എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 ഡിസംബർ‍ 02 1439 റബിഉല്‍ അവ്വല്‍ 13

ഒരു മുസ്‌ലിമിനും തീവ്രവാദിയാവുക സാധ്യമല്ല  

ലോകത്തിന് മുഴുവന്‍ കാരുണ്യമായിക്കൊണ്ടാണ് മുഹമ്മദ് നബി ﷺ യെ പടച്ച തമ്പുരാന്‍ ഭൂമിയിലേക്ക് അയച്ചത് എന്നാണ് വിശുദ്ധ ക്വുര്‍ആന്‍ പ്രസ്താവിക്കുന്നത്. കാരുണ്യത്തിന്റെ ആ തിരുദൂതനെ അനുധാവനം ചെയ്യുന്ന ഒരു മുസ്‌ലിമിനും തീവ്രവാദിയാവുക സാധ്യമല്ല.

വിഷം പുരട്ടിയ തന്റെ നാവു കൊണ്ട് പ്രവാചകനെ ﷺ  നിരന്തരം ഉപദ്രവിച്ച, തന്റെ വാക്ചാതുര്യം മുഴുവന്‍ പ്രവാചകനെ അപമാനിക്കാന്‍ വേണ്ടി ചെലവഴിച്ച സുഹൈല്‍ബ്‌നു അംറിനെ യുദ്ധത്തടവുകരനായി കിട്ടിയപ്പോള്‍ 'പ്രവാചകരേ, സുഹൈലിനെ എനിക്ക് വിട്ടുതരൂ, ഞാനവന്റെ പല്ല് തച്ച്‌കൊഴിക്കട്ടെ. നാവ് പിഴുതെറിയട്ടെ. എന്നാല്‍ അയാള്‍ പിന്നെ അങ്ങേക്കെതിരെ പ്രസംഗിച്ച് നടക്കുകയില്ല.'എന്ന പ്രവാചകാനുയായിയായ ഉമര്‍്യവിന്റെ വാക്കുകളോട് 'അരുത് ഉമര്‍! ഒരിക്കലും ചെയ്യരുത്. ഞാന്‍ ഒരിക്കലും അയാളെ അംഗഭംഗപ്പെടുത്തുകയില്ല. അങ്ങനെ ചെയ്താല്‍ അല്ലാഹു എന്നെയും അതുചെയ്യും; ദൈവദൂതനാണെങ്കില്‍ പോലും.'എന്നു പറഞ്ഞ ആ കാരുണ്യത്തിന്റെ ദൂതന്റെ അനുയായികള്‍ക്ക് ഒരിക്കലും തീവ്രവാദിയാവുക സാധ്യമല്ല.

തങ്ങളെ നിരന്തരം പീഡിപ്പിക്കുകയും തങ്ങള്‍ നാട് വിട്ടു പോകാനും കാരണക്കാരായ ഖുറൈശികളെ നോക്കി മക്കാവിജയ സമയത്ത് ഇന്ന് 'യൗമുല്‍ മല്‍ഹമ', അഥവാ യുദ്ധത്തിന്റെ ദിനമാണ്, ആദരവുകള്‍ കീറിയെറിയപ്പെടുന്ന ദിനം എന്നു വിളിച്ചു പറഞ്ഞ അനുയായിയെ അല്ല ഇന്ന് യൗമുല്‍ മര്‍ഹമ അഥവാ കാരുണ്യത്തിന്റെ ദിനമാണ് എന്നു പ്രഖ്യാപിച്ച ആ മഹാ പ്രവാചകന്റെ ﷺ  അനന്തരാവകാശികള്‍ക്ക് തീവ്രവാദിയാവുക സാധ്യമല്ല.

'ഞാന്‍ റസൂലുല്ലാഹി ﷺ ക്ക് പത്തുവര്‍ഷം സേവനമനുഷ്ഠിച്ചു. ഈ കാലയളവില്‍ തിരുദൂതര്‍ ഛെ! എന്ന വാക്കുപോലും പറഞ്ഞിട്ടില്ല. നീ എന്തിന് ഇതു ചെയ്തു, എന്തുകൊണ്ട് അതു ചെയ്തില്ല എന്നു ചോദിച്ചു കുറ്റപ്പെടുത്തിയിട്ടുമില്ല' എന്ന സേവകന്റെ സാക്ഷ്യം ആ വ്യക്തിത്വം എത്ര കരുണ നിറഞ്ഞവനായിരുന്നു എന്നു നമുക്ക് കാട്ടിത്തരുന്നതാണ്. ആ പ്രവാചകനെ ജീവിത മാതൃകയായി സ്വീകരിക്കുന്ന ഒരൊറ്റ മനുഷ്യനും തീവ്രവാദിയാവുക സാധ്യമല്ല.

വിശ്വാസത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ തലം ക്ഷമയും സഹിഷ്ണുതയും ആണ് എന്നും അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് ഗുണങ്ങള്‍ ദയയും സഹിഷ്ണുതയുമാണ് എന്നും സമൂഹത്തെ ഉല്‍ബോധിപ്പിച്ച ആ മഹാനുഭാവന്റെ പിന്തുടച്ചക്കാര്‍ക്ക് തീവ്രവാദിയാവുക ഒരിക്കലും ഒരിക്കലും സാധ്യമല്ല.

ഇനിയും നിങ്ങള്‍ക്ക് ആ പ്രവാചകനെ അനുധാവനം ചെയ്യുന്നവരില്‍ തീവ്രവാദം ആരോപിക്കണം എന്നുണ്ടെങ്കില്‍ അവരുടെ ഹൃദയങ്ങളില്‍ നിന്ന് ആ പ്രവാചകനെ അറുത്തു മാറ്റുക. അതല്ലാതെ തരമില്ല...!

'നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക.' (ക്വുര്‍ആന്‍ 7:199)

- അബൂ മര്‍യം


എത്ര സ്വാദിഷ്ടമാണ് ഈ വിഭവം!

അറബിയില്‍ ഒരു പ്രസിദ്ധ ആപ്ത വാക്യമുണ്ട്. 'വാക്കില്‍ ഉത്തമം ചുരുങ്ങിയതും (ആശയത്തെ) ദേ്യാതിപ്പിക്കുന്നതുമാണ്'. ഈ ആഴ്ചത്തെ 'നേര്‍പഥം' വാരിക വായിച്ചു കഴിഞ്ഞപ്പോള്‍ ഓര്‍ത്തത് ഈ വാക്യമാണ്. ചുരുങ്ങിയ വാചകങ്ങളിലും പേജുകളിലും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വേണ്ടി തീര്‍ത്തും വ്യത്യസ്തങ്ങളായ വിജ്ഞാന വിഭവങ്ങളെ ഭംഗിയായി ഒതുക്കി വെച്ചിരിക്കുന്നു. 

അബ്ദുല്‍ ജബ്ബാര്‍ മദീനി, പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനി, ഹുസ്സൈന്‍ സലഫി, ഹാരിസ് ബ്‌നു സലീം, ടി.കെ അഷ്‌റഫ്, അലി ചെമ്മാട്, മൂസ്സ സ്വലാഹി കാര, അജ്മല്‍ തുടങ്ങിയ പ്രമുഖരല്ലാം ഈ സ്റ്റാളില്‍ ഒരേ നിരയിലുണ്ട്. 

'നേര്‍പഥം' വിതരണം ചെയ്യുന്നവരും വാങ്ങി വെക്കുന്നവരും നമ്മില്‍ ധാരാളമുണ്ട്. പക്ഷെ അതിന്റെ ഉള്‍പേജുകളിലെ വിഭവത്തിന്റെ സ്വാദറിഞ്ഞവര്‍ നമ്മിലെത്രയുണ്ട്? തീര്‍ച്ച, ഈ സ്വാദറിഞ്ഞാല്‍ നിങ്ങള്‍ ഒരോ ആഴ്ചയും 'നേര്‍പഥം' കാത്തിരിക്കും. നേരിന്റെ ഈ വരമൊഴി ഒരു  വേറിട്ട വായനാനുഭവം തന്നെ!

- അബൂ ആമിര്‍ കുവൈത്ത്

0
0
0
s2sdefault