എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 മെയ് 13 1438 ശഅബാന്‍ 16

ന്യായമില്ലാത്ത വിമര്‍ശനം

'നേര്‍പഥം' ലക്കം 17ല്‍ 'വായനക്കാര്‍ എഴുതുന്നു' എന്ന പംക്തിയില്‍ നൗഫല്‍ പുത്തനങ്ങാടി എഴുതിയ അഭിപ്രായം വായിച്ചു. വാരികയിലെ ചില ലേഖനങ്ങളില്‍ രാഷ്ട്രീയ പക്ഷം ചേരല്‍ മണക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ പരാതി. ഏപ്രില്‍ 15ലെ നേര്‍പഥത്തിലെ 'വേണം നമ്മുടെ പോലീസിനൊരു പെരുമാറ്റച്ചട്ടം' എന്ന മുഖമൊഴിയാണ് അദ്ദേഹത്തിന് ദഹിക്കാത്ത ഒന്ന്. ഭരണകക്ഷിയെയും പൊലീസിനെയും വിമര്‍ശിക്കാന്‍ പാടില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട് എന്ന് തോന്നുന്നു. നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ക്ക് അതില്‍ യാതൊരു അപാകതയും ദര്‍ശിക്കാന്‍ കഴിയുകയില്ല.

മാര്‍ച്ച് 18 ലക്കത്തിലെ 'നമുക്ക് ചുറ്റും' പംക്തിയില്‍ 'തട്ടമഴിക്കാന്‍  തക്കം നോക്കുന്നവരോട്' എന്ന ലേഖനത്തെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.  പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുത്ത ഗുജറാത്തിലെ സ്വച്ഛശക്തി സമ്മേളത്തിന് മഫ്ത ധരിച്ചെത്തിയ മൂപ്പെനാട് പഞ്ചായത്ത് പ്രസിഡന്റിന്റെ മഫ്ത അഴിപ്പിച്ചതിനെ അദ്ദേഹം ന്യായീകരിച്ച് പറയുന്നത് 'പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ സ്വാഭാവികമായ ഒരു നടപടി മാത്രമായി കാണേണ്ട ശിരോവസ്ത്ര വിവാദത്തെ മോദി ഭക്തരുടെ മര്‍ക്കട മുഷ്ടി എന്ന തരത്തിലൊന്നും പരാമര്‍ശിക്കേണ്ട സംഗതിയല്ല' എന്നാണ്. കോട്ടും സൂട്ടും ഷൂവും സോക്‌സും ധരിച്ചെത്തുന്നവരെക്കൊണ്ട് 'സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുമുള്ള സ്വാഭാവിക നടപടി'യായി അതെല്ലാം അഴിപ്പിക്കാറുണ്ടോ? ഇല്ലെങ്കില്‍ മഫ്തയില്‍ മാത്രം സുരക്ഷാഭീഷണി കാണുന്നതിലെ യുക്തിയെന്ത്? ഇദ്ദേഹത്തിന്റെ മറ്റു വിമര്‍ശനങ്ങളും ഇത്തരത്തില്‍ ബാലിശമാണ്. താന്‍ വെച്ച കണ്ണടയുടെ നിറത്തിലാണ് വസ്തുക്കളെ കാണാനാവുക എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്.

- കെ.എം കുഞ്ഞിക്കോയ, വേങ്ങേരി


മതനിരപേക്ഷത കൊല ചെയ്യപ്പെടരുത്

ലക്കം 17ല്‍ സലീം ബുസ്താനി എഴുതിയ 'മതനിരപേക്ഷത കൊലചെയ്യപ്പെടരുത്' എന്ന ലേഖനം പഠനാര്‍ഹമായിരുന്നു. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന മുസ്‌ലിംകളുടെ ദേശസ്‌നേഹം ചോദ്യം ചെയ്യുകയുംഅത് തെളിയിക്കാന്‍ തങ്ങള്‍ പറയുന്നതല്ലാം അനുസരിക്കുകയും വേണമെന്ന ഫാസിസ്റ്റ് ദുര്‍ബുദ്ധികളുടെ ഒളിയജണ്ടകള്‍ വ്യക്തമാക്കുന്നതായിരുന്നു പ്രസ്തുത ലേഖനം.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ സജീവ സാന്നിധ്യമറിയിച്ച് ജീവനും സമ്പത്തും രാഷ്ട്രത്തിന് സമര്‍ക്കാന്‍ തയ്യാറായ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഇന്ത്യയില്‍ അധിനിവേശം നടത്തിയ ബ്രിട്ടീഷുകാരുടെ ചാരന്മാരായി പണിയെടുത്തവരുടെ മുന്നില്‍ ദേശക്കൂറ് തെളിയിക്കേണ്ടിവരുന്നതിലെ വിരോധാഭാസം ചെറുതല്ല. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ വകവെച്ച് കൊടുത്ത്, അന്യന്റെ ജീവനും സമ്പത്തിനും നേരെ ഭീഷണിയുയര്‍ത്താതിരിക്കുന്നതും പരസ്പരം സൗഹാര്‍ദത്തോടും സഹവര്‍ത്തിത്വത്തോടും കൂടി ജീവിക്കുന്നതും രാഷ്ട്രസ്‌നേഹമാണ്; അതിലുപരി രാജ്യപുരോഗതിക്കത് അനിവാര്യവുമാണ്. അതിന് തയ്യാറില്ലാത്തവര്‍ക്കെന്ത് രാജ്യസ്‌നേഹമാണുള്ളതന്ന് ഓരോ ഇന്ത്യക്കാരനും ചിന്തിക്കേണ്ടതുണ്ട്.

ലേഖകനും നേര്‍പഥത്തിനും അഭിനന്ദനങ്ങള്‍. സത്യം തുറന്നു പറയാനുള്ള ആര്‍ജവം കൈമോശംവരാതെ സൂക്ഷിക്കുമല്ലോ.

- മുഹമ്മദ് ബിലാല്‍.കെ, സുല്‍ത്താന്‍ ബത്തേരി


നേര്‍വഴികാട്ടുന്ന ബാലപഥം

നേര്‍പഥത്തിന്റെ ഓരോ ലക്കവും കുട്ടികളെ പരിഗണിച്ചുകൊണ്ട് പുറത്തിറങ്ങുന്നതില്‍ അതിയായ സന്തോഷമുണ്ട്. കുട്ടികളുടെ സ്വഭാവരൂപീകരണത്തിനുതകുന്നതാണ് അതിലെ കഥകളും കവിതകളുമെല്ലാം. ഇത് നിലനിര്‍ത്തുമല്ലോ.

- ഉമ്മു ഹബീബ, കാഞ്ഞങ്ങാട്


പ്രിന്റിംഗ് നിലവാരം നന്നാക്കണം

ഈ രംഗത്തെ മറ്റു പ്രസിദ്ധീകരണങ്ങളെ അപേക്ഷിച്ച് നേര്‍പഥം കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു എന്ന കാര്യത്തില്‍ സംശയമില്ല.

പ്രിന്റിംഗിന്റെ കാര്യത്തില്‍ കൂടി ഇതു കാത്തുസൂക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു. പല ലേഖനങ്ങളും കനപ്പെട്ടതും റഫറന്‍സിന് യോഗ്യവുമാണ്. കേടുപറ്റാതെ സൂക്ഷിച്ചു വെക്കാന്‍ പേപ്പറിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല.

- സഈദ് എടശ്ശേരിക്കടവ്

0
0
0
s2sdefault