വധശിക്ഷയും മനുഷ്യാവകാശവും

ഉസ്മാന്‍ പാലക്കാഴി

2017 മെയ് 13 1438 ശഅബാന്‍ 16
കുറ്റവാളിയെ പോലെ തന്നെ ജീവിക്കാനുള്ള അവകാശമുള്ള മറ്റൊരാളുടെയോ പലയാളുകളുടെയോ ജീവിക്കാനുള്ള സ്വാതന്ത്ര്യം തകര്‍ത്ത് വരുന്ന കുറ്റവാളിയുടെ മനുഷ്യാവകാശത്തിനു വേണ്ടി ശബ്ദിക്കുന്നവര്‍ കൊല്ലപ്പെട്ടവരുടെ ജീവന് വിലകല്‍പിക്കാത്തതെന്തേ? നിര്‍ഭയയുടെ ഘാതകരുടെ വധശിക്ഷ ശരിവെച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഒരു വിശകലനം.

2017 ഏപ്രില്‍ 28നും മെയ് 5നും ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി പ്രമാദമായ രണ്ട് കേസുകളില്‍ പ്രഖ്യാപിച്ച ഉത്തരവ് സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹത്തിലുണ്ടാക്കിയത്. ഒന്ന് സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിലെ പിഴവു തിരുത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടുള്ള ഉത്തരവാണ്. രണ്ടാമത്തേത് നിര്‍ഭയ കേസില്‍ നാല് പ്രതികള്‍ക്ക് വിചാരണ കോടതി നല്‍കിയ വധശിക്ഷ ശരിവച്ചുകൊണ്ടുള്ള ഉത്തരവും. 'സുപ്രീം കോടതി തീരുമാനത്തില്‍ ഗോവിന്ദച്ചാമിക്ക് തൂക്കുകയര്‍ പ്രതീക്ഷിച്ചിരുന്നു. ഇപ്പോള്‍ വലിയ ദുഃഖമുണ്ട്. മകളുടെ ഘാതകനെ കഴുമരത്തിലേറ്റാന്‍ ഏതറ്റംവരെയും പോകും' എന്നായിരുന്നു സൗമ്യയുടെ അമ്മയുടെ പ്രതികരണമെങ്കില്‍ 'തങ്ങള്‍ക്കിനി ഉറങ്ങാന്‍ കഴിയു'മെന്നാണ് നിര്‍ഭയയുടെ മാതാപിതാക്കള്‍ പ്രതികരിച്ചത്.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയും ജീവപര്യന്തം തടവു നിലനിര്‍ത്തിയും കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 15നാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ഗോവിന്ദച്ചാമിയെ തൂക്കിലേറ്റുകതന്നെ വേണമെന്ന് അന്ന് സൗമ്യയുടെ അമ്മയും ബന്ധുക്കളും മാത്രമല്ല പല വ്യക്തികളും സംഘടനകളും പ്രതികരിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ വധശിക്ഷയുടെ ഭൂതകാലത്തിലേക്കും വര്‍ത്തമാനകാലത്തിലേക്കുമൊന്ന് കണ്ണോടിക്കാം.

ലോക രാഷ്ട്രങ്ങളില്‍ വധശിക്ഷ 50 ശതമാനം വര്‍ധിച്ചതായാണ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്. 2015ല്‍ 25 രാജ്യങ്ങളിലായി 1634 പേരെ വധശിക്ഷക്ക് വിധേയമാക്കി. മുന്‍വര്‍ഷത്തെക്കാള്‍ കൂടുതല്‍ വധശിക്ഷ നടപ്പിലാക്കിയത് ചൈന. രണ്ടാം സ്ഥാനത്ത് ഇറാനാണ്.

ചരിത്രം         

കുറ്റവാളികളെയും രാഷ്ട്രീയ എതിരാളികളെയും വധശിക്ഷയ്ക്ക് വിധേയമാക്കുക എന്നത് ഏതാണ്ട് എല്ലാ സമൂഹങ്ങളിലും നിലനിന്നിരുന്നു എന്ന് കരുതപ്പെടുന്നു. ജയില്‍ സംവിധാനം തുടങ്ങുന്നതിന് മുന്‍പുള്ള യൂറോപ്പില്‍ മരണശിക്ഷ മിക്ക കുറ്റങ്ങള്‍ക്കുമുള്ള ശിക്ഷയായി ഉപയോഗിച്ചിരുന്നു. ഇംഗ്ലണ്ടിലെ ഹെന്റ്‌റി എട്ടാമന്റെ ഭരണകാലത്ത് 72,000 ആളുകള്‍ക്ക് വധശിക്ഷ ലഭിച്ചതായി കണക്കാക്കുന്നു.

1820 ആയപ്പോഴേക്കും ബ്രിട്ടനില്‍ 160 കുറ്റങ്ങളുടെ ശിക്ഷ മരണമായിരുന്നു. രക്തപങ്കിലമായ നിയമം എന്നായിരുന്നു ഈ നിയമം അന്ന് അറിയപ്പെട്ടിരുന്നത്.

ഇപ്പോള്‍ ചൈനയില്‍ ധാരാളം വധശിക്ഷകള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും ടാങ്ങ് രാജവംശക്കാലത്ത് വധശിക്ഷ നിരോധിക്കപ്പെട്ടിരുന്നു. 747ല്‍ ക്‌സുവാന്‍സോങ് ചക്രവര്‍ത്തിയാണ് വധശിക്ഷ നിരോധിച്ചത്. വധശിക്ഷയ്ക്ക് പകരം പീഡനമോ നാടുകടത്തലോ പോലെ മറ്റു ശിക്ഷകളാണ് നല്‍കിയിരുന്നത്. 12 വര്‍ഷങ്ങള്‍ക്കു ശേഷം അന്‍ ലുഷാന്‍ കലാപത്തെത്തുടര്‍ന്ന് വധശിക്ഷ പുനരാരംഭിച്ചു. കഴുത്തു ഞെരിക്കലും ശിരച്ഛേദവുമായിരുന്നു ടാങ്ങ് കാലത്തെ ശിക്ഷാരീതികള്‍. ധാരാളം കുറ്റങ്ങള്‍ക്ക് വധശിക്ഷ നല്‍കപ്പെട്ടിരുന്നു.

മിക്ക സ്ഥലങ്ങളിലും കൊലപാതകം, ചാരപ്രവര്‍ത്തി, രാജ്യദ്രോഹം എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ക്കോ സൈനികനിയമപ്രകാരമോ ആണ് വധശിക്ഷ നടപ്പിലാക്കാറുള്ളത്. ചില രാജ്യങ്ങളില്‍ ബലാത്സംഗം, വിവാഹേതര ലൈംഗികബന്ധം, രക്തബന്ധമുള്ളവരുമായുള്ള ലൈംഗികബന്ധം തുടങ്ങിയവയ്ക്കും മരണശിക്ഷ നല്‍കാറുണ്ട്. പല രാജ്യങ്ങളിലും മയക്കുമരുന്നു കടത്ത് വധശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്. ചൈനയില്‍ മനുഷ്യക്കടത്തിനും ഗുരുതരമായ അഴിമതിക്കും ശിക്ഷ മരണം തന്നെ. ലോകത്തിലെ മിക്ക രാജ്യങ്ങളിലെയും സൈന്യങ്ങളില്‍ ഭീരുത്വവും ഒളിച്ചോട്ടവും മേലുദ്യോഗസ്ഥരുടെ ഉത്തരവുകള്‍ അനുസരിക്കാതിരിക്കുന്നതും കലാപവും വധശിക്ഷയര്‍ഹിക്കുന്ന കുറ്റങ്ങളാണ്.

നിലവില്‍ 58 രാജ്യങ്ങള്‍ വധശിക്ഷ നടപ്പാക്കിവരുന്നുണ്ട്. 97 രാജ്യങ്ങളില്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. ഐക്യരാഷ്ട്ര ഘടനയയുടെ പൊതുസഭ 2007, 2008, 2010 വര്‍ഷങ്ങളില്‍ വധശിക്ഷക്കെതിരെ (പൂര്‍ണമായി നിര്‍ത്താക്കല്‍ ലക്ഷ്യംവെച്ച് നിര്‍ബന്ധമല്ലാത്ത പ്രമേയം പാസാക്കിയിട്ടുണ്ട്). വധശിക്ഷ നടക്കുന്ന രാജ്യങ്ങളിലാണ് ലോകജനസംഖ്യയുടെ 60 ശതമാനവും താമസിക്കുന്നത്. ഇന്ത്യ, അമേരിക്കന്‍ ഐക്യനാടുകള്‍, ഇന്തോനേഷ്യ തുടങ്ങിയ വധശിക്ഷ നിലവിലുള്ള രാജ്യങ്ങള്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ളവയുമാണ്. ഈ രാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭാ പ്രമേയത്തിനെതിരെ വോട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.

വിവിധ മതങ്ങള്‍ വധശിക്ഷയെ എങ്ങനെ കാണുന്നു എന്ന് നോക്കാം:

ബുദ്ധമതം

ബുദ്ധമതക്കാര്‍ക്കിടയില്‍ ഈ വിഷയത്തില്‍ ഭിന്നാഭിപ്രായമാണുള്ളത്. ജീവനെടുക്കാതിരിക്കുക എന്നത് ബുദ്ധമതത്തിന്റെ അഞ്ച് അടിസ്ഥാന വിശ്വാസങ്ങളിലൊന്നാണ്. ധര്‍മപാദത്തിലെ പത്താം അധ്യായം ഇങ്ങനെ പറയുന്നു: ''എല്ലാവര്‍ക്കും ശിഷയെ പേടിയുണ്ട്. എല്ലാവര്‍ക്കും മരണഭയമുണ്ട്; നിനക്കുള്ളതുപോലെ തന്നെ. അതുകൊണ്ട് കൊല്ലുകയോ കൊല്ലാന്‍ കാരണമാവുകയോ ചെയ്യരുത്.''

ചരിത്രപരമായി ബുദ്ധമതം രാജ്യത്തിലെ ഔദ്യോഗിക മതമായ രാജ്യങ്ങള്‍ മിക്കവയും വധശിക്ഷനടപ്പാക്കുന്നവയായിരുന്നു. ജപ്പാനില്‍ കുറച്ചുവര്‍ഷങ്ങള്‍ വധശിക്ഷ സാഗ ചക്രവര്‍ത്തിക്കു ശേഷം നിര്‍ത്തിവെക്കപ്പെട്ടിരുന്നതാണ് ഇതിനൊരപവാദം. ഇപ്പോഴും അവിടെ വധശിക്ഷ നിലനില്‍ക്കുന്നുണ്ട്. ഭൂട്ടാന്‍ വധശിക്ഷ നിര്‍ത്തലാക്കിയെങ്കിലും തായ്‌ലന്റില്‍ ഇപ്പോഴും തുടരുന്നുണ്ട്.

മ്യാന്‍മറിലെ ബുദ്ധ സന്യാസിമാര്‍ റോഹിങ്ക്യന്‍ മുസ്‌ലിംകളെ അതിക്രൂരമായി കൊന്നൊടുക്കുകയും ആട്ടിയോടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് ഇതിനോട് കൂട്ടിവായിക്കുക.

ക്രിസ്തുമതം

യേശുക്രിസ്തുവിന്റെ ഉപദേശം 'ഒരു കരണത്തടിച്ചാല്‍ മറുകരണം കാണിക്കുക' എന്നാണെന്നാണ് ലൂക്കാ എഴുതിയ സുവിശേഷത്തിലും മത്തായി എഴുതിയ സുവിശേഷത്തിലും  രേഖപ്പെടുത്തിയിരിക്കുന്നത്. കല്ലെറിഞ്ഞു കൊല്ലാന്‍ വിധിക്കപ്പെട്ട വേശ്യയുടെ കഥയും ഈ ഉപദേശവും കായികമായ പ്രതികാരത്തിനെതിരാണെന്നാണ് പൊതുവിശ്വാസം. റോമാക്കാര്‍ക്കെഴുതിയ ലേഖനത്തിലെ 13:3-4 വചനങ്ങള്‍ മരണശിക്ഷയെ അനുകൂലിക്കുന്നവയാണെന്ന് കരുതുന്നവരുണ്ട്. എന്നാല്‍, യേശുവിന്റെ സമാധാന സന്ദേശം സ്വകാര്യ നൈതികതയെ മാത്രമെ ബാധിക്കൂ എന്നും കുറ്റങ്ങള്‍ക്ക് ശിക്ഷ കൊടുക്കാനുള്ള സര്‍ക്കാറിന്റെ ശേഷിയെ ബാധിക്കില്ല എന്നും വിശ്വസിക്കുന്നവരാണ് പല ക്രിസ്ത്യാനികളും. പഴയനിയമത്തിലെ ലേവ്യപുസ്തകത്തില്‍  20:2-27 വരികള്‍ വധശിക്ഷ നല്‍കാവുന്ന കുറ്റങ്ങളെ വിവരിക്കുന്നുണ്ട്. വിവിധ സഭകള്‍ക്കിടയില്‍ ഈ വിഷയത്തില്‍ ഭിന്നാഭിപ്രായമാണുള്ളത്.

ഹൈന്ദവത

അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്ന വിചാരധാരകള്‍ ഹിന്ദുമതത്തിലുണ്ട്. ഹിന്ദുമതം അഹിംസ പഠിപ്പിക്കുമ്പോള്‍ത്തന്നെ ആത്മാവിനെ കൊല്ലാന്‍ സാധിക്കില്ല എന്നും ജഡമായ ശരീരം മാത്രമാണ് നശിക്കുന്നതെന്നും പഠിപ്പിക്കുന്നു. ധര്‍മശാസ്ത്രത്തിലും അര്‍ഥശാസ്ത്രത്തിലും മനുസ്മൃതിയിലും കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് വധശിക്ഷ വിധിക്കുന്നുണ്ട്.

ജൂതമതം      

ഔദ്യോഗികമായി ജൂതമതം വധശിക്ഷയെ അംഗീകരിക്കുന്നുവെങ്കിലും കുറ്റം തെളിയിക്കാനാവശ്യപ്പെടുന്ന നിബന്ധനകളുടെ കാഠിന്യം കാരണം ഫലത്തില്‍ മരണശിക്ഷ നിരോധിതമാണ്. ക്രിസ്തുവര്‍ഷം 30-ല്‍ സാന്‍ഹെഡ്രിന്‍ എന്ന ന്യായാധിപസഭ വധശിക്ഷ നിര്‍ത്തലാക്കി. മരണശിക്ഷ നല്‍കാന്‍ യോഗ്യത ദൈവത്തിനു മാത്രമാണ് എന്നാണ് ഇതിന്റെ ന്യായം. എന്നാല്‍ ഫലസ്തീനി ബാലന്മാരെയും സ്ത്രീകളെയും പോലും ഇസ്‌റയേല്‍ ജൂതന്മാര്‍ നിഷ്‌കരുണം കൊന്നുതള്ളുന്നതാണല്ലോ ലോകം കണ്ടുകൊണ്ടിരിക്കുന്നത്.

കൂട്ടക്കൊലകള്‍

ഇരുപതാം നൂറ്റാണ്ടില്‍ കോടിക്കണക്കിനാളുകളെ രാജ്യങ്ങള്‍ രാഷ്ട്രീയവും മതപരവുമായ കാരണങ്ങള്‍ക്ക് കൊന്നൊടുക്കിയിട്ടുണ്ട്. ടര്‍ക്കി അര്‍മീനിയക്കാര്‍ക്കെതിരായും, നാസി ജര്‍മനി ജൂതന്മാര്‍ക്കും  മറ്റുമെതിരായും, ഖമര്‍ റൂഷ് കംബോഡിയയിലെ  ജനങ്ങള്‍ക്കെതിരായും, റുവാണ്ടയിലെ  ടുട്‌സികള്‍ക്കെതിരായി നടന്നതും മറ്റും ഉദാഹരണങ്ങളാണ്. സൈന്യങ്ങള്‍ അച്ചടക്കം നിലനിറുത്താന്‍ വധശിക്ഷ ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് രണ്ടാം ലോകമഹായുദ്ധസമയത്ത് 158,000 സോവിയറ്റ് സൈനികര്‍ സ്വന്തം സൈന്യത്താല്‍ വധശിക്ഷയ്ക്ക് വിധേയരായിട്ടുണ്ട്.

റോബര്‍ട്ട് കോണ്‍ക്വസ്റ്റ് എന്ന വിദഗ്ധന്റെ അഭിപ്രായത്തില്‍ 1,000,000ത്തില്‍ കൂടുതല്‍ സോവിയറ്റ് പൗരന്മാരെ സ്റ്റാലിന്റെ ഉത്തരവു പ്രകാരം 1937-38 കാലത്ത് വധിച്ചിട്ടുണ്ട്. മിക്കവരെയും തലയ്ക്കുപിന്നില്‍ വെടിവച്ചായിരുന്നു കൊന്നിരുന്നത്. 1949ല്‍ ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരം പിടിച്ച ശേഷം 800,000 പേരെ വധിച്ചു എന്ന് മാവോ സെതുങ് തന്നെ പറഞ്ഞിട്ടുണ്ട്.

ഇസ്‌ലാമും ശിക്ഷാവിധികളും

തെറ്റുകള്‍ ചെയ്യാനുള്ള സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും ഇല്ലാതാക്കുന്ന വിഷയത്തില്‍ ഇസ്‌ലാം പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു; തെറ്റ് ചെറുതായാലും വലുതായാലും ശരി. സമ്പന്നര്‍ ദരിദ്രരെ പരിഗണിക്കാതെ സുഖലോലുപരായി ജീവിക്കുകയും ദരിദ്രര്‍ പട്ടിണിയില്‍ കഴിഞ്ഞുകൂടുകയും ചെയ്യുമ്പോള്‍ മോഷണത്തിന്റെയും പിടിച്ചുപറിയുടെയുമൊക്കെ മാര്‍ഗത്തിലേക്ക് തിരിയാന്‍ ദരിദ്രര്‍ നിര്‍ബന്ധിതരായേക്കും. അതുകൊണ്ടുതന്നെ ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെ കവാടങ്ങള്‍ ഇസ്‌ലാം തുറന്നിട്ടു. ദാനധര്‍മങ്ങളും സകാത്തും നിശ്ചയിച്ചു. വ്യഭിചാരമാകുന്ന പാപത്തിലേക്കെത്തുന്ന മുഴുവന്‍ മാര്‍ഗങ്ങളും ഇസ്‌ലാം അടച്ചിട്ടു. വസ്ത്രധാരണ രീതിയിലും സംസാരത്തിലും പെരുമാറ്റത്തിലും നോട്ടത്തിലുമെല്ലാം പാലിക്കേണ്ട നിയമങ്ങള്‍ പഠിപ്പിച്ചു. ഇങ്ങനെ ഓരോ തിന്മക്കുമെതിരില്‍ ജാഗ്രത പാലിക്കാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നു. എന്നിട്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ടാല്‍ തക്കതായ ശിക്ഷനല്‍കാന്‍ ഇസ്‌ലാമിക ഭരണകൂടത്തിന് അനുമതി നല്‍കുന്നു. തികച്ചും നീതിയില്‍ അധിഷ്ഠിതമായ നിയമവാഴ്ചയാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. സമൂഹത്തിന്റെ ഭദ്രമായ നിലനില്‍പിനും സുരക്ഷക്കും ശിക്ഷാനടപടികള്‍ അനിവാര്യമാണ് എന്നാണ് ഇസ്‌ലാമിന്റെ വീക്ഷണം. ഇസ്‌ലാമിലെ ശിക്ഷാവിധികളെ പ്രാകൃതമെന്ന് പറഞ്ഞ് ആക്ഷേപിക്കുന്ന പലരുമുണ്ട്. വാസ്തവത്തില്‍ അവര്‍ ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ നീതിബോധത്തെ മനസ്സിലാക്കാത്തവരോ മനസ്സിലായിട്ടും അംഗീകരിക്കാന്‍ കൂട്ടാക്കാത്തവരോ ആണ്. പ്രവാചകന്റെ കാലത്ത് നടന്ന ഒരു സംഭവം കാണുക:

ആഇശ(റ) നിവേദനം. നബി(സ്വ)യുടെ കാലത്ത് മോഷണം നടത്തിയ സ്ത്രീയുടെ കാര്യത്തില്‍ ശിക്ഷ നടപ്പാക്കാതിരിക്കുവാന്‍ നബി(സ്വ)യോട് ആരാണ് സംസാരിക്കുവാന്‍ ധൈര്യപ്പെടുകയെന്ന് ക്വുറൈശികള്‍ പരസ്പരം ചോദിക്കുകയുണ്ടായി: നബി(സ്വ) ഇഷ്ടപ്പെട്ടവനായ ഉസാമക്കല്ലാതെ മറ്റാര്‍ക്കുമതിന് കഴിയുകയില്ലെന്ന് അവര്‍ അഭിപ്രായപ്പെടുകയും ഉസാമ വന്ന് നബി(സ്വ)യോട് ശുപാര്‍ശ പറയുകയും ചെയ്തു. അതു കേട്ട് നബി(സ്വ)യുടെ മുഖം ചുവന്ന് തുടുക്കുകയും അവിടുന്ന് ഇപ്രകാരം ചോദിക്കുകയുമുണ്ടായി: 'അല്ലാഹുവിന്റെ നിയമം നടപ്പിലാക്കുന്നതിനെതിരെയാണോ നീ ശുപാര്‍ശ പറയുന്നത്?' നബി(സ്വ)യുടെ ദേഷ്യം മനസ്സിലാക്കിയ ഉസാമ തനിക്കു വേണ്ടി പാപമോചനത്തിനു പ്രാര്‍ഥിക്കുവാന്‍ നബി(സ്വ)യോട് അപേക്ഷിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തു. പിന്നീട് നബി(സ്വ) മിമ്പറില്‍ കയറുകയും അല്ലാഹുവിനെ പ്രകീര്‍ത്തിച്ചതിനു ശേഷം ഇപ്രകാരം പ്രസംഗിക്കുകയും ചെയ്തു: 'നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന സമുദായങ്ങളുടെ നാശ കാരണം അവരിലുള്ള മാന്യന്മാര്‍ മോഷ്ടിച്ചാല്‍ (തെറ്റ് ചെയ്താല്‍) അവര്‍ ശിക്ഷ നടപ്പാക്കാതിരിക്കുകയും സാധാരണക്കാര്‍ മോഷ്ടിച്ചാല്‍ കൈ വെട്ടുകയും ചെയ്തിരുന്നതിനാലാണ്. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെ സത്യം മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് മോഷ്ടിക്കുന്നതെങ്കില്‍ പോലും ഞാന്‍ അവളുടെ കൈ വെട്ടുക തന്നെ ചെയ്യും.' അങ്ങനെ ആ സ്ത്രീയുടെ വിഷയത്തില്‍ ശിക്ഷ നടപ്പിലാക്കി (ബുഖാരി, മുസ്‌ലിം, അബൂദാവൂദ്). 

ജീവിക്കാനുള്ള അവകാശത്തെ ഇസ്‌ലാം അംഗീകരിക്കുന്നു. എന്നാല്‍ തെളിയിക്കപ്പെടുന്ന കുറ്റങ്ങള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കാന്‍ ഇസ്‌ലാം അനുശാസിക്കുന്നു. വ്യക്തികള്‍ക്കല്ല ഇസ്‌ലാമിക ഭരണകൂടത്തിനാണ് ശിക്ഷ നടപ്പിലാക്കാന്‍ അനുവാദമുള്ളത്. വധശിക്ഷയെ പൊതുവില്‍ ഇസ്‌ലാം അംഗീകരിക്കുന്നുണ്ട്. വധശിക്ഷയര്‍ഹിക്കുന്ന കുറ്റം സംശയരഹിതമായി തെളിയിക്കപ്പെട്ടാല്‍ ഭരണകൂടത്തിന് കൊലപാതകിയെ വധിച്ച് ശിക്ഷ നടപ്പാക്കാം. എന്നാല്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൊലപാതകിയോട് ക്ഷമിക്കാനും നഷ്ടപരിഹാരം വാങ്ങി ശിക്ഷയില്‍നിന്ന് ഒഴിവാക്കാനുമുള്ള അധികാരമുണ്ട്. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു:

''സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത് നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും (കൊല്ലപ്പെണ്ടേതാണ്.) ഇനി അവന്ന് (കൊലയാളിക്ക്) തന്റെ സഹോദരന്റെ പക്ഷത്ത് നിന്ന് വല്ല ഇളവും ലഭിക്കുകയാണെങ്കില്‍ അവന്‍ മര്യാദ പാലിക്കുകയും, നല്ല നിലയില്‍ (നഷ്ടപരിഹാരം) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു അത്. ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും'' (2:178).

''അക്കാരണത്താല്‍ ഇസ്‌റാഈല്‍ സന്തതികള്‍ക്ക് നാം ഇപ്രകാരം വിധി നല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു...'' (5:32).

സുഊദി അറേബ്യയില്‍ വല്ലപ്പോഴും നടക്കുന്ന വധശിക്ഷ ചൂണ്ടിക്കാട്ടി മനുഷ്യന്റെ തലവെട്ടുന്ന കാടന്‍ ശിക്ഷാകമ്പ്രദായമാണ് ഇസ്‌ലാമിന്റെത് എന്ന് വിമര്‍ശകര്‍ പറയാറുണ്ട്. ലോകത്ത് വധശിക്ഷ നടപ്പിലാക്കുന്ന ഏക രാജ്യം സുഊദിയും ഏക മതം ഇസ്‌ലാമുമാണോ എന്ന് തോന്നിപ്പോകും ഇത് കേട്ടാല്‍. എന്നാല്‍ ഇതേ വിമര്‍ശകര്‍ തന്നെ ചിലപ്പോള്‍ വധശിക്ഷ നടപ്പിലാക്കാന്‍ ശബ്ദിക്കാറുമുണ്ട്. മുംബയ് ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബ്, പാര്‍ലമെന്റ് ആക്രമണ കേസില പ്രതി അഫ്‌സല്‍ ഗുരു എന്നിവരെ തൂക്കിലേറ്റാന്‍ ശബ്ദിച്ചവര്‍ ഉദാഹരണം. അവരെ തൂക്കിലേറ്റിയപ്പോള്‍ മധുരം നല്‍കി ആഘോഷിച്ചവരുണ്ട്. വധശിക്ഷ നിരോധിക്കാനുുള്ള യു.എന്‍ പ്രമേയത്തെ എതിര്‍ത്ത് 39 രാജ്യങ്ങള്‍ എതിര്‍ത്തതിന്റെ പിറ്റേന്ന് രാവിലെയായിരുന്നു കസബിന്റെ വധശിക്ഷ നടപ്പാക്കിയത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. സൗമ്യയുടെയും നിര്‍ഭയയുടെയും ഘാതകരെ വധിച്ചുകളയണമെന്നുതന്നെയാണല്ലോ ഇന്ത്യന്‍ ജനതയുടെ പൊതുവായുള്ള ആഗ്രഹം.

ജീവിക്കാനുള്ള അവകാശമോ?

വധശിക്ഷ പൂര്‍ണമായും ഇല്ലാതാക്കണമെന്ന ആവശ്യമുന്നയിക്കുന്ന സംഘടനകളും വ്യക്തികളും ഇന്ത്യയിലുമുണ്ട്. ജീവിക്കാനുള്ള അവകാശം ഹനിച്ചുകൂടാ എന്നതാണ് ഇവര്‍ പറയുന്ന 'ന്യായം'(?). കുറ്റവാളിയെ പോലെ തന്നെ ജീവിക്കാനുള്ള അവകാശമുള്ള മറ്റൊരാളുടെയോ പലയാളുകളുടെയോ ജീവിക്കാനുള്ള സ്വാതന്ത്ര്യം തകര്‍ത്ത് വരുന്ന കുറ്റവാളിയുടെ മനുഷ്യാവകാശത്തിനു വേണ്ടി ശബ്ദിക്കുന്നവര്‍ കൊല്ലപ്പെട്ടവരുടെ ജീവന് വിലകല്‍പിക്കാത്തതെന്തേ?

ശിക്ഷകള്‍ സമൂഹത്തിനൊരു പാഠംകൂടിയാണ്; ഇത്തരം കുറ്റങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകാതിരിക്കാന്‍. ഇനിയങ്ങെന സംഭവിച്ചാല്‍ ഇതായിരിക്കും അവസ്ഥഎന്ന് ബോധ്യപ്പെടുത്താനുള്ള മാര്‍ഗം. സാമൂഹ്യജീവിയായ മനുഷ്യന് സ്വസ്ഥമായ ജീവിതത്തിന് ചില നിയമങ്ങളും നിയന്ത്രണങ്ങളും ആവശ്യമാണ്. ആര്‍ക്കും എന്ത് കുറ്റവും എപ്പോഴും ചെയ്യാം. പിടിക്കപ്പെട്ടാല്‍ അല്‍പകാലം ജയിലില്‍ സുഖജീവിതം നയിച്ചും പണിയെടുത്ത് കാശുണ്ടാക്കിയും പുറത്തുവരാം എന്ന അവസ്ഥ നിലനില്‍ക്കുന്ന കാലത്തോളം കുറ്റവും കുറ്റവാളികളും വര്‍ധിക്കുകയേയുള്ളൂ. ജയില്‍വാസ കാലത്ത് മാനസാന്തരപ്പെട്ട് നല്ലവരായിത്തീരും; അതിനുള്ള അവസരം നല്‍കണം എന്ന് പറയുന്നവര്‍, ജയിലില്‍ വെച്ച് പരിചയപ്പെടുന്ന സഹതടവുകാരില്‍നിന്ന് കുറ്റകൃത്യങ്ങള്‍ കൂടുതല്‍ നന്നായി ശാസ്ത്രീയമായി ചെയ്യാന്‍ പഠിച്ച് പുറത്തിറങ്ങുന്നവരും ജയിലില്‍നിന്ന് വിട്ടയക്കപ്പെട്ട ദിവസം തന്നെ പ്രതികാരവും മറ്റു കുറ്റങ്ങളും ചെയ്യുന്നവരും ഉണ്ടെന്ന സത്യം കാണാതെ പോകുന്നു. ക്വുര്‍ആന്‍ പറയുന്നു:

 ''ബുദ്ധിമാന്മാരേ, (അങ്ങനെ) തുല്യശിക്ഷ നല്‍കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ്. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രെ (ഈ നിയമനിര്‍ദേശങ്ങള്‍)'' (2:179).

നമ്മുടെ നാട്ടില്‍ ഹീനമായ ബലാത്സംഗങ്ങളുടെയും കൊലപാതകങ്ങളുടെയും ഗ്രാഫ് കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഉന്നതങ്ങൡലുള്ള 'പിടിപാട്' നിമിത്തം പലരും പിടിക്കപ്പെടാതെ നിര്‍ഭയം കഴിയുന്നു. ചില പ്രതികള്‍ മാത്രം പിടിക്കപ്പെടുന്നു. പലരും ജാമ്യത്തില്‍ പുറത്തിറങ്ങുന്നു. കുറ്റം തെളിയിക്കപ്പെട്ടവര്‍ സുഭിക്ഷമായി ജയിലുകളില്‍ കഴിയുന്നു. മാതൃകാപരമായ ശിക്ഷയുടെ അഭാവം കുറ്റവാളികളുടെയും കുറ്റകൃത്യങ്ങളുടെയും എണ്ണം വര്‍ധിപ്പിക്കാനേ ഉപകരിക്കൂ എന്നര്‍ഥം.

0
0
0
s2sdefault