തോറ്റ കേസും ജയിച്ച മനസ്സാക്ഷിയും

ഇബ്നു അലി എടത്തനാട്ടുകര

2017 ഫെബ്രുവരി 04 1438 ജമാദുൽ അവ്വൽ 09

അന്ന്‌ ആ കേസിൽ വക്കീൽ തോറ്റുപോയി. നിയമപരമായി നല്ല അറിവുള്ള യുവാവായിരുന്നു അദ്ദേഹം. അധ്യാപന പാരമ്പര്യവും കൂടെയുള്ളത്‌ കൊണ്ട്‌ നന്നായി വാദങ്ങൾ കോടതിയിൽ അവതരിപ്പിക്കുവാനും അദ്ദേഹത്തിന്‌ വിരുതുണ്ടായിരുന്നു.

പക്ഷേ, ചില സത്യങ്ങളെ വളച്ചൊടിച്ചും അർധ സത്യങ്ങളെ അവതരിപ്പിച്ചുമുള്ള വാദത്തിൽ അദ്ദേഹത്തിന്‌ എവിടെയോ പിടിവിട്ടുപോയി. അദ്ദേഹത്തിന്റെ മനസ്സിൽ നടന്ന നേരും നെറികേടും തമ്മിലുണ്ടായ ഏറ്റുമുട്ടലാണ്‌ തോൽവിക്ക്‌ കാരണമായത്‌.

കേസിന്റെ വിധിക്കൊടുവിൽ സീനിയർ വക്കീലിന്റെ ശാസന പ്രതീക്ഷിച്ചു നിന്ന അദ്ദേഹത്തിന്‌ ലഭിച്ചത്‌ ആശ്വാസമായിരുന്നു. കേസ്‌ തോറ്റു. പക്ഷേ, മനസ്സാക്ഷി ജയിച്ചിരിക്കുന്നു. അത്‌ കൊണ്ട്‌ അഭിഭാഷക വൃത്തി നിർത്തി മറ്റു ജോലിക്ക്‌ ശ്രമിക്കുന്നതാണ്‌ നല്ലത്‌ എന്ന ഉപദേശമാണ്‌ സീനിയറിൽ നിന്ന്‌ ലഭിച്ചത്‌.

നല്ല സാമ്പത്തിക നിലയിലുള്ള കുടുംബം. ദീർഘകാലമായി കച്ചവടം നടത്തുന്ന പിതാവും ചില ജ്യേഷ്ഠന്മാരും. വിദ്യാഭ്യാസ നിലയിൽ മുൻപന്തിയിൽ നിൽക്കുന്ന സഹോദരന്മാർ. സർക്കാർ സർവീസിലും സ്വകാര്യമേഖലയിലും ഉയർന്ന ശമ്പളം പറ്റുന്ന മറ്റു സഹോദരന്മാർ...

വക്കീൽ ജോലിയിലെ നൈതികതയും മനസ്സാക്ഷിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ മനസ്സാക്ഷി ജയിക്കുകയും ആ ജോലിയിൽ നിന്ന്‌ മാറിനിൽക്കുകയും ചെയ്തു. യഥാസമയത്ത്‌ നല്ല ഉപദേശം ലഭിക്കുകയും ആ ഉപദേശം സ്വീകരിക്കാനും അതനുസരിച്ച്‌ മനസ്സിനെ ഉറപ്പിച്ച്‌ നിർത്താനും പുതിയവെല്ലുവിളികളെ നേരിടാനുള്ള കരുത്തും ഊർജവും ലഭിക്കുകയും ചെയ്യുക എന്നത്‌ അതിപ്രധാനമാണ്‌. തുർന്ന്‌ ആ രംഗത്ത്‌ പുതിയ മാർഗം തേടിയുള്ള കഠിന ശ്രമത്തിലായിരുന്നു അദ്ദേഹം. നികുതി വകുപ്പിൽ ഗസറ്റഡ്‌ റാങ്കിൽ ആദ്യനിയമനം അദ്ദേഹത്തെ തേടിയെത്തി. നിയമപഠനം അടിസ്ഥാനമാക്കിയുള്ള പരീക്ഷക്കും തുടർന്നുള്ള കൂടിക്കാഴ്ചക്കും ശേഷമായിരുന്നു ആ സർക്കാർ നിയമനം.

വകുപ്പിൽ അദ്ദേഹം കഠിനമായി അധ്വാനിച്ചു. തന്റെ നിയമപാഠത്തിന്റെ അടിസ്ഥാനത്തിൽ നന്നായി ജോലി ചെയ്തു. ചെറുപ്പത്തിന്റെയും കമ്പ്യൂട്ടർപരിജ്ഞാനത്തിന്റെയും ആർജവവും വേഗതയും അദ്ദേഹത്തിന്‌ കൂടുതൽ ആത്മവിശ്വാസം നൽകി. വൈകാതെ ജോലിക്കയറ്റം അദ്ദേഹത്തെ തേടിയെത്തി. കൂട്ടത്തിൽ വകുപ്പു സംബന്ധമായ പരിശീലനങ്ങളും ക്ളാസുകളിലും അദ്ദേഹം ശ്രദ്ധപതിപ്പിച്ചു. വ്യാപാരി സമൂഹത്തിലും വകുപ്പിലും മറ്റു പരിശീലന സംരംഭങ്ങളിലും അദ്ദേഹം ക്രിയാത്മകമായ പങ്ക്‌ വഹിച്ചു.

ഇന്ന്‌ അദ്ദേഹം ജില്ലയിൽ അധികാരമുള്ള ഒരു ഔദ്യോഗിക സ്ഥാനത്താണിരിക്കുന്നത്‌. വൈകാതെ മറ്റൊരു ജോലിക്കയറ്റം കൂടി അദ്ദേഹത്തെ കാത്തിരിക്കുന്നു. സ്രഷ്ടാവ്‌ അനുഗ്രഹിക്കട്ടെ,

നിർണായക ഘട്ടങ്ങളിൽ ഒരാളുടെ ഉപദേശം ലഭിക്കുക, അത്‌ സ്വീകരിക്കാനും കഠിനമായി അധ്വാനിക്കാനും സന്മനസ്സുണ്ടാവുക, അതിന്‌ സ്രഷ്ടാവിന്റെ സഹായം ലഭിക്കുക എന്നതൊക്കെ വല്ലാത്തൊരു അനുഗ്രഹമാണ്‌.

നിലവിലുള്ള അനുകൂല സാഹചര്യങ്ങൾ നഷ്ടപ്പെടുമോയെന്ന ചിന്തയാണ്‌ പലർക്കും തിന്മയുടെ സാമീപ്യമുള്ള രംഗത്തുനിന്ന്‌ വിട്ട്‌ നിൽക്കാൻ വിഘാതമായി നിൽക്കുന്നത്‌. എന്നാൽ ഉറച്ച തീരുമാനവും തവക്കുലും (പ്രപഞ്ചനാഥനിൽ ഭരമേൽപിക്കൽ) ഉണ്ടെങ്കിൽ സ്രഷ്ടാവിന്റെ സഹായം ലഭിക്കുമെന്നതാണ്‌ വിശ്വാസിയുടെ ധൈര്യം.

“...വല്ലവനും അല്ലാഹുവിൽ ഭരമേൽപിക്കുന്നപക്ഷം അവന്ന്‌ അല്ലാഹുതന്നെ മതിയാകുന്നതാണ്‌.” (ക്വുർആൻ 65:3).

 

0
0
0
s2sdefault