തീന്‍മേശയിലെ സ്വഭാവ വിഭവങ്ങള്‍

അശ്‌റഫ് എകരൂല്‍

2017 ആഗസ്ത് 05 1438 ദുല്‍ക്വഅദ് 12

ഇസ്‌ലാമിക് പാരന്റിംഗ്: 27

മാതാപിതാക്കളുടെ ആശയും ആശങ്കയും നിറഞ്ഞാടുന്ന രംഗമാണ് മക്കളുടെ ആഹാര ശീലങ്ങളും അവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും. മക്കള്‍ക്ക് കഴിക്കാന്‍ കൊടുക്കാന്‍ എന്തുണ്ട് എന്ന ആശങ്കയുടെ ദാരിദ്ര്യ കാലങ്ങള്‍ അസ്തമിച്ചു. കഴിക്കാനുള്ള വൈവിധ്യമാര്‍ന്ന പുത്തന്‍ വിഭവങ്ങളെക്കുറിച്ചുള്ള ചിന്തയാണ് ഇന്നുള്ളത്. തീന്‍മേശകളില്‍ വൈവിധ്യങ്ങള്‍ നിറച്ചു മക്കളെ ആകര്‍ഷിക്കാന്‍ ജീവിത പരിചയങ്ങള്‍ക്കപ്പുറത്തേക്ക് ടെലിവിഷന്‍ ഷോകളിലും യൂട്യൂബ് ചാനലുകളിലും പാചക കൈപുസ്തകങ്ങളിലും ഗവേഷണത്തിലായി ഒഴിവുസമയങ്ങളെ കഴിച്ചുകൂട്ടുന്ന കുടുംബിനികള്‍ നമുക്കിടയില്‍ ധാരാളമുണ്ടിന്ന്. 

ഇവിടെ നാം മറന്നു കൂടാത്ത ചില ചേരുവകളും വിഭവങ്ങളും ഈ വൈവിധ്യങ്ങളോടൊപ്പം നിറഞ്ഞു നില്‍ക്കേണ്ടതുണ്ട്. അവയാണ് മക്കളുടെ സ്വഭാവ വളര്‍ച്ചയില്‍ സഹായകമായ ഭക്ഷണ മര്യാദകള്‍. ഭക്ഷണത്തോടപ്പം അവ നാം ചേര്‍ത്തുകൊടുത്തുകൊണ്ടിരിക്കണം. പാഠപുസ്തകങ്ങളിലെ അറിവുകള്‍ക്കപ്പുറം വീട്ടിനുള്ളിലെ പ്രായോഗിക പരിശീലനമാണ് ഈ രംഗത്ത് കൂടുതല്‍ ഫലപ്രദം. നബി(സ്വ)യുടെ ജീവിത മാതൃകയില്‍ അത് തെളിഞ്ഞു നില്‍ക്കുന്നുണ്ട്. ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഹദീഥില്‍ നമുക്ക് ഇങ്ങനെ കാണാം: അംറുബിന്‍ അബീ സലമ(റ) പറയുന്നു: ''ഞാന്‍ നബി (സ്വ)യുടെ വീട്ടില്‍ കുട്ടിയായി (നബിയോടൊപ്പം) ജീവിക്കുന്ന കാലത്ത് (ഭക്ഷണം കഴിക്കുന്ന സമയങ്ങളില്‍) എന്റെ കൈ ഭക്ഷണത്തളികയില്‍ എല്ലായിടത്തുമായി ചുറ്റിക്കളിക്കുമായിരുന്നു. അപ്പോള്‍ എന്നോട് അല്ലാഹുവിന്റെ തിരുദൂതര്‍(സ്വ) പറഞ്ഞു: 'ഏ കുട്ടീ, അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക. നിന്റെ വലതു കൈകൊണ്ടു തിന്നുക. നിന്റെ മുന്‍ഭാഗത്തു നിന്ന് (എടുത്തു) തിന്നുക.' പിന്നീട് എന്റെ ഭക്ഷണ (രീതി) അപ്രകാരമായി തുടര്‍ന്നു.''

നോക്കുക നബി(സ്വ) ഇവിടെ ഒരു പിതാവിന്റെ റോള്‍ കൂടിയാണ് നിര്‍വഹിക്കുന്നത്. അംറുബിന്‍ അബീസലമ(റ), (പിതാവായ) അബൂസലമഃയുടെ മരണാന്തരം നബി(സ്വ)യുടെ ഭാര്യയായി വന്ന ഉമ്മു സലമയുടെ മകനാണ്. നബി(സ്വ)യുടെ വീട്ടില്‍ വളരുന്ന വളര്‍ത്തു മകന്‍! തത്സമയ അധ്യാപനം ആ കുട്ടിയുടെ ജീവിത രീതിയെ പുനഃക്രമീകരിച്ചെടുത്തു. 

സമൂഹത്തിലെ എല്ലാ നിലവാരത്തില്‍ ഉള്ളവരോടൊപ്പവും ഇരിക്കാനും ഉണ്ണാനുമുള്ള സന്നദ്ധത അവരില്‍ വളര്‍ത്തുകയും മുന്തിയതും അല്ലാത്തതുമായ ഭക്ഷണ സദസ്സിനോട് ഒരുപോലെ ബഹുമാനവും താല്‍പര്യവും കാണിക്കാന്‍ നമ്മുടെ മക്കളെ നാം ശീലിപ്പിക്കുകയും വേണം. എത്ര നിസ്സാരമാണെങ്കിലും ഭക്ഷണത്തെയും അതിലേക്കുള്ള ക്ഷണത്തെയും ചെറുതായി കാണാതിരിക്കാനും വിലകൂടിയതോ വിഭവങ്ങള്‍ നിറഞ്ഞതോ ആയ  ഭക്ഷണത്തിന്റെ മുമ്പില്‍ അനിയന്ത്രിതമായ ആര്‍ത്തി കാണിക്കാതെ ഇടപെടാനും കഴിവ് നേടിയവരാകണം നമ്മുടെ മക്കള്‍. പ്രവാചകന്‍ എന്ന നിലയ്ക്കും നേതാവെന്ന നിലയ്ക്കും നബി(സ്വ) ഉന്നത സ്ഥാനീയനായിട്ടും ധനിക-ദരിദ്ര വ്യത്യാസമില്ലാതെ ആരുടെ ക്ഷണവും സ്വീകരിക്കുകയും അവരോടൊപ്പം ലഭ്യമായ ഭക്ഷണത്തില്‍ സന്തോഷത്തോടെ പങ്ക് ചേരുകയും മറ്റുള്ളവരെ പങ്കടുപ്പിക്കുകയും ചെയ്യുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റെത്. ഹലാലാണോ എന്ന നോട്ടം മാത്രമെ ഉണ്ടായിരുന്നുള്ളൂ. 

അനസ് ഇബ്‌നു മാലിക്(റ)വില്‍ നിന്ന് ഇബ്‌നു മാജയടക്കം ഒന്നിലധികം ഹദീഥ് ഗ്രന്ഥങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീഥിന്റെ ആശയം കാണുക: ''ഒരിക്കല്‍ ഉമ്മു സുലൈം അല്‍പം കാരക്ക നിറച്ച ഒരു കൈപാത്രം  നബിക്ക് കൊടുക്കുവാനായി എന്നെ പറഞ്ഞയച്ചു. അപ്പോള്‍ നബി(സ്വ) വീട്ടിലുണ്ടായിരുന്നില്ല.  അദ്ദേഹം തൊട്ടടുത്തുള്ള അദ്ദേഹത്തിന്റെ വേണ്ടപ്പെട്ട ഒരാളുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. അവര്‍ നബിക്കായി  ഒരു ഭക്ഷണമുണ്ടാക്കി വിളിച്ചുവരുത്തിയതായിരുന്നു. അദ്ദേഹം അത് തിന്നു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക്  ചെന്നു. അദ്ദേഹത്തോടൊപ്പം ഭക്ഷിക്കാന്‍ എന്നെയും വിളിച്ചു. അല്‍പം മാംസവും ഉണക്ക റൊട്ടിയുമായിരുന്നു അത്. മാംസത്തില്‍ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട തുടയെല്ലിന്റെ ഭാഗം ഞാന്‍ അദ്ദേഹത്തിന്റെ ഭാഗത്തേക്ക് നീക്കിവെച്ചുകൊടുത്തു. ഭക്ഷണം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ നബിയുടെ വീട്ടിലേക്ക് മടങ്ങി. (നബിക്ക് ഉമ്മു സുലൈം കൊടുത്തു വിട്ട) കാരക്ക പാത്രം ഞാന്‍ നബിയുടെ മുമ്പില്‍ വെച്ചുകൊടുത്തു. നബി(സ്വ) അതില്‍ നിന്ന് കഴിക്കാന്‍ തുടങ്ങി. അങ്ങനെ അതിലുള്ള അവസാന കാരക്കയും തീരുന്നത് വരെ കഴിക്കുകയും മറ്റുള്ളവരെ കഴിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.'' 

ഈ ഹദീഥ് നമുക്ക് നല്‍കുന്ന സന്ദേശം ചെറുതല്ല.  ക്ഷണിക്കുന്നവരുടെ സമൂഹത്തിലെ സ്ഥാനവും വിളമ്പുന്ന വിഭവങ്ങളുടെ നിലവാരവും നോക്കിയല്ല ക്ഷണം സ്വീകരിക്കേണ്ടത്. ആരുടെ സമ്മാനങ്ങളും -അത് വളരെ നിസ്സാരമാണെങ്കില്‍ പോലും അവരെ സന്തോഷിപ്പിക്കുകയും പരിഗണിക്കുകയും ചെയ്യുമാറ്-സ്വീകരിക്കുക, നിസ്സാരമായ ഭക്ഷണമാണെങ്കിലും സസന്തോഷം ഭക്ഷിക്കുക. അതാണ് നബി(സ്വ)യുടെ മാതൃക. ഒരു ഭക്ഷണ പാര്‍ട്ടി കഴിഞ്ഞു വീട്ടിലെത്തിയിട്ടും ഉമ്മുസുലൈം കൊടുത്തയച്ച കാരക്ക ചുളകള്‍ നിരസിക്കാതെ നബി(സ്വ) കഴിക്കുകയും മറ്റുള്ളവരെ കൂടി പങ്കാളികളാക്കുകയും ചെയ്തത് പ്രത്യേകം ശ്രദ്ധിക്കുക. 

പുതു തലമുറ ഭക്ഷണ വിഷയത്തിലെല്ലാം പ്രത്യേകം 'സെലക്ടീ'വായി മാറുന്ന കാലമാണിത്. വിരുന്നു പോകുന്ന കുടുംബ വീടുകളിലും മറ്റും അവരുടെ 'സെലക്ഷ'നോ 'ഫേവറേറ്റോ' ഉണ്ടായില്ലെങ്കിലും മറ്റുള്ളവരെ ബഹുമാനിച്ചും പരിഗണിച്ചും ഉള്ളതിനോട് ഇഷ്ടത്തോടെ പ്രതികരിക്കാന്‍ നാം അവരെ ശീലിപ്പിക്കണം. പ്രത്യേകിച്ച് പ്രവാസി കുടുംബങ്ങളും, അല്ലാഹു ഭക്ഷണത്തില്‍ അല്‍പം വിശാലത നല്‍കിയ മറ്റുള്ളവരും. 

കൂട്ടമായും ഒറ്റയായും ഭക്ഷണം കഴിക്കുമ്പോളുള്ള പൊതു ഇസ്‌ലാമിക മര്യാദകള്‍ നമ്മള്‍ കുട്ടികളെ ശീലിപ്പിക്കണം. കുട്ടികളറിഞ്ഞിരിക്കേണ്ട ഈ പൊതു മര്യാദകള്‍ ഇമാം ഗസ്സാലി തന്റെ ഇഹ്യാഇല്‍ വിവരിക്കുന്നത് ഇപ്രകാരമാണ്:

ഒന്ന്) വലത് കൈകൊണ്ട് ഭക്ഷണമെടുക്കുക, ബിസ്മി ചെല്ലുക. 

രണ്ട്) പാത്രത്തില്‍ തന്റെ മുമ്പില്‍ നിന്ന് മാത്രം തിന്നുക.

മൂന്ന്) മറ്റുള്ളവരുടെ മുമ്പേ ഭക്ഷണത്തിലേക്ക് ധൃതി കാണിക്കാതിരിക്കുക.

നാല്) ഭക്ഷണത്തിലേക്കും തിന്നുന്നവരുടെ വായിലേക്കും തുടരെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നത് ഒഴിവാക്കുക.

അഞ്ച്) ഭക്ഷണം കഴിക്കുന്നതില്‍ അമിത വേഗത കാണിക്കാതിരിക്കുക.

ആറ്) ഭക്ഷണം നന്നായി ചവച്ചരക്കുക.

ഏഴ്: ഭക്ഷണ സാദനങ്ങള്‍ കൈയ്യിലും വസ്ത്രത്തിലും പുരളുന്നത് സൂക്ഷിക്കുക.

എട്ട്) ഏതെങ്കിലും ഒന്നോ രണ്ടോ ഇനം ഭക്ഷണത്തിന് മാത്രം അടിമയാകുന്നത് ഒഴിവാക്കി എല്ലാ തരം ഭക്ഷണവും കഴിക്കുവാന്‍ ശീലിക്കുക.

ഒമ്പത്) അമിത ഭോജനം മോശത്തരമായി തോന്നിപ്പിക്കുകയും ഭക്ഷണ മര്യാദകള്‍ പുലര്‍ത്തുന്ന കുട്ടികളെ പരസ്യമായി അഭിനന്ദിക്കുകുയും ചെയ്യുക.

പത്ത്) പരുത്ത (വില കുറഞ്ഞതും മുന്തിയതുമായ) ഭക്ഷണത്തിലും സംതൃപ്തി കണ്ടത്താന്‍ ശീലിപ്പിക്കുക. 

(തുടരും)

0
0
0
s2sdefault