തുടക്കം നന്നായാല്‍...

അഷ്‌റഫ് എകരൂല്‍

2017 ഫെബ്രുവരി 11 1438 ജമാദുൽ അവ്വൽ 19

ഇസ്‌ലാമിക് പാരന്റിംഗ്: 5

സന്താനങ്ങളെ സംബന്ധിച്ച് സ്രഷ്ടാവ് പഠിപ്പിച്ച ചില കാര്യങ്ങളാണ് മുന്‍ലക്കങ്ങളില്‍ നാം മനസ്സിലാക്കിയത്. ഇവ ഉള്‍ക്കൊണ്ട് വേണം രക്ഷിതാവ് പാരന്റിംഗ് ദൗത്യത്തിലേക്ക് കടക്കാന്‍. കാല,ദേശ വ്യത്യാസങ്ങളില്ലാത്തവനില്‍ നിന്നുള്ള അറിവാണ് അവ എന്നതിനാല്‍ തന്നെ അവയെ പരിഗണിക്കാതെ വിജയകരമായ ഒരു ഇസ്‌ലാമിക പാരന്റിംഗ് അസാധ്യമാണ്.

എവിടെ തുടങ്ങും? സ്വാഭാവികമായതാണ് ഈ ചോദ്യം. നിങ്ങള്‍ ഉള്ളിടത്ത് നിന്ന് എന്നതാണ് ശരിയുത്തരം. നിങ്ങള്‍ ആരുമാവാം. അവിവാഹിതന്‍/അവിവാഹിത/നവദമ്പതികള്‍ അല്ലെങ്കില്‍ രക്ഷിതാക്കള്‍. അറിഞ്ഞേടത്ത് വെച്ച് തിരുത്തിത്തുടങ്ങുകയെന്നതാണ് ഏത് വിഷയത്തിലും ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. നഷ്ടങ്ങളുടെ വിലാപകാവ്യമല്ല, അവസരങ്ങളുടെ ഉപയോഗമാണ് ജീവിതം.

തുടക്കം നന്നാക്കിയാല്‍, നേരത്തെയാക്കിയാല്‍ തീര്‍ച്ചയായും വിളവെടുപ്പും നന്നാക്കാം; നേരത്തെയാക്കാം. നല്ല മുന്നൊരുക്കങ്ങള്‍ ഈ ദൗത്യയാത്രയിലെ യാതനകളെയും വേദനകളെയും ലഘുവാക്കിത്തരും എന്നതാണ് വാസ്തവം. മനുഷ്യപ്രകൃതിയോട് ഇണങ്ങുന്ന നിയമങ്ങളും നിര്‍ദേശങ്ങളും നല്‍കി മനുഷ്യജീവിതം സുരക്ഷിതവും സമാധാനപൂര്‍വവുമാക്കിയ അല്ലാഹു, പാരന്റിംഗിന്റെ അടിത്തറ മികവുറ്റതാക്കുവാന്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളോരോന്നും ഏതൊരു ഭൗതികപഠനങ്ങളെയും പിന്നിലാക്കുന്നതും കുറ്റമറ്റതുമാണ്. അവയില്‍ ചിലത് നമുക്ക് പരിശോധനക്ക് വിധേയമാക്കാം.

1. തെരഞ്ഞടുപ്പ് നന്നാക്കുക: നല്ല സന്താനത്തെ സ്വപ്‌നം കാണുന്നവരുടെ മുമ്പിലുള്ള പ്രഥമ ചുവടുവെപ്പ് ജീവിതപങ്കാളിയെ തെരഞ്ഞടുക്കുന്നേടത്ത് കൂടുതല്‍ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തുകയും ദൈവിക നിര്‍ദേശങ്ങളെ പരിഗണിക്കുകയും ചെയ്യുകയെന്നതാണ്. ഈ വഴിയില്‍ ഇസ്‌ലാം നല്‍കുന്ന വെളിച്ചത്തിന് മുന്നില്‍ ഒട്ടും അവ്യക്തതകള്‍ കാണാന്‍ സാധ്യമല്ല. ആഇശ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: 'നിങ്ങളുടെ ബീജത്തിന് വേണ്ടി നല്ല തെരഞ്ഞടുപ്പ് നടത്തുക' (ഇബ്‌നുമാജ, ഹാകിം).

ഈ അര്‍ഥത്തിലുള്ള ഒന്നിലധികം നിവേദനകള്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ നബി(സ) പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങള്‍ കൂടി ശ്രദ്ധിക്കുകയെന്നതാണ് വിശ്വാസിയുടെ ബാധ്യത. നബി(സ) അരുളി: 'നാലു കാര്യങ്ങള്‍ക്കാണ് ഒരു സ്ത്രീ വിവാഹം ചെയ്യപ്പെടാറുള്ളത്; അവളുടെ സമ്പത്ത്, കുടുംബം, സൗന്ദര്യം, മതനിഷ്ഠ എന്നിവയാണവ. നീ മതനിഷ്ഠയുള്ളവരെ തെരഞ്ഞടുത്ത് വിജയം പ്രാപിക്കുക; നിന്റെ കയ്യില്‍ മണ്ണ് പുരണ്ടാലും'(ബുഖാരി).

'ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നാലും' എന്നാണ് 'മണ്ണ് പുരളേണ്ടി വന്നാലും' എന്നതിന്റെ വിവക്ഷയെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയതായി കാണാം. മറ്റൊരു ഹദീഥില്‍ ഇപ്രകാരം കാണാം: 'മതവും സ്വഭാവവും തൃപ്തികരമായ (നിലയില്‍) ഒരാള്‍ വിവാഹമന്വേഷിച്ച് വന്നാല്‍ നിങ്ങള്‍ അവന്നു വിവാഹം ചെയ്ത് കൊടുക്കുക. അല്ലാത്ത പക്ഷം ഭൂമിയില്‍ വ്യാപകമായ തോതില്‍ കുഴപ്പങ്ങള്‍ ഉണ്ടാകും''(തിര്‍മിദി).

'ബഹുദൈവാരാധകര്‍ക്കും വ്യഭിചാരികള്‍ക്കും തത്തുല്യരായവരാണ് അനുയോജ്യമാവുക'യെന്ന ക്വുര്‍ആനിന്റെ പ്രഖ്യാപനത്തില്‍ (24:3) വിശ്വാസവും ആദര്‍ശവും ജീവിതപങ്കാളിയുടെ തെരെഞ്ഞെടുപ്പില്‍ മുഖ്യ അളവുകോലാകേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നുണ്ട്. ഇണയാവാന്‍ പറ്റുമോ എന്ന അന്വേഷണത്തോടൊപ്പം മക്കളുടെ ഉപ്പയാകാന്‍, ഉമ്മയാകാന്‍ കൂടി പറ്റുമോ എന്ന അധിക ചോദ്യവും കൂടി തെരെഞ്ഞടുപ്പ് നേരത്തു വിശ്വാസിക്ക് അനിവാര്യമാണെന്നര്‍ഥം. അല്ലാഹു പറയുന്നു: 'ദുഷിച്ച സ്ത്രീകള്‍ ദുഷിച്ച പുരുഷന്മാര്‍ക്കും ദുഷിച്ച പുരുഷന്മാര്‍ ദുഷിച്ച സ്ത്രീകള്‍ക്കുമാകുന്നു. നല്ല സ്ത്രീകള്‍ നല്ല പുരുഷന്മാര്‍ക്കും നല്ല പുരുഷന്മാര്‍ നല്ല സ്ത്രീകള്‍ക്കും ഉള്ളതാകുന്നു'(24:26).

നല്ല സന്താനങ്ങളുടെ അനിവാര്യത ബോധ്യപ്പെടുത്തുന്ന പ്രവാചകന്‍(സ) കുടുംബ പരിപാലനത്തിന് കഴിവുറ്റ പങ്കാളിയുണ്ടാവേണ്ട അനിവാര്യത മനസ്സിലാക്കിത്തരുന്നുണ്ട്.

അനസ് ബിന്‍ മാലിക് (റ)ല്‍ നിന്ന് നിവേദനം: നബി തിരുമേനി(സ) പറഞ്ഞു: 'നിങ്ങള്‍ കൂടുതല്‍ പ്രസവിക്കുന്ന, നന്നായി സ്‌നേഹിക്കുന്നവരെ വിവാഹം കഴിക്കുക. ഉയര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ തീര്‍ച്ചയായും മറ്റു സമൂഹങ്ങള്‍ക്ക് മുമ്പില്‍ നിങ്ങളുടെ ആധിക്യം കൊണ്ട് ഞാന്‍ അഭിമാനിക്കും' (ഇബ്‌നു ഹിബ്ബാന്‍).

അതിനാല്‍ നല്ല തെരഞ്ഞടുപ്പ് പ്രധാനം തന്നെയാണ്. കൃഷിക്കാരന്‍ നല്ല മണ്ണ് തേടുന്നത് അത്യാര്‍ത്തിയോ അനാവശ്യമോ അല്ല, മറിച്ച് ലക്ഷ്യപ്രാപ്തിക്കായുള്ള ഉറച്ച കാല്‍വെപ്പാണ്.

2 സന്താന ലബ്ദിക്കായുള്ള പ്രതീക്ഷയും പ്രാര്‍ഥനയുമായി ആരംഭിക്കുക. മനുഷ്യന്റെ ലൈംഗിക പൂര്‍ത്തീകരണത്തിന് അനുവദനീയ മാര്‍ഗമാണ് വിവാഹമെന്നതോടപ്പം തന്നെ മനുഷ്യവംശത്തിന്റെ തുടര്‍ച്ച കൂടി അതിന്റെ ലക്ഷ്യമാണ്.

അല്ലാഹു പറയുന്നു: 'അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് തന്നെ ഇണകളെ ഉണ്ടാക്കുകയും നിങ്ങളുടെ ഇണകളിലൂടെ നിങ്ങള്‍ക്കവന്‍ പുത്രന്മാരെയും പൗത്രന്മാരെയും ഉണ്ടാക്കിത്തരികയും ചെയ്തു''(16:72).

മധുരനാളുകളില്‍ തന്നെ സച്ചരിതരായ സന്താനങ്ങളെ കുറിച്ചുള്ള ആശയും പ്രാര്‍ഥനയും ഉണ്ടാകണമെന്നാണ് ഇതിന്റെ താല്‍പര്യം. പ്രവാചകന്മാരുടെ മാതൃക കൂടിയാണത്. സകരിയ്യ നബി(അ)യുടെ പ്രാര്‍ഥന കാണുക: 'അവിടെ വെച്ച് സകരിയ്യ തന്റെ രക്ഷിതാവിനോട് പ്രാര്‍ഥിച്ചു: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കല്‍ നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ഥന കേള്‍ക്കുന്നവനാണല്ലോ...''(3:38). ഇമാം ക്വുര്‍ത്വുബി ഈ സൂക്തം വിശദീകരിച്ചു കൊണ്ട് പറയുന്നു: 'കുഞ്ഞിനെ ആവശ്യപ്പെടുകയെന്നത് ദൈവദൂതന്മാരുടെയും സത്യവാന്മാരുടെയും ചര്യയാണെന്നതിന് ഇത് തെളിവാണ.്' ആരോഗ്യം ക്ഷയിച്ച് തുടങ്ങുകയും പ്രായം കൂടിവരികയും ചെയ്താല്‍ പോലും സന്താനങ്ങള്‍ക്ക് വേണ്ടിയുള്ള ആശയും പ്രാര്‍ഥനയും കൈവിടാന്‍ പാടില്ലെന്ന സൂചന കൂടിയുണ്ട് സകരിയ്യ നബി(അ)യുടെ പ്രാര്‍ഥനയില്‍.

'ദൈവിക മാര്‍ഗത്തില്‍ ധര്‍മസമരത്തിന് പാകമാകുന്ന മക്കളെ തേടല്‍' എന്ന ഒരു അധ്യായം തന്നെ സ്വഹീഹുല്‍ ബുഖാരിയില്‍ ഉണ്ട്. ഇണകള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് (കേവല ലൈംഗിക ആസ്വാദനത്തിന്നപ്പുറം) ദൈവാനുഗ്രഹത്തിന്റെ ചൈതന്യമുള്ളതും പൈശാചികതയുടെ കരസ്പര്‍ശനമേല്‍ക്കാത്തതുമായ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനയോടും അല്ലാഹുവിന്റെ നാമം സ്മരിച്ചു കൊണ്ടുമാവണം എന്ന് കൂടി നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.

ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ''നിങ്ങളില്‍ നിന്ന് ആരെങ്കിലും തന്റെ കുടുംബത്തെ (ഇണയെ) സമീപിക്കാന്‍ ഉദ്ദേശിക്കുകയും എന്നിട്ട് അവന്‍ 'അല്ലാഹുവിന്റെ നാമത്തില്‍ (ബിസ്മില്ലാഹ്), അല്ലാഹുവേ, ഞങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് നീ നല്‍കുന്നതില്‍ നിന്നും പിശാചിനെ നീ അകറ്റേണമേ' എന്ന് പ്രാര്‍ഥിക്കുകയും ചെയ്യതാല്‍ ആ ബന്ധത്തില്‍ അല്ലാഹു അവര്‍ക്ക് കുഞ്ഞിനെ വിധിച്ചാല്‍ ഒരിക്കലും പിശാച് അവനെ ഉപദ്രവിക്കുകയില്ല' (ബുഖാരി, മുസ്‌ലിം).

0
0
0
s2sdefault