എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 നവംബര്‍ 25 1439 റബിഉല്‍ അവ്വല്‍ 06

യുദ്ധങ്ങള്‍ കൊണ്ട് ലോകത്തെ ഇസ്‌ലാമികവല്‍ക്കരിക്കണം എന്നോ...?   

വിശുദ്ധ ക്വുര്‍ആനിലെ രണ്ടാം അധ്യായമായ സൂറത്തുല്‍ ബഖറയുടെ 193ാം വചനം ഉദ്ധരിച്ചു കൊണ്ട് മുസ്‌ലിംകള്‍ ലോകം മുഴുവന്‍ ഇസ്‌ലാമികവല്‍ക്കരിക്കുന്നത് വരെ യുദ്ധം ചെയ്യേണ്ടവരാണെന്ന് സമര്‍ഥിക്കുന്ന ഒരു വോയ്‌സ് ക്ലിപ്പ് വ്യാപകമായി പ്രചരിക്കുന്നത് കണ്ടു.

114 അധ്യായങ്ങളിലായി ആറായിരത്തിലധികം വരുന്ന വിശുദ്ധ ക്വുര്‍ആനിലെ വചനങ്ങള്‍ ദൈവികമാണ് എന്ന് വിശ്വസിക്കുന്നവരാണ് മുസ്‌ലിംകള്‍. ആ ക്വുര്‍ആനിനെ ജീവിതത്തില്‍ പകര്‍ത്തിയ പ്രവാചകന്‍ ﷺ ആണ് അവര്‍ക്ക് മാതൃകയും. അതിലെ എല്ലാ വചനങ്ങളും പ്രവാചകന്റെ ﷺ പ്രബോധിത സമൂഹമായ സ്വഹാബികള്‍ എങ്ങനെ മനസ്സിലാക്കിയോ അങ്ങനെ മനസ്സിലാക്കുന്നവരും കൂടിയാണ് മുസ്‌ലിംകള്‍. അതുകൊണ്ട് തന്നെ പ്രവാചകനെയും പ്രവാചക വചനങ്ങള്‍ ജനങ്ങള്‍ക്ക് പറഞ്ഞു കൊടുത്ത സ്വഹാബികളെയും ഉദ്ധരിച്ചു കൊണ്ട് പണ്ഡിതന്മാര്‍ വിശുദ്ധ ക്വുര്‍ആനിന്റെ വചനങ്ങളെ വിശദീകരിച്ചിട്ടുമുണ്ട്. പ്രവാചകനോ അനുയായികള്‍ക്കോ പണ്ഡിതര്‍ക്കോ മുസ്‌ലിംകള്‍ക്കോ പരിചയമില്ലാത്ത വ്യത്യസ്ത വാഖ്യാനങ്ങള്‍ ക്വുര്‍ആനിക വചനങ്ങള്‍ക്ക് കല്‍പിക്കുകയും അവ പ്രചരിപ്പിക്കുക എന്നതും ഇസ്‌ലാമിക വിമര്‍ശകര്‍ എക്കാലത്തും സ്വീകരിച്ചു പോന്ന രീതിശാസ്ത്രമാണ്. ഇവിടെയും സംഭവിച്ചത് മറിച്ചല്ല.

മുകളിലെ വചനത്തില്‍ മാത്രമല്ല വിശുദ്ധ ക്വുര്‍ആനിലെ എട്ടാം അധ്യായമായ സൂറത്തുല്‍ അന്‍ഫാലിലെ 39ാം വചനവും ഇതേ ആശയം തന്നെയാണ് പറഞ്ഞിട്ടുള്ളത്. ഓറിയന്റലിസ്റ്റുകളെ കോപ്പി അടിക്കുന്ന തിരക്കില്‍ 'ഐഎസ് വക്താവ്' അറിയാതെ വിട്ടു പോയതാവും പ്രസ്തുത വചനം. അതിങ്ങനെയാണ്;

''കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ. നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്.'' (വിശുദ്ധ ക്വുര്‍ആന്‍ 8:39)

ഈ രണ്ടു വചനങ്ങളിലും പൊതുവായി വന്ന ആശയമാണ് ഫിത്‌ന ഇല്ലാതെയാവുന്നത് വരെ യുദ്ധം ചെയ്യുക എന്നത്. ഫിത്‌ന എന്ന പദത്തിന് പരീക്ഷണം, മര്‍ദനം, കുഴപ്പം എന്നൊക്കെയാണ് അര്‍ഥം. മതത്തിന്റെ പേരില്‍ നില നിന്നിരുന്ന മര്‍ദനത്തെ സൂചിപ്പിക്കാന്‍ ആണ് പ്രസ്തുത വചനം ഉപയോഗിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ ഇസ്‌ലാമിലേക്ക് വരികയും പ്രവാചകനെയും അനുയായികളെയും സച്ചരിതരായ നാലു ഖലീഫമാരെയും കാണുകയും അവര്‍ നടത്തിയ യുദ്ധങ്ങള്‍ക്ക് സാക്ഷിയാവുകയും ചെയ്ത, ഇസ്‌ലാമിലെ രണ്ടാം ഖലീഫയായ ഉമറിന്റെ(റ) പുത്രനുമായ അബ്ദുല്ലാഹിബ്‌നു ഉമറിന്റെ(റ) സാക്ഷ്യം പ്രസ്തുത വിഷയത്തില്‍ ഇസ്‌ലാമിന്റെ വീക്ഷണം എന്താണ് എന്ന് സുതരാം വ്യക്തമാക്കുന്നതാണ്.

'നാഫിഇല്‍ നിന്ന്: ഇബ്‌നു സുബൈറിന്റെ പീഡനങ്ങള്‍ നിലനിന്നിരുന്ന കാലത്ത് രണ്ട് പേര് അബ്ദുല്ലാഹി ബ്‌നു ഉമറി(റ)ന്റെ അടുത്ത് ചെന്ന് ചോദിച്ചു: 'ജനങ്ങള്‍ ഇല്ലാതെയാവുന്നു. താങ്കള്‍ ഉമറിന്റെ പുത്രനും പ്രവാചകാനുചരനുമായിരുന്നിട്ടും യുദ്ധരംഗത്തേക്ക് ഒരുങ്ങിപ്പുറപ്പെടുന്നതില്‍ നിന്ന് താങ്കളെ തടയുന്നതെന്താണ്?'' അദ്ദേഹം പറഞ്ഞു:എന്റെ സഹോദരന്റെ രക്തം ചിന്തുന്നത് അല്ലാഹു വിലക്കിയിട്ടുണ്ടെന്നതാണ് എന്നെ തടയുന്നത്.' അവര്‍ ചോദിച്ചു:ഫിത്‌ന ഇല്ലാതാകുന്നത് വരെ യുദ്ധം ചെയ്യണമെന്ന് അല്ലാഹു കല്‍പിച്ചിട്ടില്ലേ?' അദ്ദേഹം പറഞ്ഞു: 'ഫിത്‌ന ഇല്ലാതാകുന്നത് വരെയും, അല്ലാഹുവിന് വേണ്ടി മാത്രമാകുന്നത് വരെയും ഞങ്ങള്‍ യുദ്ധം ചെയ്തിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ക്കാവശ്യം ഫിത്‌ന ഉണ്ടാക്കുന്നതിനും ആരാധന അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടിയാവുന്നതിനും വേണ്ടിയുള്ള യുദ്ധമാണ്.'' (ബുഖാരി)

ഫിത്‌ന ഇല്ലാതെയാവുകയും ദീന്‍ മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുക എന്നതിന്റെ വിവക്ഷ എന്താണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. അത്‌കൊണ്ടാണ് പ്രസ്തുത വചനം ഉദ്ധരിച്ചു കൊണ്ട് ലോകത്ത് ജനങ്ങളെ നര്‍ബന്ധിച്ചു മുസ്‌ലിംകളാക്കാന്‍ ഒരുമ്പെട്ട ഒരൊറ്റ ചരിത്രം പോലും ഉദ്ധരിക്കാന്‍ ഇസ്‌ലാമിക വിമര്‍ശകര്‍ക്ക് കഴിയാതെ പോകുന്നത്.

- അഫ്താബ് കണ്ണഞ്ചേരി

0
0
0
s2sdefault