എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 ഒക്ടോബര്‍ 21 1438 മുഹര്‍റം 30

ലേഖനം അവസരോചിതമായി  

നേര്‍പഥം കഴിഞ്ഞ ലക്കത്തിലെ 'പ്രതിരോധവും പ്രതികരണവും: ഇന്ത്യന്‍ സാഹചര്യത്തില്‍' കവര്‍സ്‌റ്റോറി പ്രസക്തമായി. ഇന്നലെകളില്‍ ഇന്ത്യയിലെ ധിഷണാശാലികളായ മുസ്‌ലിം രാഷ്ട്രനായകരും പണ്ഡിതരും വെല്ലുവിളികളെ പക്വമായി അതിജയിച്ചതിന്റെ നാള്‍വഴികള്‍ ലേഖകന്‍ സംഭവങ്ങള്‍ സഹിതം ഉദ്ധരിക്കുന്നുണ്ട്. സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്‌ലിംകള്‍ ഇന്നലെകളിലെ സഹന സമര ചരിത്രപാഠങ്ങള്‍ മറക്കരുതെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നുണ്ട്. അസഹിഷ്ണുത ബോധപൂര്‍വം സൃഷ്ടിച്ചെടുക്കുന്ന ബഹുസ്വര സമൂഹത്തില്‍ ഇസ്‌ലാമിക ജീവിതം ഏറെ അവധാനതയോടെ കൈകാര്യം ചെയ്യപ്പെടണം. ആദര്‍ശ വിശുദ്ധി നഷ്ടപ്പെടുത്താതെ ഇസ്‌ലാമിക, ഇസ്‌ലാമികേതര സമൂഹങ്ങള്‍ക്ക് സഹകരിക്കാവുന്ന മേഖലകള്‍ കൃത്യമായും പ്രാമാണികമായും ചര്‍ച്ച ചെയ്യപ്പെടണം. 

മുസ്‌ലിം സമൂഹത്തെ അപരവല്‍ക്കരിക്കുന്നതിനെതിരെയുള്ള പ്രതിരോധം കൂടിയാണ് പ്രസ്തുത ലേഖനം. വിമര്‍ശനങ്ങളെ വിചാരപരമായി പ്രതിരോധിക്കാനും, അതിനെതിരെ പ്രതികരിക്കാനുമുള്ള ഇസ്‌ലാമിന്റെ ആദര്‍ശ, സൈദ്ധാന്തിക മൂലധനം സംബന്ധിച്ച് ഇസ്‌ലാമിക സമൂഹത്തിന് തന്നെ സാക്ഷരത നല്‍കേണ്ടതുണ്ട്. മലയാള മണ്ണില്‍ മതമൈത്രിയുടെ തുരുത്തുകളൊരുക്കിയ ഇസ്‌ലാഹി ചലനങ്ങള്‍ രാഷ്ട്ര അഖണ്ഡതക്ക് ശക്തി പകര്‍ന്നിട്ടുണ്ട്. വര്‍ത്തമാനകാല വര്‍ഗീയ തീവ്രവാദ ചിന്തകളുടെ അടിവേരറുക്കാന്‍ നമുക്ക് പ്രതിജ്ഞയെടുക്കാം, പ്രവര്‍ത്തന സജ്ജരാകാം. ലേഖകന് അഭിനന്ദനങ്ങള്‍, പ്രാര്‍ഥനകള്‍.

- സാബിഖ് പുല്ലൂര്‍


ക്യാമ്പസ് രാഷ്ട്രീയത്തിന് ചരമക്കുറിപ്പെഴുതേണ്ടതുണ്ടോ?

കോളേജ് ക്യാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം പാടില്ലെന്ന ചീഫ് ജസ്റ്റിസ് ഉള്‍ക്കൊള്ളുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി സ്വാഗതം ചെയ്യുന്നതോടൊപ്പം തന്നെ ഏറെ സന്ദേഹങ്ങള്‍ ബാക്കി വെക്കുന്നുമുണ്ട്. നിലവിലുള്ള ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ദോഷവശങ്ങള്‍ പരിഗണിച്ച് ഇത്തരമൊരു വിധിയെ അനുകൂലിക്കാമെങ്കിലും ആത്യന്തികമായി വര്‍ഗീയ കക്ഷികള്‍ക്ക് കേറി നിരങ്ങാനുള്ള അവസരമായി മാറുമോ പ്രസ്തുത തീരുമാനം എന്നാണ് കണ്ടറിയേണ്ടത്. സമൂഹത്തിന്റെ പരിഛേദങ്ങളായ ക്യാമ്പസും വിദ്യാര്‍ഥികളും നിഷ്‌ക്രിയരായിപ്പോവുന്ന അവസ്ഥയിലേക്ക് കോടതിവിധി എത്തിച്ചേക്കുമോ എന്ന് പഠിക്കേണ്ടതും വിശദീകരിക്കേണ്ടതും ആ രംഗത്തെ വിശാരദന്മാരാണ്. അന്ധമായ വിമര്‍ശനങ്ങളും നിരപാധികമായ അംഗീകാരവും ബൗദ്ധികമായ സംവാദങ്ങള്‍ക്കുള്ള അവസരം നിഷേധിക്കലായി മാറും.

ഇന്നത്തെ ദേശീയ രാഷ്ട്രീയത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന പ്രമുഖരായ പല നേതാക്കളും വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പരിചയിച്ചു വന്നവരാണ്.  മാത്രമല്ല, സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജം നല്‍കിയ ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം നിന്നത് അമ്പതുകളിലെ ഇന്ത്യന്‍ ക്യാമ്പസാണ്. മുഖ്യധാരാ രാഷ്ട്രീയത്തിലെ അഴുക്കുകള്‍ പലതും ക്യാമ്പസുകളെ സ്വാധീനിച്ചു എന്നതിനാല്‍ തന്നെ അതിനെ ശുദ്ധീകരിക്കാനുള്ള യത്‌നങ്ങളായിരുന്നു ഇല്ലാതാക്കാനുള്ള ശ്രമങ്ങളെക്കാള്‍ അഭികാമ്യം എന്ന് തോന്നിപ്പോവുകയാണ്.

- ഫാത്തിമ ഷെന്‍ഹ പി.വി

0
0
0
s2sdefault