എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 ജൂലായ് 15 1438 ശവ്വാല്‍ 21

കേരളം മുസ്‌ലിം നവോത്ഥാനം: കണ്ണടച്ച് ഇരുട്ടാക്കുന്നവരോട് 

കേരള മുസ്‌ലിം നവോത്ഥാനവുമായി ബന്ധപ്പെട്ട് സമസ്തക്കാര്‍ ഇന്ന് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് മറുപടിയായി മൂസ സ്വലാഹി എഴുതിയ ലേഖനം (ലക്കം 26) ശ്രദ്ധേയമായി. 

എന്ത് കൊണ്ട് കേരളത്തിലെ മുസ്‌ലിംകള്‍ക്ക് ഇന്ന് കാണപ്പെടുന്ന രൂപത്തിലുള്ള മാതൃകാപരമായ ഒരു മുന്നേറ്റം നടത്താന്‍ സാധിച്ചു? ആരാണ് ഈ മാറ്റങ്ങള്‍ക്ക് വിത്തുപാകിയതും കഠിനാധ്വാനം നടത്തിയതും?

മാനവിക മൂല്യങ്ങള്‍ മൃതിയടഞ്ഞുപോയ, മൃഗതുല്യം ജീവിച്ച ഒരു സമൂഹത്തില്‍ മാനവികതയുടെ പൊന്‍വെളിച്ചം വിതറിക്കൊണ്ട് അവരെ വിശ്വോത്തര പൗരന്മാക്കി മാറ്റുവാന്‍ ആയിരത്തി നാനൂറില്‍ പരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഹമ്മദ് നബിലക്ക് സാധിച്ചുവെന്നത് യാഥാര്‍ഥ്യമാണ്. അല്ലാഹുവിന്റെ വിശുദ്ധ ക്വുര്‍ആനായിരുന്നു അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന ആയുധം. അത് ഉപയോഗിച്ചാണ് അദ്ദേഹം ചരിത്രത്തില്‍ തുല്യതയില്ലാത്ത പരിവര്‍ത്തനം വരുത്തിയത്. 

മുസ്‌ലിം കേരളം അല്ലാഹുവിന്റെ വചനങ്ങളെ അവഗണിക്കുകയും പ്രവാചക ചര്യകളെ തള്ളിക്കളയുകയും മാലമൗലീദുകളിലും നൂതനാചാരങ്ങളിലും കടുത്ത അന്ധവിശ്വാസങ്ങളിലും കെട്ടിപ്പിണഞ്ഞുകിടക്കുന്ന അവസ്ഥയിലേക്ക് കൂപ്പുകുത്തിയ കാലഘട്ടത്തില്‍ നിസ്വാര്‍ഥരായ ചില പണ്ഡിതന്മാര്‍ അതില്‍ മനംനൊന്ത് രംഗത്ത് വന്നു. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ശിര്‍ക്കന്‍ പ്രവണതകളെയും സമൂഹത്തില്‍നിന്ന് വിപാടനം ചെയ്യാന്‍ അവര്‍ അഹോരാത്രം പണിയെടുത്തു. ക്വുര്‍ആനും തിരുസുന്നത്തുമായിരുന്നു അവരുടെയും കൈകളിലുള്ള ആയുധം. എന്നാല്‍ പൗരോഹിത്യം സടകുടഞ്ഞെണീറ്റു. നവോത്ഥാന പരിശ്രമങ്ങളെ തല്ലിത്തകര്‍ക്കാന്‍ അവര്‍ ആകുന്നത്ര യത്‌നിച്ചു.  

പെണ്ണ് എഴുത്ത് പഠിക്കാന്‍ പാടില്ല, ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണ്; അതിനാല്‍ അത് പഠിക്കാന്‍ പാടില്ല, യതീംഖാനകള്‍ യതീമുകളെ വഞ്ചിക്കാനുള്ളതാണ്...ഇങ്ങനെ മുസ്‌ലിം സമുദായത്തെ മതപരമായും ഭൗതികമായും അധഃപതിപ്പിക്കുവാന്‍ പരിശ്രമിച്ചവരുടെ പിന്‍ഗാമികളാണ് നവോത്ഥാനത്തിന്റെ പിതൃത്വമേറ്റെടുക്കുവാന്‍ ഇന്ന് മത്സരിക്കുന്നതും നവോത്ഥാനത്തിന് വിയര്‍പ്പൊഴുക്കി പണിയെടുത്ത സലഫികളെ ആക്ഷേപിക്കുകയും ചെയ്യുന്നത് എന്ന് കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുകയും അതോടൊപ്പം മുസ്‌ലിംകളുടെ പരിവര്‍ത്തനത്തിന് വേണ്ടി യത്‌നിക്കുകയും ചെയ്ത അനവധി നേതാക്കളുണ്ട്. വക്കം അബ്ദുല്‍ ഖാദര്‍ മൗലവി, മക്തി തങ്ങള്‍, കെ.എം മൗലവി, കെ.എം സീതി സാഹിബ്, എടവണ്ണ അലവി മൗലവി, പറപ്പൂര്‍ അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍... ഇവരെയൊക്കെ വിസ്മരിക്കാന്‍ എങ്ങനെ കേരള മുസ്‌ലിംകള്‍ക്ക് സാധിക്കും?

ഭൗതികമായും ധാര്‍മികമായും അധഃപതിച്ചിരുന്ന സമുദായത്തിന് ഭൗതിക വിദ്യാഭ്യാസവും ധാര്‍മിക വിദ്യാഭ്യാസവും നല്‍കുവാന്‍ അവര്‍ ശ്രദ്ധിച്ചു. പള്ളിദര്‍സുകളില്‍ മാത്രം ഒതുങ്ങിയിരുന്ന മത വിദ്യാഭ്യാസ രീതിക്ക് മാറ്റം വരുത്തി മദ്‌റസാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയായിരുന്നു ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി. ബെഞ്ചും ഡെസ്‌കും ചോക്കും ബോര്‍ഡും ഉപയോഗിച്ച് അദ്ദേഹം കേരളത്തില്‍ പുതിയ മതവിദ്യാഭ്യാസ രീതിക്ക് തുടക്കമിട്ടു.

കേരള മുസ്‌ലിംകളെ ഒരുമിപ്പിക്കുവാനാണ് 1921-ല്‍ കേരള മുസ്‌ലിം ഐക്യസംഘത്തിന് രൂപം നല്‍കുന്നത്. ഇതിന്റെ പ്രവര്‍ത്തനഫലമായി മുസ്‌ലിം സമുദായത്തില്‍ ഉണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ തങ്ങളുടെ പൗരോഹിത്യത്തിന് തിരിച്ചടിയാകുമെന്നും ചൂഷണമാര്‍ഗം തടയപ്പെടുമെന്നും ഭയന്ന് തുടക്കത്തില്‍ കൂടെയുണ്ടായിരുന്ന പലരും ഇതില്‍ നിന്നും വേറിട്ട് നില്‍ക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളെ അധിക്ഷേപിക്കുകയും ചെയ്തു. 

മക്വ്ബറകളിലും ഏലസ്സുകളിലും ശകുനം നോക്കലിലും ശിര്‍ക്കന്‍ മന്ത്രങ്ങളിലും ചികിത്സയിലും മാല മൗലിദുകളിലും കുത്താറാതീബുകളിലും സമുദായത്തെ തളച്ചിട്ട പൗരോഹിത്യത്തിന്റെ ചങ്ങലക്കെട്ടുകളെ പൊട്ടിച്ച് കേരള മുസ്‌ലിംകളെ അനാചാര, അന്ധവിശ്വാസങ്ങളില്‍ നിന്നും മുക്തമാക്കി തൗഹീദീ ആദര്‍ശം പകര്‍ന്ന് നല്‍കുവാന്‍ ശ്രമിച്ച അനേകം പണ്ഡിതരന്മാരുണ്ട്. 

എന്നിട്ടും ഇവര്‍ പറയുന്നു മുജാഹിദുകള്‍ ഇസ്‌ലാമിനെ തളര്‍ത്താനാണ് ശ്രമിച്ചതെന്ന്! 'മുസ്‌ലിം സമൂഹം നേടിയ ഉണര്‍വുകള്‍ നോക്കി അവകാശവാദം ഉന്നയിക്കുമ്പോള്‍ കറുത്ത ഇന്നലെകള്‍ ഇവരെ വേട്ടയാടിക്കൊണ്ടിക്കുമെന്നതില്‍ സംശയമില്ല' എന്ന സ്വലാഹിയുടെ വാക്കുകള്‍ അടിവരയിടേണ്ടതാണ്. 

- സി.എം അലീഫ് ഷാന്‍, കല്‍പകഞ്ചേരി

0
0
0
s2sdefault