എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 മാര്‍ച്ച് 25 1438 ജമാദുല്‍ ആഖിര്‍ 26

അന്താരാഷ്ട്ര വനിതാദിനം ഓര്‍മിപ്പിക്കുന്നത്

ലോകമൊട്ടുക്കും അന്താരാഷ്ട്ര വനിതാദിനം ആചരിക്കുന്നുണ്ട്. വിവിധയിടങ്ങളില്‍ പ്രയാസം അനുഭവിക്കുന്ന സ്ത്രീകളുടെ ഉന്നമനത്തിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനും സാമൂഹ്യ അവബോധം വളര്‍ത്താനും വേണ്ടിയാണ് ഇത് ആചരിക്കുന്നത്. ഈ ദിനത്തില്‍ പ്രത്യേകമായി എടുത്തു പറയുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന വിഷയമാണ് സ്ത്രീ ശാക്തീകരണം എന്നത്. സാമൂഹിക, സാംസ്‌കാരിക മേഖലകളിലും വ്യാവസായിക, രാഷ്ട്രീയ മേഖലകളിലും തുടങ്ങി എല്ലാ രംഗത്തും സ്ത്രീക്ക് സമത്വം ലഭിക്കാനുള്ള മാര്‍ഗം ആരായുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

സ്ത്രീ സ്വാതന്ത്ര്യം എന്നത് ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വിഷയമാണ്. ഈ ചര്‍ച്ചയില്‍ പൊന്തിവരുന്ന പ്രധാനപ്പെട്ട വിഷയമാണ് സ്ത്രീയുടെ വസ്ത്രധാരണ രീതി. ഈ വിഷയത്തിലുള്ള ചര്‍ച്ചകള്‍ പലതും എത്തിച്ചേരുന്നത് ചില രാജ്യങ്ങളിലെ (അത്തരം രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വളരെ കുറവാണ്) ഭൂരിപക്ഷം സ്ത്രീകളും ധരിക്കുന്ന വസ്ത്രം  പാരതന്ത്ര്യം വിളിച്ചോതുന്നു എന്നതിലാണ്.  

കേരളത്തില്‍ ഇതു സംബന്ധമായി വിമര്‍ശനങ്ങളും ചര്‍ച്ചകളും കൂടുതലായി നടക്കുന്നുണ്ട്. ഇസ്‌ലാമിക വസ്ത്രധാരണ രീതി സ്വീകരിക്കുന്ന മുസ്‌ലിം സ്ത്രീകള്‍ക്ക് ഇല്ലാത്ത ബുദ്ധിമുട്ട് അത് കാണുന്ന പലരും അനുഭവിക്കുന്നത് വിരോധാഭാസമല്ലേ? അതിന് അവര്‍ നല്‍കുന്ന വിശദീകരണം കാലാവസ്ഥാ മാറ്റങ്ങള്‍ വസ്ത്ര ധാരണത്തിന്റെ രീതി കാരണം ബുദ്ധിമുട്ട് സൃഷ്ടിക്കും എന്നാണ്. കറുത്ത വസ്ത്രം അണിയുന്നവര്‍ക്ക് ശരീരോഷ്ണം വര്‍ധിച്ചു രോഗങ്ങള്‍ വന്നേക്കും എന്ന മുന്നറിയിപ്പും നല്‍കുന്നു. ഇവിടെയാണ് ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ മനസ്സിലാക്കാന്‍  അല്‍പം പ്രയാസം തോന്നുന്നത്.

വസ്ത്രത്തിന്റെ നിറം മാറ്റിയാല്‍ ഇത് പരിഹരിക്കപ്പെടുമോ? ശരീരം മുഴുവന്‍ മൂടല്‍ നിര്‍ബന്ധമായ സാഹചര്യമുള്ള ശൈത്യ മേഖലകളില്‍ പ്രത്യേക രീതിയില്‍ തയ്ച്ച അത്തരം വസ്ത്രങ്ങള്‍ (പര്‍ദ പോലെയുള്ളവ) ധരിച്ചാലും അതിനെ വിമര്‍ശിക്കുന്നില്ലേ? പ്രശ്‌നം നിറവും കാലാവസ്ഥയുമൊന്നുമല്ല; മുന്‍ധാരണയിലധിഷ്ഠിതമായ വെറുപ്പാണെന്ന് വ്യക്തം.

ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങാതെ സ്വന്തം ഇഷ്ടപ്രകാരം മാന്യമായ രീതിയിലുള്ള ഏതു വസ്ത്രം തെരഞ്ഞെടുക്കാനും ഉള്ള സ്വാതന്ത്ര്യം ഓരോരുത്തര്‍ക്കുമില്ലേ? എനിക്ക് ഇഷ്ടമുള്ളതിനെ നിങ്ങള്‍ എന്തിനു വിമര്‍ശിക്കണം എന്ന്  ചോദിക്കുന്നവരോടുള്ള മറുപടിയെന്താണ്? ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ടവര്‍ മാത്രമല്ല, വേറെ പലരും ശരീര ഭാഗങ്ങള്‍ മുഴുവന്‍ മൂടിക്കൊണ്ടുള്ള വസ്ത്രം ധരിക്കുന്നുണ്ടെങ്കിലും വിമര്‍ശന കുതുകികള്‍ ഒരു കണ്ണ് പൊത്തിക്കൊണ്ടാണ് ഇതിനെ സമീപിക്കുന്നത്. ഇത്തരം ആളുകള്‍ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ഈ വിഷയത്തെ സമൂഹത്തിന്റെ മുന്നില്‍ ചര്‍ച്ചക്ക് ഇട്ടു കൊടുക്കുമ്പോള്‍, സ്ത്രീ സ്വാതന്ത്ര്യ, സമത്വ വിഷയങ്ങളില്‍ ഇവര്‍ക്ക് ആത്മാര്‍ഥത ലവലേശം പോലുമില്ലെന്ന് കാണാന്‍ കഴിയും.

 സമൂഹത്തില്‍ ഏതെല്ലാം മേഖലകളിലാണ് സ്ത്രീ പ്രാതിനിധ്യം കൂടുതലുള്ളത്? അധ്യാപിക എന്ന തസ്തികക്കപ്പുറം പല മേഖലകളിലും സ്ത്രീ  സാന്നിധ്യം  താരതമ്യേന കുറയാനുള്ള കാരണം എന്താണ്? നിലവില്‍ പുരുഷന്‍മാര്‍ മാത്രം കൈകാര്യം ചെയ്യുന്നതും സ്ത്രീകള്‍ക്കും ചെയ്യാന്‍ കഴിയുന്നതുമായ മേഖലകളില്‍ എന്തുകൊണ്ട് സ്ത്രീ സാന്നിധ്യം വിരളമാകുന്നു? ഏതെല്ലാം രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നു? ഏതു സാഹചര്യത്തിലാണ് സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയുക? അവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ എല്ലായിടത്തും ലഭ്യമാണോ? പല മേഖലകളിലും ഈ വിഭാഗത്തെ നിയമിക്കാനുള്ള തടസ്സം എന്താണ്? സ്ത്രീകള്‍ക്ക് അവരുടെതായ ചില പരിധികളും പരിമിതികളുണ്ട്. അത് മറികടന്നുകൊണ്ടുള്ള ഒരു സ്വാതന്ത്ര്യവും സമത്വവും അവര്‍ക്ക് ഗുണകരമാകില്ല എന്നതാണ് യാഥാര്‍ഥ്യം. 

ഇവര്‍ ലൈംഗികമായും കായികമായും ആക്രമിക്കപ്പെടുമ്പോഴും ചില സന്ദര്‍ഭങ്ങളില്‍ ഇവരില്‍ പലരുടെയും ജീവന്‍ പോലും നഷ്ടപ്പെടുമ്പോഴും സര്‍ക്കാരുകളും കോടതികളും ഇരയുടെ പക്ഷത്തു നിന്ന്  യഥാര്‍ഥ നീതി നടപ്പാക്കുന്നുണ്ടോ? ഡല്‍ഹി കൂട്ട മാനഭംഗക്കേസിലെ ശിക്ഷാ വിധിയും സൗമ്യ വധക്കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കാനുള്ള കാലതാമസവും നമുക്ക് നല്‍കുന്ന പാഠം എന്താണ്?  ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താതെയുള്ള ചര്‍ച്ചകള്‍ അപ്രസക്തമാണ്. 

അക്രമങ്ങളെ പ്രതിരോധിക്കാന്‍ ചെറിയ രീതിയിലെങ്കിലും തങ്ങളുടെ വസ്ത്രധാരണം കൊണ്ട് കഴിയും എന്ന് അവര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അതിനെ തടയാന്‍ ആര്‍ക്കാണ് അവകാശമുള്ളത്? സ്വാതന്ത്ര്യം തടഞ്ഞുകൊണ്ടാണോ സ്വാതന്ത്ര്യം നേടിക്കൊടുക്കേണ്ടത്? 

- ദസ്തഖീര്‍ ടി.കെ പാലക്കാഴി

0
0
0
s2sdefault