സ്വഹാബികള്‍ അഹ്‌ലുസ്സുന്നയുടെ സമീപനം

ശമീര്‍ മദീനി

2017 ഏപ്രില്‍ 22 1438 റജബ് 25

മുഹമ്മദ് നബി(സ്വ) തന്റെ പ്രവാചകത്വ ദൗത്യവുമായി കടന്നുവന്നപ്പോള്‍ മുന്‍ പ്രവാചകന്‍മാര്‍ക്കെല്ലാം ഉണ്ടായതുപോലെയുള്ള അനുഭവങ്ങളുണ്ടായി. ശക്തമായ എതിര്‍പ്പുകളും തീഷ്ണമായ ശത്രുതയും കൊണ്ട് ഭൂരിപക്ഷം വരുന്ന ഒരു വിഭാഗം ഒരു ഭാഗത്ത്. സത്യസന്ധമായ സ്‌നേഹവും ആത്മാര്‍ഥമായ പിന്തുണയും നല്‍കിക്കൊണ്ട് ഒരു ചെറുസംഘം മറുപക്ഷത്തും. ഇങ്ങനെ കൈ മെയ് മറന്ന് പ്രവാചകനെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്ത അനുയായിവൃന്ദമാണ് സ്വഹാബത്ത്. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും അതുല്യചരിത്രമാണ് സ്വഹാബത്തിന്റെത്.

ഇബ്‌നു ഹജര്‍ അല്‍അസ്ഖലാനി(റഹി) പറയുന്നു: ''സത്യവിശ്വാസം സ്വീകരിച്ചുകൊണ്ട് മുഹമ്മദ് നബി(സ്വ)യെ കണ്ടുമുട്ടുകയും മുസ്‌ലിമായിത്തന്നെ മരിക്കുകയും ചെയ്തവര്‍ക്കാണ് സ്വഹാബത്ത് എന്നു പറയുക.'' (അല്‍ ഇസ്വാബ. പേജ്: 71).

മുഹമ്മദ് നബി(സ്വ)യുടെ സന്ദേശത്തില്‍ വിശ്വസിക്കുവാനും പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുവാനും പ്രവാചകനെ നേരില്‍ കാണുവാനും സാധിച്ചുവെന്നത് മഹത്തായ ഭാഗ്യവും വല്ലാത്ത അനുഗ്രഹവുമാണ്. അതോടൊപ്പം ആരാരുമില്ലാത്ത ആ ഘട്ടത്തില്‍ പ്രവാചകന് പിന്തുണ നല്‍കി ആ പക്ഷത്ത് ശക്തമായി അടിയുറച്ച് നില്‍ക്കുക എന്നത് ഏറെ ശ്രമകരവും പ്രയാസകരവുമായിരുന്നു.

ബോധ്യപ്പെട്ട സത്യത്തിന്റെ കൂടെ എന്തുവില കൊടുത്തും ഉറച്ചുനില്‍ക്കുവാനുള്ള ആദര്‍ശപരമായ  കരുത്താണ് സ്വഹാബത്തിന്റെ വിശിഷ്യാ ആദ്യ കാലഘട്ടത്തിലുള്ളവരുടെ ഏറ്റവും വലിയ പ്രത്യേകത. 

മുഹാജിറുകളും അന്‍സ്വാറുകളും തമ്മിലുള്ള ആ ആദര്‍ശ ബന്ധത്തിന്റെയും സ്‌നേഹത്തിന്റെയും ഉദാഹരണങ്ങള്‍ ലോകചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്ത സഹകരണത്തിന്റെയും അര്‍പ്പണത്തിന്റെയും മാതൃകകളാണ്. അവരെ പ്രശംസിച്ചുകൊണ്ട് അല്ലാഹു പറയുന്നു:

''അതായത് സ്വന്തം വീടുകളില്‍ നിന്നും സ്വത്തുക്കളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട മുഹാജിറുകളായ ദരിദ്രന്‍മാര്‍ക്ക് (അവകാശപ്പെട്ടതാകുന്നു ആ ധനം). അവര്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടുകയും അല്ലാഹുവെയും അവന്റെ റസൂലിനെയും സഹായിക്കുകയും ചെയ്യുന്നു. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍. അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ക്കും (അന്‍സ്വാറുകള്‍ക്ക്). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്‌നേഹിക്കുന്നു. അവര്‍ക്ക് (മുഹാജിറുകള്‍ക്ക്) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സ്വാറുകള്‍) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍.'' (സൂറഃഅല്‍ ഹശ്ര്‍: 8,9).

അന്ത്യപ്രവാചകന്റെ അനുചരന്മാരെക്കുറിച്ച് അവരും അവരുടെ പ്രപിതാക്കളും ജനിക്കുന്നതിനും എത്രയോ മുമ്പ് തന്നെ അല്ലാഹു മുന്‍ വേദഗ്രന്ഥങ്ങളിലൂടെ പ്രതിപാദിച്ചു എന്നത് അവരുടെ മഹത്ത്വമാണ് അറിയിക്കുന്നത്.

അല്ലാഹു പറയുന്നു: ''മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്‌കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. അതാണ് തൗറാത്തില്‍ അവരെ പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൗതുകം തോന്നിച്ചുകൊണ്ട് അതിന്റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നുനിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത്) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു'' (സൂറഃ അല്‍ഫത്ഹ്: 29).

പരിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും പരിശോധിച്ചാല്‍ അവരുടെ മഹത്ത്വം വിളിച്ചറിയിക്കുന്ന ധാരാളം വചനങ്ങള്‍ കാണാനാകും. അല്ലാഹു പറയുന്നു:

''മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തനായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം'' (സൂറഃ അത്തൗബ:100).

നിര്‍ണായകമായ ഹുദൈബിയയുടെ ഘട്ടത്തില്‍ പ്രവാചകന്റെ കരം പിടിച്ച് മരണം വരെയും പോരാടുമെന്ന് പ്രതിജ്ഞ ചെയ്ത സ്വഹാബത്തിന്റെ ആത്മാര്‍ഥമായ വിശ്വാസവും സഹനവും ക്വുര്‍ആന്‍ പരാമര്‍ശിച്ചിട്ടുണ്ട്.

അല്ലാഹു പറയുന്നു: ''ആ മരത്തിന്റെ ചുവട്ടില്‍ വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും അങ്ങനെ അവര്‍ക്ക് മനസ്സമാധാനം ഇറക്കി കൊടുക്കുകയും ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു'' (സൂറഃ അല്‍ഫത്ഹ്:18).

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരാളുടെയും ആക്ഷേപങ്ങളെ ഭയപ്പെടാതെ, ശത്രുചേരിയില്‍ അണിനിരന്നത് സ്വന്തം മാതാപിതാക്കളോ സന്താനങ്ങളോ അടുത്ത ബന്ധുക്കളോ ആരുതന്നെയായിരുന്നാലും അതൊന്നും പരിഗണിക്കാതെ അല്ലാഹുവിനോടും റസൂലിനോടും തികഞ്ഞ കൂറു പുലര്‍ത്തിക്കൊണ്ടുള്ള നിഷ്‌കളങ്കമായ നിലപാടുകളായിരുന്നു സ്വഹാബത്തിന്റെത്.

അല്ലാഹു പറയുന്നു: ''അവര്‍ക്ക് തൃപ്തികരമായ ഒരു സ്ഥലത്ത് തീര്‍ച്ചയായും അല്ലാഹു അവരെ പ്രവേശിപ്പിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും ക്ഷമാശീലനുമാകുന്നു'' (സൂറഃ അല്‍ ഹജ്ജ്: 59). 

ഇങ്ങനെയുള്ള മഹത്തുക്കളായ സ്വഹാബത്തിനെ ആദരിക്കുവാനും സ്‌നേഹിക്കുവാനുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അവരെ ചീത്തപറയലോ അപഹസിക്കലോ വിശ്വാസികള്‍ക്ക് ഒരിക്കലും ചേര്‍ന്നതല്ല. അവരുടെ നന്മകള്‍ മനസ്സിലാക്കി അവരുടെ മാര്‍ഗം പിന്‍പറ്റുവാനാണ് ക്വുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്.

അല്ലാഹു പറയുന്നു: ''തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതത്രെ മോശമായ പര്യവസാനം'' (സൂറഃ അന്നിസാഅ്:115). 

സമൂഹത്തില്‍ ഭിന്നതയും അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാവുമ്പോള്‍ പിന്‍പറ്റേണ്ടത് സുരക്ഷിത മാര്‍ഗമായി നബി(സ്വ) ഉണര്‍ത്തിയ ''ഞാനും എന്റെ സ്വഹാബത്തും നിലകൊണ്ട'' മാര്‍ഗത്തെയാണ്.

എന്തുകൊണ്ടെന്നാല്‍ അവര്‍ അല്ലാഹുവിന്റെയും റസൂലിന്റെയും ഉപദേശ നിര്‍ദേശങ്ങളെ ആത്മാര്‍ഥമായി പിന്‍പറ്റി ജീവിച്ചവരായിരുന്നു. തദ്ഫലമായി അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കിയവരുമാണവര്‍. അല്ലാഹു തൃപ്തിപ്പെട്ട ആ മഹത്തുക്കള്‍ പിഴവിലും പില്‍ക്കാലക്കാര്‍ ശരിയിലും ആവുകയെന്നത് ഒരിക്കലും ഉണ്ടാവുകയില്ല. അതിനാല്‍ ശരിയും റബ്ബിന്റെ പ്രീതിയും ആഗ്രഹിക്കുന്നവര്‍ സ്വഹാബത്തിന്റെ ശ്രേഷ്ഠതകളും മഹത്ത്വങ്ങളും മനസ്സിലാക്കി അവരുടെ മാര്‍ഗം അനുധാവനം ചെയ്യുകയാണ് വേണ്ടത്. അവര്‍ക്ക് നന്മക്കായി പ്രാര്‍ഥിക്കുകയും അവരെക്കുറിച്ച് നല്ല ചിന്തകള്‍ വെച്ചുപുലര്‍ത്തുകയും വേണം. സത്യവിശ്വാസികളുടെ ഈ ഉത്കൃഷ്ട സ്വഭാവത്തെ സൂചിപ്പിച്ചുകൊണ്ട് അല്ലാഹു പറയുന്നു:

''അവരുടെ ശേഷം വന്നവര്‍ക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്ത് തരേണമേ. സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു'' (സൂറഃ അല്‍ഹശ്ര്‍: 10).

എന്നാല്‍ സങ്കടകരമെന്നു പറയട്ടെ, ഇന്ന് ചിലര്‍ അവരുടെ ക്രൂരമായ അഭിപ്രായ പ്രകടനങ്ങള്‍ക്കും ആക്ഷേപശരങ്ങള്‍ക്കും സ്വഹാബത്തിനെയും വിധേയമാക്കിയിട്ടുണ്ട്. ഉഥ്മാന്‍(റ), മുആവിയ(റ), അബൂഹുറയ്‌റ(റ) തുടങ്ങി പല മഹത്തുക്കളെയും ഇത്തരക്കാര്‍ ക്രൂരമായി ഭത്സിച്ചിട്ടുണ്ട്. സ്വഹാബത്തിനെ ചീത്ത പറയല്‍ പുണ്യമായിക്കാണുന്ന ജൂതന്മാരുടെ മസ്തിഷ്‌ക സന്തതികളായ ശിയാക്കളുടെ ചുവടു പിടിച്ചാണ് ഇത്തരം നീച കൃത്യത്തിന് ഇക്കൂട്ടര്‍ ഒരുമ്പെടുന്നതും ന്യായങ്ങള്‍ കണ്ടെത്തുന്നതും.

സ്വഹാബത്തിനോടുള്ള അഹ്‌ലുസ്സുന്നയുടെ നിലപാട് നമ്മുടെ പൂര്‍വസൂരികളായ പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹിജ്‌റ 239-321 കാലഘട്ടത്തില്‍ ജീവിച്ച അബൂജഅ്ഫര്‍ അത്ത്വഹാവി(റഹി)യുടെ അക്വീദതുത്ത്വഹാവിയ്യയില്‍ പറയുന്നു: ''നമ്മള്‍ നബി(സ്വ)യുടെ അനുചരന്മാരെ സ്‌നേഹിക്കുന്നു. അവരില്‍ ഒരാളുടെയും സ്‌നേഹത്തില്‍ നാം അതിരുകവിയുകയോ അവരില്‍ ഒരാളെയും തള്ളിപ്പറയുകയോ ചെയ്യില്ല. അവരോട് വിദ്വേഷം വെച്ചുപുലര്‍ത്തുന്നവരോടും നല്ലതല്ലാത്ത രൂപത്തില്‍ അവരെ പരാമര്‍ശിക്കുന്നവരോടും നമുക്ക് വിദ്വേഷമാണുള്ളത്. നമ്മള്‍ അവരെക്കുറിച്ച് നല്ലതു മാത്രമെ പറയുകയുള്ളൂ. അവരോടുള്ള സ്‌നേഹം മതവും സത്യവിശ്വാസവും നന്‍മയും (ദീനും, ഈമാനും, ഇഹ്‌സാനും) ആണ്. അവരോടുള്ള വെറുപ്പും വിദ്വേഷവുമാകട്ടെ കുഫ്‌റും (അവിശ്വാസം) നിഫാക്വും (കാപട്യം) അക്രമവുമാകുന്നു'' (ഇബ്‌നു അബില്‍ ഇസ്സ്-ശര്‍ഹുത്ത്വഹാവിയ്യ: പേജ്-475).

ഖതീബുല്‍ ബാഗ്ദാദി(റഹി) 'അല്‍കിഫായ' എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ''നബി(സ്വ)യുടെ അനുചരന്മാരില്‍ ഏതെങ്കിലും ഒരാളെ ഒരുത്തന്‍ അപഹസിക്കുന്നതായി നീ കണ്ടാല്‍ അവന്‍ മതനിഷേധിയാണെന്ന് നീ മനസ്സിലാക്കിക്കൊള്ളുക. കാരണം നബി(സ്വ)യും വിശുദ്ധ ക്വുര്‍ആനും നമ്മുടെ പക്കല്‍ സത്യമാണ്. ഈ ക്വുര്‍ആനും പ്രവാചക ചര്യകളും നമ്മിലേക്ക് എത്തിച്ചു തന്നത് നബി(സ്വ)യുടെ അനുചരന്‍മാരാണ്. തീര്‍ച്ചയായും (ഇസ്‌ലാമിന്റെ ശത്രുക്കള്‍) ക്വുര്‍ആനിനെയും സുന്നത്തിനെയും തകര്‍ക്കാനായി നമ്മുടെ സാക്ഷികളെ ആക്ഷേപിക്കുകയാണ്. എന്നാല്‍ ആക്ഷേപം അവര്‍ക്കാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. അവര്‍ മത നിഷേധികളാണ്.'' (പേജ്-93 മുതല്‍).

സ്വഹാബികളെല്ലാവരും പാപസുരക്ഷിതരാണെന്നോ അവര്‍ക്കൊരു പിഴവും സംഭവിച്ചിട്ടില്ലെന്നോ അല്ല ഇപ്പറഞ്ഞതിന്റെ അര്‍ഥം. ചരിത്ര ഗ്രന്ഥങ്ങളില്‍ കാണുന്ന പലതും സൂക്ഷ്മ പരിശോധനയില്‍ ശരിയല്ലായെന്ന് ബോധ്യപ്പെടുന്നതാണ്. അതിനാല്‍ എവിടെയെങ്കിലും വായിച്ചതോ എവിടെയെങ്കിലും കേട്ടതോ പൂര്‍ണസത്യമെന്ന രീതിയില്‍ എടുക്കേണ്ടതില്ല.

സ്വഹാബത്തിനെ ആക്ഷേപിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളില്‍ പലതും ശത്രുക്കളുടെ അപനിര്‍മിതികളാണ്. അതല്ലെങ്കില്‍ വികൃതമാക്കപ്പെട്ട ചരിത്ര സംഭവങ്ങളാണ്. യാഥാര്‍ഥ്യത്തെ തമസ്‌കരിച്ചുകൊണ്ടുള്ള ശത്രുക്കളുടെ ബോധപൂര്‍വമായ കൈക്രിയകള്‍ക്ക് വിധേയമായ ചരിത്രം! അവയില്‍ സ്ഥിരപ്പെട്ടുവന്നവയാകട്ടെ അവരെ ആക്ഷേപിക്കാന്‍ ന്യായമില്ലാത്ത മനുഷ്യസഹജമായ കാര്യങ്ങളോ, ഗവേഷണാത്മകമായ നിലപാടുകളോ മനഃപൂര്‍വമല്ലാത്ത നീക്കങ്ങളോ ആയിരിക്കും. വിശദവിവരത്തിന് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയയുടെ മജ്മൂഉല്‍ ഫതാവ (വാള്യം-3, പേജ്-152 മുതല്‍) കാണുക.

ചുരുക്കത്തില്‍, അല്ലാഹു തൃപ്തിപ്പെട്ട മുന്‍കഴിഞ്ഞുപോയ ഒരു വിഭാഗത്തെ ആക്ഷേപിച്ചും നിരൂപണം നടത്തിയും നമ്മുടെ പരലോകം നഷ്ടപ്പെടുത്താതെ സൂക്ഷിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ!

0
0
0
s2sdefault