എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 ഒക്ടോബര്‍ 14 1438 മുഹറം 23

ഇസ്‌ലാം വാളുകൊണ്ട് പ്രചരിച്ച മതമോ? 

സൃഷ്ടിക്കുകയും സംരക്ഷിക്കുകയും പരിപാലിക്കുകയും എല്ലാ ജീവികള്‍ക്കും അനിവാര്യമായ  മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്യുന്ന ഏകനായ അല്ലാഹു മാനവരാശിക്ക് അവതരിപ്പിച്ച മതമാണ് ഇസ്‌ലാം. അത് തികച്ചും മനുഷ്യപക്ഷത്ത് നില്‍ക്കുന്ന കാരുണ്യത്തിന്റെ മതമാണ്. എന്നാല്‍ ഈയൊരു മതത്തെ 'വാള്‍കൊണ്ട് പ്രചരിച്ച' മതമാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ കാലമേറെയായി ശ്രമം തുടങ്ങിയിട്ട്. അതുപോലെ അടിസ്ഥാനരഹിതമായ ധാരാളം ആരോപണങ്ങള്‍ വേറെയും പണ്ടുമുതലേ ഉന്നയിക്കപ്പെടുണ്ട്; ഇന്നും അത് തുടരുന്നുമുണ്ട്. 

'ജിഹാദ്' എന്ന അറബി പദമാണ് വിമര്‍ശകരുടെ കയ്യിലെ 'വലിയൊരു' ആയുധം. ക്വുര്‍ആനില്‍ ജിഹാദിന് ആഹ്വാനമുള്ളതായി കാണാം; അത് അന്യമതസ്ഥരെ കണ്ടേടത്തുവെച്ച് കൊല്ലാനുള്ള ആഹ്വാനമാണ് എന്നാണ് ഇവര്‍ക്ക് പറയാനുള്ളത്. മധ്യകാല ക്രൈസ്തവ രചനകളുടെ വെളിച്ചത്തില്‍ ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ ശ്രമിച്ചവരെല്ലാം ജിഹാദിനെകുറിച്ച് മനസ്സിലാക്കിയത് അമുസ്‌ലിംകളെ നിര്‍ബന്ധിച്ച് മതം മാറ്റുന്നതിന് വേണ്ടി മുസ്‌ലിംകള്‍ നടത്തുന്ന യുദ്ധത്തിന്റെ പേരാണ് ജിഹാദ് എന്നാണ്. കോടിക്കണക്കിന് കോപ്പികള്‍ വിറ്റഴിക്കുകയും റഫറന്‍സിന് ഏറ്റവുമധികം ഉപയോഗിക്കുന്നതുമായ ഇംഗ്ലീഷ് നിഘണ്ടുവായ 'റീഡേഴ്‌സ് ഡൈജസ്റ്റ് ഓക്‌സ്‌ഫോര്‍ഡ് കംപ്ലീറ്റ് വേര്‍ഡ് ഫൈന്‍ഡര്‍' ജിഹാദിനെ നിര്‍വചിച്ചത് 'അവിശ്വാസികള്‍ക്കെതിരെ മുസ്‌ലിംകള്‍ നടത്തുന്ന യുദ്ധം (ദ ഹോളിവാര്‍) വിശുദ്ധ യുദ്ധം' എന്നാണ്! 

യഥാര്‍ഥത്തില്‍ എന്താണ് ജിഹാദ്? നബി ﷺ യുടെ നീണ്ട പതിമൂന്ന് വര്‍ഷത്തെ ജിഹാദിനുള്ള ആയുധം ക്വുര്‍ആനായിരുന്നു. അവതരിക്കുന്നതിനനുസരിച്ച് ക്വുര്‍ആന്‍ വചനം ഉപയോഗിച്ച് സമൂഹത്തില്‍ നിലനിന്നിരുന്ന തിന്മകള്‍ക്കും അധര്‍മങ്ങള്‍ക്കുമെതിരെയായിരുന്നു ജിഹാദ്. ഈ ജിഹാദാണ് മക്കയിലെ പലരുടെയും മനസ്സില്‍ പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ചത്. സ്വന്തം മാതാപിതാക്കള്‍ക്ക് അവരുടെ വാര്‍ധക്യകാലത്ത് വേണ്ടുന്ന കാര്യങ്ങള്‍ ചെയ്തുകൊടുക്കുക എന്നത് ശരീരം കൊണ്ടുള്ള ജിഹാദാണ്. പാവപ്പെട്ടവന്റെ പട്ടിണി മാറ്റല്‍ സമ്പത്തുകൊണ്ടുള്ള ജിഹാദാണെന്നും മതം പഠിപ്പിക്കുന്നു. എന്നാല്‍ ജിഹാദെന്ന് കേള്‍ക്കുമ്പോള്‍ ഈ ചിത്രങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തുന്നില്ല; അനിവാര്യമായ ഘട്ടത്തില്‍ നടക്കുന്ന യുദ്ധത്തിന്റെ ചിത്രം മാത്രമെ എത്തുന്നുള്ളൂ എന്നതാണ് വസ്തുത.

ഇസ്‌ലാമിനെതിരില്‍ ശത്രുക്കള്‍ കാലങ്ങളായി നടത്തുന്ന കള്ളപ്രചാരണമാണ് ഇസ്‌ലാം പ്രചരിച്ചത് വാളുകൊണ്ടാണ് എന്നത്. അതുകൊണ്ടു തന്നെ ഈ കുപ്രചാരണത്തെ മുസ്‌ലിം പണ്ഡിതന്മാര്‍ എക്കാലത്തും എതിര്‍ത്തുപോന്നിട്ടുണ്ട്. 

വിശുദ്ധ ക്വുര്‍ആന്‍ കൊണ്ട് ജിഹാദ് ചെയ്യുന്ന പ്രവാചകന്‍ ﷺ അതിലെ സൂക്തങ്ങള്‍ക്കതിരായി ഒന്നും ചെയ്യാറില്ല; കാരണം അത് ലോകരക്ഷിതാവിന്റെ വചനമാണ്. വിശുദ്ധ ക്വുര്‍ആനില്‍ (2:256) ഇപ്രകാരം കാണാം: ''മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞു കഴിഞ്ഞിരിക്കുന്നു.'' 

ഒരാളെയും വാളുകൊണ്ടോ ബോംബുകൊണ്ടോ ഭീഷണിപ്പെടുത്തി മതത്തില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിക്കുവാന്‍ ഇസ്‌ലാം പറയുന്നില്ലെന്നും അത് ഇസ്‌ലാമിനെതിരാണെന്നും ഈ വചനം വ്യക്തമാക്കിത്തരുന്നു. 

നബി ﷺ ഒരാളെയും മതത്തില്‍ ചേര്‍ക്കാന്‍ യാതൊരു ബലപ്രയോഗവും നടത്തിയിട്ടേയില്ല. യഥാര്‍ഥ ദൈവത്തെ മനസ്സിലാക്കുകയും ജീവിതലക്ഷ്യം എന്തെന്ന് അറിയുകയും ചെയ്തപ്പോള്‍ ജനങ്ങള്‍ സ്വമനസ്സാലെ അതിന്റെ വക്താക്കളായി മാറുകയായിരുന്നു. ഇസ്‌ലാം വാളുകൊണ്ടാണ് പ്രചരിച്ചത് എന്നു പറയുന്നവരോട് നമുക്ക് ചോദിക്കാനുള്ള ചോദ്യമിതാണ്; അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഏഷ്യന്‍ രാജ്യങ്ങളിലും ആസ്‌ട്രേലിയയിലും മറ്റുമെല്ലാം ഇക്കാലത്തും ധാരാളമാളുകള്‍ഇസ്‌ലാമിലേക്ക് കടന്നുവന്നിട്ടുണ്ട്; ഇപ്പാഴും വരുന്നുമുണ്ട്. ഏത് വാള്‍ കണ്ട് ഭയന്നാണ് ഇത് സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും? ഇസ്‌ലാം വാളുകൊണ്ടല്ലാതെ പ്രചരിച്ചിട്ടില്ല എന്ന ഓറിയന്റലിസ്റ്റുകളുടെ വാദം കളവാണെന്ന് ഇസ്‌ലാമിക ചരിത്രത്തെ തനതായ സ്രോതസ്സില്‍ നിന്ന് പഠിച്ചു മനസ്സിലാക്കുന്ന ഏതൊരു വ്യക്തിക്കും ബോധ്യപ്പെടാവുന്നതാണ്.

- അബ്ദുര്‍റഊഫ്, ജാമിഅ അല്‍ഹിന്ദ്

0
0
0
s2sdefault