ത്വല്‍ഹത്(റ) വെളിച്ചം കണ്ടെത്തിയ കഥ

അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല 

2017 മാര്‍ച്ച് 25 1438 ജമാദുല്‍ ആഖിര്‍ 26

ഫഹദ്ബ്‌നു ഉബൈദില്ല പറയുന്നു: ഞാന്‍ സിറിയയിലെ ബുസ്വ്‌റാ ചന്തയില്‍ പങ്കെടുത്തു. അപ്പോള്‍ ഒരു മഠത്തിലെ പുരോഹിതന്‍ ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു: ''ഈ സീസണിലെ വ്യാപാരികളില്‍ ഹറമില്‍നിന്ന്(മക്ക) വല്ലവരുമുണ്ടോ എന്ന് അന്വേഷിക്കൂ.'' 

ഞാന്‍ പറഞ്ഞു: ''അതെ, ഞാന്‍ മക്കയില്‍ നിന്നാണ്.''

അദ്ദേഹം ചോദിച്ചു: ''അഹ്മദ് ഇനിയും രംഗപ്രവേശം ചെയ്തിട്ടില്ലേ?''

ഞാന്‍ ചോദിച്ചു: ''ആരാണ് അഹ്മദ്?''

അദ്ദേഹം പറഞ്ഞു: അബ്ദുല്‍ മുത്ത്വലിബിന്റെ മകന്‍ അബ്ദുല്ലയുടെ പുത്രന്‍. അദ്ദേഹം പ്രവാചകനായി വരുന്ന മാസമാണല്ലോ ഇത്. അദ്ദേഹം അന്ത്യപ്രവാചകനായിരിക്കും. ഹറമില്‍നിന്ന് നിയോഗിക്കപ്പെടും. അദ്ദേഹം പലായനം ചെയ്ത് അഭയാര്‍ഥിയായി എത്തുന്ന നാട് കറുത്ത കല്ലുകള്‍ പാകപ്പെട്ട കുന്നുകളുള്ളതും ഈത്തപ്പനകളുള്ളതും ചതുപ്പ് നിലമുള്ളതുമായിരിക്കും. അദ്ദേഹത്തിലേക്ക് വല്ലവരും നിന്നെ മുന്‍കടക്കുന്നതിന് മുമ്പ് വേഗത്തില്‍ ചെന്നെത്തി അദ്ദേഹത്തെ ആശ്ലേഷിക്കുക.'' 

ത്വല്‍ഹത്(റ) തുടരുന്നു: പുരോഹിതന്റെ വാക്കുകള്‍ എന്റെ മനസ്സില്‍ തറച്ചു. ഞാന്‍ മക്കയിലേക്ക് കുതിച്ചു. 

മക്കയിലെത്തിയ ഞാന്‍ അവിടെയുള്ളവരോട് ചോദിച്ചു: ''വല്ലതും സംഭവിച്ചിട്ടുണ്ടോ?''

അവര്‍ പറഞ്ഞു: ''അബ്ദുല്ലയുടെ മകന്‍ മുഹമ്മദിന് പ്രവാചകത്വം ലഭിച്ചിരിക്കുന്നു. അബൂ ക്വുഹാഫയുടെ മകന്‍ അബൂബക്ര്‍ മുഹമ്മദിനെ അനുഗമിച്ചിരിക്കുന്നു.''

ഞാന്‍ അബൂബക്‌റിന്റെ അടുക്കല്‍ ചെന്നുകൊണ്ട് ചോദിച്ചു: ''താങ്കള്‍ മുഹമ്മദിനെ സ്വീകരിച്ചുവോ?''

അബൂബക്ര്‍: ''അതെ. താങ്കളും മുഹമ്മദിന്റെ അടുക്കല്‍ ചെല്ലുക. അദ്ദേഹത്തെ പിന്‍പറ്റുക; കാരണം അദ്ദേഹം സത്യത്തിലേക്കാണ് ക്ഷണിക്കുന്നത്.''

ഞാന്‍ പ്രവാചക സവിധത്തിലെത്തി പറഞ്ഞു: ബുസ്വ്‌റായിലെ പുരോഹിതന്‍ പറഞ്ഞത് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അതില്‍ പ്രവാചകന്‍ എറെ സന്തുഷ്ടി പ്രകടിപ്പിച്ചു. 

ഞാന്‍ പ്രഖ്യാപിച്ചു: ''അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്'' (യഥാര്‍ഥ ആരാധ്യനായി അല്ലാഹു അല്ലാതെ മറ്റാരും ഇല്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ്, അല്ലാഹുവിന്റെ തിരുദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.)

''ഇതിന് മുമ്പ് നാം ആര്‍ക്ക് വേദഗ്രന്ഥം നല്‍കിയോ അവര്‍ ഇതില്‍ വിശ്വസിക്കുന്നു. ഇതവര്‍ക്ക് ഓതിക്കേള്‍പിക്കപ്പെടുമ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ ഇതില്‍ വിശ്വസിച്ചിരിക്കുന്നു. തീര്‍ച്ചയായും ഇത് ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാകുന്നു. ഇതിനു മുമ്പു തന്നെ തീര്‍ച്ചയായും ഞങ്ങള്‍ കീഴ്‌പെടുന്നവരായിരിക്കുന്നു. അത്തരക്കാര്‍ക്ക് അവര്‍ ക്ഷമിച്ചതിന്റെ ഫലമായി അവരുടെ പ്രതിഫലം രണ്ടുമടങ്ങായി നല്‍കപ്പെടുന്നതാണ്. അവര്‍ നന്മ കൊണ്ട് തിന്മയെ തടുക്കുകയും, നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യും. വ്യര്‍ഥമായ വാക്കുകള്‍ അവര്‍ കേട്ടാല്‍ അതില്‍ നിന്നവര്‍ തിരിഞ്ഞുകളയുകയും ഇപ്രകാരം പറയുകയും ചെയ്യും: ഞങ്ങള്‍ക്കുള്ളത് ഞങ്ങളുടെ കര്‍മങ്ങളാണ്. നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മങ്ങളും. നിങ്ങള്‍ക്കു സലാം. മൂഢന്മാരെ ഞങ്ങള്‍ക്ക് ആവശ്യമില്ല. (വിശുദ്ധ ക്വുര്‍ആന്‍ 28: 5255).

0
0
0
s2sdefault