സ്വയം തിരിച്ചറിയുക  

പത്രാധിപർ  

2017 ഏപ്രില്‍ 01 1438 റജബ് 04

മനുഷ്യനെ സൃഷ്ടിക്കുകയും അവന് ജീവിതവും മരണവും നിശ്ചയിക്കുകയും ചെയ്ത പ്രപഞ്ചനാഥന്‍ നിരവധി സ്വഭാവ വൈവിധ്യങ്ങളോട് കൂടിയാണ് മനുഷ്യപ്രകൃതിയെ സംവിധാനിച്ചിട്ടുള്ളത്. ഒരു ജീവിയെന്ന നിലയില്‍ മനുഷ്യനില്‍ സഹജമായി നിലകൊള്ളുന്ന പല ശീലങ്ങളെയും സ്വഭാവങ്ങളെയും മറികടന്നുകൊണ്ടും അവയെ അടിച്ചമര്‍ത്തിക്കൊണ്ടും മുന്നോട്ടു പോവുക സാധ്യമല്ല. എന്നാല്‍ അവയെ നിയന്ത്രിക്കുകയും നിയമ വിധേയവും സ്രഷ്ടാവിന്റെ താല്‍പര്യാനുസൃതവും വിനിയോഗിക്കുകയും ചെയ്തുകൊണ്ട് തന്റെ ജീവിതത്തെ മുന്നോട്ട് നയിക്കുവാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ് എന്ന് വിശുദ്ധ ക്വുര്‍ആന്‍ മാനവരാശിയെ പഠിപ്പിക്കുന്നു. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു:

''ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ചു നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടി വ്യവസ്ഥക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷേ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല''(30:30).

പ്രകൃതിയുമായുള്ള ഇണക്കം ഇസ്‌ലാമിന്റെ സഹജ ഗുണമാണെന്നും അത് മനുഷ്യന് അനിവാര്യമായ മാര്‍ഗദര്‍ശനമാണെന്നും ഈ സൂക്തം ചൂണ്ടിക്കാണിക്കുന്നു. മനുഷ്യന്റെ പ്രകൃതിയുമായി ഇസ്‌ലാം പുലര്‍ത്തുന്ന ഈ ബന്ധത്തെ നിഷേധിക്കുകയും ഇസ്‌ലാമിനെ ജീവിത മാര്‍ഗമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നത് നിരര്‍ഥകമായ നിലപാടാണ്.

''(നിങ്ങള്‍) അവങ്കലേക്ക് തിരിഞ്ഞവരായിരിക്കുകയും അവനെ സൂക്ഷിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. നിങ്ങള്‍ ബഹുദൈവാരാധകരുടെ കൂട്ടത്തിലായിപ്പോകരുത്. അതായത് തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും പല കക്ഷികളായി തിരിയുകയും ചെയ്തവരുടെ കൂട്ടത്തില്‍. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതില്‍ സന്തോഷമടയുന്നവരത്രെ'' (30: 31,32).

ഇസ്‌ലാം മനുഷ്യരാശിയുടെ ഏകീകരണത്തിനുള്ള ഏക ഉപാധിയാണെന്ന് വിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിക്കുന്നു. മനുഷ്യപ്രകൃതിയിലെ ജൈവസവിശേഷതകളും ഗുണങ്ങളുമെല്ലാം ഏകദൈവാദര്‍ശത്തിന്റെ അനിവാര്യത എന്ന സാക്ഷ്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.

''നിന്റെ രക്ഷിതാവ് ആദം സന്തതികളില്‍ നിന്ന്, അവരുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ട് വരികയും, അവരുടെ കാര്യത്തില്‍ അവരെ തന്നെ അവന്‍ സാക്ഷി നിര്‍ത്തുകയും ചെയ്തു. സന്ദര്‍ഭവും (ഓര്‍ക്കുക). (അവന്‍ ചോദിച്ചു:) ''ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ? അതെ, ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ ഇതിനെ പറ്റി ശ്രദ്ധയില്ലാത്തവരായിരുന്നു എന്ന് ഉയര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ നിങ്ങള്‍ പറഞ്ഞേക്കും എന്നതിനാലാണ് അങ്ങനെ ചെയ്തത്''(7:172).

വികലമനസ്‌കനല്ലാത്ത ഏതൊരു മനുഷ്യനും തുറന്നു സമ്മതിക്കും; ഞാന്‍ എങ്ങനെയോ അങ്ങ് ഉണ്ടായതല്ല; പ്രത്യുത സര്‍വജ്ഞനും സര്‍വശക്തനുമായ സൃഷ്ടികര്‍ത്താവ് വിസ്മയകരമാം വിധം തന്നെ സംവിധാനിച്ചിരിക്കുകയാണെന്ന്. ഈ തിരിച്ചറിവാണ് പ്രധാനം. അതില്ലാത്തവരാണ് സര്‍വശക്തനില്‍ അഭയം തേടേണ്ടതിനു പകരം സര്‍വശക്തന്റെ ദുര്‍ബലരായ സൃഷ്ടികളില്‍ അഭയം തേടുന്നത്. ജാറങ്ങളിലും ദര്‍ഗകളിലും ചെന്ന് സാഷ്ടാംഗം വീഴുന്നത്. ദിവ്യവേഷം കെട്ടി തട്ടിപ്പിനിരിക്കുന്നവരുടെ ചൂഷണത്തിന് വിധേയരായി ആരോഗ്യവും മാനവും പണവും നഷ്ടപ്പെട്ടവരുടെ വാര്‍ത്തകള്‍ എത്ര കേട്ടാലും ഇത്തരക്കാരില്‍ അതൊന്നും സ്വാധീനം ചെലുത്തില്ല. ഇവരില്‍ ആണും പെണ്ണുമുണ്ട്. വിദ്യാസമ്പന്നരും പാമരരുമുണ്ട്. ധനാഢ്യരും ദരിദ്രരുമുണ്ട്. അല്ലാഹുവിന്റെ പാശം കൈവിട്ടാല്‍ ആരും അധഃപതിച്ചുപോകും എന്നര്‍ഥം. അല്ലാഹു പറയുന്നു:

''വക്രതയില്ലാതെ (ഋജുമാനസരായി) അല്ലാഹുവിലേക്ക് തിരിഞ്ഞവരും അവനോട് യാതൊന്നും പങ്കുചേര്‍ക്കാത്തവരുമായിരിക്കണം (നിങ്ങള്‍). അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം അവന്‍ ആകാശത്തു നിന്ന് വീണത് പോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടു പോയി തള്ളുന്നു'' (22:31).

0
0
0
s2sdefault