വഴി തെറ്റുന്ന ഇളം തലമുറ പ്രതികള്‍ ആര്? 

അശ്‌റഫ് എകരൂല്‍ 

2017 മാര്‍ച്ച് 25 1438 ജമാദുല്‍ ആഖിര്‍ 26

ഇസ്‌ലാമിക് പാരന്റിംഗ്: 11

കുട്ടികളുടെ ജീവിതം വഴിതെറ്റിക്കുന്ന പ്രതികളെ തേടിയുള്ള അന്വേഷണത്തിലാണ് നമ്മളുള്ളത്. കഴിഞ്ഞ ലക്കത്തില്‍ രണ്ട് പ്രതികളെ നാം പിടികൂടി. ഇനി മറ്റ് ചില പ്രതികളെ കൂടി പരിചയപ്പെടാം.

വിവാഹമോചനങ്ങളും തന്മൂലം കണ്ണികള്‍ പൊട്ടുന്ന കുടുംബ ജീവിതവും: ഇളം തലമുറകളെ വഴികേടിലേക്ക് തള്ളിവിടുന്ന അടിസ്ഥാന കാരണങ്ങളില്‍ ഒന്നാണ് വര്‍ധിച്ച് വരുന്ന വിവാഹ മോചനങ്ങളും അതിനെ തുടര്‍ന്ന് അത്താണി നഷ്ടപ്പെട്ട് പെരുവഴിയിലാകുന്നവരും. മക്കള്‍ക്ക് മാനസിക സ്ഥൈര്യവും ജീവിത സുരക്ഷയും കിട്ടാക്കനിയാവുകയും അഭയം നല്‍കേണ്ട ചിറകുകള്‍ ദുര്‍ബലമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു തുടങ്ങുന്നു. വളര്‍ച്ചയുടെ ഓരോ പടവും ചവിട്ടിക്കയറുമ്പോഴും വാത്സല്യത്തിന്റെ നിറകുടമാവേണ്ട ഉമ്മയോ, മേല്‍ക്കൂര പണിയേണ്ട ഉപ്പയോ അവരോടൊപ്പമില്ലെന്ന തിരിച്ചറിവ് കൃത്രിമമായ അഭയ കേന്ദ്രങ്ങളെ തേടിയുള്ള യാത്രയിലേക്ക് അവരെ തള്ളിവിടുന്നു. മറ്റു ചിലപ്പോള്‍ ഇത്തരം വീടുകളിലുള്ള പല മാതാക്കളും പുറത്തു ജോലിക്ക് പോകാന്‍ നിര്‍ബന്ധിതരാകുന്നു. മക്കളെ പരിപാലിക്കേണ്ട സമയങ്ങളിലധികവും അന്നം തേടി അവര്‍ പുറത്തായിരിക്കും. അതുമല്ലെങ്കില്‍ ആ സമയം മക്കള്‍ വീടിനു പുറത്ത് അലക്ഷ്യമായി അലഞ്ഞു നടക്കാന്‍ കഴിയും വിധം അവഗണിക്കപ്പെട്ടിരിക്കുകയാകും. ഇതെല്ലാം നന്മയുടെ ചട്ടക്കൂടില്‍ വളരേണ്ട മക്കളെ തിന്മയുടെ തരിശ് ഭൂമിയില്‍ വളരാന്‍ കാരണമാക്കുന്നു.

ഇവിടെയാണ് ഇസ്‌ലാം ഒരുക്കുന്ന സുരക്ഷിതമായ കുടുംബ സംവിധാനത്തിന്റെ പ്രസക്തി വിലപ്പെട്ടതാകുന്നത്. വിവാഹ മോചനത്തിലേക്ക് തള്ളിവിടുന്ന സാഹചര്യങ്ങള്‍ കുടുംബാന്തരീക്ഷത്തിലേക്ക് കടന്നു വരാനുള്ള വാതായനങ്ങളെ ഇസ്‌ലാം പരമാവധി അടച്ചു കളയുകയാണ് ആദ്യമായി ചെയ്യുന്നത്. ദമ്പതികള്‍ക്ക് ഉത്തരവാദിത്തങ്ങളും അവകാശങ്ങളും അവരവരുടെ ശാരീരിക മാനസിക പ്രകൃതി പരിഗണിച്ച കൊണ്ട് നിര്‍ണയിച്ചു നല്‍കിയാണ് ഇത് സാധ്യമാക്കുന്നത്.

അവ ഇരുപേരും അറിഞ്ഞും അംഗീകരിച്ചും, കൊണ്ടും കൊടുത്തും, ജീവിക്കാന്‍ ശീലിക്കുകയെന്നത് മാത്രമാണ് വിശ്വാസികളുടെ സമൂഹത്തില്‍ വിവാഹമോചനങ്ങളും അതിലേക്ക് വഴിനടത്തുന്ന പിണക്കങ്ങളും കുറച്ച് കൊണ്ട് വരാനുള്ള വഴികളില്‍ പ്രധാനപ്പെട്ടത്. ഇന്നത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് ഉയര്‍ന്ന വിദ്യഭ്യാസവും സാംസ്‌കാരിക ഔന്നിത്യവും പുലര്‍ത്തുന്ന വീടുകളിലാണ് ഇതൊന്നും വേണ്ടത്ര കിട്ടിയിട്ടില്ലാത്ത വീടുകളിലെക്കാള്‍ കൂടുതല്‍ കുടുംബ പ്രശ്‌നങ്ങളും വിവാഹ മോചനങ്ങളും നടക്കുന്നത് എന്നതാണ്. 

കുടുംബങ്ങളുടെ കണ്ണികള്‍ ഇഴചേര്‍ക്കുകയും അവയെ പരസ്പരം ശക്തിപ്പെടുത്തുകയും ചെയ്യുന്ന, ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തരവാദിത്തങ്ങളും അവകാശങ്ങളും ആഴത്തില്‍ മനസ്സിലാക്കാന്‍ നാം തയ്യാറാവേണ്ടതുണ്ട്. ഇസ്‌ലാം നമുക്ക് നിര്‍ണയിച്ചു നല്‍കിയ ബാധ്യതകളും അവകാശങ്ങളും എന്തൊക്കെയെന്ന് ഒരു പുനര്‍വായന ഉണ്ടാവുകയും, ജീവിതപുസ്തകത്തിന്റെ താളുകളിലേക്ക് ഒരിക്കല്‍ കൂടി അവ പകര്‍ത്തി എഴുതുകയും ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്തൊക്കെയാണവ? ദമ്പതികള്‍ക്ക് വെളിച്ചമാവും വിധം അവ ചുരുക്കിപ്പറയാം: 

1. കുടുംബ നാഥനായ ഭര്‍ത്താവിനോടുള്ള മാന്യമായ അനുസരണം: അല്ലാഹുവിന്റെ അടുക്കല്‍ അതിന്റെ പ്രതിഫലം എത്രയെന്ന് നമ്മുടെ കുടുംബിനികള്‍ അറിഞ്ഞിരുന്നെങ്കില്‍! പ്രത്യേകിച്ച് 'ഈഗോ'യെ മോഡേണ്‍ ഡ്രസ്സ്‌കോഡായ് സ്വീകരിച്ച മുസ്‌ലിം വീടുകളിലെ ന്യൂജെന്‍ പത്‌നിമാര്‍. അനസ് ബിന്‍ മാലിക്(റ) നബി(സ്വ)യില്‍ നിന്ന് ഉദ്ധരിക്കുന്നു: പ്രവാചകന്‍ പറഞ്ഞു: 'ഒരു സ്ത്രീ, അവളുടെ അഞ്ചു നേരത്തെ നമസ്‌കാരം മുറതെറ്റാതെ നിര്‍വഹിക്കുകയും ഒരു മാസത്തെ നോമ്പ് അനുഷ്ഠിക്കുകയും തന്റെ ജനനേന്ദ്രിയത്തെ സൂക്ഷിക്കുകയും തന്റെ ഭര്‍ത്താവിനെ അനുസരിക്കുകയും ചെയ്താല്‍ സ്വര്‍ഗപ്രവേശനം സാധ്യമായി' (അല്‍ബാനി: സഹീഹ് അല്‍ ജാമിഅ്).

2. ഭര്‍ത്താവിന്റെ സമ്പത്തും സ്വശരീരത്തെയും കാത്ത് സൂക്ഷിക്കുക: അല്ലാഹു പറയുന്നു: 'നല്ലവരായ സ്ത്രീകള്‍ (ഭാര്യമാര്‍)അനുസരണ ശീലമുള്ളവരും അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതല്ലാം) സംരക്ഷിക്കുന്നവരുമാണ്' (4:34). ഈ വചനത്തിന്റെ വിശദീകരണമായി നബി(സ്വ) പറഞ്ഞതായി ഇബ്ന്‍ജരീര്‍ അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നത് ഇപ്രകാരമാണ്: 'നീ അവളില്‍ നിന്ന് അപ്രത്യക്ഷമായാല്‍ നിന്റെ സമ്പത്തും അവളുടെ ശരീരവും നിനക്ക് വേണ്ടി അവള്‍ കാത്ത് സൂക്ഷിക്കും.'

3. ഭര്‍ത്താവ് കുടുംബിനിയുടെയും കുട്ടികളുടെയും മുഴുവന്‍ സാമ്പത്തിക ബാധ്യതകളും ഏറ്റടുത്ത് നിര്‍വഹിക്കണം: അല്ലാഹു പറയുന്നു: '...മാതാക്കള്‍ക്ക് മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് പിതാവിന്റെ ബാധ്യതയാകുന്നു...'( 2:233). പുരുഷന് കുടുബ നേതൃത്വ സ്ഥാനം കല്‍പിച്ചു നല്‍കിയതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഈ ബാധ്യത ഏറ്റടുക്കേണ്ടതുണ്ട് എന്നതാണ്. അല്ലാഹു പറഞ്ഞു: 'പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തെക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചത് കൊണ്ടുമാണ്''(4:34 ).

നബി(സ്വ) അരുളി: 'നിങ്ങള്‍ സ്ത്രീകളുടെ (ഭാര്യമാരുടെ) കാര്യത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുക, അല്ലാഹു ഏല്‍പിച്ച ഒരു സൂക്ഷിപ്പുസ്വത്ത് എന്ന നിലക്കാണ് അവരെ നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. അല്ലാഹുവിന്റെ വചനത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ നിങ്ങള്‍ക്ക് അനുവദനീയമായത്. മര്യാദ അനുസരിച്ചുള്ള ഭക്ഷണവും വസ്ത്രവും നിങ്ങളുടെ ബാധ്യതയാകുന്നു' (മുസ്‌ലിം).

4. വീട്ടുകാര്യങ്ങളില്‍ ഭാര്യയുമായി കൂടിയാലോചിക്കല്‍: നബി(സ്വ) പറഞ്ഞു: 'നിങ്ങളുടെ പെണ്‍കുട്ടികളുടെ കാര്യത്തില്‍ (അവര്‍ക്ക് വിവാഹാലോചന നടത്തും മുമ്പ്) നിങ്ങള്‍ വീട്ടുകാരിയോട് കൂടിയാലോചന നടത്തണം' (അബൂദാവൂദ്, അഹ്മദ്).

5. കുടുംബിനിയുടെ മിക്ക കുറവുകളിലും പോരായ്മകളിലും കണ്ണടക്കുകയോ വിട്ട് കൊടുക്കുകയോ ചെയ്യുക: പോരായ്മകളെയും കുറവുകളെയും അതിജയിക്കുന്ന ധാരാളം നന്മകളും ത്യാഗങ്ങളും അവര്‍ക്കുണ്ടെന്ന കണ്ടത്തലുകളില്‍ അവ വിട്ട്‌കൊടുത്തും മാപ്പ് കൊടുത്തും അവരെ ഉയര്‍ത്തിക്കൊണ്ട് വരിക. നബിതിരുമേനി(സ്വ) അരുളി: 'ഒരു സത്യവിശ്വാസിയായ ഭര്‍ത്താവ് സത്യവിശ്വാസിനിയായ ഭാര്യയോട് കോപിക്കുകയില്ല. അവളില്‍ നിന്ന് ഒരു വെറുപ്പുണ്ടാക്കുന്ന സ്വഭാവം ഉണ്ടായാല്‍ തന്നെ അവനെ തൃപ്തിപ്പെടുത്തുന്ന മറ്റൊരു സ്വഭാവം ഉണ്ടാകും' (മുസ്‌ലിം).

5. ഇണയുമായി മര്യാദപൂര്‍വം ഇടപെടുകയും കളിതമാശകളില്‍ ഏര്‍പെടാന്‍ സമയം കണ്ടത്തുകയും ചെയ്യുക: അല്ലാഹു പറഞ്ഞു: ''സത്രീകളോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുണ്ട്. ഇനി നിങ്ങള്‍ക്ക് അവരോട് വെറുപ്പ് തോന്നുന്ന പക്ഷം (നിങ്ങള്‍ മനസ്സിലാക്കുക) നിങ്ങള്‍ ഒരു കാര്യം വെറുക്കുകയും അതേ കാര്യത്തില്‍ അല്ലാഹു ധാരാളം നന്മ നിശ്ചയിക്കുകയും ചെയ്‌തെന്ന് വരാം'' (4:19).

നബി(സ്വ) പറഞ്ഞു: 'നിങ്ങളില്‍ ഉത്തമന്‍ തന്റെ കുടുംബത്തോട് ഉത്തമനായ് വര്‍ത്തിക്കുന്നവനാണ്. ഞാന്‍ എന്റെ കുടുംബത്തോട് നിങ്ങളെക്കാള്‍ ഉത്തമനായി വര്‍ത്തിക്കുന്നു' (ഇബ്‌നുമാജ, ഹാകിം). നബി(സ്വ) തന്റെ പത്‌നിയായ ആഇശ(റ)ക്ക് മദീന പള്ളിയിയില്‍ വെച്ചുനടന്ന ആയുധപ്പയറ്റ് മതിവരുവോളം കണ്ടാസ്വദിക്കാന്‍ തന്റെ കയ്യും ചുമലും സൗകര്യപ്പെടുത്തി നല്‍കിയതായി ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥുകള്‍ ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. 'നിങ്ങളില്‍ ഏറ്റവും വിശ്വാസ പൂര്‍ണത നേടിയവര്‍ ഏറ്റവും നല്ല സ്വഭാവമുള്ളവരും തന്റെ കുടുംബത്തോട് ഏറ്റവും വാത്സല്യമുള്ളവരുമാകുന്നു' (ബുഖാരി, മുസ്‌ലിം). 

6. വീട്ടു കാര്യങ്ങളില്‍ കുടുംബിനിയെ സഹായിക്കുക: ഇമാം ത്വബ്‌റാനിയും മറ്റും റിപ്പോര്‍ട്ടു ചെയ്യുന്നു: ഒരിക്കല്‍ നബി(സ്വ)യുടെ വീട്ടിനകത്തെ അവസ്ഥയെ കുറിച്ച് ആഇശ(റ)യോട് ചോദിക്കപ്പെട്ടു. അവര്‍ പറഞ്ഞു: 'നിങ്ങളേവരെയും പോലെ ഒന്നെടുത്ത് നീക്കാനും എടുത്ത് വെക്കാനും ഭാര്യയുടെ വീട്ട് ജോലികളില്‍ സഹായിക്കാനും അവര്‍ക്ക് ഇറച്ചി മുറിച്ചു കൊടുക്കാനും വീട് തൂത്ത് വൃത്തിയാക്കാനും പരിചാരികയെ സഹായിക്കാനുമെല്ലാം അവിടുന്നുണ്ടാവും.'

7. കിടപ്പറയെ അപ്രധാനമാക്കാതിരിക്കുക: കുടുംബഛിദ്രതയിലേക്കും വിവാഹ മോചനത്തിലേക്കും പലരെയും എടുത്തെറിയുന്ന കാരണങ്ങളിലെ പ്രധാന വില്ലന്‍ പലപ്പോഴും കിടപ്പറയാണ്. 'മുറ്റത്തെ മുല്ലക്ക് മണമില്ലെ'ന്ന പഴഞ്ചൊല്ല് ഇവിടെ തീര്‍ത്തും അപ്രസക്തമാണ്. ഭര്‍ത്താവിന്റെ താല്‍പര്യങ്ങളോട് നിഷേധാത്മക രീതി സ്വീകരിക്കുന്നതും ഭാര്യയുടെ ആവശ്യങ്ങള്‍ തീരുന്നത് വരെ കാത്തിരിക്കാതിരിക്കുന്നതുമെല്ലാം മതപരമായ വീഴ്ചകളായി പഠിപ്പിക്കുന്ന ഏക മതമാണ് ഇസ്‌ലാം. ഈ സഹകരണത്തിന്റെ അഭാവമാണ് അശ്ലീല സൈറ്റുകളിലും മറ്റും ഉറക്കം വരുന്നത് വരെ മുഖം പൂഴ്ത്തിയിരിക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങളെ ശ്രദ്ധിച്ചും ശീലിച്ചും ജീവിക്കുന്നവരാകണം നമ്മള്‍. 

0
0
0
s2sdefault