എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 ആഗസ്ത് 12 1438 ദുല്‍ക്വഅദ് 19

അന്ധവിശ്വാസങ്ങളുണ്ടാക്കുന്ന വിനകള്‍ ഗൗരവമായി കാണണം

മലപ്പുറം ജില്ലയിലെ കൊളത്തൂര്‍ എന്ന സ്ഥലത്ത് വാഴയില്‍ സൈദിന്റെ മൃതശരീരം മറവുചെയ്യാതെ മൂന്ന് മാസത്തോളം വീട്ടില്‍ സൂക്ഷിച്ച സംഭവം നിസ്സാരമായി കാണരുത്. ജീവന്‍ തിരിച്ചുവരുമെന്ന തെറ്റായ ധാരണയാണ് സൈദിന്റെ കുടുംബത്തിന് ഇങ്ങനെ ഒരു ക്രൂരത ചെയ്യാന്‍ വഴിവെച്ചത്. രാജ്യം എത്ര കണ്ട് പുരോഗമിച്ചാലും, ടെക്‌നോളജി എത്രയധികം വളര്‍ന്നാലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തില്‍ നിന്ന് പാടെ ഉന്മൂലനം ചെയ്യാന്‍ സാധ്യമല്ലെന്നതിന്റെ സാക്ഷ്യം കൂടിയായി മേല്‍ സംഭവം.

മുമ്പ്, കര്‍ണാടകയിലെ ബാഗല്‍കോട് എന്ന പ്രദേശത്ത് അസ്‌ലം ബാബ എന്നപേരില്‍ മാജിക്ക് ചികില്‍സ നടത്തിയ ഒരാളുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ചികിത്സ കൗതുകകരമാണ്. ബ്രയിന്‍ ട്യൂമര്‍, മൂത്രസഞ്ചിയിലെ കല്ല്, വയറ്റിലെ പുണ്ണ് തുടങ്ങിയ രോഗങ്ങള്‍ക്കും ഓപ്പറേഷന്‍ നടത്തുന്നത് തറയില്‍ കിടത്തി ജനങ്ങള്‍ മുമ്പാകെയാണ്. കത്രികയും വെളുത്ത പേപ്പറും മാത്രമെ ഇയാള്‍ ഓപ്പറേഷന് ഉപയോഗിക്കാറുള്ളു. സര്‍ജറിക്ക് അടയാളപ്പെടുത്തിയ ഭാഗം വെള്ളപേപ്പര്‍ നനച്ച് വെക്കും. പിന്നെ അതിന്മേല്‍ കത്രിക കൊണ്ട് തുളച്ച് കയറ്റുന്നത് പോലെ കാണിക്കും. ഓപ്പറേഷന്‍ നടക്കുമ്പോള്‍ രോഗിയെ അബോധാവസ്ഥയിലാക്കുകയുമില്ല. ജനങ്ങള്‍ ഈ രംഗം മാജിക്ക് പോലെ കണ്ട് രസിക്കും. കത്രിക തിരിച്ചെടുക്കുമ്പോള്‍ ബാബയുടെ കയ്യില്‍ മാംസക്കഷണം കാണാം. തദ്ദേശ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇത് ബാംഗ്ലൂരിലെ ഒരു ലാബില്‍ പരിശോധനക്കയച്ചപ്പോള്‍ കണ്ടത് ശുദ്ധ ഗോമാംസം!

സ്റ്റിച്ചിടുന്നതിന് പകരം തുരുമ്പ് പിടിച്ച ഇരുമ്പ് കസേര എടുത്ത് മടക്കി പിടിച്ച് ശക്തിയില്‍ ഒരടി കൊടുക്കും, ബാബ. ഇതോടെ ചികിത്സ മുഴുവനും കഴിഞ്ഞു. ആകെ 10 മിനുട്ടാണിതിനെല്ലാം വേണ്ടിവരിക. മുറിവോ അതിന്റെ പാടു പോലുമോ കാണില്ല. നനച്ചുവെച്ച കടലാസില്‍ അല്‍പം ചുകപ്പ് നിറം കാണും. തല്‍ക്ഷണം രോഗിക്ക് പരസഹായമില്ലാതെ സ്ഥലം വിടാം!

ബ്രയിന്‍ ട്യൂമറിന് ബാബ ഓപ്പറേഷന്‍ ചെയ്ത ഒറീസയിലെ ദേവീപ്രസാദ് യാദവ് നാട്ടില്‍ പോയി സ്‌കാന്‍ ചെയ്ത് നോക്കുമ്പോള്‍ ട്യൂമറിന് മാത്രം യാതൊരു മാറ്റവുമില്ല. വെറും 7ാംതരം മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ബാബയുടെ ഈ കപട ചികിത്സയെ ആത്മീയതയുടെ ഭാഗമായി കണ്ടതിനാല്‍ ആരും പ്രതികരിക്കാന്‍ ധൈര്യപ്പെട്ടതുമില്ല. 

ജൂനിയര്‍ വിക്ടന്‍ എന്ന തമിഴ് മാഗസിനിന്റെ ലേഖകന്‍ എസ്.സവര്‍ണകുമാര്‍ ബാഗല്‍കോട് സന്ദര്‍ശിച്ച് ബോധ്യപ്പെട്ട കാര്യം മുന്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന ബഹു: അന്‍പുമണിയെ നേരില്‍ കണ്ട് ബോധ്യപ്പെടുത്തിയതിനാല്‍ ഇയാളുടെ തട്ടിപ്പ് ചികിത്സയ്ക്ക് അന്ത്യം കുറിച്ചു. സൈദിന്റെ ആത്മാവ് തിരിച്ചുവരുമെന്ന തോന്നലുണ്ടായതും തട്ടിപ്പ് ചികിത്സ നടത്തുന്ന അസ്‌ലം ബാബയെ പുണ്യവാളനായി കരുതുന്നതും അന്ധവിശ്വാസങ്ങളുടെ ഒരേ അളവുകോല്‍ വെച്ചാണ്.

വടക്കെ ഇന്ത്യയിലുണ്ടായിരുന്ന 'സതി' എന്ന എന്ന ദുരാചാരം നിയമം മൂലം മാത്രമല്ലഅപ്രത്യക്ഷമായത്; മറിച്ച് നിരന്തര ബോധവല്‍ക്കരണത്തിലൂടെയായിരുന്നു. സമകാലിക സാഹചര്യത്തിലും അന്ധവിശ്വാസ നിര്‍മാര്‍ജനത്തിന് കൃത്യമായ ബോധവല്‍ക്കരണ സംരംഭങ്ങള്‍ വളര്‍ന്ന് വരേണ്ടതുണ്ട്. ഇതിന് മത-രാഷ്ട്രീയ ഭേദമന്യെ സംഘടനകള്‍ ഒരുമിച്ച് മുന്നിട്ടിറങ്ങണം.

- എം.എ അഹമ്മദ്, തൃക്കരിപ്പൂര്‍

0
0
0
s2sdefault