വസ്‌വാസ്: കേവലമൊരു മനോവൈകല്യമോ?

ഡോ. സബീല്‍, പട്ടാമ്പി

2017 ഒക്ടോബര്‍ 14 1438 മുഹര്‍റം 23

സാധാരണയായി കണ്ടു വരുന്ന ഒരു മാനസിക വൈകല്യമാണ് സംശയരോഗം. ഏതെങ്കിലും ഒരു പ്രത്യേക കാര്യത്തെ കുറിച്ച് മനസ്സില്‍ തുടരെ തുടരെ ചിന്തകള്‍ കടന്നുവരികയും അത് വീണ്ടും വീണ്ടും ഉറപ്പുവരുത്തുകയും ചെയ്യുവാനുളള ഒരു പ്രവണതയാണിത്. 'വസ്‌വാസ്' എന്ന് നാമൊക്കെ ഇതിനെ വിശേഷിപ്പിക്കാറുണ്ട്.

 മനോരോഗ വിദഗ്ധരുടെ ഭാഷയില്‍ ഇതിന് പറയുന്ന പേരാണ് Obsessive Compulsive Disorder (OCD). (Obsession=വിടാതെ പിന്‍തുടര്‍ന്ന് ശല്യം ചെയ്യുക. Compulsion=നിര്‍ബന്ധിക്കുക. Disorder=വൈകല്യം). അതാത് വ്യക്തിയെ നിരന്തരമായി ചില പ്രത്യേക സംശയങ്ങള്‍/ചിന്തകള്‍ പിന്‍തുടര്‍ന്ന് വേട്ടയാടുന്നത് മൂലം എന്തെങ്കിലും ഒരു പ്രവര്‍ത്തനം ആവര്‍ത്തിച്ചു ചെയ്യാന്‍/ഉറപ്പു വരുത്താന്‍ വ്യക്തി നിര്‍ബന്ധിതനാകുന്ന അവസ്ഥ. ഉദാഹരണ സഹിതം ഇത് വ്യക്തമാക്കാം.

1. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കതക് അടച്ചിട്ടുണ്ടോ എന്ന തോന്നല്‍, അതിനാല്‍ അടിക്കടി വാതില്‍ക്കല്‍ വന്ന് കാര്യം ഉറപ്പു വരുത്തുന്നു. 

2. കുളിയും പല്ലു തേപ്പും കഴിഞ്ഞാല്‍ എന്തോ ഒരു അശുദ്ധി അല്ലെങ്കില്‍ ചെയ്തത് ശരിയായില്ലെന്ന് കരുതി വീണ്ടും ആവര്‍ത്തിക്കുക. 

3. കത്തി കണ്ടാല്‍ അത് ഉപയോഗിച്ച് ആരെയെങ്കിലും വ്രണപ്പെടുത്തണമെന്ന് തോന്നുക, തീ കണ്ടാല്‍ എപ്പോഴും എടുത്തു ചാടണമെന്നു തോന്നുക. 

4. തന്റെ ഭാര്യയെയോ മക്കളെയോ കുറിച്ച് എപ്പോഴും സംശയം തോന്നുക. അവരുടെ പ്രവര്‍ത്തനങ്ങള്‍ എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുക.

ഇവയെല്ലാം ഭൗതികമായ കാര്യങ്ങളാണെങ്കില്‍ (ഇവയാണ് സാധാരണയായി Psychiatry Clinicകളില്‍ വരാറ്). മതപരമായ മേഖലകളില്‍ ഈ വൈകല്യം കാണുന്നതിന് ചില ഉദാഹരണങ്ങള്‍ കാണുക. 

1. നമസ്‌കരിക്കാന്‍ നില്‍ക്കുമ്പോഴോ മറ്റു മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ തയ്യാറെടുക്കുമ്പോഴോ സംശയങ്ങള്‍ ഉണ്ടാവുക.

ഉദാ: വുദൂഅ് എടുക്കുമ്പോള്‍ അവയവങ്ങള്‍ എത്ര തവണ കഴുകി, ശരിയായി നനഞ്ഞിട്ടുണ്ടോ എന്നിങ്ങനെ എപ്പോഴും സംശയം തോന്നുക. നമസ്‌കാരത്തില്‍ റക്അതുകളുടെ എണ്ണത്തില്‍ സ്ഥിരമായി സംശയിക്കുക. നമസ്‌കരിക്കാന്‍ നില്‍ക്കുമ്പോള്‍ ഉദ്ദേശ്യത്തില്‍ (നിയ്യത്തില്‍) സംശയിക്കുക. 


കാരണങ്ങള്‍ 

ഈ രോഗത്തിന്റെ കാരണങ്ങളെ കുറിച്ചുള്ള ചര്‍ച്ചയില്‍ മനോരോഗ വിദഗ്ധരുടെ ഇടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ചിലര്‍ അതിന് മസ്തിഷ്‌കത്തിലെ ചില രാസമാറ്റങ്ങള്‍ കാരണമായി കാണുന്നു. (ഇതില്‍ വീണ്ടും അഭിപ്രായ വ്യത്യാസമുണ്ട്. ഒരു കൂട്ടര്‍ പറയുന്നു: Serotonin Imbalance മൂലമാണ് രോഗങ്ങള്‍ ഉണ്ടാകുന്നതെന്ന്. മറ്റൊരു വിഭാഗം പറയുന്നു; രോഗമുണ്ടായത് കാരണമാണ് Serotonin Imbalance ഉണ്ടാകുന്നതെന്ന്). വേറെ ചിലര്‍ ഇതിന് ശാരീരികവും മാനസികവുമായ പ്രതിഭാസങ്ങളുമായും ബന്ധപ്പെടുത്തുന്നുണ്ട്. മനോരോഗ ഗവേഷണ മേഖലയിലെ ആധികാരിക ശബ്ദമായ അമേരിക്കയിലെ Diagnostics and Statical Manuelന്റെ നാലാമത്തെ പതിപ്പിന്റെ 457ാം പേജില്‍ പറയുന്ന ഒരു കാരണം കാണുക: 

The Individual Senses That The Content of Obsession is alien, Not withing His/Her Own Controll and not the Kind of Thought that he/she would ever expect to have.

''വ്യക്തിക്ക് ഇത്തരം തോന്നലുണ്ടാക്കുന്നത് ബാഹ്യമായ ഒരു ചോദനയാണെന്ന് അനുഭവപ്പെടുന്നു; അത് ഒരിക്കലും അവന്റെ/അവളുടെ നിയന്ത്രണത്തിലല്ല. അവന്‍/അവള്‍ ആഗ്രഹിക്കുന്ന ചിന്തകളല്ല താനും.'' 

വ്യക്തിക്ക് ഇത്തരം ചിന്തകള്‍ വരുന്നത് തന്റേതല്ലാത്ത മറ്റേതോ ഉറവിടത്തില്‍ നിന്നാണ്; അത്തരം ചിന്തകള്‍ അയാള്‍ ആഗ്രഹിക്കാത്തതുമാണ്. ഈ ഉറവിടം പിശാച് ആയിക്കൂടേ?


ചികിത്സ 

ഇതിന് ധാരാളം ചികിത്സാരീതികള്‍ Psychiatristകള്‍ നിര്‍ദേശിക്കുന്നുണ്ട്. പക്ഷേ ഒന്നും തന്നെ രോഗത്തെ പൂര്‍ണമായി ഭേദപ്പെടുത്തുന്നതല്ല തന്നെ. 

"..However, OCD Symptoms Persists at moderate levels even following adequate treatment course, and a completely Symptom free period is uncommon.''

''മതിയായ ചികിത്സകള്‍ക്കു ശേഷവും ചെറിയ രീതിയില്‍ OCD ലക്ഷണങ്ങള്‍ നിലനില്‍ക്കും, പൂര്‍ണമായി ലക്ഷണങ്ങള്‍ വിട്ടുമാറുന്ന സാഹചര്യം വിരളമാണ്'' (Clinical Psychology : Eddy KT, Datra Bradly, P: 1011).

 

ഇസ്‌ലാമിക നിര്‍ദേശങ്ങള്‍  

സംശയങ്ങള്‍ ജനിപ്പിക്കുക എന്നത് പിശാചിന്റെ ഒരു പ്രവര്‍ത്തനമായി ക്വുര്‍ആന്‍ എടുത്തു പറയുന്നുണ്ട്. 

''പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. മനുഷ്യരുടെ രാജാവിനോട്. മനുഷ്യരുടെ ദൈവത്തോട്. ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്. മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍. മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍''(ക്വുര്‍ആന്‍ 114:1-6).

ഇത്തരം പൈശാചിക ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ നേടാനുള്ള മാര്‍ഗമായി നബി ﷺ ക്വുര്‍ആനിലെ അവസാനത്തെ മൂന്ന് ചെറിയ അധ്യായങ്ങളായ അല്‍ ഇഖ്‌ലാസ്, അല്‍ ഫലക്വ്, അന്നാസ് എന്നിവയും ആയത്തുല്‍ കുര്‍സിയ്യും മറ്റും ഓതാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നബി ﷺ പൈശാചിക ഉപദ്രവങ്ങളില്‍നിന്നും ഒഴിവാകുവാന്‍ മറ്റു പല പ്രാര്‍ഥനകളും പഠിപ്പിച്ചിട്ടുണ്ട്.

പിശാചിന് മനുഷ്യനെ വഴിതെറ്റിക്കുന്നതിന് ചില മുന്‍ഗണനാക്രമണങ്ങളുണ്ടെന്ന് പണ്ഡിതന്മാര്‍ പറയുന്നു. അത് ഇപ്രകാരമാണ്:

പിശാച് സ്വര്‍ഗത്തില്‍ നിന്ന് പുറത്താവാന്‍ കാരണക്കാരനായ മനുഷ്യനെയും അവന്റെ വര്‍ഗത്തെയും സ്വര്‍ഗത്തില്‍ നിന്നും തടഞ്ഞ് നരകത്തിലേക്കെത്തിക്കുവാനാണ് ഒന്നാമതായി ശ്രമിക്കുക:

''പിശാച് അവന്റെ അനുയായികളെ ക്ഷണിക്കുന്നത് നരകാഗ്നിയിലേക്കാണ്'' (ക്വുര്‍ആന്‍ 35:6).

1) അതിനായി ഒന്നാമതായി പിശാച് ക്ഷണിക്കുന്നത് ബഹുദൈവാരാധനയിലേക്കും സത്യനിഷേധത്തിലേക്കുമാണ്.

''...മനുഷ്യനോട്, നീ അവിശ്വാസിയാകൂ എന്ന് അവന്‍ പറഞ്ഞ സന്ദര്‍ഭം. അങ്ങനെ അവന്‍ അവിശ്വസിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ (പിശാച്) പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നീയുമായുള്ള ബന്ധത്തില്‍ നിന്ന് വിമുക്തനാകുന്നു...'' (59:16). 

2) ഒരാളെ സത്യനിഷേധത്തിലേക്ക് നയിക്കാനായില്ലെങ്കില്‍ പിന്നെ പിശാചിന്റെ അടുത്ത ശ്രമം, ആ വിശ്വാസിയുടെ വിശ്വാസത്തില്‍ സംശയം ജനിപ്പിക്കലാണ്.

പ്രവാചകന്‍ ﷺ പറഞ്ഞു: ''പിശാച് നിങ്ങളുടെ അടുക്കല്‍ വരും. എന്നിട്ട് ചോദിക്കും: (ദുര്‍ബോധനം നടത്തും) 'നിന്നെ സൃഷ്ടിച്ചതാരാണ്.' അവന്‍ പറയും: 'അല്ലാഹു'. പിശാച്: 'അപ്പോള്‍ അല്ലാഹുവിനെ സൃഷ്ടിച്ചതാര്?' അങ്ങനെ നിങ്ങള്‍ക്ക് സംശയം തോന്നിയാല്‍ നിങ്ങള്‍ പിശാചില്‍ നിന്നും അല്ലാഹുവിനോട് അഭയം തേടുക.''

3) ഒരാള്‍ ശിര്‍ക്കില്‍ നിന്നും രക്ഷപ്പെടുകയും ശരിയായ വിശ്വസം ഉള്‍ക്കൊള്ളുകയും ചെയ്താല്‍ പിന്നീട് പിശാചിന്റെ ശ്രമം അയാളെ മതത്തില്‍ പുത്തനാചാരങ്ങളിലേക്ക് (ബിദ്അത്ത്) നയിക്കലാണ്. ബിദ്അത്ത് എന്നാല്‍ പ്രവാചകന്‍ ﷺ മതത്തില്‍ പഠിപ്പിക്കാത്ത കാര്യങ്ങള്‍ മനുഷ്യന്റെ വകയായി കടത്തിക്കൂട്ടലാണ്. അത് കേവല പാപങ്ങളെക്കാള്‍ ഗൗരവമേറിയതാണ്. കാരണം പാപം എന്നത് ഒരു വ്യക്തിയില്‍ നിക്ഷിപ്തമാണ.് എന്നാല്‍ മതത്തിലെ പുത്തനാചാരം എന്നത് മതവിശ്വാസികളെ മൊത്തത്തില്‍ വഴി തെറ്റിക്കുന്നുവെന്ന് മാത്രമല്ല, ഇസ്‌ലാമിനെ മാറ്റിമറിക്കലുമാണ്. അതുകൊണ്ട് തന്നെ പ്രവാചകന്‍ ﷺ പറഞ്ഞു: ''എല്ലാ പുത്തനാചാരങ്ങളും വഴികേടിലാകുന്നു. എല്ലാ വഴികേടും നരകത്തിലും.''

സുഫ്‌യാനുസ്സൗരി(റഹി) പറഞ്ഞു: ''പുത്തനാചാരങ്ങള്‍ (ബിദ്അത്ത്) പിശാചിനു മറ്റു പാപങ്ങളെക്കാള്‍ ഇഷ്ടമാണ്. കാരണം പാപങ്ങളില്‍ നിന്നും ഒരാള്‍ പാപമോചനം (തൗബ) ചെയ്‌തേക്കാം. എന്നാല്‍ ബിദ്അത്തില്‍ നിന്നും ഒരാള്‍ തൗബ ചെയ്യില്ല'(കാരണം അത് നല്ലതും മതത്തിന്റെ ഭാഗവുമാണെന്ന് അവന്‍ തെറ്റുധരിക്കുന്നു).''

4) ബിദ്അത്തിലേക്ക് ഒരു വിശ്വാസിയെ നയിക്കാന്‍ സാധിച്ചില്ലെങ്കില്‍ പിശാചിന്റെ അടുത്ത ശ്രമം മനുഷ്യനെ തിന്‍മയിലേക്കും പാപത്തിലേക്കും കൊണ്ടു പോകലാണ്.

ക്വുര്‍ആന്‍ പറയുന്നു: ''ദുഷ്‌കൃത്യങ്ങളിലും നീചവൃത്തികളിലും ഏര്‍പെടുവാനും, അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്ക് അറിഞ്ഞുകൂടാത്തത് പറഞ്ഞുണ്ടാക്കുവാനുമാണ് അവന്‍ നിങ്ങളോട് കല്‍പിക്കുന്നത്'' (2:169)

5) അടുത്ത ശ്രമം സല്‍കര്‍മങ്ങള്‍ ചെയ്യുന്നതില്‍ നിന്നും തടയലാണ്. അവന്‍ ദാനം ചെയ്യുന്നതില്‍ നിന്നും നമസ്‌കരിക്കുന്നതില്‍ നിന്നും മറ്റും വിശ്വസിയെ പുറകോട്ട് പോകാന്‍ പ്രേരിപ്പിക്കും.

6) ഒരു വിശ്വസിയെ നന്മ ചെയ്യുന്നതില്‍ നിന്ന് തടയാന്‍ സാധിച്ചില്ലെങ്കില്‍ പിശാചിന്റെ അടുത്ത തന്ത്രം; മനുഷ്യന്‍ ചെയ്യുന്ന സല്‍കര്‍മങ്ങളുടെ ഉദ്ദേശ്യത്തിലും ആത്മാര്‍ഥതയിലും സംശയിപ്പിക്കലാണ്.

ഒരിക്കല്‍ പ്രവാചകന്‍ ﷺ യുടെ അടുക്കല്‍ ഒരു അനുചരന്‍ തനിക്ക് നമസ്‌കാരത്തില്‍ ഉണ്ടാകുന്ന ചില ശ്രദ്ധക്കുറവിനെ കുറിച്ച് പരാതി പറഞ്ഞപ്പോള്‍ അവിടുന്ന് പിശാചിന്റെ ഉപദ്രവത്തില്‍നിന്ന് അല്ലാഹുവോട് രക്ഷചോദിക്കുവാന്‍ നിര്‍ദേശിക്കുകയുണ്ടായി.'

നമസ്‌കാരത്തില്‍ പിശാച് ചെയ്യുന്നത് എന്താണെന്നും പ്രവാചകന്‍ ﷺ പറഞ്ഞു തരുന്നു: ''(പിശാച്) നമസ്‌കാരത്തിന്റെയും അവന്റെയും ഇടയില്‍ വന്ന് പറയുന്നു: നീ ഇത് ഓര്‍ക്കുക, അത് ഓര്‍ക്കുക എന്നിങ്ങനെ. അക്കാര്യങ്ങള്‍ ആ മനുഷ്യന്‍ മുമ്പ് ചിന്തിക്കാത്തതായിരിക്കും. അങ്ങനെ എത്ര നമസ്‌കരിച്ചുവെന്ന് അവന്‍ മറക്കും''(ബുഖാരി). 

വിശ്വാസതലം മുതല്‍ കര്‍മങ്ങളില്‍ വരെ മനുഷ്യമനസ്സില്‍ സംശയവും ആശയക്കുഴപ്പവും ഉണ്ടാക്കാന്‍ പിശാച് ശ്രമിക്കും. അങ്ങനെ ചിലര്‍ക്ക് അത് വിടാതെ പിന്തുടരുന്ന ഒരു സംശയരോഗം (OCD) തന്നെ ആയിത്തീരും. 

ഉരുവിടലാണ് നിയ്യത്ത് എന്ന് തെറ്റായി മനസ്സിലാക്കിയ വ്യക്തിയാണെങ്കില്‍ താന്‍ പഠിച്ചിട്ടുള്ള വാക്യങ്ങള്‍ അവര്‍ ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടേയിരിക്കും! വുദൂഅ് പലതവണ ആവര്‍ത്തിക്കും. മണിക്കൂറുകളോളം കുളിച്ചാലും ശുദ്ധിയായില്ല എന്ന തോന്നല്‍ അവരെ അലട്ടും. അങ്ങനെ ചെയ്യുന്നത് സുക്ഷ്മതയാണെന്നായിരിക്കും അത്തരക്കാര്‍ കരുതുക.  

മതം എളുപ്പമാണെന്നും സ്വയം അതിനെ കര്‍ക്കശമാക്കുവാന്‍ പാടില്ലെന്നും പ്രമാണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. ആ നിലപാട് നമ്മെ മതത്തില്‍നിന്നും വിദൂരമാക്കിക്കളയുമെന്ന് നാം മനസ്സിലാക്കുക.' 

ഈ രോഗത്തിന് ഒരു വിശ്വാസിക്ക് ചെയ്യാവുന്ന കാര്യം നമസ്‌കാരത്തില്‍ സംശയരോഗം പിടിപെട്ട സ്വഹാബിയോട് പ്രവാചകന്‍ പറഞ്ഞതുപോലെ പിശാചില്‍ നിന്നും അല്ലാഹുവില്‍ ശരണം തേടുക എന്നതാണ്. 

0
0
0
s2sdefault