എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 ഒക്ടോബര്‍ 28 1439 സഫര്‍ 08

ഐസിസും മുസ്‌ലിം സംഘടനകളും    

'നേര്‍പഥം' ലക്കം 43 ലെ 'ഐ.എസും മുസ്‌ലിം സംഘടനകളും തമ്മിലെന്ത്?' എന്ന തലക്കെട്ടിലുള്ള ലേഖനം അവസരോചിതമായി. ഇസ്‌റയേലിന്റെ ജാരസന്തതിയാണ് ഐ.എസ് എന്നത് പരസ്യമായ രഹസ്യമാണിന്ന്. പക്ഷേ, അതിന് പ്രചാരണം കൊടുക്കുവാന്‍ മാധ്യമങ്ങള്‍ ആര്‍ജവം കാണിക്കുന്നില്ല. അത് ജനമനസ്സുകളില്‍ ഇടംനേടിയാല്‍ ഇന്ന് ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും മേല്‍ ഐ.എസ് എന്ന മതവിരുദ്ധ കൂട്ടായ്മയുടെ ക്രൂരതകള്‍ കെട്ടിവെക്കുന്നവരുടെ ആയുധത്തിന് മൂര്‍ച്ച കുറയും എന്നത് തന്നെ കാരണം.

'തീവ്രവാദഭീകരവാദ ഭീഷണികളെ കേരളസമൂഹം, വിശിഷ്യാ മുസ്‌ലിം സമുദായം ഗൗരവപരമായി നോക്കിക്കണ്ട് പ്രായോഗിക പരിഹാരങ്ങളെ കുറിച്ച് ചിന്തിക്കേണ്ടതിനു പകരം ചില സംഘടനകളെയും വ്യക്തികളെയും പ്രതി ചേര്‍ക്കുവാന്‍ വ്യഗ്രത കാണിക്കുകയും അതിനെതിരായി പ്രവര്‍ത്തിക്കുന്ന ആദര്‍ശ സംഹിതകളെ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന പ്രവണത സമുദായഗാത്രത്തില്‍ വിഭാഗീയതയും ഛിദ്രതയും പടര്‍ത്താനേ ഉപകരിക്കൂ എന്നതില്‍ സംശയമില്ല' എന്ന ലേഖകന്റെ വിലയിരുത്തല്‍ നൂറ് ശതമാനവും ശരിയാണ്. 

എന്നാല്‍ സംഘടനാ സങ്കുചിതത്വം തലക്കു പിടിച്ച ചില മൗലാനമാര്‍ ഐ.എസുമായി ഒരു ബന്ധവുമില്ലാത്തവര്‍ക്കെതിരെ തീവ്രവാദ ബന്ധം ആരോപിക്കുന്ന സ്ഥിതിവിശേഷമാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഐ.എസിനെതിരെ അതിശക്തമായ നിലപാടെടുത്ത് മുന്നോട്ടു പോകുന്ന സുഊദി അറേബ്യയെ പോലും ചില വാടക പ്രസംഗകര്‍ വെറുതെ വിടുന്നില്ല. ആങ്ങള മരിച്ചിട്ടായാലും നാത്തൂന്റെ കണ്ണുനീര്‍ കാണുവാന്‍ ആഗ്രഹിക്കുന്ന പോയത്തക്കാര്‍ എന്നേ ഇവരെക്കുറിച്ച് പറയുവാനുള്ളൂ.

'പ്രമാണങ്ങളെ വ്യാഖ്യാനിക്കേണ്ടത് പ്രവാചകനും അനുയായികളും സച്ചരിതരായ പൂര്‍വസൂരികളും മനസ്സിലാക്കുകയും പഠിപ്പിക്കുകയും ചെയ്ത രൂപത്തിലാണ്. അത്തരമൊരു വ്യാഖ്യാനം നിലനിന്നിരുന്ന കാലമത്രയും ലോകത്ത് തീവ്രവാദ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്നതിന് ചരിത്രം സാക്ഷിയാണ്. ഇന്നും നിരപരാധികളെ കൊന്നുതള്ളുന്ന ഒരു ടെററിസ്റ്റ് ഗ്രൂപ്പിനും പ്രമാണ പിന്തുണ അവകാശപ്പെടാന്‍ കഴിയാത്തതും ഇതിനാല്‍ തന്നെയാണ്. അതേസമയം തീവ്രവാദത്തിനായാലും അതിവാദ സ്വൂഫി ചിന്തകള്‍ക്കായാലും ആദര്‍ശ പിന്തുണ ലഭിക്കുവാന്‍ ഇന്നും പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ട ദുരവസ്ഥക്ക് കാരണം ഇസ്‌ലാമിക പ്രമാണങ്ങളെ പിന്‍പറ്റുന്നതില്‍ സലഫി പാത പിന്തുടരുന്നതിലെ പ്രായോഗികത തന്നെയാണ് വെളിപ്പെടുത്തുന്നത്' എന്നതും വിശാലമായി ചര്‍ച്ച ചെയ്യപ്പേടണ്ട കാര്യമാണ്. 

അഭിനന്ദനങ്ങള്‍, ലേഖകനും നേര്‍പഥത്തിനും.

- സ്വാലിഹ് മുഹമ്മദ്, അങ്കമാലി

0
0
0
s2sdefault