എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 ഫെബ്രുവരി 25 1438 ജമാദുൽ അവ്വൽ 28

രാഷ്ട്രീയ രംഗത്തും വഴികാട്ടിയാവുക

ഭാരതത്തില്‍ ജീവിക്കുന്ന ഓരോ ന്യൂനപക്ഷ സമുദായാംഗവും ആകുലപ്പെടുന്ന ഭീഷണിയാണ് ഫാസിസത്തിന്റെ കടന്നുകയറ്റം. സമകാലിക സാഹചര്യത്തില്‍ സമാധാനത്തില്‍ വിശ്വസിക്കുന്ന പൗരന്മാര്‍ എന്തു നിലപാടെടുക്കണമെന്ന ആശങ്കയിലാണെന്ന വസ്തുത ആര്‍ക്കുമറിയാവുന്നതാണ്. പ്രശ്‌നങ്ങള്‍ പര്‍വതീകരിച്ച്അവതരിപ്പിക്കുന്നതിനപ്പുറം കൃത്യമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതില്‍ പരാജയപ്പെടുകയാണ് രാഷ്ട്രീയ നിരീക്ഷകരെല്ലാം.

മതേതര രാജ്യത്ത് ജീവിക്കേണ്ടത് എങ്ങനെയെന്നും ഇക്കാലത്ത് ഏറ്റവും ഭയക്കേണ്ട ഹിന്ദുത്വ വര്‍ഗീയതയ്‌ക്കെതിരെ ഏതു വിധത്തില്‍ പ്രതിരോധമൊരുക്കണമെന്നും ഭംഗിയായി അവതരിപ്പിക്കുന്ന ലേഖനങ്ങളാണ് സുഫ്‌യാന്‍ അബ്ദുസ്സലാമും സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരിയുമെഴുതിയ രണ്ട് ലേഖനങ്ങള്‍. ഒന്ന് പ്രമാണബദ്ധമാണെങ്കില്‍ മറ്റേത് പ്രമാണത്തോടൊപ്പം പ്രായോഗിക തലം കൂടി പരിഗണിച്ചു എന്ന് മാത്രം. ഇരു ലേഖകര്‍ക്കും അഭിനന്ദനങ്ങള്‍. മതരംഗത്ത് മാത്രമല്ല, രാഷ്ട്രീയ രംഗത്തും 'നേര്‍പഥം' കാണിക്കാന്‍ വാരികക്ക് കഴിയട്ടെ.

- ജസീം നീറാട്


പലിശരഹിത ഭാരതം വരുമോ?

'കറന്‍സി രഹിത ഭാരതം' നടപ്പിലാക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. നോട്ട് നിരോധനത്തിനും കറന്‍സി രഹിത സാമ്പത്തിക നയത്തിനുമെതിരെ ഒച്ചവെക്കാന്‍ ധാരാളം പാര്‍ട്ടികളും സംഘടനകളും വ്യക്തികളും മുന്നോട്ടുവന്നത് നാം കണ്ടു. എന്നാല്‍ ഏറ്റവും വലിയ വിപത്തായ 'പലിശ' സമൂഹത്തെ വരിഞ്ഞു മുറുക്കുമ്പോള്‍ അതിനെതിരെ ശബ്ദിക്കാന്‍ മുസ്‌ലിം സംഘടനകളടക്കം ആരും രംഗത്തിറങ്ങിയതായി കാണുന്നില്ല.

കൊള്ളപ്പലിശക്കാരെ അമര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ 'ഓപ്പറേഷന്‍ കുബേര' എന്ന പേരില്‍ നടത്തിയ റെയ്ഡുകള്‍ ചെറിയ ചലനങ്ങളൊക്കെ ഉണ്ടാക്കിയെങ്കിലും അതിന് തുടര്‍ച്ചയില്ലാതെ പോയി. പലിശ രഹിത ഇസ്‌ലാമിക ബാങ്ക് തുടങ്ങാനുള്ള ശ്രമങ്ങളും നിലച്ചുപോയിരിക്കുന്നു. മുസ്‌ലിം സംഘടനകള്‍ ഈ വിപത്തിനെതിരെ അണിനിരക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

- ആര്‍.എം.ഇബ്‌റാഹീം, വെളുത്തൂര്‍


അവകാശവാദത്തിന് സാധുതയുണ്ടാകുന്നത്

'നേര്‍പഥം' കണ്ടു. നന്നായിട്ടുണ്ട്. ദീനിന്റെ ഗുണകാംക്ഷയും സംഘടനാതീതമായ വിശാലതയും വരികള്‍തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

അതോടൊപ്പം സത്യത്തെ സമ്പൂര്‍ണമായും നേരായും അവതരിപ്പിക്കുന്ന ആനുകാലികത്തിന്റെ പിറവിയെന്ന 'നേര്‍പഥ'ത്തിന്റെ അവകാശവാദത്തില്‍ സംശയം ജനിപ്പിക്കും വിധം സത്യത്തെ അപൂര്‍ണമായി അവതരിപ്പിക്കുന്ന ഭാഗം യു.എ.പി.എയുമായി ബന്ധപ്പെട്ട ലേഖനത്തില്‍ കാണാനിടയായി എന്ന് അഭ്യുദയകാക്ഷയോടെ ചൂണ്ടിക്കാണിക്കട്ടെ.

ലേഖനത്തില്‍ എന്‍.ഡി.എയുടെ പട്ടാളത്തെയും എല്‍.ഡി.എഫിന്റെ പൊലീസിനെയും ഹൈലൈറ്റ് ചെയ്യുന്നുണ്ട്. എന്നാല്‍ ലേഖനത്തില്‍ എടുത്തുകാട്ടിയ യു.എ.പി.എ അടക്കം എല്ലാ ഭീകരവിരുദ്ധ നിയമങ്ങളെയും രൂപപ്പെടുത്തിയതും നടപ്പില്‍ വരുത്തിയതും അര നൂറ്റാണ്ടുകാലത്തെ കോണ്‍ഗ്രസ്സ് ഭരണമാണെന്ന വലിയ സത്യത്തെ എന്തിനുവേണ്ടിയാണ് മറച്ചുവെച്ചത്? എല്‍.ഡി.എഫ് പിന്തുണയോടെയാണ് ചിദംബരം ഭീകരവിരുദ്ധ നിയമത്തിന് ഭേദഗതി വരുത്തിയതെന്ന് പറയുമ്പോള്‍ പിന്തുണച്ച പാര്‍ട്ടിയെ എടുത്തുകാണിക്കുകയും ഭേദഗതി നടത്തിയ ഭരണകക്ഷിയിലെ ഒരു പാര്‍ട്ടിയായ മുസ്‌ലിം ലീഗിനെ പറ്റി മൗനം ദീക്ഷിക്കുകയും ചെയ്തത് എന്തിന്?

നമ്മെ ശത്രുക്കളില്‍നിന്ന് രക്ഷിക്കേണ്ടത് കോണ്‍ഗ്രസ്സോ മുസ്‌ലിം ലീഗോ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളോ മറ്റു പാര്‍ട്ടികളോ അല്ല, അല്ലാഹുവാണ് എന്ന ദൃഢമായവിശ്വാസം (പ്രാര്‍ഥനക്കര്‍ഹന്‍ അല്ലാഹു മാത്രമാണ് എന്ന പോലത്തെ വിശ്വാസദാര്‍ഢ്യം) ഉണ്ടായിരുന്നുവെങ്കില്‍ സത്യത്തെ ഇവ്വിധം തമസ്‌കരിക്കുമായിരുന്നോ?

- അബൂനബീല്‍ കോട്ടക്കല്‍

0
0
0
s2sdefault