എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 സെപ്തംബര്‍ 16 1438 ⁠⁠ദുൽഹിജ്ജ 25

സത്യവിശ്വാസികളും പരീക്ഷണവും

ലോകത്തിന്റെ പല ഭാഗങ്ങളിലും മുസ്‌ലിംകള്‍ കഠിനമായി പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിക്രമങ്ങള്‍ക്ക് ഇരകളായിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയില്‍ അവര്‍ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത്? പകരത്തിന് പകരം ചെയ്യേണമോ? അങ്ങനെ ചിലര്‍ വാദിക്കുന്നു. അങ്ങനെ ചെയ്താല്‍ ഗുണത്തെക്കാളേറെ ദോഷമായിരിക്കുകയും ഉണ്ടാവുക എന്നു മറുഭാഗവും.  

ഒരു മുസ്‌ലിം എന്ത് നിലപാട് സ്വീകരിക്കുമ്പോഴും അവലംബിക്കേണ്ടത് മതത്തിന്റെ പ്രമാണങ്ങളെയാണ്. കടുത്ത പരീക്ഷണങ്ങള്‍ നല്‍കി അടിമകളെ പരിശോധിക്കുമെന്ന് വിശുദ്ധ ക്വുര്‍ആനിലൂടെ അല്ലാഹു അറിയിക്കുന്നുണ്ട്: ''...ഒരു പരീക്ഷണം എന്ന നിലയില്‍ തിന്മ നല്‍കിക്കൊണ്ടും നന്മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്...'' (ക്വുര്‍ആന്‍ 21:35).

ഓരോ മനുഷ്യനും നന്മകളും തിന്മകളും കൊണ്ട് പരീക്ഷിക്കപ്പെടുമെന്നത് തീര്‍ച്ചയാണ്. പരീക്ഷണങ്ങളെ പൂര്‍വസൂരികള്‍ അഭിമുഖീകരിച്ചത് പോലെ നേരിടാനാണ് സത്യവിശ്വാസികള്‍ ശ്രമിക്കേണ്ടത്.

''ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിക്കുന്നുണ്ടോ?'' (ക്വുര്‍ആന്‍ 29:2).

വിശ്വാസി കൂടുതല്‍ പരീക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇസ്‌ലാമിന്റെ സന്ദേശം എത്തിച്ചുകൊടുക്കാന്‍ നിയോഗിതരായ പ്രവാചകര്‍ പോലും പരീക്ഷണങ്ങളില്‍ നിന്ന് ഒഴിവായിട്ടില്ല. അല്ലാഹു വിശുദ്ധ ക്വുര്‍ആനിലൂടെ ഉത്തമ സമുദായം എന്ന് വിശേഷിപ്പിച്ച മുഹമ്മദ് നബി(സ്വ)യുടെ അനുചരന്മാരും കഠിന പരീക്ഷണങ്ങള്‍ തരണം ചെയ്തവരാണ്. പീഡിതരായ സ്വഹാബികളെ അല്ലാഹു ഉണര്‍ത്തുന്നത് കാണുക:

''അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍(വിശ്വാസികള്‍)ക്കുണ്ടായത് പോലെയുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കയാണോ? പ്രയാസങ്ങളും ദുരിതകളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്റെ സഹായം അടുത്ത് തന്നെയുണ്ട്'' (ക്വുര്‍ആന്‍ 2:214).

പരീക്ഷണമെന്നത് അല്ലാഹുവിന്റെ നടപടിക്രമമാണ്. അത് എല്ലാ കാലഘട്ടത്തിലും ഉണ്ടായിരിക്കുമെന്നതില്‍ സന്ദേഹമില്ല. എന്നാല്‍ അവയോടുള്ള മുസ്‌ലിമിന്റെ പ്രതികരണ രീതിയാണ് പ്രധാനം. മുസ്‌ലിംകള്‍ പ്രകോപിതരായി പ്രതികരിക്കുകയും അക്രമാസക്തരാവുകയും ചെയ്യണം എന്നാണ് വര്‍ഗീയ-വംശീയ വാദികളുടെ ആഗ്രഹം. അങ്ങനെ സംഭവിച്ചാല്‍ അക്രമികളെന്ന് മുദ്രകുത്താനും അക്രമം തടയാനെന്ന പേരില്‍ അവരെ നശിപ്പിക്കാനും എളുപ്പമാണല്ലോ. അതിനാല്‍ വിവേകപൂര്‍ണമായ നിലപാടാണ് സ്വീകരിക്കേണ്ടത്. വിശ്വാസിയുടെ പക്കലുള്ള പ്രധാന ആയുധം പ്രാര്‍ഥന തന്നെയാണ്. മര്‍ദിതന്റെ പ്രാര്‍ഥനക്കും അല്ലാഹുവിനുമിടയില്‍ മറയില്ലെന്ന സന്തോഷവാര്‍ത്ത നബി(സ്വ) നല്‍കിയിട്ടുണ്ട്. 

അല്ലാഹു പറയുന്നു: ''നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ; ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം'' (ക്വുര്‍ആന്‍ 40:60).

- സല്‍മാന്‍ ഇരിവേറ്റി (ജാമിഅ അല്‍ഹിന്ദ്)


മുത്ത്വലാക്വ് ആണോ ഇന്ന് ഇന്ത്യ നേരിടുന്ന വലിയ ഭീഷണി?

മുത്ത്വലാക്വുമായി ബന്ധപ്പെട്ട പഠനാര്‍ഹമായ ലേഖനം വായിച്ചു. ചിലരുടെയൊക്കെ ബേജാറ് കണ്ടാല്‍ ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകളോ, വര്‍ഗീയതയോ ഒന്നുമല്ല മുത്ത്വലാക്വ് തന്നെയാണ് എന്ന് തോന്നിപ്പോകും!  

'മുസ്‌ലിംകള്‍ ക്വുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും മതവിധികള്‍ സ്വീകരിക്കുന്നതിന് പകരം ഓരോ വിഭാഗവും അവരവരുടെ മദ്ഹബാണ് അവസാന വാക്കായി സ്വീകരിച്ചു വന്നത്. അതുവഴി മദ്ഹബ് ഗ്രന്ഥങ്ങള്‍ക്ക് കോടതികളില്‍ വലിയ സ്വീകാര്യതയുണ്ടായി' എന്ന വിലയിരുത്തല്‍ വളരെ പ്രസക്തമാണ്. 

- മുഹമ്മദ് ബിലാല്‍, സുല്‍ത്താന്‍ ബത്തേരി

0
0
0
s2sdefault