തകര്‍ന്നടിയുന്ന നോട്ടുകൊട്ടാരം

ഡോ. സി.എം സാബിര്‍ നവാസ്

2017 ഒക്ടോബര്‍ 14 1438 മുഹര്‍റം 23

പ്രഖ്യാപനങ്ങളും പ്രസ്താവനകളും കൊണ്ട് പര്‍വതീകരിച്ച സാമ്പത്തിക പരിഷ്‌കാരത്തിന്റെ കണ്ണാടി മാളിക അതിവേഗം തകര്‍ന്ന് നിലംപരിശാകുന്നതിന്റെ ദുരന്ത സാക്ഷികളായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ ജനത. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ കിട്ടിയതുകൊണ്ടായിരിക്കാം സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഇരുട്ടടികളൊക്കെ കടന്നുവന്നത് അര്‍ധരാത്രിയില്‍ തന്നെയാണ്. 

ലോകം ആദരിക്കുന്ന സാമ്പത്തിക വിശാരദന്‍ ഡോ. മന്‍മോഹന്‍സിങ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പക്വമായി കൈകാര്യം ചെയ്ത രാജ്യത്ത്, തീര്‍ത്തും ഭീതിജനകമായ സാഹചര്യമാണ് സംജാതമാകുന്നത്. കള്ളപ്പണം കടങ്കഥയാകുമെന്ന് പറഞ്ഞ് തുടങ്ങിയ സാമ്പത്തിക നടപടി കള്ളനോട്ടടിക്കാര്‍ പരസ്പരം കൂട്ടിമുട്ടി നടക്കാനാകാത്ത സ്ഥിതിവിശേഷത്തിലെത്തിച്ചിരിക്കുകയാണ്.

എണ്‍പത് ശതമാനത്തിലധികം പേരും പേപ്പര്‍ കറന്‍സി ഉപയോഗിക്കുന്ന ഒരു നാട്ടില്‍ ഇനി നാം ക്യാഷ്‌ലെസ്സായി മാറും എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ആദ്യത്തെ ഡിജിറ്റല്‍ ഇരുട്ടടി നോട്ടുനിരോധനത്തിന്റെ പേരില്‍ കിട്ടിയത്. ഭൂരിഭാഗം പേരും ക്രയ വിക്രയത്തിനുപയോഗിക്കുന്ന 500, 1000 കറന്‍സികള്‍ ഒറ്റയടിക്ക് പിന്‍വലിച്ചതിന്റെ പ്രത്യാഘാതങ്ങള്‍ ഇനിയും പുറത്ത് വരാനിരിക്കുന്നതേയുള്ളൂ.

നൂറുകോടി ജനതയുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പാലിക്കേണ്ട പെരുമാറ്റചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ഗൗനിക്കാതെയാണ് നോട്ട് നിരോധനം കൊണ്ടുവന്നത്. വേണ്ടത്ര ഗൃഹപാഠം പോലും പ്രഖ്യാപനത്തിന് മുമ്പ് നടന്നിട്ടില്ല എന്നുള്ളതിന്റെ തെളിവാണ് പുതിയ കറന്‍സികളുടെ അച്ചടിയുടെ 30 ശതമാനം പോലും പ്രസ്തുത സമയത്ത് പൂര്‍ത്തിയായിട്ടുണ്ടായിരുന്നില്ല എന്ന വെളിപ്പെടുത്തല്‍.

വാജ്‌പേയി ഭരണകാലത്ത് സാമ്പത്തിക മന്ത്രിയായിരുന്ന മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ നടത്തിയ വെളിപ്പെടുത്തലുകളാണ് പുതിയ വിവാദങ്ങള്‍ക്ക് പിറകില്‍. രാജ്യത്തെ മൊത്തം ആഭ്യന്തര ഉദ്പാദന നിരക്ക് വളര്‍ച്ചയില്‍ ഗണ്യമായ പതനം ഉണ്ടായിരിക്കുന്നുവെന്ന പ്രസ്താവനയെ  പിന്തുണച്ചുകൊണ്ടാണ് ഏറ്റവും വലിയ ദേശവല്‍കൃത സാമ്പത്തിക സ്ഥാപനമായ എസ്.ബി.ഐ പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്.

'സംഘടിത കൊള്ള', 'നിയമാനുസൃത കവര്‍ച്ച' തുടങ്ങിയ വിശേഷണങ്ങള്‍ നല്‍കിയാണ് പുതിയ ഇന്ത്യയിലെ  സാമ്പത്തിക ശില്‍പി ലോക്‌സഭയില്‍ നോട്ട് നിരോധനത്തെ കുറിച്ച് പ്രതികരിച്ചത്. പൊതുവെ മിതഭാഷിയായ സിംഗിന്റെ സംസാരം അതിശയോക്തി കലര്‍ന്നത് മാത്രമായിട്ടാണ് പലരും ഗണിച്ചത്. അദ്ദേഹം പറഞ്ഞത് അച്ചട്ട് സത്യമായി പുലര്‍ന്നിരിക്കുന്നു. ഒരു രാജ്യം സാമ്പത്തിക തകര്‍ച്ചയുടെ കയങ്ങളിലേക്ക് അതിദയനീയമായി കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നതിന്റെ സൂചനകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

നോട്ട് നിരോധനത്തിന്റെ കെടുതികള്‍ കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് ജി.എസ്.ടി എന്ന കൊടുംനികുതി നിയമം രാജ്യത്തുടനീളം നടപ്പിലാക്കിയത്. ക്ഷേമരാഷ്ട്രം എന്ന രാഷ്ട്ര ശില്‍പികളുടെ സ്വപ്‌നങ്ങള്‍ അപ്പാടെ നിരാകരിക്കുന്ന പിടിച്ചുപറിയാണ് ജി.എസ്.ടി. രാജ്യം അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പൗരന്മാരില്‍ നിന്ന് അമിത നികുതി പിടിച്ചുപറിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

സാമ്പത്തിക രംഗത്ത് ഇതുപോലെയുള്ള കുത്തഴിഞ്ഞ സ്ഥിതി തുടര്‍ന്നാല്‍ ഇന്ത്യ അധികം വൈകാതെ പട്ടിണിരാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. മാറി മാറി വരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് ഒരു രാജ്യത്തിന്റെ സാമ്പത്തിക നയം തീരുമാനിക്കുന്ന അവസ്ഥക്ക് മാറ്റം വന്നിട്ടില്ലെങ്കില്‍ ലോകത്തിന് മുന്നില്‍ തല ഉയര്‍ത്താന്‍ കഴിയാത്ത ഒരു പറ്റം പൗരന്മാരായി നാം അവശേഷിക്കും.     

0
0
0
s2sdefault