വര്‍ഗീയതയില്‍ ജ്വലിക്കുന്ന രാഷ്ട്രീയ ആദിത്യന്മാര്‍

പി.വി.എ പ്രിംറോസ് 

2017 മാര്‍ച്ച് 25 1438 ജമാദുല്‍ ആഖിര്‍ 26
ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പില്‍ മതേതര കക്ഷികള്‍ പരാജയപ്പെട്ടതും യോഗി ആദിത്യനാഥ് എന്ന തീവ്ര ഹൈന്ദവവാദി മുഖ്യമന്ത്രിയായതും മതേതര ഇന്ത്യയുടെ മുഖത്ത് കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. എന്തു കൊണ്ട് മതേതരപക്ഷം പരാജയപ്പെട്ടു? ഇത് താല്‍ക്കാലിക പ്രതിഭാസമാണോ? ഒരു വിശകലനം.

അടുപ്പിന് മുകളിലെ കുടത്തിലിരുന്ന് തവളകള്‍ പരസ്പരം സന്തോഷം പങ്കുവെക്കുകയാണ്. ഈ ഇളം ചൂടിലെ കുളി അവര്‍ക്ക് ആദ്യാനുഭവമാണ്. ചൂട് കൂടി തൊലിയെ പൊള്ളിച്ചപ്പോഴും അവര്‍ ആസ്വദിക്കുകയായിരുന്നു. ശരീരത്തിലെ അഴുക്കൊക്കെ നീക്കി ഒന്നു വൃത്തിയായി തിരിച്ചുകയറണം...

...ഒടുക്കം, കുടത്തിലെ തിളച്ച വെള്ളത്തില്‍ വെന്ത് മലച്ചു കിടക്കുന്ന തവളയെ നോക്കി നായാട്ടുകാരന്‍ പറഞ്ഞത്രെ, കിണറ്റിലായാലും കുടത്തിലായാലും തവള, തവള തന്നെ!

തീവ്ര ഹിന്ദു ഫാഷിസത്തിന്റെ വക്താവ് യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രീ സ്ഥാനലബ്ധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഗോരഖ് പൂരിലെ മുസ്‌ലിംകള്‍ മധുരം വിതരണം ചെയ്യുകയും അഭിമുഖം കൊടുക്കുകയും ചെയ്ത ഹിന്ദുസ്ഥാന്‍ ടൈംസിന്റെ സ്‌പെഷ്യല്‍ വാര്‍ത്ത കണ്ടപ്പോള്‍ ഈ കഥയാണ് ഓര്‍മ വന്നത്.

ഗുജറാത്ത് ഫാഷിസത്തിന്റെ പരീക്ഷണശാലയായിരുന്നുവെങ്കില്‍ ഉത്തര്‍പ്രദേശ് അതിന്റെ വിള നിലമാണെന്ന് വേണം വിലയിരുത്താന്‍. 403 നിയമസഭാ മണ്ഡലങ്ങളുള്ള രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്ത് 312 സീറ്റുകള്‍ ഒറ്റക്കും 13 സീറ്റുകള്‍ സഖ്യകക്ഷികള്‍ മുഖേനയും പിടിച്ചെടുത്ത് 325 സീറ്റുമായി നാലില്‍ മൂന്ന് ഭൂരിപക്ഷം നേടിയപ്പോഴും ശുഭാപ്തി വിശ്വാസം കൈവിടാത്ത മതേതര മനസ്സുകളില്‍ മുഴുവന്‍ തീ കോരിയിട്ടു കൊണ്ടാണ് യോഗി ആദിത്യനാഥിന്റെ മുഖ്യമന്ത്രി സ്ഥാന വാര്‍ത്തയെത്തിയത്.

ആരാണ് യോഗി ആദിത്യനാഥ്? എന്താണ് അദ്ദേഹത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ സന്‍മനസ്സുകളെ ആശങ്കപ്പെടുത്തുന്നത്? ബാബ്‌രി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം പണിയാനായി 1940കളില്‍ തീവ്ര ഹിന്ദു സംഘടനകള്‍ ഗൂഢാലോചന നടത്തിയപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ച മഹന്ത് ദിഗ്‌വിജയ് നാഥിന്റെ ആദര്‍ശശിഷ്യനും മൂന്നാം തലമുറയിലെ അംഗവുമാണ് ഇദ്ദേഹം. ഗോരഖ് നാഥ് മഹന്ത് ആണ് ഇവര്‍ക്കിടയിലെ ഫാഷിസ ലിങ്ക്. 1998ല്‍ തന്റെ 26ാം വയസ്സില്‍ 12ാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.പിയായിട്ടാണ്, എച്ച്.എന്‍.ബി ഗര്‍വാള്‍ സര്‍വകലാശാലയില്‍ നിന്ന് ഗണിത ശാസ്ത്രത്തില്‍ ബിരുദം നേടിയ അജയ് സിംഗ് ബിഷ്ത് എന്ന് പേരുള്ള യോഗി ആദിത്യനാഥ് പാര്‍ലമെന്റിലെത്തുന്നത്. 1998 മുതല്‍ ഗോരഖ് പൂരിനെ പ്രതിനിധീകരിച്ച് അഞ്ച് തവണ എം.പിയായ ഇദ്ദേഹം ഉത്തര്‍ പ്രദേശിലെ പ്രശസ്തമായ ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മുഖ്യ തന്ത്രി കൂടിയാണ്.

2002ല്‍ ഹിന്ദു യുവ വാഹിനി എന്ന സംഘടനയുണ്ടാക്കി കടുത്ത തീവ്രവാദ-വിദ്വേഷ ജനക പ്രഭാഷണങ്ങള്‍ നടത്തി സമൂഹത്തില്‍ ധ്രുവീകരണത്തിന് വഴിവെച്ചവതോടു കൂടിയാണ് ഘര്‍വാപസിക്ക് തുടക്കമിട്ട ആദിത്യനാഥ് ശ്രദ്ധിക്കപ്പെടുന്നത്.

ബി.ജെ.പിക്ക് ഹിന്ദു തീവ്രത പോരാ എന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്ത ഹിന്ദുത്വവാദികളായ, താന്‍ നിര്‍ദേശിക്കുന്ന നൂറ് പേരെ സ്ഥാനാര്‍ഥികളാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു 2007ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പായി 2006 ഡിസംബര്‍ 22 മുതല്‍ 27 വരെ ലക്‌നൗ ബി.ജെ.പി കൗണ്‍സിലിന് സമാന്തരമായി ഗോരഖ് പൂരില്‍ വിരാട് ഹിന്ദു സമ്മേളനം വിളിച്ച് ചേര്‍ത്തത്.

2007ല്‍ എം.പിയായിരിക്കെയാണ് ഗോരഖ്പൂരില്‍ നടന്ന വര്‍ഗീയ സംഘര്‍ഷത്തിന് അദ്ദേഹം നേതൃത്വം നല്‍കിയത്. മുഹര്‍റം ഘോഷയാത്രയോടനുബന്ധിച്ച് നടന്ന സംഘര്‍ഷത്തിന് പ്രതിക്രിയയായി  നടന്ന കൊലപാതകത്തില്‍ പ്രതിഷേധിച്ച് പന്തം കൊളുത്തി പ്രകടനം നടത്തുകയും പോലീസ് വിലക്ക് ലംഘിച്ച് നടുറോഡില്‍ ശ്രദ്ധാഞ്ജലി സഭ നടത്തുകയും മജിസ്‌ട്രേറ്റിനെ ധിക്കരിച്ചതിന് അറസ്റ്റിലാവുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ അതേവര്‍ഷം തന്നെ ട്രെയിനിന് തീ വെക്കുകയും 2007ലെ കലാപത്തിന് നേതൃത്വം നല്‍കുകയും ചെയ്യുന്നത്. 

2011 മാര്‍ച്ചില്‍ പുറത്തിറക്കിയ saffron war  radicalization of hinduism എന്ന ഡോക്യുമെന്ററിയില്‍ വിരാട് ഹിന്ദുസ്ഥാന്‍ റാലിയും അതിലെ പ്രസംഗവുമാണ് വര്‍ഗീയകലാപത്തിന് വഴിവെച്ചത് എന്ന് വ്യക്തമായി തെളിയിക്കുന്നുണ്ട്. വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി അദ്ദേഹം നടത്തിയ വര്‍ഗീയചുവയുള്ള പ്രസ്താവനകളില്‍ ചിലത് ശ്രദ്ധിക്കുക:

''ഒരു സമുദായത്തിന്റെ ജനസംഖ്യയിലെ വര്‍ധനവ് കാരണം കഴിഞ്ഞ രണ്ടര വര്‍ഷമായി 450 കലാപങ്ങളാണ് ഉത്തര്‍പ്രദേശില്‍ നടന്നത്. എന്തുകൊണ്ടാണ് കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ വര്‍ഗീയ ലഹളകള്‍ നടക്കാത്തത്? അവിടെ ഒരു പ്രത്യേക സമുദായം 10-20 ശതമാനം മാത്രമുള്ളതുകൊണ്ടാണ്. ഈ സമുദായം 35 ശതമാനമുള്ള പ്രദേശങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ സ്ഥിരമായി നടക്കുന്നു. ഈ പ്രദേശങ്ങളില്‍ മുസ്‌ലിമല്ലാത്തവര്‍ക്ക് താമസിക്കാന്‍ പോലുമാകില്ല.''

''യോഗി എന്നാല്‍ വര്‍ത്തമാന കാലത്തെക്കുറിച്ച് പറയുന്നയാളല്ല, മറിച്ച് ഭൂതകാലത്തെക്കുറിച്ച് പറയുന്നയാളാണ്. സംസ്ഥാനത്തെ ഹിന്ദുക്കളുടെ പലായനം വലിയൊരു പ്രശ്‌നമാണ്. പശ്ചിമ ഉത്തര്‍പ്രദേശിനെ മറ്റൊരു കശ്മീരാക്കാന്‍ ബി.ജെ.പി അനുവദിക്കില്ല.''

''ഇന്ത്യയെ ക്രിസ്ത്യന്‍ രാഷ്ട്രമാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്ന മദര്‍ തെരേസ. സേവനത്തിന്റെ പേര് പറഞ്ഞ് നിരവധി ഹിന്ദുക്കളെയാണ് ഇവര്‍ മതംമാറ്റിയത്.''

''യോഗ ആരംഭിച്ച സ്വാമി ശങ്കറാണ് ഏറ്റവും വലിയ യോഗി. യോഗയെയും ശങ്കറിനെയും അംഗീകരിക്കാത്തവര്‍ ഹിന്ദുമതം വിട്ടുപോകണം.''

''ജനങ്ങള്‍ ഷാരൂഖ് ഖാന്റെ സിനിമകള്‍ ബഹിഷ്‌കരിച്ചിരുന്നെങ്കില്‍ അദ്ദേഹം ഒരു സാധാരണ മുസ്‌ലിമായി തെരുവിലൂടെ നടക്കേണ്ടി വന്നേനെ. ഷാരുഖ് ഖാനെപ്പോലുള്ളവര്‍ തീവ്രവാദികളുടെ ഭാഷയിലാണ് സംസാരിക്കുന്നത്. ഷാരൂഖ് ഖാന്റെയും ലഷ്‌കര്‍ ഇ ത്വയ്യിബ നേതാവ് ഹാഫിസ് സയ്യിദിന്റെയും ഭാഷ തമ്മില്‍ വ്യത്യാസമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.''

 ''യോഗയെ എതിര്‍ക്കുന്നവര്‍ ഹിന്ദുസ്ഥാന്‍ വിട്ടു പോകുകയോ അടച്ചുപൂട്ടിയ മുറിക്കുള്ളില്‍ ഇരിക്കുകയോ ചെയ്യണം. 40 മുസ്‌ലിം രാജ്യങ്ങള്‍ ഉള്‍പ്പടെ നൂറിലധികം രാജ്യങ്ങള്‍ അന്തര്‍ദേശീയ യോഗ ദിനാചരണത്തെ പിന്തുണയ്ക്കുന്നുണ്ട്. അവര്‍ക്കൊന്നുമില്ലാത്ത എതിര്‍പ്പ് ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് മാത്രമെന്തിനാണ്? ജീവന്റെ തന്നെ നിലനില്‍പ്പിനു കാരണമായ ഊര്‍ജത്തിന്റെ ഉറവിടം സൂര്യനാണ്. സൂര്യനെ മതപരമായി കാണാത്തവര്‍ ദയവായി കടലില്‍ പോയി മുങ്ങുക. അല്ലെങ്കില്‍ ഇരുള്‍മുറിയില്‍ കഴിയുക. സൂര്യനമസ്‌കാരം യോഗയുടെ ഭാഗമാണ്. അവര്‍ സൂര്യന്റെ വെളിച്ചവും ചൂടും ഏറ്റുവാങ്ങരുതെന്ന് അഭ്യര്‍ഥിക്കുന്നു.''

വര്‍ഗീയ പ്രഭാഷണങ്ങള്‍ നടത്തുക മാത്രമല്ല, അതിന് സൗകര്യമൊരുക്കുക കൂടി ചെയ്തിട്ടുണ്ട് ആദിത്യനാഥ്. 2015 മാര്‍ച്ചില്‍ ആദിത്യനാഥ് നേതൃത്വം  നല്‍കിയ ഒരു സമ്മേളനത്തിലാണ് മരിച്ച് മറമാടിയ മുസ്‌ലിം സ്ത്രീകളെ കുഴിമാടത്തില്‍ നിന്ന് പുറത്തെടുത്ത് മാനഭംഗപ്പെടുത്തണമെന്ന കുപ്രസിദ്ധമായ ആഹ്വാനമുയര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് മീററ്റിനും ഗാസിയാബാദിനുമിടക്കുള്ള തല്‍ഹെത്ത ഗ്രാമത്തില്‍ 26 വയസ്സുള്ള മുസ്‌ലിം യുവതിയുടെ മൃതദേഹം ഖബറില്‍ നിന്ന് മാന്തിയെടുത്ത് മാനഭംഗപ്പെടുത്തിയത്.

പ്രകോപനപരമായ പ്രസംഗങ്ങള്‍ക്കും കയ്യേറ്റങ്ങള്‍ക്കുമെതിരായി നിരവധി കേസുകളും നിലവില്‍ നിയുക്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കുണ്ട്.

ഐപിസി 153: സമുദായങ്ങള്‍ക്കിടയില്‍ വൈര്യം വളര്‍ത്തുന്ന വിധത്തില്‍ പ്രസംഗിച്ചതിന്.

ഐപിസി 336: സ്വകാര്യവ്യക്തിയുടെ സുരക്ഷക്കു ഭീഷണി സൃഷ്ടിച്ചതിന് ഒരുകേസ്.

ഐപിസി 147: കലാപം അഴിച്ചുവിട്ടതിന് മൂന്നുകേസ്.

ഐപിസി 307: കൊലപാതകശ്രമത്തിന് ഒരുകേസ്.

ഐപിസി 149: നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിന് ഒരുകേസ്.

ഐപിസി 297: ന്യൂനപക്ഷങ്ങളുടെ ശ്മശാനത്തിലേക്ക് അതിക്രമിച്ചുകടന്നതിന് രണ്ടുകേസ്.

ഐപിസി 506: ആളുകളെ ഭയപ്പെടുത്തിയതിന് ഒരു കേസ്.

ഐപിസി 148: മാരകായുധംകൊണ്ട് കലാപം അഴിച്ചുവിട്ട രണ്ടുകേസ്.

ഇത്രയും കേസുകളാണ് 44 വയസ്സു നീണ്ടു നില്‍ക്കുന്ന തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഈ 'കര്‍മയോഗി' സമ്പാദിച്ചത്!

കണക്കുകളുദ്ധരിക്കുന്നത് ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി ആദരണീയനായി കാണുന്ന നേതാവിനെ താറടിച്ച് കാണിക്കാനോ ഇകഴ്ത്താനോ വേണ്ടിയല്ല. മറിച്ച്, സാമാന്യബോധമുള്ള ആര് കേട്ടാലുമറക്കുന്ന പ്രമേയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പൊതുസമൂഹത്തിലിറങ്ങിയാല്‍ പോലും സ്വീകാര്യത ലഭിക്കുമെന്നും അവര്‍ക്ക് സമൂഹത്തില്‍ മുന്തിയ പരിഗണന ലഭിക്കുമെന്നുമെല്ലാമുള്ള ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങളെ ഉദാഹരിക്കാനാണ്.

ഇക്കഴിഞ്ഞ ഇലക്ഷനില്‍ പതിനാലര കോടി വോട്ടര്‍മാരുള്ള യു.പിയില്‍ 39.7 ശതമാനം പേരാണ് 312 സീറ്റുള്ള ബി.ജെ.പിക്ക് വോട്ട് ചെയ്തത്.22.2 ശതമാനം വോട്ട് നേടിയ ബി.എസ്.പിക്ക് വെറും 19 സീറ്റുകളേ കിട്ടിയുള്ളൂ. ഇലക്ഷന് ശേഷം കൈകോര്‍ക്കുമെന്ന് പ്രഖ്യാപിച്ച 21.8 ശതമാനം വോട്ടുള്ള സമാജ് വാദ് പാര്‍ട്ടിയും കോണ്‍ഗ്രസ്സും രാഷ്ട്രീയ ലോക്ദളും ഇടതുപക്ഷ പാര്‍ട്ടികളുമെല്ലാം ഒന്നുചേര്‍ന്നിരുവെങ്കില്‍ എത്രയോ വലിയ വിജയം കൈവരിക്കാന്‍ മതേതര കക്ഷികള്‍ക്ക് കഴിയുമായിരുന്നു. എന്നാല്‍ പൊതുശത്രുവിനെതിരെ പോലും ഒന്നിച്ചു നില്‍ക്കാന്‍ കഴിയാതെ മതേതര വോട്ടുകള്‍ ശിഥിലമാകുന്ന കാഴ്ചയാണ് നാം യു.പിയില്‍ കണ്ടത്. 19 ശതമാനം മുസ്‌ലിംകളും 21 ശതമാനം ദളിതരുമുള്ള യു.പിയില്‍ അവരെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ കഴിയാതെപോയതും മതേതരവോട്ടുകള്‍ ഭിന്നിച്ചതുമാണ് പരാജയത്തിന് കാരണമെന്നത് വ്യക്തമാണ്.

അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനാണ് ബുദ്ധിയുള്ളവര്‍ ശ്രമിക്കേണ്ടത്. അതിലൂടെ മാത്രമെ ഫാഷിസത്തെ പ്രതിരോധിക്കാന്‍ സാധിക്കൂ. ഒരു ബഹുമതസമൂഹത്തിലെ ന്യൂനപക്ഷാംഗമെന്ന നിലയില്‍ ഇത്തരം രംഗങ്ങളില്‍ പക്വതയുള്ളവര്‍ സ്വീകരിക്കേണ്ട നിലപാടെന്തായിരിക്കണമെന്ന് ക്രിയാത്മകമായി ചിന്തിക്കേണ്ടതുണ്ട്. കക്ഷി വ്യത്യാസമന്യെ രാജ്യത്തിന്റെ അഖണ്ഡതയെ സ്‌നേഹിക്കുന്ന സംഘടനകളുടെ കൂട്ടായ്മയുണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുകയാണ് ആദ്യം വേണ്ടത്. മത-രാഷ്ട്രീയ വൈരം മറന്ന് നന്മ പുലര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്ന സംഘടനകളെല്ലാം ഒറ്റക്കെട്ടായി പ്രതികരിച്ചാല്‍ പിടിച്ചു നില്‍ക്കാന്‍ മാത്രം കെല്‍പൊന്നും ഇന്ന് ഫാഷിസത്തിനില്ല. അതിനുപകരം വൈകാരികമായി പ്രതികരിച്ച് വര്‍ഗീയ കക്ഷികള്‍ക്ക് ഭരണം  കയ്യാളാനുള്ള അവസരമൊരുക്കിക്കൂടാ.

സാമൂഹികമായും രാഷ്ട്രീയമായും സംഘടിക്കുകയാണ് ഫാഷിസ്റ്റുകളെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. വര്‍ഗീയതയെ പിന്തുണക്കാത്ത-വര്‍ഗീയ പരാമര്‍ശങ്ങളില്‍ പക്വമായി പ്രതികരിക്കാന്‍ പ്രാപ്തിയുള്ള സാമുദായിക-മതേതരവിശ്വാസികളുമായി തോള്‍ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിലൂടെ ഇത്തരം വര്‍ഗീയ ചിന്തകളെ പ്രതിരോധിക്കുന്നതില്‍ ഓരോ വ്യക്തിക്കും ഭാഗഭാക്കാകാന്‍ കഴിയും. നിയമനിര്‍മാണസഭയയിലും ജുഡീഷ്വറിയിലും മറ്റു ഉന്നതാധികാരമേഖലകളിലും ശരിയായ കാഴ്ചപ്പാടുള്ളവര്‍ ചെന്നെത്തേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളില്‍ പങ്കാളിയാകുവാന്‍ ഓരോരുത്തര്‍ക്കും കഴിയണം. 

അതോടൊപ്പം മതങ്ങളുടെ അന്തഃസത്ത ഇതരരുമായി പങ്കുവെക്കാനും ശരിയായ മതപ്രബോധന രീതി സമൂഹത്തില്‍ നടപ്പിലാക്കാനും ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട്. മതങ്ങള്‍ പരസ്പരം അടുത്തറിയുമ്പോള്‍ അവര്‍ക്കിടയിലെ തെറ്റുധാരണകള്‍ പാടെ മാഞ്ഞുപോകും. അതുവഴി മാത്രമെ വെറുപ്പും വിദ്വേഷവും മുറ്റിനില്‍ക്കുന്ന പ്രഭാഷണങ്ങളും രചനകളും അവഗണിക്കാനും അത്തരം ശ്രമങ്ങളെ സമചിത്തതയോടെ നേരിടാനും സാധാരണക്കാര്‍ക്ക് കഴിയൂ.

0
0
0
s2sdefault