വൈവിധ്യം: വളര്‍ച്ചയിലും പങ്കാളിത്തത്തിലും

അശ്‌റഫ് എകരൂല്‍

2017 ഏപ്രില്‍ 15 1438 റജബ് 18

ഇസ്‌ലാമിക് പാരന്റിംഗ്: 14

നല്ല വ്യക്തിയില്‍ നിന്നാണ് ഭദ്രമായ കുടുംബവും സുരക്ഷിതസമൂഹവും നിര്‍മിക്കപ്പെടുന്നത്. കുഞ്ഞിന്റെ വൈവിധ്യങ്ങളാര്‍ന്ന വളര്‍ച്ചകളെ തിരിച്ചറിയുകയും അവയിലോരോന്നിനെയും പോഷിപ്പിക്കുന്ന അനിവാര്യമായ വിഭവങ്ങളെ ആവശ്യമായ അളവുകളില്‍ സമയനിര്‍ണിതമായി ലഭ്യമാക്കുകയാണ് നല്ല വ്യക്തിയുടെ വളര്‍ച്ചക്ക് പ്രധാനമായും രക്ഷിതാക്കള്‍ ചെയ്യേണ്ടത്. ഇവിടെ നമുക്ക് ചോദിക്കാവുന്ന മൂന്നു ചോദ്യങ്ങളുണ്ട്. ഒന്ന്: എന്താണ് വളര്‍ച്ച? രണ്ട്: എന്തിനെയാണ്/എന്തൊക്കെയാണ് നാം വളര്‍ത്തേണ്ടത്? മൂന്ന്: ആരൊക്കെയാണ് ഈ ദൗത്യത്തില്‍ പങ്കാളികളാേവണ്ടത്? പ്രമാണങ്ങളുടെയും മാനവിക അറിവുകളുടെയും പിന്‍ബലത്തില്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തലിലൂടെയാണ് ഇസ്‌ലാമിക പാരന്റിംഗിന്റെ പ്രവിശാല ലോകത്തേക്ക് നമുക്ക് പ്രവേശനം സാധ്യമാകുന്നത്.

കുട്ടികളില്‍ വളര്‍ച്ചയെന്ന പ്രതിഭാസം രണ്ടര്‍ഥത്തില്‍ നാം നോക്കിക്കാണേണ്ടതാണ്. ഒന്ന്: ജൈവികപ്രക്രിയയിലൂടെ സ്വാഭാവികമായി ഉണ്ടാകുന്ന വളര്‍ച്ച. ഉദാഹരണത്തിന് ലൈംഗിക വളര്‍ച്ച പോലെ. പ്രത്യേകിച്ച് നാം ഒന്നും ശ്രദ്ധിച്ചില്ലെങ്കിലും സ്വഭാവികമായ ചുറ്റുപാടില്‍ കേവല ഭക്ഷണവും ആരോഗ്യ പരിസരവും ഉള്ളിടത്ത് ആ കുട്ടിയില്‍ ലൈംഗിക വളര്‍ച്ച സമയമാകുമ്പോള്‍ സംഭവിച്ചിരിക്കും. ഇവിടെ നമുക്ക് ചെയ്യാനുള്ളത് ഈ ജൈവികവളര്‍ച്ചയെ ആവശ്യമായ കുത്തും പലകയും കൊടുത്ത് വളര്‍ച്ചക്കൊപ്പം ശരിയായ ദിശയിലേക്ക് തിരിച്ചുവിടുകയെന്നതാണ്. എന്നാല്‍ മറ്റൊരു വളര്‍ച്ച, പുറത്തു നിന്ന് നട്ടുപിടിപ്പിച്ച് ഉണ്ടാക്കേണ്ട വളര്‍ച്ചയാണ്. ഉദാഹരണം ആരാധനാശീലങ്ങളെ വളര്‍ത്തല്‍. ഈ ഇനം വളര്‍ച്ചയില്‍ പാരന്റിംഗില്‍ ചെയ്യാനുള്ളത് അനുയോജ്യവും അനിവാര്യവുമായ വിത്ത് കണ്ടത്തി മണ്ണും കാലാവസ്ഥയും പരിഗണിച്ച് വളര്‍ത്തി പരിപാലിച്ചു കൊണ്ടുവരികയെന്നതാണ്. ഈ രണ്ടുതരം വളര്‍ച്ചയെ കുറിച്ചും നമുക്ക് തിരിച്ചറിവുണ്ടാവേണ്ടതുണ്ട്.

അപ്രകാരം തന്നെ രക്ഷിതാക്കളുടെ പ്രധാന ജോലിയായി നാം സാധാരണ പറയാറുള്ളത് മക്കളെ വളര്‍ത്തുന്നുവെന്നാണ്. എന്താണ് അല്ലെങ്കില്‍ എന്തിനെയാണ് നമുക്ക് മക്കളില്‍ വളര്‍ത്താനുള്ളത്?

വ്യക്തിത്വവളര്‍ച്ച സന്തുലിതവും സുരക്ഷിതവുമാവാന്‍ പരിപാലകര്‍ ആദ്യം അറിഞ്ഞിരിക്കേണ്ടത്, മനുഷ്യന് വൈവിധ്യങ്ങളാര്‍ന്ന വളര്‍ച്ചകള്‍ ഉണ്ടന്നും അവ ഒരേസമയം ഒരു നിശ്ചിത അളവില്‍ വളര്‍ത്തേണ്ടതുണ്ടെന്നുമാണ്. ഏതെങ്കിലും ചിലതിനെ അവഗണിച്ചോ മറ്റ് ചിലതിനെ അമിതമായി പരിഗണിച്ചോ വളര്‍ത്തുന്നതിന്റെ ഫലമാണ് വ്യക്തികളും കുടുംബങ്ങളും സമൂഹവും ഇന്നനുഭവിക്കുന്ന പല ദുരന്തങ്ങളുടെയും കാരണം. കിഡ്‌നി കക്കുന്ന ഡോക്ടറും മുതിര്‍ന്നവരെ ബഹുമാനിക്കാത്ത സമര്‍ഥനായ വിദ്യാര്‍ഥിയും തീവ്രവാദം തലക്ക് പിടിച്ച മതാനുയായും വൈവിധ്യങ്ങളാര്‍ന്ന വളര്‍ച്ചയിലെ സന്തുലനാവസ്ഥ ലഭിക്കാതെ പോയ ചിലര്‍ മാത്രമാണ്

ഈ വൈവിധ്യങ്ങളുടെ വളര്‍ച്ച സന്തുലിതമാവാതെ പോകുന്നതിലെ അപാകത മനസ്സിലാക്കാന്‍ നമ്മുടെ ശരീരത്തിലെ വ്യത്യസ്ത അവയവങ്ങളുടെ വളര്‍ച്ചയെ കുറിച്ചോര്‍ത്താല്‍ മതി. തലയും കൈകാലുകളുമെല്ലാം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. വളര്‍ച്ചയുടെ സന്തുലിതത്വം നഷ്ടപ്പെട്ട് തല മാത്രം അല്ലെങ്കില്‍ ഒരു കാലിന്റെ കണങ്കാല്‍ മാത്രം അല്‍പം അധികം വളര്‍ന്നാല്‍ അതില്‍ നാം സന്തോഷിക്കുകയല്ല മറിച്ച് ആശങ്ക പെടുകയാണ് ചെയ്യുക. അതിനാല്‍ നാം വളര്‍ച്ചകളെ തിരിച്ചറിയുകയും അവയ്ക്കാവശ്യമായ പോഷണങ്ങളുടെ തോതും സമയവും ക്രമീകരിക്കുകയും വേണം. കുഞ്ഞുങ്ങളുടെ വൈവിധ്യമാര്‍ന്ന വ്യക്തിത്വ വളര്‍ച്ചകളെ പഠനാവശ്യാര്‍ഥം താഴെ കാണും വിധം വിഭജിക്കാം.

ഒന്ന്: വിശ്വാസപരമായ വളര്‍ച്ച

രണ്ട്: ആരാധനാശീലങ്ങളുടെ വളര്‍ച്ച

മൂന്ന്: സാമൂഹിക വളര്‍ച്ച

നാല്: സ്വഭാവ വളര്‍ച്ച

അഞ്ച്: മാനസിക വൈകാരിക വളര്‍ച്ച

ആറ്: ശാരീരിക വളര്‍ച്ച

ഏഴ്: ബൗദ്ധിക വൈജ്ഞാനിക വളര്‍ച്ച

എട്ട്: ലൈംഗിക വളര്‍ച്ച

ഒമ്പത്: ആരോഗ്യ പരിപാലന ശീലങ്ങളുടെ വളര്‍ച്ച

രക്ഷിതാക്കള്‍ക്കും ഈ മേഖലയില്‍ ഇടപെടുന്നവര്‍ക്കും ചെയ്ത തീര്‍ക്കാനുള്ള പ്രധാന ദൗത്യം ഈ വളര്‍ച്ചയില്‍ ഇസ്‌ലാം കാണിച്ച വഴികളെ പിന്തുടരുകയും അവ സാധ്യമാവും വിധം നടപ്പിലാക്കുകയുമാണ്. ഇസ്‌ലാം ഈ മേഖലകളെയെല്ലാം പരിഗണിക്കുകയും, ഓരോന്നിനും ആവശ്യമായ മാര്‍ഗനിര്‍ദേശകങ്ങള്‍ താത്ത്വികമായും പ്രായോഗികമായും വിശുദ്ധ ഖുര്‍ആനും നബിചര്യയും സഹാബികളുടെ ജീവിതവും ഉപയോഗിച്ച് വരച്ച് കാണിച്ചു തന്നിട്ടുണ്ട്. ഇവ ഓരോന്നോരോന്നായി ഇവിടെ വിശദീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

മനുഷ്യപ്രകൃതിയെ കുറിച്ചുള്ള അല്ലാഹുവിന്റെ മൂന്നു വ്യത്യസ്ത പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ്. അല്ലാഹു പറഞ്ഞു: ''നിങ്ങള്‍ക്ക് ഭാരം കുറച്ച് തരണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു; ദുര്‍ബലനായി കൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.''(4:28)

''തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു.''(90:4)

''മനുഷ്യനെ ബലഹീനാവസ്ഥയില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയവനാകുന്നു അല്ലാഹു. പിന്നെ ബലഹീനതക്ക് ശേഷം ശക്തിയുണ്ടാക്കി. പിന്നെ ശക്തിക്ക് ശേഷം ബലഹീനതയും നരയും ഉണ്ടാക്കി... (30:54)

ഇസ്‌ലാമിക ശിക്ഷണ രീതി അവലംബിച്ച് കുട്ടികളെ വളര്‍ത്തുമ്പോള്‍ ദൗര്‍ബല്യങ്ങള്‍ക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ ആവശ്യമായ ശക്തി ലഭിക്കുകയും ജൈവികമായി തന്നിലുണ്ടാകുന്ന പല ശക്തി സ്രോതസുകളും തനിക്കും സഹജീവികള്‍ക്കും ഗുണകരമാവും വിധം ക്രിയാത്മകമാക്കാന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കുകയും ചെയ്യും. അവ അവഗണിച്ചാല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളില്‍ പെട്ട് ഒഴുക്കില്‍ ഒഴുകുന്ന ചണ്ടികളെ പോലെ പിടിച്ചു നില്‍ക്കാന്‍ കഴിയാത്തവരായി അവര്‍ മാറും. ഈ തിരിച്ചറിവ് നമുക്കുണ്ടാകുമ്പോഴാണ് പ്രതികൂല കാലാവസ്ഥയിലും ഇസ്‌ലാമിക സംസ്‌കാരത്തില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയുന്ന മുസ്‌ലിം തലമുറകള്‍ ഉണ്ടാവുകയുള്ളൂ. അങ്ങനെയുള്ളവര്‍ ചരിത്രത്തിന്റെ ഭാഗമാവുകയല്ല, ചരിത്രം സൃഷ്ടിക്കുന്നവര്‍ ആയി മാറും

പക്ഷേ, ഇത്തരം തലമുറകളുടെ നിര്‍മിതി സാധ്യമാവാന്‍ പാരന്റിംഗില്‍ കേവലം മാതാപിതാക്കളുടെ മാത്രം പങ്കാളിത്തം മതിയാവില്ല. മറിച്ച് അവര്‍ക്കൊപ്പം അധ്യാപകരും വിദ്യാഭ്യാസ മേഖലയിലുള്ളവരും മതപ്രബോധകരും തുടങ്ങി മനുഷ്യന്റെ വ്യക്തിത്വ വളര്‍ച്ചയില്‍ സ്വാധീനമുണ്ടാക്കുന്ന എല്ലാവര്‍ക്കും പങ്കാളിത്തവും കൂട്ടുത്തരവാദിത്തവും ഉണ്ടാകണം. 'നിങ്ങളെല്ലാവരും ഭരണകര്‍ത്താക്കളാണ്, നിങ്ങള്‍ നിങ്ങളുടെ ഭരണീയരെ കുറിച്ച് ചോദ്യം ചെയ്യപ്പെടുമെന്ന' നബി വചനത്തിന്റെ പരിധിയില്‍ കുട്ടികളുടെ പരിപാലനവുമായി ബന്ധപെട്ട എല്ലാവരും ഉള്‍പ്പെടുമെന്ന് നാം അറിയണം. അതിനാല്‍ തന്നെ മാതാപിതാക്കളെ പോലെ കുട്ടികളുമായി ഇടപെടുന്ന എല്ലാവര്‍ക്കും ഇസ്‌ലാമിക പാരന്റിംഗിനെ കുറിച്ചുള്ള അറിവും ബോധവും അനിവാര്യമാണ്. കുട്ടികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ തയ്യാര്‍ ചെയ്യുന്നവര്‍ക്കും അവ തെരഞ്ഞടുക്കുന്നവര്‍ക്കും അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരവാദിത്വമുണ്ടന്നര്‍ഥം. സ്ഥാപനങ്ങളുടെയും ചുറ്റുപാടുകളുടെയും ഭൗതിക സൗകര്യങ്ങളെ പ്ലാന്‍ ചെയ്യുന്നവരും അവര്‍ക്കാവശ്യമായ സാധന സാമഗ്രികള്‍ വില്‍പന നടത്തുന്ന കച്ചവടക്കാര്‍ പോലും പാരന്റിംഗില്‍ പരോക്ഷമായി പങ്കാളിയാവുന്നണ്ടെന്നര്‍ഥം.

ചുരുക്കത്തില്‍ മുകളില്‍ സൂചിപ്പിച്ച പ്രകാരം വളര്‍ച്ചകളെ തിരിച്ചറിയുകയും സമൂഹം ഉത്തരവാദിത്വ ബോധത്തോടെ പങ്ക് വഹിക്കുകയും ചെയ്തുകൊണ്ടുള്ള മഹാ ദൗത്യം തന്നെയാണ് പാരന്റിംഗ്. കാരണം, ആകാശങ്ങളും പര്‍വതങ്ങളും ഏറ്റെടുക്കാന്‍ ഭയപ്പെട്ട 'അനാമത്ത്' ഏറ്റെടുത്ത് നിര്‍വഹിക്കാനുള്ള മനുഷ്യനെ രൂപപ്പെടുത്തുന്ന മഹാ യജ്ഞമാണല്ലോ അത്.

അല്ലാഹു പറഞ്ഞു: ''തീര്‍ച്ചയായും നാം ആ വിശ്വസ്ത ദൗത്യം (ഉത്തരവാദിത്വം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത് ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു.''(33:72)

0
0
0
s2sdefault