എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 ജൂലായ് 22 1438 ശവ്വാല്‍ 28

വര്‍ത്തമാനകാല പ്രതിസന്ധി

നേര്‍പഥം ലക്കം 27ലെ 'വര്‍ത്തമാനകാല പ്രതിസന്ധി; പുര കത്തുമ്പോള്‍ കഴുക്കോല്‍ വലിക്കുന്നവരോട്' എന്ന ഹാഷിം കാക്കയങ്ങാടിന്റെ ലേഖനം ശ്രദ്ധേയമായി.  

'ഒരു ഭാഗത്ത് ഫാസിസ്റ്റ് വിരുദ്ധത ഇടതടവില്ലാതെ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുക, മറ്റൊരു ഭാഗത്ത് സംഘികളെ വിളിച്ച് സല്‍ക്കരിക്കുകയും ചെയ്യുക എന്ന വൈരുധ്യം നിലവില്‍ ജമാഅത്തിന് മാത്രം അവകാശപ്പെട്ടതാണ്. സംഘപരിവാറിന്റെ മാനസപുത്രനായ രാഹുല്‍ ഈശ്വര്‍ അവര്‍ക്ക് സ്വീകാര്യനാകുന്നതിന്റെ രസതന്ത്രം എന്താണെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. വിശ്വസിച്ച മതമനുസരിച്ച് ജീവിക്കാന്‍ വിടാതെ സംഘപരിവാര്‍ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഹാദിയ വിഷയം കത്തി നിന്ന ഈ റമദാനിലും ഇഫ്താര്‍ വിരുന്നൊരുക്കി സംഘി നേതാക്കളെ സല്‍ക്കരിച്ചവര്‍ മറ്റുള്ളവര്‍ക്ക് ഫാസിസ്റ്റ് വിരുദ്ധത പഠിപ്പിക്കാന്‍ ഇനിയും മിനക്കെടരുതെന്നപേക്ഷിക്കുന്നു' എന്ന ലേഖകന്റെ വാചകങ്ങള്‍ക്ക് 'ഞങ്ങള്‍ സഹിഷ്ണുതയുള്ളവരായതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്' എന്ന മറുപടി ജമാഅത്ത് സുഹൃത്തുക്കള്‍ നല്‍കിയേക്കും. 

എന്നാല്‍ ദീനും ദുന്‍യാവും ഒന്നാണെന്ന വാദമുള്ള, സംഘപരിവാറിനെ നഖശിഖാന്തം പ്രതിരോധിക്കുന്നവര്‍ തങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ യത്‌നിക്കുന്നവര്‍ അവര്‍ക്ക് വിരുന്നൊരുക്കുന്നതിലുള്ള വിരോധാഭാസമാണ് ചോദ്യം ചെയ്യപ്പെടുന്നത്. അതല്ലാതെ ആരോടെങ്കിലും അസ്പൃശ്യത പുലര്‍ത്തണമന്നോ മിണ്ടിക്കൂടെന്നോ അല്ല പറയുന്നത്. വാക്കും പ്രവൃത്തിയും രണ്ടും രണ്ടു വഴിക്ക് പോകുന്നത് കാണുമ്പോള്‍ സ്വാഭാവികമായും ചോദിക്കപ്പെടും. 

ഇന്ത്യയിലെ മുസ്‌ലിംകള്‍ ഇന്ന് അനുഭവിച്ച് കൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ക്കിടയില്‍ പരമാവധി ഒന്നിച്ച് നിന്ന് കൊണ്ട് അതിനെ മറികടക്കാനാണ് നാം ശ്രമിക്കേണ്ടത്. ആരുടെയും ആത്മാര്‍ഥതയെ ചോദ്യം ചെയ്ത് ആളാവാനല്ല നാം ശ്രമിക്കേണ്ടത്. നമ്മളെല്ലാത്തവരൊക്കെയും വെറും മണ്ടന്മാരാണെന്ന അഹങ്കാരവുമല്ല നമുക്ക് വേണ്ടത്. അടിയുറച്ച വിശ്വാസവും മനമുരുകിയ പ്രാര്‍ഥനയും അതോടൊപ്പം സമാധാനവാദികളായ ഭൂരിപക്ഷമതത്തിലെ ഭൂരിപക്ഷമാളുകളെയും ചേര്‍ത്തുപിടിച്ച് ഈ വിപല്‍ ഘട്ടത്തെ ആസൂത്രണ പാടവത്തോടെ ചെറുത്ത് തോല്‍പിക്കാനുള്ള യജ്ഞത്തില്‍ ഒരൊറ്റ മനസ്സോടെ നാം മുന്നേറുക. അല്ലാഹു നമ്മെ വിജയിപ്പിക്കുക തന്നെ ചെയ്യും.

- ജുനൈദ് പെരുമ്പാവൂര്‍


ഉണര്‍ന്നിരിക്കുന്ന അന്ധവിശ്വാസങ്ങള്‍

'മരിച്ചുകിടക്കുന്ന മനുഷ്യരും ഉണര്‍ന്നിരിക്കുന്ന അന്ധവിശ്വാസങ്ങളും' എന്ന ടി.കെ അശ്‌റഫിന്റെ ലേഖനം വര്‍ത്തമാനകാലത്തെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങളെ തുറന്നുകാട്ടുന്നതായിരുന്നു. ''സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കാവുന്ന ഒട്ടനവധി അപായസൂചനകള്‍ കൊളത്തൂര്‍ സംഭവം സമൂഹത്തില്‍ അനാവരണം ചെയ്യുന്നുണ്ട്. ഇത്രയൊക്കെ സംഭവിച്ചിട്ടും അവരുടെ കുടുംബങ്ങള്‍ ഇതറിഞ്ഞിരുന്നില്ലന്ന് വരുമ്പോള്‍ കുടുംബന്ധം നമ്മുടെ നാട്ടില്‍ എത്രമാത്രം ശിഥിലമായിരിക്കുന്നു! അയല്‍പക്ക ബന്ധം എത്രമാത്രം അകന്ന് പോയിരിക്കുന്നു, സ്വന്തം കാര്യം മാത്രം നോക്കുന്ന സമൂഹത്തിന്റെ സ്വാര്‍ഥതക്ക് നേരെയുള്ള അട്ടഹാസം കൂടിയാണ് ഈ സംഭവം. ഡിഗ്രി വരെ പഠിച്ച ചെറുപ്പക്കാരന്‍ പോലും ഈ സംഭവത്തിന് കൂട്ട് നിന്നുവെന്ന് വരുമ്പോള്‍ വിദ്യഭ്യാസവും ധാര്‍മികബോധവും സമാന്തര രേഖകളാകുന്നത് നാം  കാണാതിരുന്നു കൂടാ.''

ഈ വാചകങ്ങള്‍ അക്ഷരാര്‍ഥത്തില്‍ കണ്ണുതുറക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. പുരോഗതിയുടെ ഉത്തുംഗതയില്‍ എത്തിനില്‍ക്കുന്നു എന്ന് അഭിമാനിക്കുമ്പോഴും ഉറ്റവരെയും ഉടയവരെയും പരിഗണിക്കാത്ത, അയല്‍വാസിയെക്കുറിച്ച് യാതൊരറിവുമില്ലാത്ത, ഒറ്റപ്പെട്ട തുരുത്തുകളായി കഴിഞ്ഞുകൂടുന്ന പ്രവണതയുടെ നേര്‍ക്കാഴ്ച കൂടിയാണ് കൊളത്തൂര്‍ സംഭവം കാണിച്ചുതന്നത്. 

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരില്‍ പടവാളായി നിലകൊള്ളാന്‍ 'നേര്‍പഥ'ത്തിന് കഴിയുമാറാകട്ടെ.

- അനസ് മുബാറക്. കെ, പൊന്നാനി


നേരിന്റെ ആര്‍ജവം

'നേര്‍പഥം' ലക്കം 27ലെ വിഭവങ്ങളെല്ലാം ഹൃദ്യമായിരുന്നു. നേര്‍ക്കുനേര്‍, പ്രമാണബദ്ധമായി വിഷയങ്ങള്‍ അവതരിപ്പിക്കുന്നു എന്ന സവിശേഷത എന്നും നിലനിര്‍ത്തുമല്ലോ. 'ശാന്തിഗേഹം' എന്ന ശ്രദ്ധേയമായ പംക്തി ഇപ്പോള്‍ കാണാത്തതിലുള്ള പ്രതിഷേധം അറിയിക്കട്ടെ. 

- ഫാത്തിമ നസ്‌റിന്‍.കെ.എം, കല്ലായി

0
0
0
s2sdefault