തിരിച്ചറിയുക നാം ഈ അനുഗ്രഹങ്ങളെ

ശബീബ്‌ സ്വലാഹി തിരൂരങ്ങാടി

2017 ഫെബ്രുവരി 04 1438 ജമാദുൽ അവ്വൽ 09

അല്ലാഹു അവന്റെ ഔദാര്യം കൊണ്ട്‌ ഏറ്റവും കൂടുതൽ അനുഗ്രഹിച്ച സമുദായമാണ്‌ മുസ്ലിംകൾ. അത്‌ തിരിച്ചറിയുവാനും അതിന്‌ കൂടുതൽ നന്ദി ചെയ്യുവാനും ശ്രമിക്കേണ്ടവരാണ്‌ നാം; ധർമ പാതയിൽ കർമനിരതരായി മുന്നേറേണ്ടവർ.

അല്ലാഹു പറയുന്നു: “മനുഷ്യവംശത്തിനു വേണ്ടി രംഗത്ത്‌ കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങൾ. നിങ്ങൾ സദാചാരം കൽപിക്കുകയും ദുരാചാരത്തിൽ നിന്ന്‌ വിലക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നു” (3:110).

ഇതര സമുദായങ്ങൾക്കില്ലാത്ത ഉത്തരവാദിത്തമാണ്‌ അല്ലാഹു നമ്മെ ഏൽപിച്ചിട്ടുള്ളത്‌. വേദക്കാരെ സംബന്ധിച്ച്‌ അല്ലാഹു പറയുന്നത്‌ ഇപ്രകാരമാണ്‌: .“കീഴ്‌വണക്കം അല്ലാഹുവിന്‌ മാത്രം ആക്കിക്കൊണ്ട്‌ ഋജുമനസ്കരായ നിലയിൽ അവനെ ആരാധിക്കുവാനും നമസ്കാരം നിലനിർത്തുവാനും സകാത്ത്‌ നൽകുവാനും അല്ലാതെ അവരോട്‌ കൽപിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം” (98:5).

എന്നാൽ ഇതോടൊപ്പം തന്നെ ജനങ്ങൾക്ക്‌ സാക്ഷിയാവുക എന്ന മഹാദൗത്യം അല്ലാഹു മുസ്ലിം സമൂഹത്തെ ഏൽപിച്ചതായി ക്വുർആൻ പറയുന്നത്‌ കാണാം.

“അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങൾ ജനങ്ങൾക്ക്‌ സാക്ഷികളായിരിക്കുവാനും റസൂൽ നിങ്ങൾക്ക്‌ സാക്ഷിയായിരിക്കുവാനും വേണ്ടി“ (2:143).

സാക്ഷിത്വം എന്ന അംഗീകാരം

ഉയിർത്തെഴുനേല്പ്പ്‌ നാളിൽ മുമ്പ്‌ കഴിഞ്ഞുപോയ സമുദായങ്ങളിൽ പെട്ടവർ അവരുടെ പ്രവാചകൻമാരെ കളവാക്കുമ്പോൾ ആ പ്രവാചകൻമാർ അവർക്കുള്ള സാക്ഷികളായി പറയുക മുഹമ്മദ്‌ നബിയെയും അവിടുത്തെ അനുയായികളെയുമാണ്‌. അത്‌ ഈ സമുദായത്തിന്‌ അല്ലാഹു നൽകിയ വലിയ അംഗീകാരം കൂടിയാണ്‌.

അബൂസഈദിൽ ഖുദ്‌രി(റ) പറയുന്നു: ”തിരു നബി(സ്വ) പറഞ്ഞു: “ക്വിയാമത്ത്‌ നാളിൽ നൂഹ്‌ നബി(അ) വിളിക്കപ്പെടും. അപ്പോൾ അദ്ദേഹം പറയും: `എന്റെ രക്ഷിതാവേ, നിനക്കിതാ ഞാൻ ഉത്തരം ചെയ്തിരിക്കുന്നു.` അപ്പോൾ അല്ലാഹു ചോദിക്കും: `നീ എന്റെ ദൂത്‌ എത്തിച്ചില്ലയോ? അദ്ദേഹം പറയും: അതെ. അപ്പോൾ അദ്ദേഹത്തിന്റെ സമുദായത്തിനോട്‌ ചോദിക്കപ്പെടും: നിങ്ങൾക്ക്‌ അദ്ദേഹം ദൂത്‌ എത്തിച്ചു തന്നില്ലയോ? അവർ പറയും: ഞങ്ങളിലേക്ക്‌ ഒരു മുന്നറിയിപ്പ്‌ കാരനും വന്നിരുന്നില്ല. അപ്പോൾ അല്ലാഹു (നൂഹ്‌) നബിയോട്‌ ചോദിക്കും: ആരുണ്ട്‌ നിനക്ക്‌ വേണ്ടി സാക്ഷി പറയുവാൻ? അദ്ദേഹം പറയും: മുഹമ്മദ്‌ നബിയും അവിടുത്തെ സമുദായവും. അപ്പോൾ അദ്ദേഹം ദൂത്‌ എത്തിച്ചു എന്ന്‌ മുഹമ്മദ്‌ നബിയുടെ സമുദായം നൂഹ്‌ നബിക്ക്‌ വേണ്ടി സാക്ഷി പറയും, അവർക്കള്ള സാക്ഷി മുഹമ്മദ്‌ നബി ആയിരിക്കും. അതാണ്‌ അല്ലാഹു സൂചിപ്പിച്ചത്‌: അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങൾ ജനങ്ങൾക്ക്‌ സാക്ഷികളായിരിക്കുവാനും റസൂൽ നിങ്ങൾക്ക്‌ സാക്ഷിയായിരിക്കുവാനും വേണ്ടി. (ബുഖാരി: 4487)

സലമത്ത്‌ ബിൻ അക്വൂഅ​‍്‌ (റ) പറയുന്നു: നബി പറഞ്ഞു: അല്ലാഹുവിന്റെ, ഭൂമിയിലുള്ള സാക്ഷികളാകുന്നു നിങ്ങൾ. അല്ലാഹുവിന്റ ആകാശത്തുള്ള സാക്ഷികളാകുന്നു മലക്കകൾ. (ത്വബ്‌റാനി-സ്വഹീഹുൽ ജാമിഅ​‍്‌: 1490)

ജാബിർ (റ) നിന്ന്‌ നിവേദനം, റസൂൽ പറഞ്ഞു: സമൂഹമേ... ലോകത്തുള്ള ഏതൊരു സമൂഹത്തിലെ വ്യക്തിയും (പരലോകത്ത്‌) നമ്മുടെ സമുദായത്തിലെ അംഗമാവാൻ ആഗ്രഹിക്കാതെയില്ല. ഉയർത്തെഴുനേല്പ്പ്‌ നാളിൽ അതാത്‌ സമൂഹത്തിൽ പെട്ടവർ അവരുടെ പ്രവാചകൻമാരെ കളവാക്കുമ്പോൾ ആ പ്രവാചകൻമാർ അവരുടെ സമൂഹത്തിന്‌ അല്ലാഹുവിന്റെ ദൂത്‌ എത്തിച്ചു എന്നും അവർക്ക്‌ സതുപദേശം നൽകി എന്നും നാം സാക്ഷി നിൽക്കും. (ഫഥുൽ ബാരി 8:118)

ഇത്തരത്തിൽ ധാരാളം അനുഗ്രഹത്തിന്‌ പാത്രമായവരാണ്‌ മുസ്ലിം സമുദായം. അവയിൽ ചിലത്‌ താഴെ സൂചിപ്പിക്കന്നു.

ഏറ്റവും ആദരിക്കപ്പെട്ടവരും കാരുണ്യം ചെയ്യപ്പെട്ടവരും

ലോകത്താകമാനം കടന്നുവന്ന പ്രധാനപ്പെട്ട ജനവിഭാഗങ്ങളിൽ ഏറ്റവും ഉത്തമരും ആദരിക്കപ്പെട്ടവരുമായ സമുദായമാണ്‌ മുഹമ്മദ്‌ നബിയും അവിടുത്തെ സമുദായവും. നമ്മൾ നേരിടുന്ന പരീക്ഷണങ്ങളിലൂടെ നമ്മിലേക്ക്‌ അല്ലാഹു കാരുണ്യമാണ്‌ ചെയ്യുന്നത്‌. അത്‌ നാം തിരിച്ചറിയുകയാണ്‌ വേണ്ടത്‌.

നബി പറയുന്നു: നിങ്ങളിലൂടെ എഴുപത്‌ സമുദായങ്ങൾ പൂർത്തീകരിക്കപ്പെട്ടു. അവരിൽ ഏറ്റവും ഉത്തമരും ആദരിക്കപ്പെട്ടവരുമായ സമുദായമാണ്‌ നിങ്ങളുടെ സമുദായം. (അഹ്മദ്‌, തിർമുദി, ഇബ്നു മാജ, സ്വഹീഹുൽ ജാമിഅ​‍്‌: 2301)

എന്റെ സമുദായത്തിന്റെ ഉപമ മഴയെപോലെയാണ്‌. അതിന്റെ ആദ്യത്തിലാണോ അവസാനത്തിലാണോ ഗുണം എന്ന്‌ അറിയുകയില്ല (സ്വഹീഹുൽ ജാമിഅ​‍്‌:5854)

എന്റെ സമുദായം കാരുണ്യം ചെയ്യപെട്ടവരാകുന്നു. അവർക്ക്‌ പരലോകത്ത്‌ ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്ത്‌ വരുന്ന കുഴപ്പങ്ങളും ഭൂകമ്പങ്ങളും യുദ്ധങ്ങളും മറ്റു പരീക്ഷണങ്ങളുമാകുന്നു. (സ്വഹീഹുൽ ജാമിഅ​‍്‌:1396)

മറ്റു അനുഗ്രഹങ്ങൾ നബി വചനങ്ങളിൽ

പ്രവാചകൻമാരുടെ മരണ ശേഷം അവരുടെ അനുയായികൾ കാലക്രമേണ അവർ പഠിപ്പിച്ച തത്ത്വങ്ങളിൽ നിന്നും മുഴുവനായും വ്യതിചലിച്ച അവസ്ഥയാണ്‌ മുൻ സമുദായങ്ങുളുടെ ചരിത്രത്തിൽ നിന്നും കാണാൻ സാധിക്കുക. എന്നാൽ ഈ സമുദായത്തിന്റെ പ്രത്യേകതയായി നബി പറയുന്നത്‌ കാണുക:

വഴികേടിൽ ഒരുമിച്ച്‌ കൂടുന്നതിനെ തൊട്ട്‌ എന്റെ സമുദായത്തെ അല്ലാഹു സംരക്ഷിച്ചിരിക്കുന്നു (സ്വഹീഹുൽ ജാമിഅ​‍്‌: 1786)

തീർച്ചയായും അല്ലാഹു ഈ സാമൂഹത്തിന്‌ വേണ്ടി ഓരോ നൂറ്റാണ്ടിന്റെ തുടക്കത്തിലും ഒരു മത പരിഷ്കർത്താവിനെ നിയോഗിക്കുന്നതായിരിക്കും. (സ്വഹീഹുൽ ജാമിഅ​‍്‌:1874)

നമ്മുടെ അണികളെ മലക്കുകളുടെ അണികൾ പോലുള്ള അണികളാക്കി. നമുക്ക്‌ വേണ്ടി ഭൂമി മുഴുവനും ആരാധനക്കുള്ള കേന്ദ്രം (മസ്ജിദ്‌) ആക്കി. വെള്ളത്തിന്റെ ലഭ്യതക്കുറവിൽ അതിലെ മണ്ണ്‌ ശുദ്ധീകരണത്തിനള്ള വസ്തുവാക്കിമാറ്റി. അല്ലാഹുവിന്റെ സിംഹാസനത്തിനടിയിലുള്ള നിധിയിൽ നിന്നും സൂറത്തുൽ ബക്വറയിലെ അവസാന രണ്ട്‌ വചനങ്ങൾ എനിക്ക്‌ നൽകപ്പെട്ടു. അവ എന്റെ മുമ്പ്‌ ഒരു നബിക്കും നൽകപ്പെട്ടിട്ടില്ല. (മുസ്ലിം)

നിങ്ങൾക്ക്‌ മുമ്പ്‌ ഒരാൾക്കും യുദ്ധാർജിത സ്വത്ത്‌ അനുവതനീയമായിരുന്നില്ല, അത്‌ അവർ ഒരുമിച്ച്‌ കൂട്ടും. ആ സമയം ആകാശത്ത്‌ നിന്നും തീ ഇറങ്ങിവന്ന്‌ അത്‌ ഭക്ഷിക്കകയും ചെയ്യുമായിരുന്നു. (സ്വഹീഹുൽ ജാമിഅ​‍്‌: 5196)

കൂടുതൽ പ്രതിഫലം നൽകപ്പെടുന്ന സമൂഹം

ഇമാം ബുഖാരി ഉദ്ധരിച്ച ഒരു നബി വചനത്തിന്റെ ആശയം കാണക: മുസ്ലിം ജൂത ക്രൈസ്തവ സമൂഹങ്ങളുടെ ഉപമ തനിക്കു വേണ്ടി പകൽ മുഴുവൻ കൂലിവേല ചെയ്യാൻ ഒരു കൂട്ടം ആളുകളെ വിളിച്ചവനെ പോലെയാണ്‌. ജോലിക്കർ ഉച്ച വരെ ജോലി ചെയ്യുകയും നിങ്ങളുടെ ജോലിയും കൂലിയും ഞങ്ങൾക്ക്‌ വേണ്ട എന്ന്‌ പറഞ്ഞ്‌ ജോലി ഉപെക്ഷികയും ചെയ്തു. അദ്ദേഹം അവരോട്‌ ജോലിപൂർത്തിയാക്കുവാനും കൂലി കൈപറ്റാനും ആവശ്യപെട്ടു. അവർ അത്‌ വിസമ്മതിച്ചു. അപ്പോൾ മറ്റൊരു വിഭാഗത്തെ ജോലി പൂർത്തീകരിക്കാനായി അദ്ദേഹം വിളിച്ചു. അവർ അസർ നമസ്കാര സമയം വരെ ജോലി ചെയ്യുകയും മുമ്പുള്ളവർ പറഞ്ഞത്‌ പോലെ ആവർത്തിക്കുകയും ചെയ്തു. അദ്ദേഹം ആദ്യത്തെ ആളുകളോട്‌ പറഞ്ഞ മറുപടി തന്നെ ആവർത്തിച്ചു. അവർ വിസമ്മതിച്ചു. അപ്പോൾ മറ്റൊരു കൂട്ടരെ ജോലിക്ക്‌ വിളിച്ചു. അവർ അസർ മുതൽ രാത്രി വരെയുള്ള കുറഞ്ഞ സമയം ജോലി ചെയ്തു. എന്നിട്ട്‌ പകൽ മുഴുവൻ ജോലിചെയ്ത കൂലിയും കൈപറ്റി. ഇതാകുന്നു മറ്റുള്ളവരുടെയും, ഈ പ്രകാശം സ്വീകരിച്ചവരുടേയും ഉപമ.

ഇതിൽ ഒന്നാമത്തെ കൂട്ടർ ജൂതൻമാരും രണ്ടാമത്തെ കൂട്ടർ ക്രൈസ്തവരും ആണെന്ന്‌ മറ്റൊരു റിപ്പോർട്ടിൽ കാണാം.

പരലോകത്ത്‌ ലഭിക്കുന്ന അനുഗ്രഹങ്ങൾ

വുദ്വൂഇന്റെ അവയവങ്ങൾ പ്രകാശിക്കുന്നവരായികൊണ്ടാണ്‌ എന്റെ സമൂഹം കൊണ്ടുവരപ്പെടുക എന്ന്‌ നബി (സ) പറഞ്ഞു. (മുത്തഫക്വുൻ അലൈഹി)

മറ്റൊരിക്കൽ നബി പറഞ്ഞു: നമ്മൾ അന്തിമ സമുദായവും ആദ്യം വിചാരണ ചെയ്യപെടുന്നവരുമാകുന്നു. നിരക്ഷരനായ പ്രവാചകന്റെ സമുദായം എവിടെ എന്ന്‌ ചോദിക്കപ്പെടും. നാം അന്തിമ സമൂഹം, ആദ്യമായി സ്വർഗ പ്രവേശനം നൽകപ്പെടുന്ന സമൂഹം. (ഇബ്നു മാജ, സ്വഹീഹുൽ ജാമിഅ​‍്‌: 6749)

ഈ സമുദായത്തിൽ പെട്ടവരായിരിക്കും സ്വർഗത്തിൽ കൂടുതലായി ഉണ്ടാവുക

നബി പറഞ്ഞു: പൗർണമിയിലെ ചന്ദ്രനെപോലെ മുഖം പ്രകാശിക്കുന്നവരായും, ഒരാളുടെ ഹൃദയത്തെ പോലുള്ള ഹൃദയത്തിന്റെ ഉടമകളായും, വിചാരണചെയ്യപ്പെടാത്തവരായും എന്റെ സമൂഹത്തിൽ നിന്നും സ്വർഗത്തിൽ പ്രവേശിക്കുന്ന എഴുപതിനായിരം ആളുകളെ എനിക്ക്‌ നൽകപ്പെട്ടു. അപ്പോൾ എന്റെ റബ്ബിനോട്‌ ഞാൻ കൂടുതൽ ആവശ്യപ്പെട്ടു. അപ്പോൾ എന്റെ റബ്ബ്‌ ഓരോ ആളുകളുടെയും കൂടെ എഴുപതിനായിരം വർധിപ്പിച്ചു തന്നു. (അഹ്മദ്‌, സ്വഹീഹുൽ ജാമിഅ​‍്‌: 1057)

നബി പറഞ്ഞു: തീർച്ചയായും സ്വർഗവാസികൾ 120 അണികളിലായി(അണിനിര)ക്കും. അവരിൽ 80 അണികൾ എന്റെ സമുദായവും അവശേഷിക്കുന്ന 40 അണികൾ ഇതര സമൂഹങ്ങളുമായിരിക്കും.(അഹ്മദ്‌, തിർമുദി, സ്വഹീഹുൽ ജാമിഅ​‍്‌ 2526)

ഇത്തരത്തിൽ എണ്ണിതിട്ടപ്പെടുത്താൻ കഴിയാത്ത അനുഗ്രഹങ്ങളാണ്‌ അല്ലാഹു നമുക്ക്‌ ചെയ്തുതന്നിട്ടുള്ളത്‌. അത്‌ തിരിച്ചറിഞ്ഞ്‌ നന്ദിയുള്ള അടിമകളായി നാം മാറുക. അതാണ്‌ അല്ലാഹു നമ്മോട്‌ ആവശ്യപ്പെടുന്നത്‌.

“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക.നിങ്ങൾ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്‌.”(3:102)

0
0
0
s2sdefault