍ നടന്നിരുന്നവര്‍ ആകെ തകര്‍ന്ന് നടക്കുന്നതും നമ്മള്‍ കാണുന്നു. ഏത് അവസ്ഥയിലും സ്രഷ്ടാവിനെ മറക്കാതെ ജീവിക്കുക എന്നതാണ് ബുദ്ധി.

ഇന്നു ഞാന്‍, നാളെ നീ...! ഇന്നത്തെ ആരെല്ലാം നാളെ സമ്പന്നരാകുമെന്നോ, ദരിദ്രരാകുമെന്നോ ഉള്ള വിവരം നമ്മുടെ അറിവിനപ്പുറമാണല്ലോ.

0
0
0
s2sdefault