ഉത്തരം തേടുന്ന ഉത്തര്‍പ്രദേശ്

സുഫ്‌യാന്‍ അബ്ദുസ്സലാം

2017 മാര്‍ച്ച് 18 1438 ജമാദുല്‍ ആഖിര്‍ 19
ഫാഷിസ്റ്റ് ഭരണത്തിന്റെ കീഴില്‍ വ്രണിതമനസ്സുമായി കഴിഞ്ഞുകൂടിയിരുന്ന രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ യു.പിയിലെ കോണ്‍ഗ്രസ്സ് സമാജ്‌വാദി കക്ഷികളുടെ ഏകീകരണം വഴി ഫാഷിസ്റ്റുകള്‍ക്ക് തടയിടാമെന്നു ആശ്വസിച്ചിരുന്നുവെങ്കിലും ആ ആശ്വാസത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് മൃഗീയഭൂരിപക്ഷത്തോടെ ബി.ജെ.പി ജയിച്ചു കയറിയിരിക്കുന്നു. യു.പി തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തിക്കൊണ്ട് ഒരു അവലോകനം.

രാജ്യം വളരെ ആകാംക്ഷയോടെ ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്ന തെരഞ്ഞെടുപ്പ് ഫലം മതേതര മനസ്സുകളില്‍ ഭയാശങ്കകള്‍ വിതറിക്കൊണ്ട് പുറത്തുവന്നിരിക്കുന്നു. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും പഞ്ചാബിലും ഗോവയിലും തെരഞ്ഞെടുപ്പ് നടന്നുവെങ്കിലും ഉത്തര്‍പ്രദേശ് എന്താവുമെന്നായിരുന്നു രാജ്യം ഉറ്റുനോക്കിയിരുന്നത്. ഫാഷിസ്റ്റ് ഭരണത്തിന്റെ കീഴില്‍ വ്രണിതമനസ്സുമായി കഴിഞ്ഞുകൂടിയിരുന്ന രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ യു.പിയിലെ കോണ്‍ഗ്രസ്സ് സമാജ്‌വാദി കക്ഷികളുടെ ഏകീകരണം വഴി ഫാഷിസ്റ്റുകള്‍ക്ക് തടയിടാമെന്നു ആശ്വസിച്ചിരുന്നുവെങ്കിലും ആ ആശ്വാസത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് മൃഗീയഭൂരിപക്ഷത്തോടെ ബി.ജെ.പി ജയിച്ചു കയറിയിരിക്കുന്നു. 403 സീറ്റുകളില്‍ 312 സീറ്റുകളും നേടി നാലില്‍ മൂന്ന് എന്ന നിലയിലുള്ള റിക്കോര്‍ഡ് വിജയമാണ് ബി.ജെ.പി നേടിയത്. മതേതര ഏകീകരണത്തില്‍ വിള്ളല്‍ വീഴ്ത്തിയ മായാവതിയുടെ ബി.എസ്.പിയാവട്ടെ ഏറ്റവും ദയനീയമായ അവസ്ഥയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.

എന്തുകൊണ്ടാണ് ഉത്തര്‍പ്രദേശിനെ രാജ്യം ഉറ്റുനോക്കുന്നത്? കാരണങ്ങള്‍ പലതാണ്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമാണ് യു.പി. ഇരുപത് കോടിയാണ് ഉത്തര്‍പ്രദേശിലെ ജനസംഖ്യ. ഇത് രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ ആറിലൊന്നാണ്. കേരളത്തിലെ ജനസംഖ്യയെക്കാള്‍ അഞ്ചിരട്ടിയോളം വരുന്ന യു.പിയില്‍ 80% മുന്നോക്കക്കാരും പിന്നോക്കക്കാരുമായി വിവിധ ഹിന്ദു സമുദായങ്ങളില്‍ പെട്ടവരാണ്. മതന്യൂനപക്ഷങ്ങളില്‍ പെട്ടവര്‍ 20% മാത്രമെ വരൂ. ഇങ്ങനെയൊക്കെയാണെങ്കിലും 1951ല്‍ സംസ്ഥാന നിയമസഭയിലേക്ക് നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ഹിന്ദു വര്‍ഗീയ പാര്‍ട്ടിയായിരുന്ന ജനസംഘത്തിന് കേവലം രണ്ട് സീറ്റുകള്‍ മാത്രമായിരുന്നു ലഭിച്ചത്. അത്രമാത്രം മതേതരമായിരുന്ന യു.പിയില്‍ ഇപ്പോള്‍ ജനസംഘത്തിന്റെ പുതിയ മുഖമായ ബി.ജെ.പി 312 സീറ്റുകള്‍ നേടി എന്നത് മതേതരത്വത്തെ സ്‌നേഹിക്കുന്ന ഏതൊരു ഇന്ത്യക്കാരനെയും ആശങ്കാഭരിതനാക്കുമെന്നത് സത്യമാണ്. മതേതര പാര്‍ട്ടികളിലെ ഭിന്നതകളും നേതൃശൂന്യതയും മതന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ വിദ്യാഭ്യാസമില്ലായ്മയുമൊക്കെയാണ് യു.പിക്ക് ഒരു കാവിമുഖം നല്‍കിയിരിക്കുന്നത് എന്ന് പ്രാഥമിക വിശകലനത്തില്‍ മനസ്സിലാക്കാം.

യു.പി രാഷ്ട്രീയത്തെ സസൂക്ഷ്മം വിലയിരുത്തുമ്പോള്‍ ഇപ്പോഴുണ്ടായ ബി.ജെ.പിയുടെ വിജയം താല്‍ക്കാലികമാണെന്നു തന്നെയാണ് കരുതുന്നത്. സംസ്ഥാനം രൂപീകരിക്കപ്പെട്ട് 40 വര്‍ഷം പിന്നിട്ട ശേഷമാണ് ബി.ജെ.പിക്ക് സംസ്ഥാനത്ത് ഗണ്യമായ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞത്. അതും കോണ്‍ഗ്രസ്സിന്റെ പിടിപ്പുകേടുകൊണ്ട്. സംസ്ഥാനത്തെ അവസാനത്തെ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി എന്‍.ഡി തിവാരിയുടെ 'ഡബിള്‍ സ്റ്റാന്‍ഡ്' പൊളിറ്റിക്‌സ് ആയിരുന്നു കോണ്‍ഗ്രസ്സിന്റെ യു.പിയിലെ പതനത്തിന്റെ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഹൈന്ദവ പ്രീണനത്തിലൂടെ സംസ്ഥാനം പിടിച്ചെടുക്കുന്നതിനായി രാമജന്മഭൂമി കാര്‍ഡുമായി രംഗത്ത് വന്ന ബി.ജെ.പിയെ ഒതുക്കുന്നതിനു വേണ്ടി അന്നത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തങ്ങള്‍ ഹൈന്ദവ വികാരത്തിന് അനുകൂലമാണെന്ന് ബോധ്യപ്പെടുത്തുന്നതിനു വേണ്ടി രാമജന്മഭൂമിയിലെ ശിലാന്യാസത്തിനു അനുമതി നല്‍കി. അതേസമയം മുസ്‌ലിംകളുടെ പിന്തുണ നേടുന്നതിന് വേണ്ടി ക്ഷേത്ര നിര്‍മാണം തടയുകയും ചെയ്തു. ഇത് കോണ്‍ഗ്രസ്സിന് കാലാകാലങ്ങളായി ലഭിച്ചിരുന്ന പരമ്പരാഗത ഹൈന്ദവ മുസ്‌ലിം വോട്ടുകള്‍ നഷ്ടപ്പെടുത്തുകയാണുണ്ടായത്. ഈ സാഹചര്യത്തിലാണ് ഒട്ടും പ്രതീക്ഷിക്കാതെ മുലായം സിംഗ് യാദവ് 1989ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാവുന്നത്.

ഇതോടുകൂടി ജാതിസമുദായങ്ങള്‍ ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് മാറി. 1990ല്‍ അന്നത്തെ പ്രധാനമന്ത്രി വി.പി സിംഗ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിച്ചതോടെ ഉത്തര്‍പ്രദേശില്‍ ജാതിരാഷ്ട്രീയം കൂടുതല്‍ വേരുറച്ചു. പിന്നോക്കവിഭാഗങ്ങളുടെ സംവരണം ഉറപ്പാക്കുന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പായാല്‍ തങ്ങള്‍ക്കുണ്ടാവുന്ന നഷ്ടത്തില്‍ വ്യാകുലരായ സവര്‍ണ വിഭാഗങ്ങള്‍ വമ്പിച്ച പ്രതിഷേധവുമായി തെരുവിലിറങ്ങി. ഹൈന്ദവരില്‍ തന്നെയുള്ള വിവിധ പിന്നോക്കജാതിക്കാര്‍ അവരുടെ അവകാശമായ സംവരണത്തിനുവേണ്ടിയും തെരുവിലിറങ്ങി. ഇത് വമ്പിച്ച കലാപങ്ങളിലേക്ക് നയിച്ചു. സവര്‍ണരും അവര്‍ണരും തമ്മിലുള്ള തുറന്ന യുദ്ധമായി മാറി. കോണ്‍ഗ്രസിതര മതേതര കക്ഷികള്‍ ഈ രംഗം മുതലെടുത്തു. കോണ്‍ഗ്രസ്സില്‍ നിന്ന് യാദവ വിഭാഗങ്ങള്‍ ജനതാദളിലേക്കും ദളിത് വിഭാഗം കാന്‍ഷിറാമിന്റെ ബി.എസ്.പിയിലേക്കും ചേക്കേറി. മുസ്‌ലിം വോട്ടുകള്‍ ജനതാദളിനും കോണ്‍ഗ്രസ്സിനും ബി.എസ്.പിക്കുമിടയില്‍ ഛിന്നഭിന്നമാവുകയും ചെയ്തു. ബി.ജെ.പി വളരെ സമര്‍ഥമായി മുന്നോക്കക്കാരെയും സവര്‍ണജാതികളെയും പ്രീണിപ്പിക്കാനുള്ള സമര്‍ഥമായ കളികള്‍ കളിച്ചു. രാമക്ഷേത്ര അവകാശവാദം ഇതിന്റെ ഭാഗമായി ബി.ജെ.പി മുന്നോട്ടുവെച്ചു. സംസ്ഥാനത്ത് വര്‍ഗീയാഗ്‌നി ആളിപ്പടര്‍ന്നു. അങ്ങനെ 1991 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്യാണ്‍സിംഗിന്റെ നേതൃത്വത്തില്‍ 221 സീറ്റുകള്‍ നേടിക്കൊണ്ട് ബി.ജെ.പി ആദ്യമായി അധികാരത്തില്‍ വന്നു. അങ്ങനെ പതിറ്റാണ്ടുകളായി ആര്‍.എസ്.എസ്. ആഗ്രഹിച്ചത് സംഭവ്യമായി. പക്ഷേ, ബി.ജെ.പിക്ക് അധികനാള്‍ ഭരണം മുന്നോട്ട് കൊണ്ട് പോവാന്‍ സാധിച്ചില്ല. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതോടെ കല്യാണ്‍സിംഗിന് മുഖ്യമന്ത്രി പദം രാജിവെക്കേണ്ടി വന്നു. പിന്നീട് 1997 വരെ ബി.ജെ.പിക്ക് പുറത്ത് നില്‍ക്കേണ്ടി വന്നു. അതുവരെ മുലായം സിംഗ് യാദവും മായാവതിയും മാറി ഭരിച്ചു. 1997ല്‍ കല്യാണ്‍ സിംഗ് വീണ്ടും മുഖ്യമന്ത്രി ആയെങ്കിലും വലിയ ഭൂരിപക്ഷമില്ലായിരുന്നു. ബി.ജെ.പിയുടെ ഉള്ളില്‍ ആഭ്യന്തര കലഹം മൂര്‍ച്ഛിക്കുകയും ഇടക്ക് മുഖ്യമന്ത്രിമാര്‍ മാറുകയും ചെയ്തു. ബി.എസ്.പിയുടെ പിന്തുണ ഇടക്ക് ലഭിച്ചതുകൊണ്ട് മാത്രം പിടിച്ചുനിന്നു. ഇതോടെ ബി.ജെ.പിയുടെ പ്രഭാവം അസ്തമിച്ചു. 2002ല്‍ രാജ്‌നാഥ് സിംഗിലൂടെ ഉത്തര്‍പ്രദേശ് ഭരണത്തില്‍ നിന്നും പടിയിറങ്ങിയ ബി.ജെ.പി ഇപ്പോള്‍ 2017ലാണ് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ഈ ചരിത്രം സൂചിപ്പിക്കുന്നത് യു.പിയിലെ ജനങ്ങള്‍ എക്കാലവും ബി.ജെ.പിയുടെ കൂടെ നില്‍ക്കില്ല എന്നുതന്നെയാണ്. ഒരുപാട് കാരണങ്ങള്‍ ഒത്തുചേരുമ്പോള്‍ വോട്ടര്‍മാര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. ആ കാരണങ്ങളില്‍ ഏറ്റവും പ്രധാനം മതേതരകക്ഷികളില്‍ വോട്ടര്‍മാര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതാണ്.

കഴിഞ്ഞ ജനുവരി 18ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്ത വളരെ പ്രധാനപ്പെട്ട ഒരു നിരീക്ഷണമുണ്ട്. ''അാശ േടവമവ ംേലമസ െഗമഹ്യമി ടശിഴവ' െ1991 ളീൃാൗഹമ ീേ ൃലഴമശി ഡേേമൃ ജൃമറലവെ.'' 'ഉത്തര്‍പ്രദേശ് തിരിച്ചുപിടിക്കാന്‍ അമിത്ഷാ 1991ലെ കല്യാണ്‍ സിംഗിന്റെ ഫോര്‍മുല വളച്ചിടുന്നു.' ഒ.ബി.സിയില്‍ പെട്ട യാദവരെയും പട്ടികജാതിയില്‍ പെട്ട ജാദവരെയും മുലായം സിംഗ് പിന്തുടര്‍ന്നപ്പോള്‍ അവര്‍ക്ക് പുറമെയുള്ള പിന്നോക്കവിഭാഗങ്ങളിലും പട്ടികജാതിയിലും പെട്ടവരെയാണ് കല്യാണ്‍ സിംഗ് കേന്ദ്രീകരിച്ചിരുന്നത്. അത് അന്ന് ബി.ജെ.പിക്ക് വലിയ നേട്ടമുണ്ടാക്കി. അതേ തന്ത്രമാണ് അമിത്ഷായും ഇവിടെ പയറ്റിയിരിക്കുന്നത്. പക്ഷേ, അമിത്ഷാ ചിന്തിക്കാതെ പോയ ഒരു കാര്യമുണ്ട്. പിന്നോക്കക്കാരെയും പട്ടികജാതിക്കാരെയും പരിഗണിച്ചതാണ് കല്യാണ്‍സിംഗിന് മുമ്പ് വിനയായത്. കല്യാണ്‍സിംഗിന്റെ ആ നടപടി സവര്‍ണവിഭാഗത്തെ പ്രകോപിപ്പിക്കുകയും അതുകാരണം കല്യാണ്‍സിംഗിനെതിരെ ബി.ജെ.പിയില്‍ പടയൊരുക്കം ഉണ്ടാവുകയും ബി.ജെ.പിയുടെ നേതൃനിരയില്‍ നിന്നു കല്യാണ്‍സിംഗ് നിഷ്‌കാസിതനാവുകയും ചെയ്തത് അങ്ങനെയായിരുന്നു. സ്വാഭാവികമായും ഇനി യു.പിയില്‍ സംഭവിക്കാന്‍ പോവുന്നതും ഇതുതന്നെയാണ്. സവര്‍ണ-അവര്‍ണ കൂട്ടുകെട്ടില്‍ എത്രകാലം ഇവര്‍ക്ക് ഭരണം കൊണ്ടുപോവാന്‍ സാധിക്കുമെന്ന് കണ്ടു തന്നെ അറിയണം. ദളിതനെ മുഖ്യമന്ത്രിയാക്കണമെന്ന സാക്ഷി മഹാരാജിന്റെ പ്രസ്താവന ഇതിന്റെ കൂടെ വായിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഈ ഭൂരിപക്ഷം കൊണ്ട് മാത്രം ബി.ജെ.പിക്ക് യു.പിയില്‍ സ്ഥിരതയുണ്ടാക്കാന്‍ കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിശ്വസിക്കുന്നത്.

യു.പിയിലെ ബി.ജെ.പിയുടെ വിജയം കൊണ്ട് ദേശീയ രാഷ്ട്രീയത്തില്‍ എന്തൊക്കെ 'ഇഫക്ട്ു'കളാണ് ഉണ്ടാവാന്‍ പോകുന്നത് എന്നതാണ് വളരെ പ്രസക്തമാവുന്ന കാര്യം. യു.പിയുടെ ജനസംഖ്യയെ കുറിച്ച് നേരത്തെ സൂചിപ്പിച്ചുവല്ലോ. ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ ലോകസഭയിലും രാജ്യസഭയിലും ഏറ്റവും കൂടുതല്‍ എം.പിമാര്‍ ഉള്ള സംസ്ഥാനമാണ് യു.പി. പാര്‍ലമെന്റില്‍ 80 ലോക്‌സഭാ അംഗങ്ങളും 31 രാജ്യസഭാ അംഗങ്ങളും ഉത്തര്‍പ്രദേശില്‍ നിന്നാണ്. ഉത്തര്‍പ്രദേശില്‍ നിന്നും അടിച്ചു വീശുന്ന കാറ്റാണ് മിക്കപ്പോഴും രാജ്യത്തിന്റെ രാഷ്ട്രീയ ഭാഗധേയം നിര്‍ണയിക്കുന്നത്. അതുകൊണ്ടുതന്നെ ദേശീയ രാഷ്ട്രീയത്തില്‍ ഇനി സംഭവിക്കാന്‍ പോവുന്ന ഗതിവിഗതികളെ കുറിച്ച് മതന്യൂനപക്ഷങ്ങളില്‍ ആശങ്ക വര്‍ധിക്കുക സ്വാഭാവികമാണ്. യു.പി തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിക്ക് വലിയ ഭൂരിപക്ഷം വര്‍ധിക്കുകയാണെങ്കില്‍ രാജ്യസഭയില്‍ കൂടുതല്‍ എം.പിമാരെ ബി.ജെ.പിക്ക് എത്തിക്കാന്‍ സാധിക്കുമെന്നും അങ്ങനെ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ ഭരണഘടനയില്‍ കാര്യമായ ഭേദഗതി വരുത്തി രാജ്യത്തിന്റെ മതേതര സ്വഭാവം എടുത്തുകളയാമെന്നുമൊക്കെയുള്ള പ്രചാരണങ്ങള്‍ ശക്തി പ്രാപിച്ച സാഹചര്യത്തില്‍ ഈ ആശങ്കക്ക് വലിയ പ്രാധാന്യമുണ്ട്. പക്ഷേ, ഈ പ്രചാരണം കുറെ അതിശയോക്തി നിറഞ്ഞതാണ്. അതിന്റെ സാധ്യതകളെ കുറിച്ച് നമുക്ക് പരിശോധിക്കാം.

നിലവില്‍ ലോകസഭയില്‍ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. എന്നാല്‍ രാജ്യസഭയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാത്ത സ്ഥിതിക്ക് ഇപ്പോള്‍ യു.പിയിലെ വിജയം വഴി കൂടുതല്‍ അംഗങ്ങളെ രാജ്യസഭയില്‍ എത്തിക്കാമെന്നാണ് അവര്‍ കണക്ക് കൂട്ടുന്നത്. ലോകസഭയിലും രാജ്യസഭയിലും ഒരുപോലെ ഭൂരിപക്ഷമുണ്ടായാല്‍ അവരുദ്ദേശിക്കുന്ന വിധം ബില്ലുകള്‍ പാസ്സാക്കി എടുക്കാന്‍ സാധിക്കുമെന്നാണ് എല്ലാവരും ഭയപ്പെടുന്നത്. എന്നാല്‍ ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. രാജ്യസഭയില്‍ ഓരോ അംഗങ്ങളും എത്തുന്നത് വ്യത്യസ്ത സമയങ്ങളിലാണ്. അതുകൊണ്ടുതന്നെ യു.പി വിജയത്തെ തുടര്‍ന്ന് വലിയ തോതിലുള്ള മാറ്റങ്ങള്‍ പെട്ടെന്നൊന്നും രാജ്യസഭയില്‍ ഉണ്ടാവില്ല. ഉത്തര്‍പ്രദേശിലെ 31 രാജ്യസഭാംഗങ്ങളില്‍ 10 പേരുടെ കാലാവധി 2018 ല്‍ അവസാനിക്കും. എന്നാല്‍ 2019 ആകുമ്പോഴേക്ക് ആന്ധ്രപ്രദേശ്, ബീഹാര്‍, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 69 അംഗങ്ങളുടെ കാലാവധി കഴിയും. അതില്‍ 23 പേര്‍ ബി.ജെ.പി അംഗങ്ങളാണ്. ഈ കണക്കുകള്‍ അനുസരിച്ച് പകുതിയോളം സീറ്റുകള്‍ ബി.ജെ.പി പിടിച്ചാല്‍ പോലും (അതൊരിക്കലും സാധ്യമാവില്ല) രാജ്യസഭയില്‍ ഭൂരിപക്ഷം ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിയില്ല. പിന്നീട് 2020, 2022 എന്നീ വര്‍ഷങ്ങളിലാണ് യു.പിയില്‍ നിന്നുള്ള നിലവിലെ രാജ്യസംഭാംഗങ്ങളുടെ കാലാവധി കഴിയുന്നത്. അപ്പോഴേക്ക് അടുത്ത ലോകസഭാ തിരഞ്ഞെടുപ്പ് വരികയും ചെയ്യും. അതുകൊണ്ട് കൊട്ടിഘോഷിക്കുന്നതുപോലെ രാജ്യസഭാ അംഗങ്ങള്‍ വര്‍ധിക്കുന്നുവെന്ന പ്രചാരണം അത്ര കണ്ട് ശരിയല്ല.

ഇനി മറ്റൊരു സാധ്യത പറയുന്നത്, ബി.ജെ.പി മൂന്നില്‍ രണ്ട് ഭൂരിപക്ഷം പാര്‍ലമെന്റില്‍ നേടിക്കഴിഞ്ഞാല്‍ ഭരണഘടനാ ഭേദഗതി വരുത്തി രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവം തന്നെ മാറ്റാന്‍ അവര്‍ക്ക് കഴിയുമെന്ന കാര്യമാണ്. അതുവഴി രാജ്യത്തിന്റെ മതേതര സ്വഭാവം എടുത്തുകളഞ്ഞു പകരം ഇന്ത്യയെ ഒരു ഹിന്ദുരാജ്യമാക്കാന്‍ അവര്‍ക്ക് സാധിക്കുമെന്ന പ്രചാരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ മതേതരസ്വഭാവം എടുത്തുകളയല്‍ കേവലം പാര്‍ലമെന്റ് വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല. പാര്‍ലമെന്റ് ഭേദഗതി വഴി തിരുത്തുവാനോ നശിപ്പിക്കുവാനോ സാധ്യമല്ലാത്ത ഇരുപതോളം അടിസ്ഥാന ഘടകങ്ങള്‍ ഇന്ത്യന്‍ ഭരണഘടനക്കുണ്ട് എന്ന ജുഡീഷ്യല്‍ തത്ത്വം ആരാലും മാറ്റാന്‍ സാധ്യമല്ലാത്ത വിധം ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. ഈ തത്ത്വം അടിസ്ഥാന ഘടക പ്രമാണം (ആമശെര ടൃtuരൗേൃല ഉീരേൃശില) എന്നാണു അറിയപ്പെടുന്നത്. നിരവധി കേസുകള്‍ പരിഗണിച്ചുകൊണ്ട് സുപ്രീംകോടതി ഈ കാര്യം പലതവണ വ്യക്തമാക്കിയിട്ടുമുണ്ട്. അതില്‍ ഏറെ സുപ്രധാനമായ കേസാണ് കേശവാനന്ദഭാരതി ഢ െസ്‌റ്റേറ്റ് ഓഫ് കേരള കേസ്. 1971ല്‍ കേരളസര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമത്തിനെതിരെ കാസര്‍ഗോഡിനു സമീപമുള്ള എടനീര്‍ മഠത്തിന്റെ അധിപതി സ്വാമി കേശവാനന്ദഭാരതി സുപ്രീംകോടതിയെ സമീപിച്ചു. സ്വത്തവകാശം മൗലികാവകാശമാണോ എന്നതായിരുന്നു സ്വാമിയും കേരളസര്‍ക്കാരും തമ്മിലുള്ള തര്‍ക്കം. എന്നാല്‍ കേസിന്റെ അവസാനത്തില്‍ സുപ്രീംകോടതി വിധിപറഞ്ഞത് മറ്റൊരു സുപ്രധാന വിഷയത്തിലായിരുന്നു. പാര്‍ലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യുവാനുള്ള അധികാരമുണ്ടോ എന്ന് പരിശോധിക്കുന്ന തരത്തിലേക്ക് കോടതി നടപടികള്‍ പരിണമിച്ചു. അവസാനം സുപ്രീം കോടതി ഇപ്രകാരം വിധി പ്രസ്താവിച്ചു: 'ഇന്ത്യയുടെ പാര്‍ലമെന്റിന് ഭരണഘടനാ ഭേദഗതിയാവാം, പക്ഷേ അത് ഭരണഘനയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റിമറിച്ചുകൊണ്ടാവരുത്'. ജസ്റ്റിസ് നാനി പാല്‍ഖിവാല അടക്കം 13 സുപ്രിംകോടതി ജഡ്ജിമാരടങ്ങിയ ഭരണഘടനാ ബഞ്ചാണ് കേസ് കേട്ടത്.

ഭരണഘടനയുടെ അധീശത്വം, ഭാരതത്തിന്റെ പരമാധികാരം, ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും, ജനാധിപത്യവും റിപ്പബ്ലിക് എന്ന നിലയിലുള്ള ഭരണകൂടവും, ഭരണഘടനയുടെ പാര്‍ട്ട് മൂന്നില്‍ പ്രസ്താവിക്കുന്ന മൗലിക അവകാശങ്ങള്‍, മതേതരമായ കാഴ്ചപ്പാട്, സര്‍വ സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ, കേന്ദ്രീകരണവും വികേന്ദ്രീകരണവും ഒത്തുചേര്‍ന്ന ഭരണ സമ്പ്രദായം, ജുഡീഷ്യറിയും എക്‌സിക്യൂട്ടിവും നിയമനിര്‍മാണ സഭയും തമ്മിലുള്ള സമതുലിതാവസ്ഥ തുടങ്ങിയവയെല്ലാം മാറ്റം ചെയ്യാന്‍ പാടില്ലാത്ത അടിസ്ഥാന ഘടകങ്ങളാണെന്നാണ് വിധിയില്‍ പ്രസ്താവിച്ചത്.

വസ്തുതകള്‍ ഇങ്ങനെയായിരിക്കെ, രാജ്യത്തിന്റെ അടിസ്ഥാനസ്വഭാവത്തില്‍ മാറ്റം വരുമെന്നോ, വരുത്തുമെന്നോ ഉള്ള പ്രചാരണങ്ങളുടെ പിന്നില്‍ ഫാഷിസ്റ്റുകള്‍ തന്നെയാണ്. അതാണവരുടെ രീതി. ഭീതിതമായ അവസ്ഥയുണ്ടാക്കുക. യു.പി ഇനി എക്കാലവും ബി.ജെ.പിയുടെ കരങ്ങളില്‍ ആയിരിക്കുമെന്നും പാര്‍ലമെന്റും പ്രസിഡന്റും ജുഡീഷ്യറിയും എല്ലാം ഇനി ബി.ജെ.പി പറയുന്നതുപോലെയായിരിക്കുമെന്നുമെല്ലാമുള്ള പ്രചാരണങ്ങള്‍ അഴിച്ചുവിട്ട് ന്യൂനപക്ഷങ്ങളുടെ വായ അടപ്പിക്കാനാണ് ഫാഷിസ്റ്റുകള്‍ ശ്രമിക്കുന്നത്. ഇതില്‍ യാതൊരു വസ്തുതയുമില്ല എന്ന് നാം കണ്ടുകഴിഞ്ഞു. പക്ഷേ, ഫാഷിസ്റ്റുകളുടെ പ്രചാരണങ്ങള്‍ക്ക് അനുകൂലമായ രൂപത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയിലെ ചില തീവ്രവാദികളും ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അത്തരം പ്രചാരണങ്ങളിലൂടെ ന്യൂനപക്ഷ മനസ്സുകളെ തീവ്രവാദത്തിലേക്ക് അടുപ്പിച്ച് അവരെക്കൊണ്ട് കുറുവടി എടുപ്പിക്കാമെന്നാണ് ഇവര്‍ വിചാരിക്കുന്നത്. പക്ഷേ, വസ്തുതകളെ ശരിയായ രൂപത്തില്‍ അവധാനതയോടെ അപഗ്രഥിക്കാനും കാര്യവിവരമുള്ളവരിലേക്ക് ഇത്തരം വിഷയങ്ങള്‍ മടക്കുവാനും തയ്യാറായാല്‍ അനാവശ്യമായ പേടിയും അരക്ഷിത ബോധവും ഒഴിവാക്കാന്‍ സാധിക്കും. മതേതര സമൂഹം ഫാഷിസ്റ്റുകള്‍ക്ക് ഏറാന്മൂളികളായി നില്‍ക്കാതെ ശക്തമായ പ്രതികരണവുമായി രംഗത്ത് വരേണ്ടതുണ്ട്. ഉത്തരവാദപ്പെട്ട മതേതര കക്ഷികളുടെ മൗനം ന്യൂനപക്ഷങ്ങളില്‍ കൂടുതല്‍ അശരണതാബോധം വളര്‍ത്തും.

മതന്യൂനപക്ഷങ്ങളില്‍ വിശേഷിച്ചും മുസ്‌ലിം സമുദായത്തിന്റെ ചിന്തകളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. യു.പിയില്‍ ധാരാളം മുസ്‌ലിം പണ്ഡിതന്മാരും നേതാക്കളും സ്ഥാപനങ്ങളുമുണ്ടെങ്കിലും യു.പിയിലെ മുസ്‌ലിം ജനതക്ക് രാഷ്ട്രീയ ദിശാബോധം നല്‍കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. രാഷ്ട്രീയ കക്ഷികളുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കാന്‍ മാത്രം ഇവര്‍ വിധിക്കപ്പെട്ടിരിക്കുന്നു. അല്ലെങ്കില്‍ ചില സ്വാര്‍ഥരായ മതപുരോഹിതന്മാരുടെയോ മതസംഘടനകളുടെയോ താല്‍പര്യങ്ങള്‍ക്കനുസരിച്ച് തുള്ളാന്‍ മാത്രം ഇവര്‍ പാകപ്പെട്ടിരിക്കുന്നു. കേരളത്തെപ്പോലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സംഘടിത ശക്തിയായി നില്‍ക്കാനും മറ്റു മതേതര പാര്‍ട്ടികളുടെ നേതൃസ്ഥാനങ്ങളിലേക്ക് കടന്നുവരാനും സാധിക്കുന്ന തരത്തിലുള്ള സാമൂഹ്യബോധമോ രാഷ്ട്രീയ കാഴ്ചപ്പാടോ ഉത്പതിഷ്ണുത്വമോ യു.പിയിലെ മുസ്‌ലിം നേതൃത്വങ്ങളിലില്ല എന്നത് നിരാശാജനകമാണ്. ചുമരുണ്ടെങ്കിലേ ചിത്രം വരക്കാന്‍ കഴിയൂ. മുസ്‌ലിംകളുടെ വിശ്വാസം, ആരാധന, വ്യക്തിനിയമങ്ങള്‍, ആചാരങ്ങള്‍ തുടങ്ങിയവ സംരക്ഷിക്കപ്പെടണമെങ്കില്‍ അവക്ക് സംരക്ഷണം തരേണ്ട ഒരു ഭരണകൂടം അനിവാര്യമാണ്. അതുകൊണ്ട് രാഷ്ട്രപുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നിന്നുകൊണ്ടുള്ള ഒരു ജീവിതക്രമം ഇന്ത്യന്‍ സാഹചര്യത്തില്‍ ആത്മഹത്യാപരമാണെന്നു മനസ്സിലാക്കാന്‍ മുസ്‌ലിം സമുദായം തയ്യാറാവേണ്ടതുണ്ട്. കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ പണ്ഡിതന്മാരും നേതാക്കളുമാണ് ഈ ബോധം വളര്‍ത്തിയെടുത്തത്. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ആത്മവിശ്വാസവും സര്‍വശക്തനിലുള്ള തവക്കുലുമുണ്ടെങ്കില്‍ ഫാഷിസ്റ്റുകള്‍ ഉയര്‍ത്തുന്ന ഏതൊരു വെല്ലുവിളിയെയും നേരിടാന്‍ നമുക്ക് സാധിക്കും. നംറൂദും ഫിര്‍ഔനും ഹാമാനും ഹിറ്റ്‌ലറും മുസ്സോളനിയും സ്റ്റാലിനും തോറ്റു തുന്നംപാടിയ ലോകത്ത് ഒരു ഫാഷിസ്റ്റിനും സ്ഥായിയായ നിലനില്‍പുണ്ടാവില്ല.

0
0
0
s2sdefault