വൈവാഹിക ജീവിതത്തിന്റെ സല്‍ഫലങ്ങള്‍

ശമീര്‍ മദീനി

2017 ജൂലായ് 29 1438 ദുല്‍ക്വഅദ് 05
''നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍നിന്ന് തന്നെ നിങ്ങള്‍ക്ക്  ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും  ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും  അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്'' (ക്വുര്‍ആന്‍ 30:21) 

വിവാഹെത്ത ആത്മീയതക്ക് തടസ്സമായി ചിലര്‍ കാണാറുണ്ട്. ബ്രഹ്മചര്യമാണ് ദൈവത്തിലേക്കടുക്കാന്‍ ഏറ്റവും ഉത്തമമെന്ന് അവര്‍ അനുമാനിക്കുന്നു. എന്നാല്‍ മനുഷ്യരുടെ സ്രഷ്ടാവ് സ്ത്രീ-പുരുഷ ഇണകളായിട്ടാണ് അവരെ സൃഷ്ടിച്ചത്. മനുഷ്യവംശത്തിന്റെ നിലനില്‍പിന്നും ഒട്ടനവധി നന്മകള്‍ക്കും നിമിത്തമായ ആ പാരസ്പര്യത്തെ സൃഷ്ടികര്‍ത്താവിന്റെ അനുഗ്രഹമായിട്ടാണ് വിശുദ്ധ ക്വുര്‍ആന്‍ എടുത്തുകാണിച്ചിട്ടുള്ളത്. 

''നിങ്ങളെ നാം ഇണകളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു''(78:8). ''അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് തന്നെ ഇണകളെ ഉണ്ടാക്കുകയും, നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക് പുത്രന്‍മാരെയും പൗത്രന്‍മാരെയും ഉണ്ടാക്കിത്തരികയും, വിശിഷ്ട വസ്തുക്കളില്‍ നിന്നും അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തിരിക്കുന്നു...'' (16:72). 

ഭാര്യ-ഭര്‍തൃ ബന്ധത്തെയും അതില്‍നിന്നുണ്ടാകുന്ന കുടുംബ ബന്ധത്തെയുമെല്ലാം പവിത്രമായി കാണുന്ന ഇസ്‌ലാം ആ വിശുദ്ധ ബന്ധങ്ങളിലെ കടമകളും കടപ്പാടുകളും നിര്‍വഹിച്ച് അവ മാന്യമായി പാലിക്കണമെന്നും പ്രത്യേകം ഉണര്‍ത്തിയിട്ടുണ്ട്. അല്ലാഹു പറയുന്നു: 

''മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക). തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു''(4:1).

വ്യഭിചാരം നിഷിദ്ധമെന്ന് പറഞ്ഞ് ലൈംഗികതയെന്ന പ്രകൃതിപരമായ വികാരത്തിനു നേരെ കണ്ണടക്കുകയല്ല ഇസ്‌ലാം ചെയ്യുന്നത്. മറിച്ച് വിശുദ്ധമായ വിവാഹത്തെ മനുഷ്യരാശിക്കു മുമ്പില്‍ സമര്‍പ്പിക്കുകയാണ് ഇസ്‌ലാം. 

വിവാഹത്തിന് ശേഷിയുള്ള യുവസമൂഹത്തോട് വിവാഹം കഴിക്കാന്‍ നിര്‍ദേശിച്ച മുഹമ്മദ് നബി(സ്വ) അത് കണ്ണിനും ലൈംഗികാവയവത്തിനും സുരക്ഷിതമാണെന്ന് ഉണര്‍ത്തുക കൂടി ചെയ്തു. വിവാഹം ദൈവികമായ അനുഗ്രഹമാണ്. ആനന്ദവും ആഹ്ലാദവും നിറഞ്ഞൊഴുകുന്ന ഒരു ഉല്‍കൃഷ്ട ബന്ധം. പരസ്പരമുള്ള കടമകളും കടപ്പാടുകളും നബി(സ്വ) പഠിപ്പിച്ചതനുസരിച്ച് പിന്തുടരാന്‍ സാധിച്ചാല്‍ ആ ആനന്ദവും ആഹ്ലാദവും നിലനിര്‍ത്താന്‍ കഴിയും. ഇല്ലെങ്കില്‍ മധുരനിമിഷങ്ങള്‍ അത്യധികം കയ്പുള്ള ദിനരാത്രങ്ങക്ക് വഴിമാറും. ദൈവികമായ വിധിവിലക്കുകള്‍ പാലിച്ചുകൊണ്ടുള്ള ദാമ്പത്യവല്ലരിയില്‍ വിരിയുന്ന കുസുമങ്ങളും ആനന്ദദായകമായിരിക്കും. അങ്ങനെ സ്വസ്ഥവും സുഭദ്രവുമായ ഒരു കുടുംബത്തെ രൂപപ്പെടുത്താന്‍ സ്രഷ്ടാവിന്റെ അനുഗ്രഹത്തോടെ മനുഷ്യന് സാധിക്കുന്നതാണ്. 

എന്നാല്‍ കുടുംബത്തെയും വിവാഹത്തെയുമൊക്കെ ആത്മീയ മാര്‍ഗത്തിലെ വിലങ്ങുതടികളായി കാണുന്നവര്‍ പ്രകൃതിവിരുദ്ധവും മതവിരുദ്ധരുമായ ഒരു ആശയത്തെയാണ് വാരിപ്പുണരുന്നത്. അത് പ്രായോഗികമോ മോക്ഷദായകമോ അല്ലെന്നതാണ് വാസ്തവം. അത് നന്മയാണെങ്കില്‍ മനുഷ്യരൊക്കെ ആ 'നന്മ' സ്വീകരിച്ചാലോ? എന്തായിരിക്കും സ്ഥിതിവിശേഷം? ബ്രഹ്മചാരികളില്‍ പലരുടെയും രഹസ്യജീവിതം തന്നെ ബ്രഹ്മചര്യം അപ്രായോഗികമായ ഒന്നാണെന്ന് വ്യക്തമാക്കുന്നുണ്ട് എന്നതും പരസ്യമായ രഹസ്യമാണ്. 

0
0
0
s2sdefault