തന്നിഷ്ടങ്ങളുടെ അടിമകളാകരുത്

ശമീര്‍ മദീനി

2017 ഫെബ്രുവരി 11 1438 ജമാദുൽ അവ്വൽ 19
''ഇനി നിനക്ക് അവര്‍ ഉത്തരം നല്‍കിയില്ലെങ്കില്‍ തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവര്‍ പിന്തുടരുന്നത് എന്ന് നീ അറിഞ്ഞേക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു മാര്‍ഗദര്‍ശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടര്‍ന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച'' (ക്വുര്‍ആന്‍ 28:50)

ലോകരക്ഷിതാവായ അല്ലാഹുവിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ കഴിയുക എന്നത് അതിമഹത്തായ ഭാഗ്യമത്രെ. ഈ പ്രപഞ്ചത്തെയും അതിലെ സര്‍വ ചരാചരങ്ങളെയും പടച്ചു പരിപാലിക്കുന്ന ജഗന്നിയന്താവിന്റെ വിധിവിലക്കുകള്‍ അംഗീകരിച്ചനുസരിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചവനാണ് യഥാര്‍ഥ മുസ്‌ലിം. വാസ്തവത്തില്‍ അനേകായിരം അനുഗ്രഹങ്ങള്‍ ചൊരിഞ്ഞുതന്ന നാഥന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്‍പറ്റാന്‍ ബാധ്യസ്ഥരാണ് ഓരോ മനുഷ്യനും. പ്രപഞ്ചമഖിലവും അവന്റെ കണിശമായ നിയമങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് നീങ്ങുന്നത്.

അല്ലാഹു പറയുന്നു: ''അപ്പോള്‍ അല്ലാഹുവിന്റെ മതമല്ലാത്ത മറ്റു വല്ല മതവുമാണോ അവര്‍ ആഗ്രഹിക്കുന്നത്? (വാസ്തവത്തില്‍) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണയോടെയോ നിര്‍ബന്ധിതമായോ അവന്ന് കീഴ്‌പെട്ടിരിക്കുകയാണ്. അവനിലേക്ക് തന്നെയാണ് അവര്‍ മടക്കപ്പെടുന്നതും.'' (3:83).

മോക്ഷത്തിന്റെയും സമാധാനത്തിന്റെയും ആത്യന്തിക വഴി ആ ദൈവികമാര്‍ഗദര്‍ശനം പിന്‍പറ്റുക എന്നതുമാത്രമാണ്. ആ മാര്‍ഗം അറിയാനോ തേടിപ്പിടിക്കാനോ ശ്രമിക്കാത്തവര്‍ ധാരാളമുണ്ട്. അറിഞ്ഞിട്ടും ബോധ്യപ്പെട്ടിട്ടും അത് വാരിപ്പുണരാന്‍ അറച്ചുനില്‍ക്കുന്നവരും കുറവല്ല. അപ്രകാരം തന്നെ ആ മാര്‍ഗത്തിന്റെ വക്താക്കളായി മാറുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്നവര്‍ പോലും പടച്ചവന്റെ നിയമശാസനകള്‍ക്കുമുമ്പില്‍ പലതരം മുടന്തന്‍ ന്യായങ്ങള്‍ നിരത്തി ആ വെളിച്ചത്തിനു നേരെ സൗകര്യപൂര്‍വം കണ്ണടക്കുന്ന സ്ഥിതിവിശേഷവും വിരളമല്ല. എല്ലാറ്റിന്റെയും അടിസ്ഥാനകാരണം ദേഹേഛയും അതിനെ തുടര്‍ന്നുവരുന്ന ഭൗതിക താത്പര്യങ്ങളും ദുര്‍വാശികളും ദുര്‍ന്യായങ്ങളും തന്നെ.

ആത്യന്തികമായി നമുക്കോരോരുത്തര്‍ക്കും പ്രതിബദ്ധതയുണ്ടാകേണ്ടത് നമ്മെ സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തോടും അവന്‍ അവതരിപ്പിച്ച സത്യത്തോടുമായിരിക്കണം. മറിച്ചുള്ള പ്രതിബദ്ധതകള്‍ ശാരീരികാടിമത്തത്തേക്കാള്‍ ദുസ്സഹമായ മാനസികാടിമത്തത്തിന്റെ നുകം പേറാനേ സഹായിക്കുകയുള്ളൂ. സത്യമാര്‍ഗത്തില്‍ അടിയുറച്ചു മുന്നേറുന്നതിന് പ്രലോഭനങ്ങളോ പ്രകോപനങ്ങളോ തടസ്സമായിക്കൂടാ എന്നര്‍ഥം.

മൂസാ നബി ൗയിലും ഹാറൂന്‍ നബി ൗയിലും വിശ്വാസം പ്രഖ്യാപിച്ച് സത്യമാര്‍ഗത്തില്‍ അടിയുറച്ചുനിന്ന ഫറോവയുടെ ജാലവിദ്യക്കാരെ ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. ആദര്‍ശവീഥിയില്‍ നെഞ്ചുറപ്പോടെ നിന്ന ആ മഹത്തുക്കള്‍ നമുക്ക് മാതൃകയാകേണ്ടതാണ്. അവരെ കുറിച്ച് അല്ലാഹു പറയുന്നു:

''അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് വന്നുകിട്ടിയ പ്രത്യക്ഷമായ തെളിവുകളെക്കാളും, ഞങ്ങളെ സൃഷ്ടിച്ചവനെക്കാളും നിനക്ക് ഞങ്ങള്‍ മുന്‍ഗണന നല്‍കുകയില്ല തന്നെ. അതിനാല്‍ നീ വിധിക്കുന്നതെന്തോ അത് വിധിച്ച് കൊള്ളുക. ഈ ഐഹികജീവിതത്തില്‍ മാത്രമേ നീ വിധിക്കുകയുള്ളൂ. ഞങ്ങള്‍ ചെയ്ത പാപങ്ങളും, നീ ഞങ്ങളെ നിര്‍ബന്ധിച്ച് ചെയ്യിച്ച ജാലവിദ്യയും അവന്‍ ഞങ്ങള്‍ക്ക് പൊറുത്തുതരേണ്ടതിനായി ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു. അല്ലാഹുവാണ് ഏറ്റവും ഉത്തമനും എന്നും നിലനില്‍ക്കുന്നവനും'' (20:72,73).

പടച്ചവന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ തീരുമാനിച്ചുറച്ച് ദൈവികമാര്‍ഗത്തില്‍ ഇറങ്ങിപ്പുറപ്പെട്ടവരെ സഹായിക്കാന്‍ പടച്ചവന്‍ ഉണ്ടാകും എന്ന സന്തോഷവാര്‍ത്ത വിശുദ്ധ ക്വുര്‍ആന്‍ പലയിടങ്ങളിലും എടുത്തുണര്‍ത്തിയിട്ടുള്ളതാണ്.

സന്‍മാര്‍ഗം സ്വീകരിച്ച് സത്യപാതയില്‍ നേരാംവണ്ണം ഉറച്ചുനിന്നാല്‍ ജീവിതത്തില്‍ പ്രതിസന്ധികളില്‍ നിന്നുള്ള മോചനവും വിശാലതയും ഉണ്ടാകുമെന്നതും അല്ലാഹുവിന്റെ വാഗ്ദാനമാണ്.

ഭൗതികലാഭങ്ങളെക്കാള്‍ സത്യത്തോടും നീതിയോടും പ്രതിബദ്ധത പുലര്‍ത്തി ജീവിക്കുന്ന ആദര്‍ശശാലികള്‍ക്ക് വരാനിരിക്കുന്ന ശുഭപര്യവസാനവും പാരത്രികവിജയവും ക്വുര്‍ആന്‍ (41:30).അറിയിക്കുന്നുണ്ട്.

പടച്ചവനോടും അവനവതരിപ്പിച്ച സത്യമതത്തോടും കൂറും പ്രതിബദ്ധതയും പുലര്‍ത്തി ജീവിച്ച് ആത്യന്തിക വിജയം നേടാന്‍ സര്‍വശക്തന്‍ നമ്മെ അനുഗ്രഹിക്കട്ടെ.

0
0
0
s2sdefault