എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 നവംബര്‍ 04 1439 സഫര്‍ 15

ഓട്ടക്കലം കൊണ്ട് സൂര്യനെ മറച്ചുപിടിക്കാമോ?    

'നേര്‍പഥം' ലക്കം 42 ലെ വിഭവങ്ങളെല്ലാം പഠനാര്‍ഹവും ആസ്വാദ്യകരവുമായിരുന്നു. മതസംഘടനകളും രാഷ്ട്രീയ ഇടപെടലുകളും എന്ന ലേഖനം സന്ദര്‍ഭോചിതമായി. മറ്റു പല പാര്‍ട്ടികളിലുമെന്ന പോലെ മുസ്‌ലിം ലീഗിലും മുജാഹിദുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല. ലീഗ് കേരളത്തിലെ ഏതെങ്കിലും മതസംഘടനയുടെ സംരക്ഷണാര്‍ഥം ഉണ്ടാക്കിയതല്ല. ഏതെങ്കിലുമൊരു മതസംഘടനയില്‍ പെട്ടവര്‍ക്കേ അതിന്റെ നേതൃത്വം വഹിക്കുവാനും അതിന്റെ പ്രവര്‍ത്തകരായി മാറുവാനും അവകാശമുള്ളൂ എന്നൊന്നും അതിന്റെ ഭരണഘടനയില്‍ എഴുതിവെച്ചിട്ടില്ല. അത് ഒരു പൊതു ഫഌറ്റ് ഫോമാണ്. എന്നിരിക്കെ പ്രസ്തുത പാര്‍ട്ടിയുടെ നേതാക്കളിലാരെങ്കിലും മുജാഹിദ് പ്രസ്ഥാനത്തെയോ പ്രവര്‍ത്തകരെയോ സംബന്ധിച്ച് നല്ല വാക്കു പറഞ്ഞാല്‍ അത് പാര്‍ട്ടിയെ മുജാഹിദ് പ്രസ്ഥാനത്തിന്റെ ആലയില്‍ കെട്ടുവാനുള്ള ശ്രമമാണെന്ന് പുലമ്പുന്നവര്‍ ആ ലേഖനം മനസ്സിരുത്തി ഒരാറത്തി വായിക്കുന്നത്  നല്ലതാണ്.   

സുന്നിയും മുസ്‌ലിം ലീഗിന്റെ അമരക്കാരനുമായിരുന്ന ബാഫഖി തങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ സ്മരണികയില്‍ എഴുതിയ വരികള്‍ ലേഖകന്‍ ഉദ്ധരിച്ചത് വളരെ നന്നായി. ''മതപരമായ കാര്യങ്ങളില്‍ അദ്ദേഹം ഒരു തികഞ്ഞ സുന്നിയായിരുന്നുവെന്ന് വരികിലും വിശ്വാസപരമായി താനുമായി അഭിപ്രായ ഭിന്നതയുള്ളവരോട് അദ്ദേഹം തികച്ചും വിശാല മനസ്‌കതയോടും സഹിഷ്ണുതയോടും കൂടിത്തന്നെ എപ്പോഴും പെരുമാറിയിരുന്നു. മുജാഹിദ് വിഭാഗത്തിലെ ഉന്നത പണ്ഡിതന്മാരായ മര്‍ഹും കെ.എം. മൗലവി സാഹിബ്, ഇ.കെ. മൗലവി സാഹിബ് തുടങ്ങിയവരെ അദ്ദേഹം അങ്ങേയറ്റം ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്നതായി എനിക്കറിയാന്‍ കഴിഞ്ഞിട്ടുണ്ട്. വിട്ടുവീഴ്ചയില്ലാത്തൊരു മുജാഹിദായ എം.കെ. ഹാജി സാഹിബ് അദ്ദേഹത്തിന്റെ ഒരാത്മമിത്രമായിരുന്നു. ഖുതുബ പരിഭാഷ, മതത്തില്‍ കടന്നുകൂടിയിട്ടുള്ള ശിര്‍ക്കുപരമായ കാര്യങ്ങള്‍ എന്നിവയില്‍ അദ്ദേഹത്തിന്ന് മുജാഹിദുകളോട് യോജിപ്പുണ്ടായിരുന്നു. മുജാഹിദുകള്‍ നടത്തുന്ന ഒരു സ്ഥാപനമായിട്ട് കൂടി തിരൂരങ്ങാടി യതീംഖാനയുടെ കാര്യത്തില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.'' 

സമസ്തയിലെ ചില നേതാക്കള്‍ക്ക് ഈയൊരു ഗുണം നഷ്ടപ്പെട്ടിരിക്കുന്നു. സ്വാര്‍ഥതയും പക്ഷപാതിത്വവുമാണ് അവരെ ഭരിച്ചുകൊണ്ടിരിക്കുന്നത്. ഓട്ടക്കലം കൊണ്ട് സൂര്യനെ മറച്ചു പിടിക്കാമെന്ന് വ്യാമോഹിക്കുന്നവരാണവര്‍ എന്നേ പറയാനുള്ളൂ. വെളിച്ചം പരക്കുക തന്നെ ചെയ്യും. യാഥാര്‍ഥ്യത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്നവര്‍ ബഹുദൂരം പിന്നിലായിപ്പോകുമെന്നതിന് കാലം സാക്ഷിയാണ്. ലേഖകന്‍ സുഫ്‌യാന്‍ അബദുസ്സലാമിന് അഭിനന്ദനങ്ങള്‍.

- മുഹമ്മദ് നബീല്‍, വളാഞ്ചേരി


ആത്മീയ ചൂഷണങ്ങള്‍ക്ക് അറുതിയുണ്ടാകണം

ആത്മീയ ചൂഷണത്തിനെതിരെ നിരന്തരം കലഹിച്ചുകൊണ്ടിരിക്കുന്ന നേര്‍പഥത്തിന് അഭിനന്ദനങ്ങള്‍. ഓരോരോ തട്ടിപ്പുമായി ചൂഷകര്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഓടിച്ചെന്ന് തലവെച്ചുകൊടുക്കുന്നവരെ പടുവിഡ്ഢികള്‍ എന്ന് ഞാന്‍ വിളിക്കട്ടെ. എത്ര അപകടത്തില്‍ പെട്ടാലും വീണ്ടും അതില്‍ ചെന്ന് ചാടുന്നവരെ വേറൈന്തു വിളിക്കാന്‍?!

ഏറെ ലാഭകരം എന്ന് മാത്രമല്ല, നഷ്ടത്തിന് യാതൊരു സാധ്യതയുമില്ലാത്ത ബിസിനസ്സാണിന്ന് ആത്മീയരംഗത്തെ ചൂഷണോപാധികള്‍. ലക്ഷങ്ങളും കോടികളുമൊക്കെ കുറഞ്ഞ സമയംകൊണ്ട് കൊയ്‌തെടുക്കാവുന്ന വ്യവസായം. 

യുക്തിയും വിവേകവുള്ള മനുഷ്യന്‍ തന്റെ ആത്മാവിനെ നിരര്‍ഥകവും വിനാശകരവുമായ അടിമത്തത്തിലേക്ക് നയിക്കുന്ന തരത്തില്‍ അകപ്പെട്ടുപോകുന്ന 'കണ്‍കണ്ട ദൈവ'സിദ്ധാന്തം അത്യധികം പ്രതിലോമകമായ മനസ്ഥിതിയുടെ പ്രഖ്യാപനംതന്നെയാണ്. 

- മന്‍സൂറലി. കെ.പി, ചാവക്കാട്

0
0
0
s2sdefault