തെരഞ്ഞെടുപ്പ്: നിലപാട് സുചിന്തിതമാകണം

പി.എന്‍ അബ്ദുറഹ്മാന്‍ 

2017 മാര്‍ച്ച് 25 1438 ജമാദുല്‍ ആഖിര്‍ 26
മതേതര ജനാധിപത്യ ഇന്ത്യയില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗഭാക്കാവാതെ മാറി നില്‍ക്കുകയാണോ വേണ്ടത്? രാഷ്ട പുനഃനിര്‍മാണ പ്രക്രിയയില്‍ തങ്ങളുടെതായ പങ്ക് വഹിക്കല്‍ മുസ്‌ലിംകള്‍ക്ക്  ബാധ്യതയേല്ല? വസ്തുതാപരമായ ഒരന്വേഷണം.

മുസ്‌ലിംകളും ഇതരമത വിശ്വാസികളും പരസ്പര ധാരണയോടെ സമാധാനപൂര്‍വം ജീവിക്കുന്ന രാഷ്ട്രമാണ് ഇന്ത്യ. ഇസ്‌ലാമിക നിയമമനുസരിച്ച് 'ദാറു മുആഹദ' അഥവാ മുസ്‌ലിംകളും ഇതര മതസ്ഥരും ഉടമ്പടിപ്രകാരം കഴിയുന്ന രാഷ്ട്രം. ഇവിടെ കലാപമുണ്ടാക്കാനോ, കരാറുകള്‍ ലംഘിച്ചുകൊണ്ട് രാജ്യത്തിന് എതിരെ പ്രവര്‍ത്തിക്കാനോ ഒരു മുസ്‌ലിമിന് അനുവാദമില്ല. ഒരു മുസ്‌ലിം കരാറുകള്‍ പാലിക്കുന്നവനാണ്. ഇമാം മുസ്‌ലിം ഉദ്ധരിച്ച ഹദീഥില്‍ ഇപ്രകാരം കാണാം:  

ഹുദൈഫതു ബ്‌നുല്‍ യമാന്‍(റ) പറഞ്ഞു: ''ഞാന്‍ ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുക്കാതിരിക്കാന്‍ ഈ ഒരേയൊരു കാരണമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഞാനും അബൂഹുസൈലും മദീനയിലേക്ക് പുറപ്പെട്ടു. അപ്പോള്‍ വഴിയില്‍ വെച്ച് ബഹുദൈവാരാധകരായ ക്വുറൈശികള്‍ ഞങ്ങളെ പിടികൂടി. അവര്‍ പറഞ്ഞു: 'നിങ്ങള്‍ മുഹമ്മദിനെ ഉദ്ദേശിച്ച് കൊണ്ട് തന്നെയാണ് പോകുന്നത്.' അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു: 'അദ്ദേഹത്തിന്റെ അടുക്കലേക്ക് പോകാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ഞങ്ങള്‍ പോകുന്നത് മദീനയിലേക്കാണ്.' അങ്ങനെ ഞങ്ങള്‍ മദീനയിലേക്ക് പോകുക മാത്രമാണ് ചെയ്യുക, അദ്ദേഹത്തിന്റെ ഒപ്പം നിന്ന് യുദ്ധം ചെയ്യില്ല എന്ന് അല്ലാഹുവിന്റെ പേരില്‍ അവര്‍ ഞങ്ങളോട് സത്യം ചെയ്യിച്ചു. അങ്ങനെ ഞങ്ങള്‍ നബി(സ്വ)യുടെ അരികില്‍ ചെന്ന് വിഷയം പറഞ്ഞു. അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ രണ്ട് പേരും പിരിഞ്ഞ് പോകുക. അവരോടു ചെയ്ത കരാര്‍ നാം പാലിക്കുന്നു. അവരുടെ മേല്‍ നാം അല്ലാഹുവിന്റെ സഹായം ആവശ്യപ്പെടുകയും ചെയ്യുന്നു''–(സ്വഹീഹ് മുസ്‌ലിം: 4740). 

തന്റെ വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നവരെ വഴിയില്‍ തടഞ്ഞുവച്ച് ഏകപക്ഷീയമായി ശത്രുക്കള്‍ ഉണ്ടാക്കിയ കരാര്‍ പോലും പാലിക്കണം എന്ന് പഠിപ്പിച്ച മഹാനാണ് മുഹമ്മദ് നബി(സ്വ) എന്ന് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു. 

അതുകൊണ്ടുതന്നെ ഒരു രാജ്യത്ത് നില്‍ക്കുമ്പോള്‍ ആ രാജ്യത്തിനെതിരെ രഹസ്യമായി നീക്കങ്ങള്‍ നടത്തുക, കലാപങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയ കാര്യങ്ങള്‍ വഞ്ചനയാണ്. ശത്രുപക്ഷത്ത് നിന്ന് ദൂതനായി വന്ന അബൂറാഫിഅ്(റ) നബി(സ്വ)യോട് സംസാരിച്ച ശേഷം 'ഞാന്‍ ഇസ്‌ലാം സ്വീകരിക്കുന്നു. ഞാന്‍ മക്കയിലേക്ക് തിരികെ പോകുന്നില്ല' എന്ന് പറഞ്ഞ സാഹചര്യത്തില്‍ 'ഞാന്‍ കരാറുകളെ വഞ്ചിക്കുന്നവനല്ല. നീ മുസ്‌ലിമായിട്ടുണ്ട് എന്നത് ഹൃദയത്തില്‍ ഉണ്ട് എങ്കില്‍ നീ മടങ്ങുക' എന്നാണ് നബി (സ്വ) അദ്ദേഹത്തോട് പറഞ്ഞത്!

മാത്രമല്ല ഇസ്‌ലാമിന്റെ ശത്രുരാഷ്ട്രങ്ങളില്‍ പോലും അവരുടെ അനുമതിയോടെയും വിശ്വാസ്യതയോടെയും പ്രവേശിച്ച ഒരാള്‍ക്ക് അവിടെ അവര്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളോ അക്രമങ്ങളോ നടത്താന്‍ പാടില്ല എന്ന് ഇമാമുമുകള്‍ ഹദീഥുകളുടെ വെളിച്ചത്തില്‍ കൃത്യമായി എഴുതിയിട്ടുണ്ട്. ഇമാം ഇബ്‌നു ഖുദാമ തന്റെ അല്‍മുഗ്‌നി എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ''ശത്രുവിന്റെ രാജ്യത്തേക്ക് അവരില്‍ നിന്നും നിര്‍ഭയത്വം വാങ്ങി വിശ്വാസ്യതയോടെ പ്രവേശിച്ചവന് അവരെ വഞ്ചിക്കാനോ, അവരുടെ ധനം അപഹരിക്കാനോ പാടില്ല. അവരെ വഞ്ചിക്കുക എന്നത് നിഷിദ്ധമാണ്. കാരണം അവന് നിര്‍ഭയത്വത്തോടെ അവിടെ പ്രവേശിക്കാന്‍ അവര്‍ അനുമതി നല്‍കിയത് അവന്‍ അവരെ വഞ്ചിക്കില്ല, അവരെ ആക്രമിക്കില്ല എന്ന വിശ്വാസത്തില്‍ മാത്രമാണ്''–(അല്‍മുഗ്‌നി: ഭാഗം 10. പേജ് 507). ഇതാണ് ശത്രുക്കളോട് പോലും ഇസ്‌ലാം കാണിക്കുന്ന മര്യാദ. 

അപ്പോള്‍ മുസ്‌ലിംകളുമായി പരസ്പര ധാരണയില്‍ സമാധാനപൂര്‍വം ജീവിക്കുന്നവരെ സംബന്ധിച്ച് പറയേണ്ടതുണ്ടോ! ഈ രാജ്യത്ത് ജീവിക്കുന്നവര്‍ പരസ്പരം ആക്രമിക്കരുത് എന്നത് ഇവിടെ നിലനില്‍ക്കുന്ന കരാറാണ്. ആ കരാര്‍ പാലിക്കാന്‍ തയ്യാറല്ലാത്ത ആള്‍ക്ക് തന്റെ പൗരത്വം അടിയറവ് വെച്ച് ഈ രാജ്യത്ത് നിന്ന് പുറത്ത് പോകുകയും ചെയ്യാം. എന്നാല്‍ കരാര്‍ ലംഘിച്ച് കൊണ്ട് ഒരു ഇതര മതവിശ്വാസിയുടെ ജീവന്‍ അവന്‍ എടുത്താല്‍ അവന് സ്വര്‍ഗത്തിന്റെ പരിമളം പോലും ലഭിക്കുകയില്ല. 

അബ്ദുല്ലാഹ് ബ്ന്‍ അംറുബ്‌നുല്‍ ആസ്വ് നിവേദനം: നബി(സ്വ) പറഞ്ഞു: ''ആരെങ്കിലും മുസ്‌ലിംകളുമായി പരസ്പര ധാരണയോടെ ഉടമ്പടിക്കരാറില്‍ ജീവിക്കുന്ന ഒരാളെ വധിച്ചാല്‍ അവന് സ്വര്‍ഗത്തിന്റെ പരിമളം പോലും ലഭിക്കുകയില്ല. അവനില്‍ നിന്നും നാല്‍പത് വര്‍ഷത്തെ വഴിദൂരം അകലെയായിരിക്കും അതിന്റെ പരിമളം പോലുമുള്ളത്'' (സ്വഹീഹുല്‍ ബുഖാരി: 3166).

ഇവിടുത്തെ ഭരണകൂടത്തോട് വിയോജിപ്പുണ്ടാകുന്ന ഘട്ടങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ചും പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചും പ്രതികരിക്കുക എന്നുള്ളതും ഇസ്‌ലാം അനുവദിക്കുന്നില്ല. മറിച്ച് തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മാന്യമായ രീതിയിലും ഈ രാജ്യത്തെ നിയമം അനുവദിച്ചു തരുന്ന പരിധിക്കുള്ളില്‍ നിന്നുകൊണ്ടും ഒരു മുസ്‌ലിമിന് പ്രതികരിക്കാം. ആ പ്രതികരണങ്ങളും യോജിപ്പുകളും വിയോജിപ്പുകളും പരസ്യമായും രഹസ്യമായും നടത്താം. അഥവാ പ്രതികരണ തലങ്ങളില്‍ 'നിങ്ങള്‍ ക്ഷമിക്കുകയും നിങ്ങള്‍ക്കുള്ളത് അല്ലാഹുവിനോട് ചോദിക്കുകയും ചെയ്യുക' എന്നത് മുസ്‌ലിം ഭരണകൂടം നിലനില്‍ക്കുന്ന രാഷ്ട്രങ്ങള്‍ക്ക് ബാധകമായ ഒന്നാണ്. എന്നാല്‍ ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ നിയമവിധേയമായി പരസ്യമായി ഒരു വിശ്വാസിക്ക് പ്രതികരിക്കാവുന്നതാണ്.   

ഇസ്‌ലാമില്‍ ഏറ്റവും സുപ്രധാനം ഏകദൈവാരാധനയാണ് എന്നതുകൊണ്ടുതന്നെ ഇതര മതസ്ഥരോട് വിശ്വാസപരമായും ആചാരപരമായും എന്തിനധികം വസ്ത്രധാരണത്തില്‍ പോലും വ്യതിരിക്തത പുലര്‍ത്തുമ്പോഴും അവരുമായുള്ള മാനുഷികമായ ബന്ധങ്ങളും ഇടപാടുകളും നിലനിര്‍ത്താന്‍ ഇസ്‌ലാം അനുവദിക്കുകയും അവരോട് നീതി പുലര്‍ത്താനും അവര്‍ക്ക് പുണ്യം ചെയ്യാനും പഠിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: 

''മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു'' (വി.ക്വുര്‍ആന്‍ 60:8).  

നബി(സ്വ) ജൂതമത വിശ്വാസിയായ ഒരു പയ്യന്‍ രോഗാതുരനായപ്പോള്‍ സന്ദര്‍ശിച്ചതും രോഗശമനത്തിന് പ്രാര്‍ഥിച്ചതും പ്രസിദ്ധമാണ്. നബി(സ്വ)യുടെ നല്ല സമീപനത്തിലൂടെ അയാള്‍ ഇസ്‌ലാമിനെ കണ്ടെത്തുകയും ചെയ്തു. അല്ലാഹുവിന്റെ പ്രവാചകന്‍(സ്വ) മരണപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ പടയങ്കി ഒരു ജൂതന്റെ കൈവശം പണയത്തിലായിരുന്നു. ബഹുദൈവാരാധകരുടെ ഉപദ്രവം സഹിക്കവയ്യാതെ നബി(സ്വ) സ്വന്തം നാടായ മക്കയില്‍ നിന്നും മദീനയിലേക്ക് പലായനം ചെയ്ത ചെയ്ത സന്ദര്‍ഭത്തില്‍ പോലും അദ്ദേഹം വഴികാട്ടിയായി ഒരു അമുസ്‌ലിമിനെ സ്വീകരിച്ചിരുന്നു. മുഹമ്മദ് നബി(സ്വ)യെ വധിക്കുന്നവര്‍ക്ക് 100 ഒട്ടകം ലഭിക്കുമെന്ന് ഇനാം പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിലാണ് ഇത് എന്നോര്‍ക്കണം. എന്നാല്‍ ഇതര മതസ്ഥരുടെ വിശ്വാസങ്ങളോടോ അവരുടെ അനുഷ്ഠാനങ്ങളോടോ അവരുടേതായ പ്രത്യേക മതചിഹ്നങ്ങളോടോ ഒരു വിശ്വാസിക്ക് യോജിക്കാന്‍ സാധിക്കുകയില്ല. കാരണം അതവന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. എന്റെ വീട്ടിലേക്ക് മാംസാഹാരം കഴിക്കാത്ത ഒരു വ്യക്തിയെ ക്ഷണിച്ച് അയാള്‍ക്ക് മാംസം കൊണ്ട് ബിരിയാണി ഉണ്ടാക്കിക്കൊടുത്ത്, എനിക്കേറ്റവും ഇഷ്ടമുള്ള ഭക്ഷണം ഞാന്‍ നിങ്ങള്‍ക്ക് ഉണ്ടാക്കിത്തന്നിട്ടും നിങ്ങളെന്തേ ഭക്ഷിക്കാത്തത് എന്ന് പറയുന്നതില്‍ അര്‍ഥമില്ലല്ലോ. അയാളുടെ വിശ്വാസങ്ങളും ആചാരങ്ങളും ഒരുപക്ഷേ, അയാളെ അതിന് അനുവദിക്കുന്നില്ലായിരിക്കാം. എന്നതുപോലെ തന്റെ വിശ്വാസത്തിന് കോട്ടം തട്ടുന്ന ഒരു കാര്യം ഒരു മുസ്‌ലിമിന് ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ട് അവന്‍ നിലവിളക്ക് കൊളുത്തിയില്ല എന്ന് വരാം. അവന്‍ പ്രസാദം കഴിച്ചില്ല എന്ന് വരാം. കാരണം ബഹുദൈവാരാധനയുമായി ബന്ധപ്പെടുന്ന ഒന്നും അവന്റെ വിശ്വാസം അവനെ അനുവദിക്കുന്നില്ല. 

തന്റെ വിശ്വാസ ആദര്‍ശങ്ങള്‍ക്ക് കോട്ടം തട്ടാത്ത വിധം ഭൗതിക കാര്യങ്ങളില്‍ ഇതര മതസ്ഥരുമായി സഹകരിക്കുന്നതിനോ, അവര്‍ക്ക് പുണ്യം ചെയ്യുന്നതിനോ, അവരോടു സഹിഷ്ണുതയോടെയും അനുകമ്പയോടെയും പെരുമാറുന്നതിനോ ഇസ്‌ലാം വിലക്കുന്നില്ല. മറിച്ച് അതാണ് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്. 

മുഹമ്മദ് നബി(സ്വ) ഇതര മതസ്ഥരുമായുള്ള കച്ചവടം വിലക്കിയിട്ടില്ല. ഇതര മതസ്ഥര്‍ അയല്‍പക്കങ്ങളില്‍ ഉണ്ടാകാന്‍ പാടില്ല എന്ന് പഠിപ്പിച്ചില്ല. മറിച്ച് നിങ്ങളുടെ അയല്‍പക്കക്കാരന്‍ ആരാവട്ടെ അവന്‍ പട്ടിണി കിടക്കെ നിങ്ങള്‍ വയറ് നിറച്ച് ഉണ്ണുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല എന്നാണ് അദ്ദേഹം പഠിപ്പിച്ചത്. അദ്ദേഹം പറഞ്ഞു: 

 ''തന്റെ അയല്‍ക്കാരന്‍ വിശന്നിരിക്കുന്നത് തനിക്ക് അറിയാമായിരിക്കെ വയറ് നിറച്ച് ഉണ്ണുന്നവന്‍ വിശ്വാസിയല്ല'' (അല്‍ബാനി സ്വഹീഹില്‍ ഉദ്ധരിച്ചത്).

ഇസ്‌ലാംവിരുദ്ധ ശക്തികളെ നോക്കിക്കൊണ്ടല്ല ഇസ്‌ലാമിനെ മനസ്സിലാക്കേണ്ടത്; മറിച്ച് ഇസ്‌ലാമിന്റെ പ്രമാണങ്ങളില്‍ നിന്നാണ്.  

ജനാധിപത്യ വ്യവസ്ഥിതി നിലനില്‍ക്കുന്ന നാടുകളില്‍  വോട്ട് ചെയ്യല്‍, തിരഞ്ഞെടുപ്പില്‍ മത്സരിക്കല്‍; ഇസ്‌ലാമിന്റെ നിലപാട്:

ജനാധിപത്യ സംവിധാനം നിലവിലുള്ളതായ രാഷ്ട്രങ്ങളില്‍ നാടിന്റെ നന്മയും സത്യസന്ധതയും നീതിയും കാത്തുസൂക്ഷിക്കുന്നതിനും മുസ്‌ലിംകളുടെ മതപരവും ഭൗതികപരവുമായ അവകാശങ്ങളെ സംരക്ഷിക്കുന്നതിനും അതില്‍ ഭാഗഭാക്കാകണം എന്നതാണ് സലഫികളുടെ നിലപാട്. മേല്‍പറഞ്ഞ രൂപത്തില്‍ ആണെങ്കില്‍ പോലും അത് ശിര്‍ക്കും കുഫ്‌റുമാണ് എന്നാണ് മൗദൂദി പഠിപ്പിച്ചത്. എന്നാല്‍ കേരളത്തിലാകട്ടെ, വിദേശത്താകട്ടെ സലഫീ പണ്ഡിതന്മാര്‍ പഠിപ്പിച്ചത് അതില്‍ ഭാഗഭാക്കായി തങ്ങളാലാവുംവിധം നന്മക്ക് വേണ്ടി പ്രയത്‌നിക്കണം എന്നാണ്. 

പ്രമുഖ സലഫീ പണ്ഡിതന്മാരില്‍ ഒരാളായ ശൈഖ് ഇബ്‌നു ഉസൈമീന്‍(റഹി) പറയുന്നു: ''തിരഞ്ഞെടുപ്പില്‍ ഭാഗഭാക്കാകല്‍ നിര്‍ബന്ധമാണ് എന്നതാണ് എന്റെ കാഴ്ചപ്പാട്. നന്മയുണ്ട് എന്ന് നമുക്ക് തോന്നുന്ന ആളുകളെ നാം തിരഞ്ഞെടുക്കേണ്ടതുണ്ട്. കാരണം നന്മയുള്ളവര്‍ അതില്‍ നിന്നും വിട്ടുനിന്നാല്‍ പിന്നെ ആരായിരിക്കും അവരുടെ സ്ഥാനത്ത് കടന്നുവരുന്നത്?! സ്വാഭാവികമായും അത് ശര്‍റിന്റെ (തിന്മയുടെ) ആളുകളായിരിക്കും. അതല്ലെങ്കില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ലാത്ത, ഗുണമോ ദോഷമോ ഒന്നുമില്ലാത്ത, ശബ്ദമുയര്‍ത്തുന്ന ആരുടെ പിന്നിലും അണിനിരക്കുന്ന രൂപത്തിലുള്ള ആളുകളായിരിക്കും. അതുകൊണ്ടുതന്നെ നിര്‍ബന്ധമായും നന്മയുണ്ടെന്ന് തോന്നുന്ന ആളെ നാം തിരഞ്ഞെടുക്കണം.'' (https://youtube/u7hgfceIjb4).

പ്രമുഖ സലഫീ പണ്ഡിതനും സൗദി അറേബ്യയിലെ ഗ്രാന്‍ഡ് മുഫ്തിയുമായ ശൈഖ് അബ്ദുല്‍അസീസ് ആലു ശൈഖ് പറയുന്നു: ''അഹ്‌ലുസ്സുന്ന വല്‍ ജമാഅ നന്മയുടെ വക്താക്കളും നല്ല രൂപത്തില്‍ ചിന്തിക്കുന്നവരും സദുദ്ദേശ്യമുള്ളവരുമാണ്. അവര്‍ അവരുടെ വീടുകളില്‍ ചടഞ്ഞിരിക്കുകയും കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് അവര്‍ക്കിഷ്ടമുള്ള രൂപത്തില്‍ കളിക്കുവാന്‍ വിട്ടുകൊടുക്കുകയും ചെയ്താല്‍ എന്തായിരിക്കും അവസ്ഥ? തനിക്ക് എല്ലാ കാര്യങ്ങളും നേടിയെടുക്കാന്‍ കഴിയുമെന്ന ധാരണയോടെയല്ല ഒരാള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത്. തന്നാലാവുന്നത്ര നന്മക്ക് വേണ്ടി പ്രയത്‌നിക്കാം എന്ന നിലക്കാണ് അവന്‍ പങ്കെടുക്കുന്നത്. ഒരു വാക്കുകൊണ്ടെങ്കിലും ഇസ്‌ലാമിനെ ഒരാള്‍ സഹായിക്കുകയാണെങ്കില്‍ അവന് അല്ലാഹു കരുണ ചെയ്യട്ടെ. സത്യസന്ധനായ ഒരു മുസ്‌ലിം; ആ സത്യസന്ധനായ ഒരാള്‍ മതി കള്ളന്മാരായ ആയിരക്കണക്കിന് പേര്‍ക്ക് മുന്നില്‍ സധൈര്യം നില്‍ക്കാന്‍. വിഷയം സത്യസന്ധമായ ഉദ്ദേശ്യമുണ്ടോ എന്നതാണ്. തിരഞ്ഞെടുപ്പില്‍ ഒരാള്‍ പങ്കെടുക്കുന്നത് നന്മ ഉദ്ദേശിച്ചുകൊണ്ടാണ് എങ്കില്‍; കാര്യങ്ങള്‍ നല്ല ഗതിയിലാക്കണം എന്ന ഉദ്ദേശ്യത്തോടെയല്ലാതെ അവന്‍ അതില്‍ ഭാഗഭാക്കായിട്ടില്ല എന്നത് അല്ലാഹുവിനറിയാം. തന്നാലാവുന്ന രൂപത്തില്‍ കാര്യങ്ങള്‍ ശരിയാക്കുകയും നന്മ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവന് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകും... അല്ലാതെ നമ്മള്‍ മുഖംതിരിച്ചുനിന്ന്, മതി, ഇനിയൊന്നും വേണ്ട, അവരവിടെയുള്ളതിനാല്‍ നാമൊന്നും ചെയ്യുന്നില്ല എന്ന് പറയുകയല്ല വേണ്ടത്.... നമ്മള്‍ പങ്കെടുക്കുകയും നമ്മളാലാവുന്ന നന്മ ചെയ്യുകയും വക്രതകളില്ലാത്ത ഒരു തിരഞ്ഞെടുപ്പ് നടക്കാന്‍ നമ്മളാലാവുന്ന എല്ലാ പരിശ്രമങ്ങളും ചെയ്യുകയുമാണ് വേണ്ടത്... നല്ല ചിന്തയും നല്ല ഉദ്ദേശ്യവുമുള്ള നല്ല വ്യക്തിത്വങ്ങള്‍ക്ക് അവിടെ സ്ഥാനമുണ്ടാകണം. അവരല്ലാത്ത ചീത്ത ആളുകള്‍ ആ സ്ഥാനങ്ങളില്‍ കടന്നുകൂടാതിരിക്കാനാണത്. നല്ല ആളുകള്‍ പിന്നോട്ടടിക്കുകയും മറ്റുള്ളവര്‍ക്ക് അവസരം തുറന്നിടുകയും ചെയ്താല്‍ പിന്നെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അവര്‍ക്ക് സാധിക്കില്ല. അവര്‍ ആര്‍ക്കും വേണ്ടാത്തവരാകും. ഒരു ശബ്ദവും അവര്‍ക്ക് പിന്നീട് ഉണ്ടാവുകയില്ല'' (https://www.youtube.com/watch?v=tisT1_E 1fEU ). 

ജമാഅത്തെ ഇസ്‌ലാമിക്ക് മറുപടിയായി ഇതേ കാര്യം സൂചിപ്പിച്ചുകൊണ്ട് കെ.എം മൗലവി റഹിമഹുല്ല പറയുന്നു: ''മുസ്‌ലിംകളില്‍ പ്രാപ്തിയും നീതി നിഷ്ഠയുമുള്ളവരെല്ലാം മാറി നില്‍ക്കുന്ന പക്ഷം, നാട്ടില്‍ പൊതുവെ അനീതിയും അക്രമപരമായ നിയമങ്ങള്‍ മൂലം മുസ്‌ലിംകള്‍ക്ക് തന്നെ കൂടുതല്‍ ദ്രോഹങ്ങളും അനുഭവിക്കേണ്ടതായി വരുന്നതാണ്'' (അല്‍മനാര്‍, 1963, പുസ്തകം: 04,  ജമാഅത്തെ ഇസ്‌ലാമിയും ഇബാദത്തും)

0
0
0
s2sdefault