UAPA കുറുവടിയേന്തിയ രാജ്യദ്രോഹ നിയമം

പി.വി.എ പ്രിംറോസ്‌

2017 ജനുവരി 14 1438 റബിഉൽ ആഖിർ 15

ചെമ്മൺ പാതയിലൂടെ കിതച്ചുകൊണ്ടോടുന്ന കാളവണ്ടി ചൂണ്ടിക്കാട്ടി കുട്ടി അച്ഛനോട്‌ ചോദിച്ചു: “എന്തിനാണച്ഛാ ആ ഇടതു ഭാഗത്തുള്ള കാളയെ മാത്രം തല്ലുന്നത്‌? രണ്ടും ഒരേ പോലെയാണല്ലോ നടക്കുന്നത്‌?”

അച്ഛൻ പറഞ്ഞു: “ആ കാള മടിയനായതു കൊണ്ടല്ല മോനേ, വണ്ടിക്കാരന്റെ ഇടതു കയ്യിലാണ്‌ ചാട്ടയുള്ളത്‌.”

സ്റ്റേറ്റ്‌ മർദനോപകരണമാണെന്ന്‌ നിരീക്ഷിച്ചത്‌ കമ്യൂണിസ്റ്റ്‌ ത്വാത്തികാചാര്യൻ കാറൽ മാർക്സാണ്‌. രാജാധികാരമുപയോഗിച്ച്‌ ആളുകളെ തല്ലിക്കൊന്ന്‌ മറ്റുള്ളവരുടെ മേൽ കുറ്റമാരോപിച്ച്‌ അവരെ കൽത്തുറുങ്കിലടക്കാനും അതുവഴി രാജാധികാരം നിലനിർത്താനും ചന്ദ്രഗുപ്തമൗര്യന്‌ ഭരണോപദേശം നടത്തിയത്‌ കൗടില്യനും. തത്ത്വത്തിലും പ്രയോഗത്തിലും പല ഭരണചക്രങ്ങളും ഇപ്പോൾ തിരിഞ്ഞുകൊണ്ടിരിക്കുന്നത്‌ ഇത്തരം ചാണക്യനീതി സാരങ്ങളുടെ ഉൾബലത്തിലാണ്‌ എന്നതിന്‌ വർത്തമാനകാല സംഭവവികാസങ്ങൾ സാക്ഷിയാണ്‌.

അതുകൊണ്ടുതന്നെയാണ്‌ മാറി മാറി വരുന്ന ഭരണകൂട മേലാളൻമാരുടെ ഇംഗിതത്തിനനുസരിച്ച്‌ നിയമം നടപ്പാക്കലാണ്‌ ബ്യൂറോക്രസിയുടെ ചുമതലയെന്ന്‌ സ്ഥാപിതകാലം മുതലേ ഓരോ ഉദ്യോഗസ്ഥനും പഠിപ്പിക്കപ്പെട്ടിരിക്കുന്നത്‌. `എൻ.ഡി.എയുടെ പട്ടാള`വും `എൽ.ഡി.എഫിന്റെ പോലീസു`മെല്ലാം മാധ്യമങ്ങളിൽ മാത്രമല്ല, പൊതുബോധങ്ങളിൽ കൂടി ഇടം പിടിച്ചത്‌ ഈയൊരു പരിപ്രേക്ഷ്യത്തിലാണ്‌.

പറഞ്ഞുവരുന്നത്‌ ഡഅജഅയെ കുറിച്ചാണ്‌. രാജ്യത്ത്‌ നൻമ പുലർന്ന്‌ കാണണമെന്നാഗ്രഹിക്കുന്ന പൗരൻമാരുടെ ശിരസ്സുകളിലേക്ക്‌ അശനിപാതം പോലെ പറന്നിറങ്ങുകയാണ്‌ ഈ കരിനിയമം. തങ്ങൾക്കിഷ്ടമില്ലാത്തവരെയെല്ലാം കെണി വെച്ച്‌ പിടിക്കാൻ ഡഅജഅയോളം നല്ലൊരു നിയമോപകരണം കയ്യിലില്ലെന്ന തിരിച്ചറിവ്‌ ഭരണകക്ഷികളിൽ പലരെയും ഭരിക്കുന്നുവെന്നത്‌ വസ്തുതയാണ്‌. മുൻകാലങ്ങളെ അപേക്ഷിച്ച്‌ യാതൊരു ദാക്ഷിണ്യവുമില്ലാതെ അവരത്‌ എടുത്തുപയോഗിക്കുക കൂടി ചെയ്യുന്നു എന്നതാണ്‌ പുതിയ വാർത്തകൾ നൽകുന്ന ഞെട്ടിക്കുന്ന യാഥാർഥ്യം.

കൊളോണിയൽ ഭരണകാലത്ത്‌ മെക്കാളെ പ്രഭു എഴുതിയുണ്ടാക്കിയ ബ്രിട്ടീഷ്‌ അനുകൂല പീനൽ കോഡിലെ 113​‍ാം വകുപ്പാണ്‌ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ പ്രപിതാവ്‌. 1863-70 കാലത്ത്‌ ബ്രിട്ടീഷുകാർക്കെതിരെയുള്ള വഹാബി പ്രസ്ഥാനങ്ങളുടെ ശക്തമായ ചെറുത്തുനിൽപിൽ പിടിച്ചുനിൽക്കാൻ നിലവിലുള്ള നിയമത്തിലൂടെ കഴിയില്ലെന്ന്‌ ബോധ്യം വരികയും മുൻപ്‌ ഒഴിവാക്കിയിരുന്ന സെക്ഷൻ 124 വകുപ്പ്‌ വീണ്ടും കൂട്ടിച്ചേർത്ത്‌ ശക്തമായ നിയമനിർമാണം നടത്തുകയുമാണ്‌ ബ്രിട്ടീഷ്‌ ഭരണകൂടം ചെയ്തത്‌. വഹാബി മൂവ്മെന്റിൽ പെട്ടവർക്ക്‌ പുറമെ `ബംഗോബന്ധി` പത്രാധിപർ ജഗേന്ദ്ര ചന്ദ്രബോസും ബാലഗംഗാധര തിലകനുമടക്കം നിരവധി പ്രശസ്തർ ഇതിൽ രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെട്ടു.

സ്വാതന്ത്ര്യസമരത്തിന്‌ ശേഷവും വിഭജനാനന്തരവും നടന്ന നിരവധി വർഗീയ കലാപങ്ങൾ പ്രസ്തുത വകുപ്പ്‌ നിലനിർത്താൻ രാജ്യ നയതന്ത്രജ്ഞരെ പ്രേരിപ്പിച്ചു. 1951ൽ ചില ഭേദഗതികൾ വന്നെങ്കിലും നിയമം നിയമമായി തന്നെ അവിടെ കിടന്നു. ഇതിന്‌ ശേഷം രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും നാടിന്റെ ഭരണാവസ്ഥ നിലനിർത്തുന്നതിനുമായി 1963ൽ ദേശീയോദ്ഗ്രഥന കൗൺസിൽ നിയമിച്ച കമ്മിറ്റി നൽകിയ ശിപാർശയിലൂടെയാണ്‌ ഡഅജഅക്ക്‌ തുടക്കം കുറിക്കുന്നത്‌. ഠവല ഡിഹമംളൗഹ അരശേ​‍്ശശേല​‍െ (ജൃല്ലിശ്​‍ി) അര​‍േ, 1967 എന്ന ഈ നിയമത്തിന്റെ കരട്‌ അതേ വർഷം തന്നെ ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിക്കുകയും 1967ൽ പാർലമെന്റിന്റെ ഇരു സഭകളും അത്‌ പാസാക്കുകയും പ്രസ്തുത വർഷം ഡിസംബർ 30ന്‌ രാഷ്ട്രപതി ഒപ്പ്‌ വെച്ച്‌ അത്‌ നിയമമായി പ്രാബല്യത്തിൽ വരികയും ചെയ്തു.

ഭരണകൂടം പൗരന്‌ നൽകുന്ന പല പ്രധാന അവകാശങ്ങളും രാജ്യസുരക്ഷയുടെ പേരിൽ ഹനിക്കുന്നു എന്നതിനാൽ തന്നെ ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും 1969, 1972, 1986, 2004, 2008, 2012 എന്നീ വർഷങ്ങളിൽ കുറച്ച്‌ കൂടി സങ്കീർണമായ ഭേദഗതികൾ വരുത്തിയാണ്‌ യു.എ.പി.എ നിയമമായി പുറത്ത്‌ വരുന്നത്‌.

2008ലെ ഭേദഗതിക്ക്‌ ശേഷമാണ്‌ യു.എ.പി.എ മറ്റു നിയമങ്ങളെപ്പോലെ എടുത്തുപയോഗിക്കാൻ തുടങ്ങുന്നത്‌. അഫ്സപയും(Armed Forces (Special Powers)Act, 1958) മോക്കയും(Maharashtra Control of Organised Crime Act, 1999 (MCOCA)) പോട്ടയും(The Prevention of Terrorism Act, 2002 (POTA) ടാഡ(Terrorist and Disruptive Activities (Prevention)Act)യും പോലെ അനിഷ്ടക്കാരെ ഒതുക്കാൻ നിമയത്തെ ഉപയോഗിക്കുന്ന പ്രവണത വർധിച്ചു വരുന്നതും ഇക്കാലയളവിന്‌ ശേഷമാണ്‌. 2008 നവംബർ 26ന്‌ നടന്ന മുംബൈ ഭീകരാക്രമണം ഇതിന്‌ നല്ലൊരു കാരണമായി ഭവിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ അതേ വർഷം ഡിസംബർ 16നാണ്‌ വേണ്ടത്ര ചർച്ചകളോ പഠനങ്ങളോ ഇല്ലാതെ നിയമത്തിൽ കർക്കശമായ മാറ്റങ്ങൾ വരുത്തുന്നത്‌. ഭീകര വിരുദ്ധ വികാരം ജ്വലിച്ച്‌ നിൽക്കുന്ന സമയമായതിനാൽ തന്നെ ഇടതുപക്ഷ പാർട്ടികളുടെ കൂടി പിന്തുണയോടു കൂടിയാണ്‌ അന്നത്തെ ആഭ്യന്തര മന്ത്രി ചിദംബരം ഈ നിയമ ഭേദഗതികൾ പാസാക്കിയെടുക്കുന്നത്‌.

യു.എ.പി.എ നിയമങ്ങളിൽ പലതും എങ്ങോട്ടും വ്യാഖ്യാനിക്കാനും ആർക്കും ആരെയും കുറ്റവാളിയായി ചിത്രീകരിക്കാനും അവസരമൊരുക്കുന്ന തരത്തിലാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌. ഏതെങ്കിലുമൊരു വ്യക്തിയുടെ പരാതിയനുസരിച്ചോ ഉദ്യോഗസ്ഥന്റെ മനോഗതമനുസരിച്ചോ ഏതൊരു പൗരനെയും ചോദ്യം ചെയ്യാനും അയാളുടെ വസ്തുക്കൾ പിടിച്ചെടുക്കാനും റെയ്ഡ്‌ നടത്താനും അറസ്റ്റ്‌ ചെയ്യാനും അവകാശം നൽകുന്നതാണ്‌ ഈ നിയമം. കോടതി ഉത്തരവോ ജുഡീഷ്യൽ വാറന്റോ ഉണ്ടെങ്കിൽ മാത്രം സാധ്യമാവുന്ന ഈ അധികാരം ഏതൊരു പോലീസുകാരനും എടുത്തുപയോഗിക്കാൻ കഴിയുന്നു എന്നതാണ്‌ ഇതിന്റെ ഏറ്റവും വലിയ അപകടം. അനുമതിയില്ലാതെ പ്രകടനം നടത്തിയെന്ന പേരിൽ കോഴിക്കോട്‌ വെസ്തിൽ പോളി ടെക്നിക്‌ കോളജിലെ ക്ളർക്ക്‌ രജീഷ്‌ കൊല്ലങ്കണ്ടിയുടെയും ദേശീയ ഗാനത്തെ അവഹേളിച്ചെന്ന കാരണം കാണിച്ച്‌ കമൽ സി. ചവറയുടെയും മാവോവാദികൾക്ക്‌ വീട്ടുസഹായം നൽകിയെന്നാരോപിച്ച്‌ നദീറിന്റെയും പേരിൽ യു.എ.പി.എ ചുമത്തിയതിനെതിരെ നടന്ന വ്യാപക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ, മുകളിൽ നിന്ന്‌ നിർദേശം കിട്ടാതെ ഇത്തരം നടപടികൾ കൈക്കൊള്ളാൻ പാടില്ലെന്ന ലോക്നാഥ്‌ ബെഹ്‌റയുടെ പ്രസ്താവനക്ക്‌ നിയമപിന്തുണയില്ല എന്നാണ്‌ വ്യക്തമാവുന്നത്‌.

ക്രിമിനൽ പ്രൊസിക്യൂഷൻ കോഡ്‌ (CRPC) പ്രകാരം `മതിയായ രീതിയിൽ സംശയിക്കപ്പെടുന്ന` എന്ന വാചകം `വിശ്വസനീയ കാരണം` എന്നാക്കി മാറ്റുന്നതിലൂടെ അന്വേഷണോദ്യോഗസ്ഥരുടെ താൽപര്യങ്ങൾ തന്നെയായിരിക്കും സംരക്ഷിക്കപ്പെടുക എന്ന്‌ സുതരാം വ്യക്തം. മാത്രമല്ല, പോലീസ്‌ സൂപ്രണ്ടിന്റെ നിർദേശാടിസ്ഥാനത്തിൽ കോർപറേഷനുകളും സർക്കാർ ഏജൻസികളും സംഘടനകളും വ്യക്തികൾ തന്നെയും പരാതിപ്പെട്ടാൽ ഏതൊരു പൗരനും തന്റെ മുഴുവൻ വിവരങ്ങളും ഹാജരാക്കൽ ഈ നിയമത്തിലൂടെ നിർബന്ധമായി മാറും. രാജ്യത്തിലെ എത്ര തന്നെ ഉന്നതരായാലും ആപാദചൂഢം അന്വേഷണം നടത്താനും ഭയലേശമന്യെ അവരെ കെണിയിൽ വീഴ്ത്താനും ഈ നിയമത്തിലൂടെ സാധിക്കും എന്നതിന്റെ പ്രത്യക്ഷ തെളിവാണ്‌ വിശ്വ പ്രസിദ്ധ ഇസ്ലാമിക പണ്ഡിതൻ സാക്കിർ നായിക്കിനെതിരെയും അദ്ദേഹത്തിന്റെ സംഘടനക്കും ചാനലിനുമെതിരെയും കൈക്കൊണ്ട നിയമ നടപടികൾ. ധാക്ക സ്ഫോടന പശ്ചാത്തലത്തിൽ പ്രതികളിലൊരാളുടെ ഫേസ്ബുക്ക്‌ പേജിലെ സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങളാണ്‌ ഈ വേട്ടയാടലിന്റെ ബീജാവാപം. സ്വന്തം പിതാവിന്റെ മൃതദേഹം സന്ദർശിക്കാൻ പോലും കഴിയാത്ത വിധത്തിൽ ഇന്ത്യക്കാർക്ക്‌ `അനഭിമതനായി` മാറാൻ അദ്ദേഹത്തെ ഇടയാക്കിയത്‌ ചാട്ട പിടിച്ച ഇടതുകയ്യൻ കാളവണ്ടിക്കാരന്റെ കയ്യിലാണ്‌ നിയമമെന്നത്‌ മാത്രമാണ്‌.

യു.എ.പി.യയുടെ 43D(2) വകുപ്പ്‌ പ്രകാരം ഒരാളെ കസ്റ്റഡിയിലെടുത്താൽ പ്രാഥമിക തടങ്കൽ കാലാവധി 6 മാസമാണ്‌. അതായത്‌ 180 ദിവസം. ഇതിൽ 90 ദിവസത്തിന്‌ ശേഷം കേസിൽ പുരോഗതിയുണ്ടെന്ന്‌ പ്രോസിക്യൂട്ടർ കോടതിയെ ബോധ്യപ്പെടുത്താൽ മാത്രം മതി കസ്റ്റഡി തുടരാൻ. മാത്രമല്ല, പ്രതിയെന്ന്‌ ആരോപിക്കപ്പെട്ടയാളുടെ നിരപരാധിത്വം തെളിയിക്കാനുമുള്ള പ്രോസിക്യൂട്ടറുടെ ബാധ്യത യു.എ.പി.എ കേസുകൾക്ക്‌ ബാധകമല്ല. മറിച്ച്‌, ആരോണോ കുറ്റാരോപിതർ അവർ തന്നെ അക്കാര്യം തെളിയിക്കേണ്ടതുണ്ട്‌. 43D(5) പ്രകാരം പബ്ളിക്‌ പ്രോസിക്യൂട്ടർ അനുവദിക്കാത്തിടത്തോളം കാലം ജാമ്യം കിട്ടാൻ യാതൊരു സാധ്യതയുമില്ല താനും. മാത്രമല്ല, 43(A) വകുപ്പ്‌ പ്രകാരം ഭീകര പ്രവർത്തനത്തിൽ പങ്കെടുത്തെന്ന്‌ സംശയിക്കപ്പെടുന്നവരുടെ സ്വത്ത്‌വഹകളും ധനാഗമന മാർഗങ്ങളും കണ്ട്‌ കെട്ടാനോ മരവിപ്പിക്കാനോ ഉള്ള അധികാരവും അധികാരികൾക്ക്‌ തന്നെയാണ്‌. ഇതുപയോഗിച്ചാണ്‌ മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ബുറൂജ്‌ റിയലൈസേഷൻ സാരഥികളായ ദാവൂദ്‌ ഉവൈദ്‌, സാഹിർ സെയ്ദ്‌, സമീദ്‌ അഹ്മ്മദ്‌ ശൈഖ്‌ എന്നിവർ പീസ്‌ സ്കൂളുകളിലെ പാഠപുസ്തകവുമായി ബന്ധപ്പെട്ട്‌ ഇന്നും വിചാരണ നേരിട്ടു കൊണ്ടിരിക്കുന്നത്‌ നിയമത്തിന്റെ ഈയൊരു ദുഃശാഠ്യത്തിന്റെ പേരിലാണ്‌.

യു.എ.പി.എ മൂലമുള്ള പൗരന്റെ അവകാശധ്വംസനങ്ങൾ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. പരിമിതമായ തെളിവ്‌ കൊണ്ട്‌ പോലും വ്യക്തികളെ അറസ്റ്റ്‌ ചെയ്യാനും സംഘടനകൾ നിരോധിക്കാനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. പൗരനെ മതിയായ തെളിവുകളില്ലാതെ 30 ദിവസം പോലീസ്‌ കസ്റ്റഡിയിലും 180 ദിവസം തടങ്കലിലും വെയ്ക്കാം, കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യമില്ലെന്ന്‌ ബോധ്യപ്പെട്ടാൽ പോലും കൈവശം വെച്ച വസ്തുക്കളുടെ പേരിൽ ഒരാളുടെ പേരിൽ കേസെടുക്കാം, യു.എ.പി.എ ഉൾപ്പെടുന്ന കേസിൽ അറസ്റ്റിലായ വ്യക്തിയുടെ സംഘാടനാബന്ധം തെളിയിക്കപ്പെട്ടാൽ അയാൾ ഉൾക്കൊള്ളുന്ന സംഘടനയെ കാര്യമായ വിശദീകരണങ്ങളില്ലാതെ നിരോധിക്കാം, വാറന്റ്‌ കൂടാതെ വസ്തുക്കൾ പിടിച്ചെടുക്കാം, ഭരണഘടന ഉറപ്പ്‌ നൽകുന്ന സംഘടിക്കാനുള്ള അവകാശത്തിൽ വെള്ളം ചേർത്ത്‌ രാജ്യദ്രോഹത്തിന്റെ വാതായനം തുറന്ന്‌ അകത്താക്കാം, അച്ചടി-ഇലക്ട്രോണിക്‌ മാധ്യമങ്ങളുടെ ദുരുപയോഗത്തിലൂടെ ആളുകളെ അഴിക്കുള്ളിലാക്കാം... തുടങ്ങി രാജ്യത്തെ പൗരന്റെ സ്വസ്ഥ ജീവിതത്തിന്‌ വിഘാതം നിൽക്കുന്ന ഒട്ടധികം നിയമങ്ങളാൽ സമ്പന്നമാണ്‌ യു.എ.പി.എ.

ടാഡ പ്രകാരം 1984 മുതൽ ഗുജറാത്തിൽ 18686ഉം പഞ്ചാബിൽ 15314ഉം ജമ്മു കാശ്മീരിൽ 15225ഉം അസമിൽ 12715ഉം പേരെയായിരുന്നു അറസ്റ്റ്‌ ചെയ്തത്‌. ഇതിൽ പഞ്ചാബ്‌ പ്രവിശ്യയിലെ സിഖ്‌ വംശജരെ മാറ്റി നിർത്തിയാൽ ഭൂരിഭാഗവും മുസ്ലിംകളായിരുന്നു പ്രതികൾ. 1987ൽ കെ.എ.പി.എസ്‌ ഗില്ലിന്റെ നേതൃത്വത്തിൽ സിഖ്‌ ന്യൂനപക്ഷത്തെ അടിച്ചമർത്താനായി രാജ്യദ്രോഹ നിയമ പ്രകാരം അറസ്റ്റ്‌ ചെയ്യപ്പെട്ടത്‌ 7600ത്തോളം ആളുകളായിരുന്നു. അതിൽ 15% പേർ മാത്രമാണ്‌ വിചാരണക്ക്‌ വിധേയമായത്‌. അതിൽ തന്നെ 2% ആളുകൾ മാത്രമാണ്‌ ശിക്ഷിക്കപ്പെട്ടത്‌.

ടാഡ നിയമം പിൻവലിക്കുന്ന സമയത്ത്‌ മൊത്തം ഫയൽ ചെയ്ത കേസുകളുടെ കണക്കെടുക്കുമ്പോൾ കണ്ടെത്തിയ വിവരങ്ങൾ മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന ഏതൊരാളെയും ഞെട്ടിക്കുന്നതായിരുന്നു. ആകെ കേസെടുത്ത 75500 പേരിൽ കുറ്റം തെളിയിക്കപ്പെട്ടത്‌ 15991 പേരുടേത്‌ മാത്രം. ബാക്കിയുള്ള അറുപതിനായിരത്തോളം പേർ നിരപരാധികളായിരുന്നുവത്രെ! അതായത്‌, ഇത്രയും മനുഷ്യർ സമൂഹത്തിന്റെ മുന്നിൽ ഇക്കാലമത്രയും അപരാധികളായിരുന്നു പോൽ!

ചത്തീസ്ഗഡിലും പശ്ചിമ ബംഗാളിലും മൈനിംഗ്‌ കമ്പനികൾ, ദരിദ്രർ തങ്ങളുടെ കൃഷി ഭൂമി കൈവശപ്പെടുത്തിയതിന്റെ പേരിൽ നടത്തിയിരുന്ന സമരങ്ങളെയെല്ലാം കുത്തകകളുടെ ഒത്താശയോടെ സർക്കാർ അടിച്ചൊതുക്കിയിരുന്നത്‌ ഈ നിയമം മുഖേനയായായിരുന്നു. ദരിദ്രരിൽ ദരിദ്രരായ ഇവർക്ക്‌ സ്വന്തമായി നിയമസഹായം തേടാൻ സാധ്യമല്ലാത്തതിനാൽ തന്നെ അനന്തമായി ജയിലുകളിൽ കിടക്കേണ്ടി വരുന്നു.

യു.എ.പി.എ ചുമത്തി നീണ്ടï11 വർഷം ജയിലിൽ കിടന്ന്‌ ഒടുവിൽ നിരപരാധിയെന്ന്‌ കണ്ട്‌ കഴിഞ്ഞ മാസം വിട്ടയച്ച ഇർശാദ്‌ അലിയുടെ അനുഭവം ഞെട്ടലുളവാക്കുന്നതാണ്‌. ഗവൺമെന്റിന്റെ ഇൻഫോർമറായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്‌ മുസ്ലിം പോക്കറ്റുകളിൽ പോയി തൊഴിൽരഹിതരായ മുസ്ലിം യുവാക്കളെ തീവ്രവാദത്തിലേക്ക്‌ ആകർഷിപ്പിക്കലും തീവ്രവാദ പ്രവർത്തനങ്ങൾക്കിടെ ഒറ്റിക്കൊടുത്ത്‌ അറസ്റ്റ്‌ ചെയ്യിപ്പിക്കലുമായിരുന്നത്രെ ജോലി. ഇങ്ങനെ ഭീകരവാദികളെ വളർത്തിയെടുക്കുന്ന ഫാം ഹൗസുകൾ വരെ രാജ്യത്ത്‌ ഭരണകൂട ഒത്താശയോടെ പ്രവർത്തിക്കുന്നുവെന്നും അത്തരം ഗൂഢ പ്രവർത്തനങ്ങളിൽ നിന്നും മനംമടുത്ത്‌ പിന്തിരിയാൻ ശ്രമിച്ചപ്പോൾ ഇർശാദ്‌ അലിയെയും കള്ളക്കേസ്‌ ചമച്ച്‌ യു.എ.പി.എ പ്രകാരം അറസ്റ്റ്‌ ചെയ്യുകയായിരുന്നു എന്നുമാണ്‌ ഇർശാദ്‌ അലി വെളിപ്പെടുത്തിയത്‌. വർഷങ്ങൾക്ക്‌ മുമ്പ്‌ ഇക്കാര്യം വെളിപ്പെടുത്തി തീഹാർ ജയിലിൽ നിന്ന്‌ പ്രധാനമന്ത്രിക്ക്‌ തുറന്ന കത്തെഴുതി മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയെങ്കിലും നീണ്ട പതിനൊന്ന്‌ വർഷങ്ങൾക്ക്‌ ശേഷമാണ്‌ ഇർശാദ്‌ അലിക്ക്‌ തന്റെ നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞത്‌.

യു.എ.പി.എയുടെ മുൻഗാമികളായ ടാഡയും പോട്ടയുമെല്ലാം രാജ്യമൊട്ടാകെ പൗരന്റെ അവകാശങ്ങളുടെ മേൽ ആസുരനൃത്തം ചവിട്ടുമ്പോൾ പക്വമായ രാഷ്ട്രീയ ഇടപെടലിലൂടെ കേരളം രാജ്യത്തിന്‌ മാതൃകയായിരുന്നു. എന്നാൽ യു.എ.പി.എ വന്നപ്പോൾ സ്ഥിതി മാറി. കേരളത്തിൽ നിന്നും ഇതിന്‌ സമാനമായ വാർത്തകൾ വരാൻ തുടങ്ങി. നീണ്ട ഏഴ്‌ വർഷത്തെ ജയിൽവാസത്തിന്‌ ശേഷമാണ്‌ ഐ.ടി പ്രഫഷണലായ മുക്കം സ്വദേശി യഹ്‌യാ കമ്മുക്കുട്ടിയെ നിരപരാധിയെന്ന്‌ കണ്ട്‌ വിട്ടയച്ചത്‌. ഇതിൽ യഹ്‌യ കൂടാതെ നാല്‌ മലയാളികൾ വേറെയുമുണ്ടായിരുന്നു. മുംബൈ പോലീസിന്റെ സമ്മർദം മൂലമാണ്‌ താൻ പരാതി നൽകിയതെന്നും അത്‌ പോലും തീവ്രവാദിയാണെന്ന രൂപത്തിലല്ല എന്ന്‌ തുറന്ന്‌ പറഞ്ഞിട്ടും പരാതിക്കാരന്റെ വെളിപ്പെടുത്തൽ മുഖവിലക്കെടുക്കാതെ കണ്ണൂരിലെ പണ്ഡിതൻ മാസങ്ങളായി രാജ്യദ്രോഹ നിയമപ്രകാരം ഇപ്പോഴും ജയിലിലാണ്‌. മാത്രമല്ല, അബ്ദുന്നാസർ മഅ​‍്ദനി മുതൽ സകരിയ്യ വരെ നിരവധി പേർ ഇപ്പോഴും അനന്തമായ വിചാരണ നേരിട്ടു കൊണ്ടിരിക്കുകയാണ്‌. അതേസമയം ദേശീയഗാനം ബ്രിട്ടീഷ്‌ സ്തുതിയാണെന്ന്‌ ആരോപിച്ച ടീച്ചർമാരും മലപ്പുറത്തെ `മുസ്ലിം പന്നിപ്പേറി`നെ കുറിച്ച്‌ വാചാലനായ `ഗോക്രി`കളും ബാബ്‌രി മസ്ജിദ്‌ ധ്വംസനത്തിൽ ഊറ്റം കൊള്ളുന്ന സനാതന നേതാക്കന്മാരുമെല്ലാം ഇന്നും ഒരു പ്രശ്നവുമില്ലാതെ രാജ്യത്ത്‌ സ്വൈരവിഹാരം നടത്തുകയും ചെയ്യുന്നു എന്ന്‌ വരുമ്പോൾ നിസ്കാരം, ഹജ്ജ്‌ പോലെ മുസ്ലിംകൾക്ക്‌ മാത്രമുള്ള ചില ആചാരങ്ങളാണോ കേരളത്തിൽ യു.എ.പി.എ പോലുള്ള കിരാത നിയമങ്ങൾ എന്ന്‌ ഒരു സാധാരണക്കാരൻ സംശയിച്ചാൽ അവരെ കുറ്റം പറയാനൊക്കുകയില്ല.

യു.എ.പി.എയുടെ ആദ്യ നാളുകളിൽ കേരളത്തിൽ കാര്യമായ കേസുകളോ അറസ്റ്റുകളോ നടന്നില്ലെങ്കിൽ പോലും മുൻ വർഷങ്ങളെ അപേക്ഷിച്ച്‌ എത്രയോ ഇരട്ടിയായിരുന്നു അവസാന വർഷങ്ങളിൽ എന്നത്‌ പ്രതികാര രാഷ്ട്രീയത്തിന്‌ ഈ നിയമത്തെ രാഷ്ട്രീയ കക്ഷികൾ കൂട്ടു പിടിച്ചു തുടങ്ങി എന്നതിന്റെ കൃത്യമായ തെളിവാണ്‌. ഇതിൽ തന്നെ ഇന്നേ വരെയുള്ള മൊത്തം കേസുകളേക്കാൾ അധികം യു.എ.പി.എ വകുപ്പ്‌ ചേർത്ത്‌ കേസ്‌ രജിസ്റ്റർ ചെയ്തത്‌ ഈ വർഷമാണെന്നത്‌ മാധ്യമ വാർത്തകളിൽ നിന്ന്‌ വ്യക്തമാണ്‌. 2016ലെ ഔദ്യോഗിക കണക്കുകൾ ലഭ്യമല്ലെങ്കിലും മീഡിയാ വിവരങ്ങൾ അതാണ്‌ സൂചിപ്പിക്കുന്നത്‌.

ഹൂബ്ളി ഗൂഢാലോചനക്കേസിലെ 18 പേർ, 13 വർഷത്തിന്‌ ശേഷം കുറ്റം ചെയ്തിട്ടില്ലെന്ന്‌ ബോധ്യപ്പെട്ട്‌ വിട്ടയച്ച അക്ഷർധാം സ്ഫോടനക്കേസിലെ മുഫ്തി അബ്ദുൽ ഖയ്യൂം, മലേഗാവ്‌ സ്ഫോടനക്കേസിൽ പ്രതി ചേർത്ത്‌ ഒടുവിൽ അസിമാനന്ദ സ്വാമിയുടെ കുറ്റസമ്മതത്തിലൂടെ നിരപരാധിത്വം തെളിയിച്ച്‌ പുറത്ത്‌ വന്ന അബ്ദുൽ കലീം... ഇങ്ങനെ നിരവധി പേർ. ഇനിയും നിരപരാധിത്വം തെളിയിക്കപ്പെടാതെ കൽത്തുറങ്കിലടക്കപ്പെട്ട നിരവധി നിസ്സഹായർ വേറെയും. എല്ലാത്തിനും പുറമെ താൻ ചെയ്ത തെറ്റെന്തെന്ന്‌ മനസ്സിലാക്കാൻ കഴിയാതെയും ഭരണകൂട നിയമസംവിധാനത്തിന്റെയും പൊതു മന സ്സാക്ഷിയുടെയും വിധിയെന്തെന്ന്‌ മനസ്സിലാക്കുന്നതിന്‌ മുമ്പ്‌ ഒരു ബുള്ളറ്റിലൂടെയോ, സ്ഫോടനത്തിലൂടെയോ ജീവിതമവസാനിപ്പിക്കേണ്ടി വന്ന വാരണാസി സ്ഫോടനത്തിലെയും മില്ലേനിയം പാർക്ക്‌ വെടിവെയ്പിലെയും ബട്ല ഹൗസ്‌ ഏറ്റുമുട്ടലിലെയും ഭോപ്പാൽ എൻകൗണ്ടർ കില്ലിംഗിലെയും ഇരകളാക്കപ്പെട്ട നിരവധി നിരപരാധികൾ...

ഭരണകൂട മുഷ്കിന്റെ ചാട്ടവാറുകൾ നമ്മെയും തേടി വന്നെത്താം. അതിന്‌ പ്രത്യേകിച്ച്‌ കാരണങ്ങളൊന്നും വേണ്ട. അത്‌ വർഷങ്ങൾക്ക്‌ മുമ്പ്‌ താൻ സംസാരിച്ച ഒരു പ്രഭാഷണത്തിന്റെ, സന്ദർഭത്തിൽ നിന്നടർത്തിയെടുത്ത വോയ്സ്‌ ക്ളിപ്പുകളാവാം. അക്ഷരപ്പിച്ച വെക്കുന്ന പിഞ്ചുകുട്ടികൾക്ക്‌ ക്ളാസിൽ പഠിപ്പിക്കാൻ വെച്ച സംഭാഷണശകലങ്ങളിലെ വ്യാഖ്യാന സാധ്യതകളാവാം. പൂർവകാല ചരിത്രത്താളുകളിലെ ത്യാഗസ്മരണകൾ പുനരവതരിപ്പിക്കാനായി ചീന്തിയെടുക്കുമ്പോൾ വക്കിൽ പൊടിഞ്ഞ ചോരത്തുള്ളികളാവാം. നോക്കിലും വാക്കിലും വരുന്ന അസ്ഥാനത്തെ നൈസർഗിക വൈകല്യങ്ങളാവാം. എന്തും, ഏതും ഒരു രാജ്യദ്രോഹ കുറ്റത്തിലേക്കോ അതുവഴി അനന്തമായ കാരാഗ്രഹവാസത്തിലേക്കോ അസമയത്ത്‌ പാഞ്ഞു കയറി നിശ്ചലമാവുന്ന ഒരു ബുള്ളറ്റിലേക്കോ നിങ്ങളെ കൊണ്ടെത്തിച്ചേക്കാം. അതിനാൽ കണ്ണ്‌ തുറന്ന്‌ പിടിക്കുക; കൈകൾ ചേർത്ത്‌ പിടിക്കുക. അതെ, നമുക്കും ജീവിക്കണം.

0
0
0
s2sdefault