എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 ഒക്ടോബര്‍ 28 1439 സഫര്‍ 08

ബാലപഥം    

ഞാന്‍ 'നേര്‍പഥ'ത്തിന്റെ സ്ഥിരം വായനക്കാരിയാണ്. അന്ധ്രാപ്രദേശിലെ കാര്‍ണൂലിലാണ് ഇപ്പോള്‍ താമസം. 'നേര്‍പഥം' ഒന്നിനൊന്ന് ഉഷാറാകുന്നുണ്ട്. പേര് പോലെ തന്നെ വിഭവങ്ങളും വളരെ ഉപകരപ്രദമാകുന്നുണ്ട്. ഇസ്‌ലാമിക വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ക്കും ലേഖനങ്ങള്‍ക്കുമൊപ്പം സമകാലിക വിഷയങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ച്, അവയിലുള്ള ഇസ്‌ലാമിന്റെ നിലപാട് വ്യക്തമാക്കുന്ന പഠനാര്‍ഹമായുള്ള ലേഖനങ്ങള്‍ കൂടിയുള്ളത് വളരെ ആശ്വാസം നല്‍കുന്നു. എന്റെ മക്കള്‍ മലയാളം വായിക്കാന്‍ പഠിച്ചത് ഇതിലെ 'ബാലപഥം' പംക്തിയിലൂടെയാണ് എന്നത് പറയാതിരിക്കാന്‍ വയ്യ. വളരെ നന്ദി. ഇനിയും കൂടുതല്‍ വിഭവങ്ങളുമായി മുന്നേറുവാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

- ലുബിന ഹനീഫ്, വലിയാട്ട്, ആന്ധ്രപ്രദേശ്


മലബാര്‍ സമരത്തിന്റെ അകവും പുറവും

മലബാര്‍ സമരത്തിന്റെ ചരിത്ര യാഥാര്‍ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന '1921ലെ മലബാര്‍ സമരവും ചരിത്ര ദുര്‍വ്യാഖ്യാനങ്ങളും' എന്ന സുഫ്‌യാന്‍ അബ്ദുസ്സലാമിന്റെ ലേഖനം ഏറെ ആകാംക്ഷയോടെയാണ് വായിച്ചു തീര്‍ത്തത്. തികച്ചും പഠനാര്‍ഹമായ ലേഖനം. മലബാറില്‍ മാപ്പിളമാര്‍ നൂറ്റാണ്ടുകളായി നടത്തി വന്നിരുന്ന പ്രതിഷേധങ്ങളും സമരങ്ങളും ജന്മിത്വത്തിനെതിരെയും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുമായിരുന്നുവെന്ന വസ്തുത ചരിത്രത്തിന്റെ വെളിച്ചത്തില്‍ ബോധ്യപ്പെടുത്തുന്നതില്‍ ലേഖകന്‍ വിജയിച്ചിട്ടുണ്ട്. 

'മലബാര്‍ സമരത്തില്‍ മാപ്പിളമാരോടൊപ്പം പോരാടി മരിച്ചവരില്‍ ധാരാളം ഹിന്ദുക്കളുമുണ്ടായിരുന്നു. ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടും എം.പി നാരായണമേനോനും സമരത്തിന്റെ പേരില്‍ ദീര്‍ഘകാലം ജയില്‍ശിക്ഷ അനുഭവിച്ചവരാണ്. സമരത്തിന് ശേഷം പിടിക്കപ്പെട്ടവരെ കോയമ്പത്തൂര്‍ ജയിലിലേക്ക് കൊണ്ടുപോയത് ഗുഡ്‌സ് വാഗണിലായിരുന്നു. വണ്ടി പോത്തന്നൂര്‍ എത്തിയപ്പോഴേക്കും 64 പേര്‍ ശ്വാസം മുട്ടി പരസ്പരം മാന്തിയും മുറിവേല്‍പിച്ചും മരണപ്പെട്ടിരുന്നു. മരണപ്പെട്ടവരിലും ഹിന്ദുക്കളുണ്ടായിരുന്നു. ഹൈന്ദവ മുസ്‌ലിം മൈത്രിയിലൂടെ ബ്രിട്ടീഷുകാര്‍ക്കെതിരെയും ജന്മിത്വത്തിനെതിരെയും നടന്ന പോരാട്ടമായിട്ടാണ് മലബാര്‍ സമരത്തെ കാണാന്‍ ശ്രമിക്കേണ്ടത്. സമരം കലാപത്തിന്റെ മാര്‍ഗത്തിലേക്ക് വഴിമാറിയിരുന്നെങ്കില്‍ അതിനുള്ള കാരണം സമരത്തില്‍ പങ്കെടുത്ത നേതാക്കളോ മാപ്പിളമാരോ ഹിന്ദുക്കളോ ആയിരുന്നില്ല. സമരത്തിന്റെ പേരില്‍ നടന്ന അരുതായ്മകളെ മതജാതി ചിന്തകള്‍ക്കതീതമായി സര്‍വരും അപലപിച്ചിട്ടുണ്ട്.' ഈ വരികളിലെ വസ്തുതകള്‍ക്കു നേരെ കണ്ണടച്ചുകൊണ്ടല്ലാതെ ആര്‍ക്കും മലബാര്‍ സമരത്തെ വര്‍ഗീയ കലാപമായി ചിത്രീകരിക്കുവാന്‍ കഴിയില്ലെന്ന് ഉറപ്പ്.  

ചരിത്ര സത്യങ്ങളെ തിരുത്തിയെഴുതിയും വക്രീകരിച്ചും കോട്ടിമാട്ടിയും വികലമാക്കി അവതരിപ്പിക്കുന്നതില്‍ ഗവേഷണം നടക്കുന്ന കാലഘട്ടമാണിത്. ചരിത്ര സ്മാരകങ്ങളും ചരിത്ര പുരുഷന്മാരും ആരാധനാലയങ്ങളുമടക്കം പലതിനെയും 'ചരിത്രപോലീസ്' ചമഞ്ഞ് സംശയത്തോടെ വീക്ഷിക്കുകയും പറ്റുമെങ്കില്‍ മൂര്‍ധാവില്‍ തല്ലാന്‍ തക്കം പാര്‍ത്തിരിക്കുകയും ചെയ്യുന്ന കോമാളി വേഷക്കാര്‍ എമ്പാടും വിഹരിക്കുന്നുണ്ട് നാട്ടില്‍. ഈ സന്ദര്‍ഭത്തില്‍ ഏറെ വികലമാക്കപ്പെട്ട മലബാര്‍ സമരത്തെ സത്യസന്ധമായി അവതരിപ്പിക്കുവാന്‍ തുനിഞ്ഞ ലേഖകനെയും 'നേര്‍പഥ'ത്തെയും അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. 

- അജ്മല്‍ മുബാറക്, പുതിയങ്ങാടി


നേര്‍പഥം വ്യത്യസ്തമാകുന്നത്...

ഒട്ടേറെ ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളുള്ള ഒരു സംസ്ഥാനമാണ് നമ്മുടെ കേരളം. അവയില്‍ 'നേര്‍പഥ'ത്തെ വ്യതിരിക്തമാക്കുന്ന പല ഘടകങ്ങളുമുണ്ട്. എടുത്തു പറയത്തക്ക ഒന്നാണ് പണ്ഡിതന്മാരുടെയും നേതാക്കന്മാരുടെയും മറ്റും ഫോട്ടോകള്‍ കൊടുക്കാതിരിക്കുന്നു എന്നത്. ഒരേ പണ്ഡിതന്റെ, അല്ലെങ്കില്‍ നേതാവിന്റെ തന്നെ ഒന്നിലധികം പടങ്ങള്‍ നല്‍കി പല പ്രസിദ്ധീകരണങ്ങളും അരോചകമുളവാക്കുമ്പോള്‍ 'നേര്‍പഥം' വ്യക്തികള്‍ക്ക് പ്രാമുഖ്യം നല്‍കാതെ ആദര്‍ശത്തിന് പ്രാധാന്യം നല്‍കുന്നു. അഭിനന്ദനങ്ങള്‍.

- അബൂഅല്‍താഫ്, പാലക്കാട്

0
0
0
s2sdefault